തൃശൂർ: പരീക്ഷകൾ നടത്തണമെന്ന പിടിവാശി തങ്ങൾക്കില്ലെന്ന് ആരോഗ്യസർവകലാശാല. അടുത്ത തിങ്കളാഴ്‌ച മുതൽ നിശ്ചയിച്ചിരിക്കുന്ന എംബിബിഎസ് പ്രാക്‌ടിക്കൽ പരീക്ഷകൾ വേണ്ടിവന്നാൽ മാറ്റിവയ്‌ക്കുമെന്ന് ആരോഗ്യസർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ പറഞ്ഞു. ഹോസ്റ്റലുകൾ ഒഴിപ്പിച്ച് അണുനശീകരണം നടത്തിയിട്ടേ പരീക്ഷകൾ ആരംഭിക്കൂ. അതിനു സാധിച്ചില്ലെങ്കിൽ പരീക്ഷ നടത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് പ്രതിസന്ധിയെ തുടർന്ന് പരീക്ഷകൾ മാറ്റിവയ്‌ക്കണമെന്ന് വിദ്യാർഥികൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പരീക്ഷയ്‌ക്ക് ഹാജരാകാൻ സാധിക്കാത്ത വിദ്യാർഥികൾക്ക് മറ്റൊരു അവസരം അനുവദിക്കുമെന്നും ആരോഗ്യസർവകലാശാല വ്യക്തമാക്കി. സർവകലാശാലയുടെ ഹോസ്റ്റലുകൾ ക്വാറന്റൈൻ സൗകര്യമൊരുക്കാൻ വിട്ടുനൽകിയിരുന്നു.

Read Also: Kerala Weather: ജൂലൈ രണ്ടു മുതൽ കേരളത്തിൽ കാലവർഷം ശക്തിപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ്

അതേസമയം, പരീക്ഷകൾ മാറ്റാനാവില്ലെന്ന നിലപാടിലാണ് കണ്ണൂർ സർവകലാശാല. പരീക്ഷകൾ മാറ്റണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ സർവകലാശാല നിലപാട് മാറ്റിയിട്ടില്ല.

കേരള സാങ്കേതിക സർവകലാശാല ഇന്നുമുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. സർവകലാശാല പരീക്ഷാസമിതി അടിയന്തര യോഗം ചേർന്നാണ് തീരുമാനമെടുത്തത്. പുതുക്കിയ തീയതികൾ പിന്നീട് തീരുമാനിക്കും. സംസ്ഥാനത്ത് കോവിഡ് കേസുകൾ ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ പരീക്ഷ നടത്തുന്നത് സുരക്ഷിതമല്ലെന്ന് പരീക്ഷാ സമിതി വിലയിരുത്തുകയായിരുന്നു. പരീക്ഷകൾ ജൂലൈ 1 മുതൽ 8 വരെ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook