scorecardresearch

10,12 ക്ലാസ്സുകളിലെ പൊതുപരീക്ഷ ഒഴിവാക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻവർധനവ്; കാരണം കോവിഡോ?

അസം, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര, നാഗാലാൻഡ്, രാജസ്ഥാൻ, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് ഇത്തരത്തിൽ കൂടുതൽ വിദ്യാർത്ഥികൾ ഉള്ളത്

അസം, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര, നാഗാലാൻഡ്, രാജസ്ഥാൻ, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് ഇത്തരത്തിൽ കൂടുതൽ വിദ്യാർത്ഥികൾ ഉള്ളത്

author-image
Education Desk
New Update
students, board exam

രാജ്യത്ത് പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പൊതുപരീക്ഷ ഒഴിവാക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായതായി കണ്ടെത്തൽ. കുറഞ്ഞത് പത്ത് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ട് പരീക്ഷ എഴുതാത്ത വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചിട്ടുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അസം, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര, നാഗാലാൻഡ്, രാജസ്ഥാൻ, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് ഇത്തരത്തിൽ കൂടുതൽ വിദ്യാർത്ഥികൾ ഉള്ളത്.

Advertisment

2019ൽ, കോവിഡിന് മുൻപ് ഉണ്ടായിരുന്നതിനേക്കാൾ പരീക്ഷ ഒഴിവാക്കുന്ന കുട്ടികളുടെ എണ്ണം വർധിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ എക്സ്പ്രസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. 17 സംസ്ഥാനങ്ങളിലെ പൊതുപരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥികളുടെ ഹാജർ നില പരിശോധിച്ചതിൽ നിന്നാണ് ഇത്തരമൊരു കണ്ടെത്തൽ.

publive-image

ഒഡീഷ ഉൾപ്പെടെ ചില സംസ്ഥാനങ്ങൾ ഇതിൽ അന്വേഷണം നടത്തിയിട്ടുണ്ട്. പത്താം ക്ലാസ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത 5.71 ലക്ഷം വിദ്യാർത്ഥികളിൽ 43,489 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് എത്തിയില്ല എന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ ഒഡീഷയിലെ വിദ്യാഭ്യാസ മന്ത്രി സമീർ രഞ്ജൻ ദാസ്, പരീക്ഷയ്ക്ക് എത്താത്ത വിദ്യാർത്ഥികളുടെ ജില്ലാ തിരിച്ചുള്ള വിശകലന റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാർ ഉടൻ തന്നെ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് നിർദ്ദേശം നൽകുകയായിരുന്നു.

കോവിഡാണ് ഈ വർധനവിന് കാരണമെന്ന് മന്ത്രി രഞ്ജൻ ദാസ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു, “വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നഷ്‌ടപ്പെടുകയും പരീക്ഷ എഴുതാനുള്ള ആത്മവിശ്വാസം നഷ്ടപ്പെടുകയും ചെയ്തു. കോവിഡിന് മുൻപ് എട്ടാം ക്ലാസിലായിരുന്നു ഈ വിദ്യാർത്ഥികൾ, ഏകദേശം രണ്ട് വർഷത്തോളം അവർക്ക് ക്ലാസുകൾ നഷ്‌ടമായി. പലർക്കും ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനായില്ല. ഇത് ഒരു പാൻ-ഇന്ത്യ പ്രശ്നമാണ്. ” അദ്ദേഹം പറഞ്ഞു.

Advertisment

കോവിഡിന്റെ ആദ്യ രണ്ടു തരംഗങ്ങളെ തുടർന്ന് 2020ലും 2021ലും ബോർഡ് പരീക്ഷകൾ തടസപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം, മിക്ക സംസ്ഥാനങ്ങളും അവരുടെ വാർഷിക പൊതു പരീക്ഷകൾ റദ്ദാക്കുകയും എല്ലാ പത്താം ക്ലാസ് വിദ്യാർത്ഥികലെയും ജയിപ്പിക്കുകയും ചെയ്തു. കോവിഡിന് ശേഷം ഈ വർഷമാണ് 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ നടന്നത്.

ഈ വർഷമുണ്ടായ അപ്രതീക്ഷിത വർധനവാണ് മിക്ക സംസ്ഥാനങ്ങളെയും സംഭവത്തിൽ ആഭ്യന്തര അന്വേഷണങ്ങൾ നടത്താൻ പ്രേരിപ്പിച്ചത്.

പത്താം ക്ലാസ് അവസാന പരീക്ഷകളിൽ ഹാജരാകാത്തവരുടെ എണ്ണം തമിഴ്‌നാട്ടിൽ ഇരട്ടിയായി. 2019-ൽ 21,761 ആയിരുന്നത് 2022-ൽ 42,521 ആയി. ഹാജരാകാത്തവരുടെ അനുപാതം 2.2 ശതമാനത്തിൽ നിന്ന് 4.4 ശതമാനം ആയി ഉയർന്നു.

ഇത് സംബന്ധിച്ച വിവരങ്ങൾക്കായി തമിഴ്‌നാട് സ്‌കൂൾ വിദ്യാഭ്യാസ സെക്രട്ടറി കർല ഉഷയുടെ ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും പ്രതികരണം ലഭിച്ചില്ല, എന്നാൽ കോവിഡ് മരണങ്ങളും കുടുംബങ്ങളിലെ ബുദ്ധിമുട്ടുകളുമാകാം ഇതിനു കാരണമായതെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പ്രതികരിച്ചു. എന്നാൽ തമിഴ്‌നാട് ഇതിൽ അന്വേഷണം ആരംഭിച്ചിട്ടില്ല.

അസമിൽ പത്താം ക്ലാസ് പരീക്ഷ എഴുതാതിരുന്ന വിദ്യാർത്ഥികളുടെ എണ്ണം 2019 ൽ 6,488 (1.8%) ആയിരുന്നത് ഈ വർഷം 14,000 (3.4%) ആയിരുന്നു. ഇതിൽ സർക്കാർ അവലോകനം നടത്തുന്നുണ്ട്.
ജൂണിലെ പൊതു പരീക്ഷ ഫലത്തിൽ വിജയശതമാനം കുറഞ്ഞതിന് 102 സർക്കാർ സ്കൂളുകൾക്ക് വിദ്യാഭ്യാസവകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകി.

publive-image

മഹാരാഷ്ട്ര സ്കൂൾ വിദ്യാഭ്യാസ വകുപ്പും ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2019ൽ (0.1%) 1,567 പേർ പരീക്ഷയ്‌ക്ക് ഹാജരാകാതെ ഇരുന്നത് ഇവിടെ ഇത്തവണ ഏകദേശം 10,000 (0.7%) പേർ ഹാജരായില്ല. ഈ കണക്കുകൾ പരിശോധിക്കേണ്ടത് അനിവാര്യമാണെന്ന് സ്‌കൂൾ വിദ്യാഭ്യാസ കമ്മീഷണർ സൂരജ് മന്ദാരെ ​​പറഞ്ഞു.

കോവിഡ് അധ്യയനത്തിലെ തടസ്സമാണ് മിക്ക സംസ്ഥാന സർക്കാരുകളും ഇതിന് കാരണമായി പറയുന്നതെങ്കിലും, കുറച്ചു വിദ്യാർത്ഥികൾ എങ്കിലും പരീക്ഷ റദ്ദാക്കുമെന്നോ ഓൺലൈൻ ആകുമെന്നോ പ്രതീക്ഷിച്ചിരിക്കാമെന്നും ഇവർ പറയുന്നു.

ഓഫ്‌ലൈൻ പരീക്ഷകൾക്ക് വിദ്യാർത്ഥികൾ തയ്യാറായിട്ടുണ്ടായില്ലെന്ന് മഹാരാഷ്ട്ര സ്റ്റേറ്റ് ബോർഡ് ഓഫ് സെക്കൻഡറി ആൻഡ് ഹയർ സെക്കൻഡറി എജ്യുക്കേഷൻ ചെയർമാൻ ശരദ് ഗോസാവി പറഞ്ഞു. കഴിഞ്ഞ വർഷം, മറ്റ് പല സ്കൂൾ ബോർഡുകളെയും പോലെ മഹാരാഷ്ട്രയും 10, 12 ക്ലാസ് പരീക്ഷകൾ റദ്ദാക്കുകയും ഇന്റേണൽ സ്കൂൾ പരീക്ഷകളിലെ വിദ്യാർത്ഥികളുടെ പ്രകടനത്തെ അടിസ്ഥാനമാക്കി ഫലങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

തെലങ്കാനയിലെ വിദ്യാഭ്യാസ ബോർഡിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ സമാനമായ കാരണങ്ങളാണ് ചൂണ്ടിക്കാട്ടി. ഇവിടെ, പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഹാജരാകാത്തവർ 2019 ൽ 1,585 (0.3%) ൽ ആയിരുന്നെങ്കിൽ ഈ വർഷം 4,909 (1%) ആയി ഉയർന്നു.

കർണാടകയിൽ, പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് 26,000 (3.7%) പേർ ഹാജരായില്ല, 2019 ൽ ഇത് 17,553 (2.5%) ആയിരുന്നെന്ന് പ്രീ-യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ രാമചന്ദ്രൻ ആർ പറഞ്ഞു.
എന്നാൽ രാജസ്ഥാനിലെ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഗൗരവ് അഗർവാൾ വിഷയത്തിൽ പ്രതികരിച്ചില്ല.

Students Exam Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: