scorecardresearch

Russia – Ukraine crisis: മടങ്ങിയെത്തിയ വിദ്യാർത്ഥികൾക്ക് മുന്നിലെ വലിയ ചോദ്യം; ഇനിയെന്ത്?

യുദ്ധത്തിൽ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയിലേക്ക് മടങ്ങാൻ ഈ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു. എന്നാൽ സംഘർഷത്തിന് അവസാനമില്ലാതെ കാണുമ്പോൾ, അതിന്റെ അനന്തരഫലങ്ങളെ കുറിച്ച് സൂചനകളും ഇല്ലാതാകുമ്പോൾ , യുക്രൈനിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ നിരാശയ്ക്കും പ്രതീക്ഷയ്‌ക്കും ഇടയിൽ കുടുങ്ങി കിടക്കുകയാണ്. അവർക്ക് മുന്നിലെ വലിയ ചോദ്യം: ഇനിയെന്ത്? എന്നതാണ്

Russia – Ukraine crisis: മടങ്ങിയെത്തിയ വിദ്യാർത്ഥികൾക്ക് മുന്നിലെ വലിയ ചോദ്യം; ഇനിയെന്ത്?
യുക്രൈനില്‍ കുടുങ്ങിയ വിദ്യാർത്ഥികൾ തിരിച്ചെത്തിയപ്പോള്‍. എക്സ്പ്രസ് ഫൊട്ടോ: ജിതേന്ത്ര എം

ന്യൂഡൽഹി: മാർച്ച് നാലിന്, യൂണിവേഴ്‌സിറ്റിക്ക് പുറത്ത് ഷെല്ലാക്രമണത്തിൽ ശബ്ദങ്ങൾ ഉയർന്നപ്പോൾ തന്നെ, അയൽരാജ്യമായ പോളണ്ട്, ഹംഗറി, റൊമാനിയ എന്നിവിടങ്ങളിലെ യൂണിവേഴ്സിറ്റിയിലേക്ക് ട്രാൻസ്ഫർ വാഗ്ദാനം ചെയ്യുന്ന തട്ടിപ്പ് സംഘങ്ങളെ കുറിച്ച് രാജ്യാന്തര വിദ്യാർത്ഥികൾക്ക് കിഴക്കൻ യുക്രൈനിലെ വിഎൻ കരാസിൻ ഹാർകീവ് നാഷണൽ യൂണിവേഴ്സിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു.

കുറച്ചു ദിവസം മുൻപ്, പടിഞ്ഞാറൻ യുക്രൈനിലെ ഡാനിലോ ഹാലിറ്റ്‌സ്‌കി എൽവിവ് നാഷണൽ മെഡിക്കൽ യൂണിവേഴ്‌സിറ്റി അധികൃതർ, യുക്രൈന് പുറത്തുള്ള മറ്റ് സ്ഥാപനങ്ങളിലേക്ക് ട്രാൻസ്ഫർ ആഗ്രഹിക്കുന്നവർക്ക് മാർക്ക് ഷീറ്റുകളും ഗവേഷണ പേപ്പറുകളും പോലുള്ള പ്രധാന രേഖകളുടെ സോഫ്റ്റ് കോപ്പികളും നൽകാമെന്ന് രാജ്യാന്തര വിദ്യാർത്ഥികളെ അറിയിച്ചു.

യുദ്ധത്തിൽ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയിലേക്ക് മടങ്ങാൻ ഈ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു. എന്നാൽ സംഘർഷത്തിന് അവസാനമില്ലാതെ കാണുമ്പോൾ, അതിന്റെ അനന്തരഫലങ്ങളെ കുറിച്ച് സൂചനകളും ഇല്ലാതാകുമ്പോൾ, യുക്രൈനിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ നിരാശയ്ക്കും പ്രതീക്ഷയ്‌ക്കും ഇടയിൽ കുടുങ്ങി കിടക്കുകയാണ്. അവർക്ക് മുന്നിലെ വലിയ ചോദ്യം: ഇനിയെന്ത്? എന്നതാണ്.

“യൂണിവേഴ്സിറ്റി അധികൃതർ ഞങ്ങളോട് ക്ഷമയോടെ ഇരിക്കാനാണ് പറയുന്നത്. നിലവിൽ മാർച്ച് 13 വരെ യൂണിവേഴ്സിറ്റി അടച്ചിരിക്കുകയാണ്. അതിന് മുൻപ് കോവിഡ് കാരണം ഒരു മാസത്തോളം ഓൺലൈൻ ക്ലാസ്സായിരുന്നു. ഇപ്പോൾ ഭാവി എന്താകുമെന്ന് ഞങ്ങൾക്ക് ഒരു പിടിയുമില്ല” ഹ ർകീവ് യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ അരുജ് രാജ് പറഞ്ഞു .

യൂണിവേഴ്സിറ്റിയിൽ നിന്നുള്ള സന്ദേശം ലഭിച്ച വിദ്യാർത്ഥികളിൽ ഒരാളാണ് രാജ്. “പോളണ്ട്, ഹംഗറി, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളിലേക്ക് ട്രാൻസ്ഫർ വാഗ്ദാനം ചെയ്യുന്ന തട്ടിപ്പ് സംഘങ്ങൾക്ക് ഇരയാകരുത്. നിങ്ങൾ കാത്തിരിക്കുക, എന്താണ് ഇനിയെന്ന് യൂണിവേഴ്സിറ്റി ഉടൻ തന്നെ അറിയിക്കുന്നതാണ്. ജാഗ്രത കാണിക്കുക, തിടുക്കം കാണിക്കരുത്. യുദ്ധം ഉടൻ അവസാനിക്കുമെന്നാണ് ഞങ്ങളുടെ പ്രാർത്ഥന” അതിൽ പറഞ്ഞു. ഷെല്ലാക്രമണത്തിൽ യൂണിവേഴ്‌സിറ്റിക്ക് കേടുപാട് സംഭവിച്ചിരുന്നു.

രാജ്യാന്തര വിദ്യാർത്ഥികളോട് അവർക്ക് ട്രാൻസ്ഫർ തിരഞ്ഞെടുക്കാമെന്ന് അധികൃതർ പറഞ്ഞതായി എൽവിവിലെ യൂണിവേഴ്സിറ്റിയിൽ നാലാം വർഷ എംബിബിഎസ് വിദ്യാർത്ഥിയായ അഭിഷേക് സിംഗ് പറഞ്ഞു. “ഞങ്ങളുടെ പക്കലുള്ള രേഖകൾ അവരുമായി പങ്കുവയ്ക്കുകയാണെങ്കിൽ, ഞങ്ങളുടെ മാർക്ക് ഷീറ്റുകളുടെയും ഗവേഷണ പ്രോജക്റ്റുകളുടെയും സോഫ്റ്റ് കോപ്പികൾ ഞങ്ങൾക്ക് നൽകും, ട്രാൻസ്ഫറിന് ഇത് ആവശ്യമാണ്,” അദ്ദേഹം പറഞ്ഞു.

രേഖകളുടെ ഫോട്ടോകോപ്പികൾ ഇമെയിൽ വഴി അയക്കാമെന്ന് സർവകലാശാല പറഞ്ഞിട്ടുണ്ടെന്ന് ലിവിവിലെ മൂന്നാം വർഷ വിദ്യാർത്ഥിനി റിച്ച ഝാ പറഞ്ഞു. “യൂണിവേഴ്സിറ്റിക്ക് ഈ ആഴ്ച വരെ അവധിയാണ്. ക്ലാസുകൾ വീണ്ടും തുടങ്ങുന്നുണ്ടോ ഇല്ലയോ എന്ന് ഒരുപക്ഷേ അടുത്ത ആഴ്ച അറിയിക്കും, ”അവർ പറഞ്ഞു.

യുക്രൈൻ യൂറോപ്യൻ ക്രെഡിറ്റ് ട്രാൻസ്ഫർ സിസ്റ്റത്തിന്റെ ഭാഗമാണ്, എന്നാൽ രാജ്യത്തിന് പുറത്തുള്ള യുണിവേഴ്സിറ്റികളിലേക്ക് മാറുന്നത് എളുപ്പമല്ല. അതിന് പല സാങ്കേതിക നൂലാമാലകളും ഉണ്ടെന്ന് വിദ്യാർത്ഥികൾ പറയുന്നു.

Also Read: Russia-Ukraine crisis: ‘അവർ എന്ന് വരുമെന്ന് അറിയില്ല, ദുരിതത്തിലാണ്’; സുമിയിൽ കുടുങ്ങിയ മക്കളെ ഓർത്ത് നിസഹായരായി മാതാപിതാക്കൾ

“യുക്രൈനിലെ മെഡിക്കൽ കോളേജുകളിലെ വാർഷിക ഫീസ് ഏകദേശം 4,900 യുഎസ് ഡോളറാണ് (ഏകദേശം 3.76 ലക്ഷം രൂപ). മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ ഇത് 10,000 യുഎസ് ഡോളർ (ഏകദേശം 7.7 ലക്ഷം രൂപ) വരെയാകാം,” ലിവിവിൽ നിന്നുള്ള അഭിഷേക് സിംഗ് പറഞ്ഞു.

താരതമ്യേന ചെലവ് കുറവായതിനാൽ യുക്രൈൻ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ഇത് വലിയ ആഘാതമാണ് ഉണ്ടാക്കുക.

20-കാരനായ യാഷ് റാണ, ഇന്ത്യയിൽ സർക്കാർ സീറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് കഴിഞ്ഞ വർഷം ഡിസംബറിൽ പടിഞ്ഞാറൻ യുക്രൈനിലെ ഉസ്‌ഹോറോഡ് നാഷണൽ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ ചേർന്നത്. 2021ൽ, രാജ്യത്തുടനീളം 83,000 സീറ്റുകളിലേക്ക് 16 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് നീറ്റ്-യുജി വഴി വഴി അപേക്ഷിച്ചത്, അതിൽ പകുതിയും സർക്കാർ കോളേജുകളിലേക്കായിരുന്നു.

യുക്രൈനിലെ ആറ് വർഷത്തെ എംബിബിഎസ് കോഴ്‌സിന് ഏകദേശം 35 ലക്ഷം രൂപയെ ആവുകയുള്ളൂ എന്ന് യാഷിന്റെ പിതാവ് രാജ് കുമാർ റാണ പറഞ്ഞു, അതേസമയം, ഇന്ത്യയിലെ ഒരു സ്വകാര്യ കോളേജിലെ സീറ്റിന് “നാലരവർഷത്തേക്ക് 50 ലക്ഷം മുതൽ 1.5 കോടി രൂപ വരെ ചെലവാകും” അദ്ദേഹം പറഞ്ഞു.

ഉസ്ഹോറോഡിലെ നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയായ രശ്മി സിംഗിന് നിലവിലെ അതേ ഫീസിൽ ട്രാൻസ്ഫർ നൽകാമെന്ന് ഹംഗറിയിലെ നിരവധി കോളേജുകളിൽ നിന്ന് സന്ദേശങ്ങൾ ലഭിച്ചതായി പറഞ്ഞു. “പക്ഷേ, കഴിയുമെങ്കിൽ അതേ സർവകലാശാലയിൽ തന്നെ പഠനം തുടരാനാണ് ആഗ്രഹിക്കുന്നതെന്ന്,” ഫരീദാബാദിലുള്ള രശ്മിയുടെ പിതാവ് ഡോ. ആർ.കെ. സിംഗ് പറഞ്ഞു.

വിദേശത്തുള്ള ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ള ദേശീയ മെഡിക്കൽ കൗൺസിൽ ചട്ടങ്ങളിൽ, കോഴ്‌സും
അതിന്റെ പരിശീലനവും ഇന്റേൺഷിപ്പും ക്ലർക്ക്ഷിപ്പും പഎല്ലാം ഒരേ മെഡിക്കൽ സ്ഥാപനത്തിൽ തന്നെ ചെയ്യണം എന്നാണ്.

കൂടാതെ, നാഷണൽ മെഡിക്കൽ കമ്മീഷൻ (ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് ലൈസെൻഷ്യേറ്റ്) റെഗുലേഷൻസ് 2021 പ്രകാരം, ഓൺലൈൻ ആയി മാത്രം ചെയ്യുന്ന കോഴ്സുകളും അംഗീകരിക്കില്ല.

“കാര്യങ്ങളിൽ വ്യക്തത ലഭിക്കാൻ രണ്ടാഴ്ചയെങ്കിലും കാത്തിരിക്കേണ്ടിവരും. യുക്രൈന്റെ ഭാഗത്തുനിന്നോ ഇന്ത്യയുടെ ഭാഗത്ത് നിന്നോ ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. അതേസമയം തന്നെ പടിഞ്ഞാറൻയുക്രൈനിലെ സർവ്വകലാശാലകൾക്ക് ഘടനാപരമായ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും നാം ഓർക്കണം.” ലിവിലെ മൂന്ന് സർവകലാശാലകളിലേക്ക് പ്രവേശനം ഒരുക്കുന്ന കൺസൾട്ടൻസിയായ ഡിഎസ്എ ഗ്ലോബൽ നടത്തുന്ന ശുഭം ഗൗതം പറഞ്ഞു.

Also Read: Russia-Ukraine War News: യുക്രൈനിൽ നിന്ന് 20,000 ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിച്ചു; ഇന്ത്യ യുഎൻ രക്ഷാസമിതിയിൽ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: For indian students who are back the big question what next