തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം ആഞ്ഞുവീശുന്ന സമയത്ത് പത്താം ക്ലാസിലെയും പ്ലസ്ടുവിലെയും വിദ്യാർത്ഥികളെ കടുത്ത സമ്മർദ്ദത്തിലാക്കി സംസ്ഥാന വിദ്യാഭ്യാസവകുപ്പിന്റെ പരീക്ഷാ പരിഷ്ക്കാരം. കോവിഡിന് മുമ്പുള്ള കാലത്തുണ്ടായിരുന്ന അവസരം പോലും ഒഴിവാക്കി കുട്ടികളെ വെട്ടിലാക്കിയിരിക്കുകയാണ് പുതിയ പരീക്ഷാ നടത്തിപ്പ് രീതി. പരീക്ഷയുടെ ചോദ്യങ്ങളിൽ വരുന്ന പാഠഭാഗങ്ങൾ സംബന്ധിച്ച മാറ്റമാണ് കുട്ടികളെ വഴിയാധാരമാക്കുന്നതിന് വഴിയൊരുക്കുന്നതെന്ന് അധ്യാപകർ ചൂണ്ടിക്കാണിക്കുന്നു.
കൃത്യമായ ക്ലാസുകൾ നടന്നിരുന്ന കോവിഡ് പൂർവ കാലത്ത് മുഴുവൻ പാഠഭാഗങ്ങളും പഠിപ്പിക്കാൻ അവസരമുണ്ടായിരുന്നപ്പോൾ പോലും കുട്ടികൾ ചോയിസ് അടിസ്ഥാനമായി പഠിച്ചാൽ പോലും എയും എ പ്ലസും മാർക്ക് ലഭിക്കുന്ന നിലയിലായിരുന്നു പരീക്ഷാ നടത്തിപ്പ്. എന്നാൽ, അതിനെയൊക്കെ അട്ടിമറിച്ച് ഫോക്കസ് ഏരിയായിലെ പാഠഭാഗങ്ങൾ പോലും പൂർണ്ണമായി പഠിക്കാൻ കുട്ടികൾക്ക് കഴിയാത്ത സാഹചര്യത്തിൽ എല്ലാ പാഠഭാഗത്തിൽ നിന്നുമുള്ള ചോദ്യങ്ങളുമായി രംഗത്തുവരികയാണ് വിദ്യാഭ്യാസ വകുപ്പ്.
അധ്യയന വർഷം തുടങ്ങിയപ്പോഴോ രണ്ടര മാസം മുമ്പ് സ്കൂൾ ഭാഗികമായി തുറന്നപ്പോഴോ പ്രഖ്യാപിക്കാത്ത പരീക്ഷാ പരിഷ്ക്കരണം രഹസ്യമായി നടപ്പാക്കുകയായിരുന്നു ചോദ്യപേപ്പർ ഉണ്ടാക്കുന്നിടത്തെ ചില നിക്ഷിപ്ത താൽപ്പര്യക്കാർ ചെയ്തതെന്ന ആരോപണമാണ് ഉയരുന്നത്. കോവിഡ് പൂർവ കാലത്ത് ഒരു വിഷയത്തിൽ 21 യൂണിറ്റുകൾ ഉണ്ടെങ്കിൽ അതു മുഴുവൻ കുട്ടിയെ പഠിപ്പിക്കും. കുട്ടി പഠിക്കുകയും ചെയ്യും. എന്നാൽ ചോദ്യം വരുമ്പോൾ 15 യൂണിറ്റുകൾ നന്നായി പഠിച്ച വിദ്യാർത്ഥിക്ക് ആ പരീക്ഷയിൽ എ പ്ലസ് മാർക്ക് വാങ്ങിക്കാൻ സാധിക്കും. അതായത് ഒമ്പത് യൂണിറ്റുകൾ ആറ് യൂണിറ്റുകൾ പരീക്ഷാ കേന്ദ്രിതമായി പഠിക്കാതെ ഒഴിവാക്കിയാലും കുട്ടിക്ക് 80 ശതമാനത്തിലധികം മാർക്ക് വാങ്ങാൻ സാധിക്കുമായിരുന്നു. കഴിഞ്ഞ വർഷം സ്കൂൾ തുറക്കാത്ത സാഹചര്യത്തിൽ ഇതിൽ പകുതിയിൽ താഴെ പാഠഭാഗങ്ങളിൽ നിന്നും ഫോക്കസ് ഏരിയാ എടുക്കുകയും അതിൽ നിന്നും ചോയ്സ് ബേസ്ഡ് ചോദ്യങ്ങൾ നൽകുകയും ചെയ്തു.
എന്നാൽ, ഇത്തവണ കോവിഡ് പൂർവ കാലത്ത് കുട്ടികൾക്ക് ലഭിച്ചിരുന്ന സൗകര്യം പോലും ഒഴിവാക്കിയാണ് ചോദ്യപേപ്പർ തയ്യാറാക്കിയിരിക്കുന്നതെന്ന് അധ്യാപകർ ആരോപിക്കുന്നു. ഉദാഹരണത്തിന് പത്ത് ചോദ്യമുണ്ടെങ്കിൽ അതിൽ നാല് മുതൽ അഞ്ച് ചോദ്യങ്ങൾ വരെ ഫോക്കസ് ഏരിയായിൽ നിന്നും ചോദിക്കുകയും അഞ്ച് മുതൽ ആറ് വരെ ചോദ്യങ്ങൾ അതിന് പുറത്ത് നിന്നുള്ള ഭാഗങ്ങളിൽ നിന്നും ചോദിക്കുകയും ചെയ്യുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. അതായത് 50 മാർക്ക് മുതൽ 70 മാർക്ക് വരെ കിട്ടുന്ന ചോദ്യങ്ങൾ മാത്രമായിരിക്കും ഫോക്കസ് ഏരിയായിൽ നിന്നും വരിക. ഫോക്കസ് ഏരിയാ മാത്രം പഠിക്കാൻ സാധിച്ച കുട്ടിക്ക് ബി പ്ലസ് മാത്രമായിരിക്കും ലഭിക്കുകയെന്ന് അധ്യാപകർ പറയുന്നു.
പല സ്കൂളുകളിലും ഇതുവരെ എല്ലാ വിഷയത്തിലെയും ഫോക്കസ് ഏരിയാ പോലും കുട്ടികളെ പഠിപ്പിക്കാൻ സാധിച്ചിട്ടില്ല. അതിനിടയിലാണ് ഈ നീക്കം. കോവിഡ് പൂർവ കാലത്ത് പോലും ഇല്ലാത്ത ഈ കടുംവെട്ട് ശൈലിക്ക് പിന്നിൽ ചിലരുടെ നിക്ഷിപ്ത താൽപ്പര്യമാണെന്ന ആരോപണം അതിശക്തമായി ഉയർന്നു കഴിഞ്ഞു. ഭരണാനുകൂല സംഘടനയായ എകെഎസ്ടിയു ഈ ചോദ്യഘടന പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തി. സിപിഐ അനുകൂല സംഘടനയായ എകെഎസ്ടിയു പരസ്യമായി രംഗത്തെത്തിയെങ്കിലും വിദ്യാഭ്യാസ വകുപ്പ് കൈയ്യാളുന്ന സിപിഎം അനുകൂല അധ്യാപക സംഘടനയായ കെഎസ്ടിഎ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. വിദ്യാർത്ഥികൾക്ക് സമ്മർദ്ദമുണ്ടാക്കുന്ന ഈ തീരുമാനത്തിൽ നിന്നും പിന്മാറണമെന്ന് പ്രതിപക്ഷമായ കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയായ എഎച്ച്എസ്ടിഎയും രംഗത്തെത്തി. കെഎസ്ടിഎ സംഘടന എന്ന നിലയിൽ പരസ്യമായി എതിർപ്പ് പ്രകടപ്പിച്ചില്ലെങ്കിലും കെഎസ്ടിഎ അംഗങ്ങളായ അധ്യാപകർ വ്യക്തിപരമായി ഇതിനോടുള്ള വിയോജിപ്പ് രേഖപ്പെടുത്തുന്നുണ്ട്.
Read More: ഫോക്കസ് ഏരിയ നിശ്ചയിച്ചു, എസ്എസ്എൽസി, പ്ലസ്ടു ചോദ്യപ്പേപ്പർ തയാറാക്കാൻ നടപടി തുടങ്ങി