/indian-express-malayalam/media/media_files/9r0uEvSM0q4UW48s8hSX.jpg)
ഓരോ വിഷയത്തിനും ഒരു മണിക്കൂർ വീതമുള്ള 30 മണിക്കൂർ ക്ലാസുകളാണ് ടെലികാസ്റ്റ് ചെയ്യുക
തിരുവനന്തപുരം: പൊതുപ്രവേശന പരീക്ഷാ പരിശീലന പ്രോഗ്രാം കൈറ്റ് വിക്ടേഴ്സിൽ ഏപ്രിൽ ഒന്നു മുതൽ ആരംഭിക്കും. താൽപര്യവും, കഴിവും ഉണ്ടായിട്ടും പിന്തുണ ഇല്ലാത്തതുകൊണ്ട് പൊതുപ്രവേശന പരീക്ഷകളിൽ പിന്തള്ളപ്പെട്ടു പോകുന്ന ഒരു വലിയ വിഭാഗം കുട്ടികൾ കേരളത്തിലുണ്ട്. അവർക്ക് കോച്ചിംഗ് സെന്ററുകളിലോ മറ്റോ പോയി പരിശീലനം നേടാൻ കഴിയില്ല. അത്തരക്കാരെ പരീക്ഷകൾക്ക് സജ്ജരാക്കുന്നതിനുള്ള പിന്തുണ ഒരുക്കുകയാണ് കൈറ്റ് വിക്ടേഴ്സിലൂടെയെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. എല്ലാ വിദ്യാർഥികൾക്കും തുല്യ അവസരമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
അതിനായാണ് പൊതുപ്രവേശന പരീക്ഷയിൽ അധിഷ്ഠിതമായ ഒരു പരിപാടി വിക്ടേഴ്സിൽ ആരംഭിക്കുന്നത്. പഠിച്ച ആശയങ്ങൾ ഉറപ്പിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കും തൊഴിൽ പരീക്ഷകൾക്ക് തയാറെടുക്കുന്നവർക്കും ഈ സൗകര്യം ഉപയോഗിക്കാനാവും. ദേശീയ മത്സരപരീക്ഷകൾക്ക് നൽകുന്ന ചോദ്യങ്ങൾ കുട്ടി പഠിച്ച പാഠപുസ്തകത്തിൽ നിന്നുതന്നെയാണ് എന്ന് ഉറപ്പിക്കുകയും അതിലൂടെ അവരിൽ ആത്മവിശ്വാസം ഉണ്ടാകുകയും ചെയ്യുന്ന തരത്തിലാണ് പരിശീലന പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. ഒരു ചോദ്യത്തിന്റെ ഉത്തരത്തിന് നൽകുന്ന ഓഫ്ഷനുകളിലൂടെ മറ്റ് നാല് ആശയങ്ങൾ കൂടി പഠിക്കുന്ന തരത്തിൽ ക്രമീകരിച്ചിട്ടുണ്ട്. പഴയ ചോദ്യപേപ്പറുകളുടെ ഉത്തരങ്ങൾക്കൊപ്പം പാഠഭാഗങ്ങളുമായി ബന്ധപ്പെടുത്തിയാവും അവതരിപ്പിക്കുക. ടെലികാസ്ററ് ചെയ്യുന്നതോടൊപ്പം കുട്ടികൾക്ക് പരിശീലനത്തിനുള്ള പ്രത്യേക ഓൺലൈൻ പ്ലാറ്റ്ഫോമും ഉണ്ടായിരിക്കും.
ചോദ്യാവലികൾ, അസൈൻമെന്റുകൾ, മോക് ടെസ്റ്റ് എന്നിവ ചെയ്യുന്നതിന് ഈ ഓൺലൈൻ പ്ലാറ്റ്ഫോം ഉപയോഗിക്കാം. വരുന്ന വർഷം ഓൺലൈൻ മെന്റർഷിപ്പ് നൽകി കുട്ടികളെ പരീക്ഷയ്ക്ക് സജ്ജമാക്കാനുള്ള രീതി കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. തുടക്കത്തിൽ സയൻസ് വിഷയങ്ങളായ കണക്ക്, രസതന്ത്രം, ഭൗതികശാസ്ത്രം, ജീവശാസ്ത്രം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ക്ലാസുകൾ തയ്യാറാക്കുന്നത്. കേരളത്തിലെ ഈ വിഷയങ്ങളിൽ വിദഗ്ദ്ധരായ അധ്യാപകരാണ് ക്ലാസുകൾ നയിക്കുന്നത്. ഓരോ വിഷയത്തിനും ഒരു മണിക്കൂർ വീതമുള്ള 30 മണിക്കൂർ ക്ലാസുകളാണ് ടെലികാസ്റ്റ് ചെയ്യുക. അതിനെ തുടർന്ന് മോക്ക് ടെസ്റ്റും ഉണ്ടാകും.
ഏപ്രിൽ 1 മുതൽ 30 വരെയാണ് വിഷയാധിഷ്ഠിതമായ ക്ലാസുകൾ ടെലികാസ്റ്റ് ചെയ്യുന്നത്. 120 മണിക്കൂർ ക്ലാസുകൾ അഞ്ചു വിഷയങ്ങളിലായി വിദ്യാർത്ഥികൾക്ക് ലഭ്യമാകും. രാജ്യത്തെ മിക്ക യൂണിവേഴ്സിറ്റികളും പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആയിരിക്കും ഇനി പ്രവേശനം നൽകുക. അപ്പോൾ സംസ്ഥാനത്തെ കുട്ടികൾ പിന്തള്ളപ്പെടാൻ പാടില്ല എന്ന ലക്ഷ്യവും ഈ പ്രോഗ്രാമിന് പിന്നിലുണ്ട്. വരും വർഷങ്ങളിൽ സോഷ്യൽ സയൻസ്, കോമേഴ്‌സ് വിഷയങ്ങളുടെ പ്രവേശന പരീക്ഷകൾക്കും ഇത്തരം പിന്തുണ സംവിധാനം ഒരുക്കാനും പദ്ധതിയിടുന്നുണ്ട്.
ടെലികാസ്റ്റ് ചെയ്യുന്ന ക്ലാസുകൾ ലഭിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് കോവിഡ് കാലത്തു ചെയ്തപോലെ ഡിജിറ്റൽ ഉപകരണങ്ങളിലൂടെ പരീക്ഷാ പരിശീലന പരിപാടി എത്തിക്കാനുള്ള ശ്രമം പ്രാദേശികമായി നടത്തണം. ഇതിനായി സന്നദ്ധ സംഘടനകൾ, വായനശാലകൾ, കൈറ്റ് മാസ്റ്റർമാർ എന്നിവർ മുന്നിട്ടിറങ്ങണം. വരും അക്കാദമിക വർഷം സ്കൂളുകളിൽ തന്നെ ഈ പിന്തുണ സംവിധാനം ഉണ്ടാക്കാൻ കഴിയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.