ഇന്ത്യയുടെ സാങ്കേതിക വിദ്യാഭ്യാസ ചരിത്രത്തിലെ നിർണായക ഘട്ടത്തിലൂടെയാണ് ഈ ദശകം കടന്നുപോകുന്നത്. കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ സാങ്കേതിക വിദ്യാഭ്യാസ മേഖല കടന്നുപോകുന്നത് കനത്ത പ്രതിസന്ധിയിലൂടെയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ ആറ് വർഷമായി (2015-16 മുതൽ) സ്ഥിരമായി എൻജിനീയറിങ് കോളേജുകൾ അടച്ചുപൂട്ടാൻ അപേക്ഷ വർദ്ധിക്കുകയും പ്രവർത്തിക്കുന്ന കോളജുകളിൽ സീറ്റുകളുടെ എണ്ണം ഗണ്യമായി കുറയുകയും ചെയ്തു. ഇന്ത്യയിലെ എൻജിനീയറിങ് സ്ഥാപനങ്ങളിലെ മൊത്തം സീറ്റുകളുടെ എണ്ണം കഴിഞ്ഞ ദശകത്തിലെ ഏറ്റവും കുറഞ്ഞ സ്ഥിതിയിലുമായി.
ഓൾ ഇന്ത്യ കൗൺസിൽ ഓഫ് ടെക്നിക്കൽ എജ്യൂക്കേഷൻ ( എ ഐ സി ടി ഈ- AICTE) യുടെ കണക്കുക പ്രകാരം ബിടെക്, എംടെക്, ഡിപ്ലോമ സീറ്റുകളുടെ എണ്ണം ആറ് വർഷത്തിനുള്ളിൽ പത്ത് ലക്ഷത്തോളം കുറഞ്ഞു. ഇത് കഴിഞ്ഞ പത്ത് വർഷത്തെ ഏറ്റവും കുറഞ്ഞ സീറ്റുകളാണ് ഇത്തവണ എന്നും പറയുന്നു. ആറ് വർഷത്തിനിടയിൽ പത്ത് ലക്ഷത്തോളം എൻജിനിയറിങ് സീറ്റുകൾ കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
എൻജിനിയറിങ് വിദ്യാഭ്യാസം അതിന്റെ പ്രതാപ കാലത്ത് രാജ്യത്തൊട്ടാകെ വലിയ വർദ്ധനവാണ് കോളെജുകളുടെയും സീറ്റുകളുടെയും കോഴ്സുകളുടെയും കാര്യത്തിൽ ഉണ്ടായത്. എൻജിനിയറിങ് വിദ്യാഭ്യാസം ഉച്ചസ്ഥായിലെത്തിയ 2014-15 കാലത്ത് രാജ്യത്തൊട്ടാകെ 32 ലക്ഷം എൻജിനിയറിങ് സീറ്റുകളാണ് ഉണ്ടായിരുന്നത്. എന്നാൽ ഇത്തവണ അത് കുത്തനെ ഇടിഞ്ഞു
കഴിഞ്ഞ ആറ് വർഷത്തിനിടയിൽ സീറ്റുകളുടെ എണ്ണം 23.28 ലക്ഷം സീറ്റായി കുറഞ്ഞു. ഏകദേശം നാന്നൂറോളം എൻജിനിയറിങ് കോളജുകളാണ് കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ പൂട്ടിയത്. കഴിഞ്ഞ ആറ് വർഷക്കാലയളവിൽ മാത്രം നാന്നൂറോളം എൻജിനിയറിങ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂട്ടപ്പെട്ടു. അതായത് ഓരോ വർഷവും ശരാശരി 50ലേറെ കോളജുകൾ വീതം പൂട്ടി. ഈ വർഷം മാത്രം 63 കോളജുകൾ പൂട്ടാനാണ് എ ഐ സി ടി ഇ അനുമതി നൽകിയിട്ടുള്ളത്.
ഇൻസ്റ്റിറ്റ്യൂട്ടുകൾ അടച്ചതും പ്രവേശന ശേഷി കുറഞ്ഞതും കാരണം ഈ വർഷം എൻജിനിയറിങ് സീറ്റുകളിൽ 1.46 ലക്ഷം കുറവുണ്ടായതായി പറയുന്നു.
പുതിയ എഞ്ചിനീയറിംഗ് സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് എ ഐ സി ടി ഇ രണ്ട് വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. 2020-21 മുതൽ പുതിയ സ്ഥാപനങ്ങൾ ആരഭിക്കുന്നത് തടയുന്നതിനാണ് രണ്ട് വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചത്. . ഐഐടി-ഹൈദരാബാദ് ചെയർമാൻ ബിവിആർ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സർക്കാർ സമിതിയുടെ ശുപാർശയിലാണ് ഈ പ്രഖ്യാപനം.
2021-2022 അക്കാദമിക് വർഷത്തിൽ എഐസിടിഇ 54 പുതിയ എൻജിനിയറിങ് സ്ഥാപനങ്ങൾക്ക് അനുമതി നൽകിയതായി ചെയർമാൻ അനിൽ ശാസ്ത്ര ബുദ്ധെ ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞു. സാമൂഹികമായി പിന്നാക്കം നിൽക്കുന്ന ജില്ലകളിൽ പുതിയ സ്ഥാപനങ്ങൾ ആരംഭിക്കാൻ സംസ്ഥാന സർക്കാരുകൾക്കുള്ള താൽപര്യം പരിഗണിച്ചാണ് ഈ അനുമതി നൽകിയിരിക്കുന്നത്.
മൊറട്ടോറിയം പ്രഖ്യാപിക്കുന്നത് മുമ്പ് 2017-18 2018-19, 2019-2020 എന്നീ വർഷങ്ങളിൽ യഥാക്രമം 143, 158, 153 എണ്ണം വീതം പുതിയ സ്ഥാപനങ്ങൾ തുടങ്ങാൻ അനുമതി നൽകിയിരുന്നു. ഇതേ സമയം തന്നെ യഥാക്രമം 78, 58, 53 കോളജുകൾ പൂട്ടാനും അനുമതി നൽകി. 2017-18ലാണ് കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ കൂടുതൽ കോളജുകൾ അടച്ചു പൂട്ടിയത്. 73 എണ്ണം. 2016- 17 ൽ അത് 70 ആയിരുന്നു.
കോവിഡ് പശ്ചാത്തലത്തിലാണെന്ന് തോന്നുന്നു കഴിഞ്ഞ വർഷം 26 കോളജുകൾ മാത്രമാണ് പൂട്ടാൻ എ ഐ സി ടി ഇ തീരുമാനിച്ചത്. എന്നാൽ ഇത്തവണ അത് 63 ആയി ഉയർന്നു.
ഡിസംബർ 2017 ൽ ഇന്ത്യൻ എക്സ്പ്രസ് നടത്തിയ മൂന്ന് മാസം നീണ്ടു നിന്ന അന്വേഷണത്തിൽ കണ്ടെത്തിയത് പകുതിയിലേറെ എൻജിനിയറിങ് സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നുവെന്നാണ്. അതായത് രാജ്യത്തെ 3291 എൻജിനിയറിങ് കോളജുകളിലായി 15.5 ലക്ഷം സീറ്റുകളിൽ വിദ്യാർത്ഥികളില്ലായിരുന്നുവെന്നാണ് .
ഏതാനും ആഴ്ചകൾക്കുശേഷം, 2018-19 അധ്യയന വർഷം മുതൽ അധികം വിദ്യാർത്ഥികൾ ചേരാത്ത കോഴ്സുകളിലെ സീറ്റ് പകുതിയായി കുറയ്ക്കുന്നതിനുള്ള തീരുമാനം എ ഐ സി ടി ഇ പ്രഖ്യാപിച്ചു. 2019 ൽ പുതിയ സ്ഥാപനങ്ങളിൽ രണ്ടുവർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു.