തിരുവനന്തപുരം: കേരളത്തിലെ പ്ലസ് വൺ ആദ്യഘട്ട അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതിക്ക് മുന്‍പ് സിബിഎസ്ഇ, ഐസിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിക്കാൻ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രാധാന് ഇത് സംബന്ധിച്ച് വി ശിവന്‍കുട്ടി കത്തെഴുതി.
കേരളത്തിലെ പത്താം ക്ലാസ് പരീക്ഷാ ഫലം ജൂൺ 14ന് പ്രസിദ്ധീകരിച്ചു. ഉപരിപഠനത്തിന് അർഹരായ വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പ്രവേശനത്തിന് ഷെഡ്യൂൾ പ്രഖ്യാപിക്കുകയും ഉണ്ടായി. ജൂലൈ 18 ന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയും തുടർന്ന് കേന്ദ്രീകൃത അലോട്ട്മെന്റിലൂടെ പ്രവേശനം നടപടികൾ സ്വീകരിക്കുന്നതുമാണ് .
പ്ലസ് വൺ പ്രവേശന നടപടികൾ ഇത്രയും വൈകിപ്പിച്ചത് സിബിഎസ്ഇ,ഐസിഎസ്ഇ പാസാകുന്ന വിദ്യാർത്ഥികളെ കൂടി പരിഗണിക്കുന്നതിന് വേണ്ടിയായിരുന്നു. എന്നാൽ കേന്ദ്ര സിലബസിൽ പത്താം ക്ലാസ് ഫലം അനിശ്ചിതമായി നീണ്ടു പോകുന്നതിനാൽ കേരളം പ്ലസ് വൺ പ്രവേശനം ആരംഭിക്കാൻ നിർബന്ധിതരായിരിക്കുകയാണ്. ഷെഡ്യൂളിലെ അവസാന തീയതിക്ക് ശേഷം റിസൾട്ട് ലഭിക്കുന്നവരെ അലോട്ട്മെന്റിന്റെ സപ്ലിമെന്ററി ഘട്ടത്തിൽ മാത്രമേ പരിഗണിക്കാൻ സാധിക്കൂ.
സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാർത്ഥികൾക്ക് കൂടി മുഖ്യ ഘട്ടത്തിൽ തന്നെ അപേക്ഷിക്കാൻ അവസരം ലഭിക്കുന്ന തരത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോട് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി അഭ്യര്‍ത്ഥിച്ചു.