CUET 2022: വിവിധ കേന്ദ്ര സര്‍വകലാശാലകളിലെ പ്രവേശനത്തിനായുള്ള കോമണ്‍ യുണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റിന്റെ (സിയുഇടി) റജിസ്ട്രേഷന്‍ പ്രക്രിയ ഇന്ന് മുതല്‍ (ഏപ്രില്‍ രണ്ട്) ആരംഭിക്കും. പുതുതായി അവതരിപ്പിച്ചിരിക്കുന്ന പൊതുപരീക്ഷയുടെ പ്രക്രിയകള്‍ വിദ്യാര്‍ഥികളെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. പരീക്ഷ സംബന്ധിച്ചുള്ള കാര്യങ്ങള്‍ വിശദമായി പരിശോധിക്കാം.
ഔദ്യോഗിക വെബ്സൈറ്റ്
സിയുഇടിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ (cuet.samarth.ac.in) വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ലഭ്യമാകും. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ (എന്‍ടിഎ) ഔദ്യോഗിക വെബ്സൈറ്റിലും (nta.ac.in) വിവരങ്ങള്‍ ലഭ്യമാണ്.
പരീക്ഷക്കായി റജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി എന്നാണ് അവസാനിക്കുന്നത്?
ഏപ്രില്‍ രണ്ടാം തീയതി മുതലാണ് റജിസ്ട്രേഷന്‍ ആരംഭിക്കുന്നത്. സിയുഇടിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഏപ്രില്‍ 30 ആണ് റജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി.
സിയുഇടി 2022 പരീക്ഷ എന്നാണ്?
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഇതുവരെ പരീക്ഷ തീയതി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ജൂലൈയില്‍ പരീക്ഷയുണ്ടായിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. തീയതിയുടെ കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ എത്തിയതിന് ശേഷം സിയുഇടിയുടേയും എന്‍ടിഎയുടേയും വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
പരീക്ഷ സിലബസ്
സിയുഇടി പരീക്ഷക്കായി പ്രത്യേക പരിശീലനത്തിന്റെ ആവശ്യമില്ലെന്ന് യുജിസി ചെയര്‍മാന്‍ നേരത്തെ അറിയിച്ചിരുന്നു. പ്ലസ് ടു സിലബസ് തന്നെയായിരിക്കും പരീക്ഷയ്ക്കും. തയാറെടുക്കുന്നതിനായി എന്‍സിഇആര്‍ടി പുസ്തകങ്ങളെ മാത്രം ആശ്രയിച്ചാല്‍ മതിയാകും.
പരീക്ഷ എത്തരത്തിലായിരിക്കും
കംപ്യൂട്ടര്‍ ബേസ്ഡ് ടെസ്റ്റ് (സിബിടി) ആയിരിക്കും സിയുഇടി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഗുജറാത്തി, ഒഡിയ, ബംഗാളി, ആസാമീസ്, പഞ്ചാബി, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു എന്നിങ്ങന 13 ഭാഷകളിലായാണ് പരീക്ഷ നടത്തുന്നത്. കൂടാതെ വിദ്യാര്‍ഥിക്ക് ഭാഷകള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. ഫ്രഞ്ച്, ജർമൻ, ജാപ്പനീസ്, റഷ്യൻ, ബോഡോ, സന്താലി തുടങ്ങി 19 ഭാഷകളിൽ നിന്നും തിരഞ്ഞെടുക്കാവുന്നതാണ്.
സെക്ഷനുകള്‍
സെക്ഷന്‍ ഒന്ന്
സെക്ഷന്‍ ഒന്നിനെ തന്നെ സിയുഇടി രണ്ടായി തരിച്ചിട്ടുണ്ട്.
45 മിനിറ്റ് സമയം അനുവദിച്ചിട്ടുള്ള നിര്‍ബന്ധിത വിഭാഗമാണ് I-A. ഇംഗ്ലീഷിലും തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രദേശിക ഭാഷയിലേയും (ഹിന്ദി, മറാത്തി, ഗുജറാത്തി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഉറുദു, ആസാമീസ്, ബംഗാളി, ഒഡിയ) വിദ്യാര്‍ഥികളും മികവ് പരിശോധിക്കുന്ന സെക്ഷനാണിത്.
വിദേശ ഭാഷകൾക്കുള്ള ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനം നേടാൻ ലക്ഷ്യമിടുന്ന വിദ്യാര്‍ഥികള്‍ക്കായുള്ളതാണ് സെക്ഷൻ I-B. ഈ വിഭാഗത്തിന് കീഴിൽ വിദ്യാർത്ഥികൾ ചൈനീസ്, ഫ്രഞ്ച്, സ്പാനിഷ്, ജർമ്മൻ, നേപ്പാളി, പേർഷ്യൻ, ഇറ്റാലിയൻ, അറബിക്, സിന്ധി, കശ്മീരി, കൊങ്കണി, ബോഡോ, ഡോഗ്രി, മൈഥിലി, മണിപ്പൂരി, സന്താലി, ടിബറ്റൻ, ജാപ്പനീസ്, റഷ്യൻ എന്നീ 19 ഭാഷകളുടെ പട്ടികയിൽ നിന്ന് തിരഞ്ഞെടുപ്പു നടത്തണം.
സെക്ഷന്‍ രണ്ട്
ഒരു വിദ്യാർത്ഥി പഠിക്കാന്‍ ആഗ്രഹിക്കുന്ന ബിരുദവിഷയം കേന്ദ്രീകരിച്ചായിരിക്കും ഈ വിഭാഗം. 50 ചോദ്യങ്ങളിൽ നിന്ന് 40 ചോദ്യങ്ങൾക്ക് ഉത്തരം നല്‍കണം, 45 മിനിറ്റാണ് സമയം.
ഈ വിഭാഗത്തിൽ 27 വിഷയങ്ങളിൽ നിന്ന് ആറെണ്ണമാണ് വിദ്യാർഥികള്‍ തിരഞ്ഞെടുക്കേണ്ടത്. അക്കൗണ്ടൻസി/ ബുക്ക് കീപ്പിങ്, ബയോളജി/ബയോളജിക്കൽ സ്റ്റഡീസ്/ബയോടെക്നോളജി/ബയോകെമിസ്ട്രി; ബിസിനസ് സ്റ്റഡീസ്; രസതന്ത്രം; കമ്പ്യൂട്ടർ സയൻസ്/ ഇൻഫോർമാറ്റിക്സ് പ്രാക്ടീസ്; സാമ്പത്തിക ശാസ്ത്രം/ ബിസിനസ് ഇക്കണോമിക്സ്; എഞ്ചിനീയറിംഗ് ഗ്രാഫിക്സ്; സംരംഭകത്വം; ഭൂമിശാസ്ത്രം/ഭൗമശാസ്ത്രം; ചരിത്രം; ഹോം സയൻസ്; ഇന്ത്യയുടെ വിജ്ഞാന പാരമ്പര്യവും ആചാരങ്ങളും; നിയമ പഠനം; പരിസ്ഥിതി ശാസ്ത്രം; ഗണിതം; ശാരീരിക വിദ്യാഭ്യാസം/ എന്‍സിസി / യോഗ; ഭൗതികശാസ്ത്രം; പൊളിറ്റിക്കൽ സയൻസ്; മനഃശാസ്ത്രം; സോഷ്യോളജി; അധ്യാപന അഭിരുചി; കൃഷി; മാസ് മീഡിയ/ മാസ് കമ്മ്യൂണിക്കേഷൻ; നരവംശശാസ്ത്രം; ഫൈൻ ആർട്ട്സ്/വിഷ്വൽ ആർട്ട്സ് (ശിൽപം/ പെയിന്റിംഗ്)/കൊമേഴ്സ്യൽ ആർട്സ്; പെർഫോമിംഗ് ആർട്‌സ് – (i) നൃത്തം (കഥക്/ ഭരതനാട്യം/ ഒഡീസി/ കഥകളി/ കുച്ചിപ്പുടി/ മണിപ്പൂരി (ii) നാടകം- തിയേറ്റർ (iii) സംഗീതം ജനറൽ (ഹിന്ദുസ്ഥാനി/ കർണാടക/ രവീന്ദ്ര സംഗീതം/ താളവാദ്യങ്ങൾ/ താളവാദ്യമല്ലാത്തത്); സംസ്‌കൃതം.
സെക്ഷന്‍ മൂന്ന്
പൊതുവിജ്ഞാനം കേന്ദ്രീകരിച്ചാണ് ഈ സെക്ഷന്‍. എന്നിരുന്നാലും, ഇതൊരു നിർബന്ധിത വിഭാഗമല്ല. നിലവിലെ സംഭവികാസങ്ങള്‍, പൊതുവിജ്ഞാനം, ക്വാണ്ടിറ്റേറ്റീവ് റീസണിംഗ്, അടിസ്ഥാന ഗണിതശാസ്ത്രം എന്നിവയെ അടിസ്ഥാനമാക്കിയുള്ള 75 ചോദ്യങ്ങളിൽ 60 എണ്ണത്തിനാണ് ഉത്തരം നല്‍കേണ്ടത്, ഒരു മണിക്കൂറാണ് സമയം.
കഴിഞ്ഞ വര്‍ഷം പ്ലസ് ടു പാസായവര്‍ക്കും പരീക്ഷ എഴുതാമോ?
അടുത്ത വര്‍ഷങ്ങളിലായി പ്ലസ് ടു പരീക്ഷ പാസായ ഏത് വിദ്യാര്‍ഥിക്കും സിയുഇടിക്ക് അപേക്ഷിക്കാവുന്നതാണ്. പ്ലസ് ടുവില്‍ തിരഞ്ഞെടുത്ത വിഷയത്തില്‍ മാത്രമെ സിയുഇടി പരീക്ഷയും എഴുതാന്‍ സാധിക്കു എന്ന നിബന്ധനയില്ല. ഏത് വിഷയത്തിലേക്കും മാറാന്‍ സാധിക്കും.
Also Read: SSLC, Plus Two Exam 2022: പരീക്ഷാച്ചൂടിനെ വെല്ലുന്ന ചൂടിനെ തോൽപ്പിക്കാൻ 6 കാര്യങ്ങൾ