കൊച്ചി: മക്കള്‍ നീറ്റ് പരീക്ഷയെഴുതുന്ന സമയത്ത് പുറത്തെ കത്തുന്ന വെയിലില്‍ ആകാംക്ഷയോടേയും ആശങ്കയോടേയും കാത്തിരിക്കുന്ന മാതാപിതാക്കള്‍ പതിവ് കാഴ്ചയാണ്. പരീക്ഷയെഴുതുന്ന മക്കളേക്കാള്‍ മാനസിക സമ്മര്‍ദ്ദമായിരിക്കും ചില രക്ഷിതാക്കള്‍ അനുഭവിക്കുന്നത്. ഇതിനിടെ കത്തുന്ന വെയിലും ചേരുമ്പോള്‍ അവരുടെ അവസ്ഥ വളരെ പരിതാപകരമാകും. പരീക്ഷാര്‍ത്ഥിക്ക് കൂട്ടു വരുന്നവര്‍ക്ക് കുടിവെള്ളമടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിലുള്ള അപര്യാപ്തകളെ കുറിച്ച് സ്ഥിരമായി പരാതി ഉയരുന്നതാണ്.

എന്നാല്‍ ഇവിടെ, ഒരു തങ്ങളുടെ സ്‌നേഹ സ്പര്‍ശം കൊണ്ട് മാതൃകയായി മാറുകയാണ് ശ്രീമൂലനഗരത്തെ ഹിര ജുമാ മസ്ജിദ്. ഞായറാഴ്ച അല്‍ അമീന്‍ പബ്ലിക് സ്‌കൂളില്‍ നീറ്റ് പരീക്ഷയ്ക്കായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമെത്തിയപ്പോള്‍ തൊട്ടടുത്തുള്ള ജുമാ മസ്ജിദ് അധികൃതര്‍ അവര്‍ക്ക് സഹായവുമായി എത്തുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട ഫോട്ടോഗ്രാഫുകളും ഫോട്ടോകോപ്പികളും എടുത്തു കൊടുക്കുന്നതിനെല്ലാം അവര്‍ സൗകര്യമൊരുക്കി.

മക്കള്‍ പരീക്ഷയ്ക്കായി അകത്തേക്ക് പോയപ്പോള്‍ രക്ഷിതാക്കള്‍ക്ക് വിശ്രമിക്കാനായി പള്ളി തുറന്നു കൊടുത്തു. കുടിവെള്ളവും ചായയും കടികളും നല്‍കിയാണ് രക്ഷിതാക്കളെ പള്ളിക്കമ്മിറ്റി സ്വീകരിച്ചതും വിശ്രമമൊരുക്കിയതും. വാഹനങ്ങള്‍ പള്ളിയുടെ സ്ഥലത്ത് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ടായിരുന്നു. പരീക്ഷ കഴിഞ്ഞ് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തണുത്ത വെള്ളവും പഴവും നല്‍കിയാണ് സ്വീകരിച്ചത്.

”എല്ലാവരേയും സഹായിക്കാനാണ് ഞങ്ങളുടെ മതം പഠിപ്പിക്കുന്നത്. അതാണ് ഞങ്ങള്‍ ചെയ്യുന്നതും. കഴിഞ്ഞ വര്‍ഷങ്ങളിലും ഞങ്ങളിത് ചെയ്തിരുന്നു. രക്ഷിതാക്കള്‍ക്ക് ഞങ്ങളാല്‍ കഴിയുന്നത് ചെയ്യുന്നു. കത്തുന്ന വെയിലില്‍ നില്‍ക്കുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് നമുക്ക് അറിയാമല്ലോ?” പള്ളിക്കമ്മിറ്റി അംഗമായ മുഹമ്മദ് കോയ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook