തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ 1 മുതല്‍ 9 വരെയുള്ള ക്ലാസുകളിലെ വര്‍ഷാന്ത വിലയിരുത്തലും ക്ലാസ് കയറ്റവും സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. എസ്എസ്കെ മുഖാന്തിരം സ്കൂളുകള്‍ക്ക് നല്കുന്ന പഠന പുരോഗതി രേഖ വിദ്യാര്‍ഥികളുടെ ഭാഗത്ത് നിന്നുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി മേയ് പത്തിനകം തിരികെ വാങ്ങുകയും ഇത് വിലയിരുത്തി അധ്യാപകർ സ്കോര്‍ നല്‍കേണ്ടതുമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
9-ാം ക്ലാസിലെ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ മാത്രമായിരിക്കും ഇത് ബാധകമാകുക. മേയ് 25 നകം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി പ്രമോഷന് ലിസ്റ്റ് പ്രസിദ്ധീകരിക്കണം. സ്കൂളില്‍ നിന്നും പഠനപുരോഗതി സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നത്, തിരിച്ചു നല്‍കുന്നത്, മൂല്യനിര്‍ണയം എന്നിവ അതത് പ്രദേശങ്ങളിലെ കോവിഡ് സാഹചര്യങ്ങള്‍ അനുസരിച്ച് നടത്തണമെന്നാണ് നിര്‍ദേശം. 1-8 വരെയുള്ള ക്ലാസുകളുടെ കാര്യത്തില്‍ പിന്നീട് തീരുമാനം അറിയിക്കും.
Also Read: സംസ്ഥാനത്ത് കോവിഡ് അതിരൂക്ഷം; ഒരു മാസത്തിനിടെ 111 ക്ലസ്റ്ററുകള്‍
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്കും, ജില്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കും അയച്ച കത്തിലാണ് ഇക്കാര്യങ്ങള്‍ നിര്‍ദേശിച്ചിരിക്കുന്നത്. നേരത്തെ കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറികളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റി വച്ചിരുന്നു. അദ്യാപക സംഘടനകളും രക്ഷിതാക്കളും പരീക്ഷ നടത്തരുതെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.