കൊച്ചി: അന്തരീക്ഷ പഠനത്തിനായി ബലൂണില്‍ വിക്ഷേപിച്ച പേടകത്തെ ഉയരങ്ങളില്‍ നിന്ന് സുരക്ഷിതമായി തിരിച്ചു പിടിച്ച് കുസാറ്റ് സ്‌കൂള്‍ ഓഫ് എൻജിനീയറിങ്ങിലെ ഒരു കൂട്ടം വിദ്യാർഥികൾ. സെന്‍സറുകളും മറ്റുപകരണങ്ങളുമടങ്ങിയ പേടകത്തിന്റെ പുനരുപയോഗം സാധ്യമാക്കുന്നതുമൂലം ഇത്തരം പരീക്ഷണങ്ങളിലുണ്ടാവുന്ന സാമ്പത്തിക നഷ്ടം ഗണ്യമായി കുറക്കാന്‍ സാധിക്കും. പരീക്ഷണത്തിനായി ഉപയോഗിച്ചത് ഏകദേശം രണ്ടടി ഉയരം വരുന്ന മുകളിലും താഴെയും ആന്റിനകളോടു കൂടിയ ഒരു ചെറു പേടകമാണ്. സഞ്ചാരം നിയന്ത്രിക്കുന്ന ഒരു ഫ്ലൈറ്റ് കമ്പ്യൂട്ടറും ആകാശത്തിന്റെ തണുപ്പില്‍ സംവിധാനത്തിന്റെ താപനില നിലനിര്‍ത്തുന്ന ഉപകരണവും ഇതിലുണ്ട്. ഓസോണ്‍ പാളികള്‍, പ്രപഞ്ചത്തിലെ റേഡിയോ തരംഗങ്ങള്‍, കാലാവസ്ഥാ പ്രവചനം, അന്തരീക്ഷ വിതാനത്തിലെ റേഡിയോ വികിരണങ്ങള്‍ എന്നിവയുടെ പഠനത്തിന് ഗണ്യമായ തോതില്‍ ചെലവ് ചുരുക്കല്‍ സാധ്യമാക്കുന്നതാണ് വിദ്യാർഥികളുടെ പുതിയ സംവിധാനം.

ബിടെക് ഒന്നാം വര്‍ഷത്തില്‍ കുസാറ്റ് റഡാര്‍ സെന്റര്‍ സന്ദര്‍ശിച്ചപ്പോള്‍ അന്തരീക്ഷ പഠനത്തിനായി വിക്ഷേപിക്കുന്ന റേഡിയോ സോണ്ടെ പോലുള്ള വിലയേറിയ ഉപകരണങ്ങള്‍ ഉപയോഗത്തിന് ശേഷം നഷ്ടപ്പെടുന്നതായി അറിഞ്ഞു. അവ തുടര്‍ന്ന് ഉപയോഗിക്കാവുന്ന വിധം എങ്ങിനെ സുരക്ഷിതമായി തിരികെയെത്തിക്കാം എന്ന ചിന്തയാണ് ഇങ്ങനെയൊരു ഉദ്യമത്തിന് പിന്നിലെന്ന് ‘മിഷന്‍ ഡയറക്ടര്‍’ ബിടെക് ഇസി ആറാം സെമസ്റ്റര്‍ ബിടെക് വിദ്യാർഥി തിമോത്തി സൈമണ്‍ തോമസ് പറഞ്ഞു. സഹപാഠികളായ ജോസഫ് ജോജോ, അര്‍ജുന്‍ ഇ.എസ്, മുഹമ്മദ് ഹാഫിസ്, ശ്രീകാന്ത് സന്തോഷ്, ആരോണ്‍ റെന്നി, നവനീത്.കെ, അതുല്‍ രാജ്, ഉജ്വല്‍.സി എന്നിവരും ചേര്‍ന്നാണ് സംവിധാനം വികസിപ്പിച്ചത്.

cusat students, ie malayalam

എംഐ വണ്‍ ലാക്ക് ഫീറ്റ് പേടകത്തിലെ ക്യാമറ ഉപയോഗിച്ച് പകര്‍ത്തിയ ദൃശ്യം

അധ്യാപകരായ ഡോ. രേഖ കെ.ജെയിംസ്, ഉണ്ണി എ.എം, എന്നിവര്‍ സ്റ്റാഫ് കോ-ഓര്‍ഡിനേറ്റര്‍മാരായി പിന്തുണ നല്‍കി. കുസാറ്റ് റഡാര്‍ സെന്ററിലെ എൻജിനീയര്‍മാരായ ടിറ്റു കെ.സാംസണ്‍, രാകേഷ്.വി, റിജോയ് റെബെല്ലോ, ഗവേഷണ വിദ്യാർഥി ശിവന്‍.സി, ശാസ്ത്രജ്ഞന്‍ ഡോ. എം.ജി.മനോജ്, ഇലക്ട്രോണിക്സ് വകുപ്പിലെ ടെക്നിക്കല്‍ ഓഫീസര്‍ റസല്‍ പി.പി. എന്നിവര്‍ മാര്‍ഗ നിർദേശം നല്‍കി. പാഠ്യവിഷയമല്ലാതെ തികച്ചും വ്യക്തിപരമായ താൽപര്യത്തെ തുടര്‍ന്നാണ് മുന്നിട്ടിറങ്ങിയതെന്ന് തിമോത്തി വ്യക്തമാക്കി.

അന്തരീക്ഷത്തിലെ കാറ്റിന്റെ ഗതിക്കനുസരിച്ചു അകലങ്ങളിലേക്ക് നീങ്ങുന്ന പേടകം ജിയോ ഫെന്‍സിങ് മുഖേന നിയന്ത്രിക്കാനാകും. അന്തരീക്ഷ മര്‍ദ്ദം കുറയുന്നതോടെ അകത്തെ ഏറിയ മര്‍ദ്ദത്തില്‍ വീര്‍ത്ത് ബലൂണ്‍ പൊട്ടുമ്പോള്‍ താഴേക്കു പതിക്കുന്ന പേടകത്തില്‍ ബന്ധിപ്പിച്ചിട്ടുള്ള മൂന്ന് പാരച്യൂട്ട് സുരക്ഷിതമായി താഴെ എത്തിക്കുന്നു. രണ്ടു കാറുകളിലായി സ്ഥാപിച്ച രണ്ടു ആന്റിനകള്‍ മുഖേനയാണ് പേടകത്തില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചതും പേടകത്തിന്റെ സ്ഥാനം മനസിലാക്കിയതും. അന്തരീക്ഷത്തില്‍ ഏകദേശം 30 കി മീറ്റര്‍ ഉയരം വരെ പേടകം എത്തി. കൂടിയ ഉയരങ്ങളിലേക്ക് പേടകം വിക്ഷേപിക്കുകയും അതിന്റെ സ്ഥാനം കൃത്യമായി നിര്‍ണ്ണയിക്കുകയും തിരികെയെത്തിച്ച് വീണ്ടും ഉപയോഗം സാധ്യമാക്കുകയും ചെയ്യാനാവുമെന്ന് തെളിയിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും ഇത്തരം സംവിധാനം ഇന്ത്യയില്‍ ആദ്യമാണെന്ന് കരുതപ്പെടുന്നുവെന്നും വിദ്യാർഥി സംഘം വ്യക്തമാക്കി.

cusat students, ie malayalam

എംഐ വണ്‍ ലാക്ക് ഫീറ്റ് പേടകത്തിലെ ക്യാമറ ഉപയോഗിച്ച് പകര്‍ത്തിയ ദൃശ്യം

പാരച്യൂട്ട് കൂടാതെ പേടകത്തിന്റെ സുരക്ഷിതത്വം ഉറപ്പിക്കാന്‍ ഗ്ലൈഡര്‍ പോലുള്ള മറ്റു മാർഗങ്ങളും പരീക്ഷിച്ചുവരികയാണെന്നും ഫെബ്രുവരിയില്‍ നടക്കുന്ന ‘ദിഷ്ണ 2020 ‘ സാങ്കേതിക പ്രദര്‍ശനത്തില്‍ അത്തരത്തിലൊരു വിക്ഷേപണം അവതരിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. തിരിച്ചെടുക്കാന്‍ സാധ്യമാകയാല്‍ വി.ആര്‍ ഫൂട്ടേജ് സാധ്യമാക്കുന്ന ക്യാമറകള്‍ പേടകത്തിലുപയോഗിക്കുക വഴി അന്തരീക്ഷവുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ കൂടുതല്‍ എളുപ്പത്തിലാക്കാന്‍ സാധിക്കും. ഇത്തരം ഗവേഷണ കാര്യങ്ങളില്‍ പടനം നടത്തുന്നതിനായി ‘കുസാറ്റ് സ്‌പേസ് പ്രോഗ്രാം’ എന്ന വിദ്യാര്‍ത്ഥി കൂട്ടായ്മ രൂപം നല്‍കുന്ന കാര്യം പരിഗണനയിലുണ്ടെന്നും വിദ്യാർഥികള്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook