ഇന്ത്യയില്‍ കൊറോണവൈറസ് ഭീതി പടര്‍ന്നതിനെ തുടര്‍ന്ന് പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവച്ചു. അതേതുടര്‍ന്ന് കോളെജിലേക്കുള്ള പുതിയ അഡ്മിഷനും നീളും. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരേക്കും മത്സര എന്‍ട്രന്‍സ് പരീക്ഷകള്‍ മാറ്റിവച്ചു. കോളെജുകള്‍ അടയ്ക്കുകയും ഹോസ്റ്റലുകള്‍ ഒഴിയാന്‍ വിദ്യാര്‍ത്ഥികളോട് അധികൃതര്‍ ആവശ്യപ്പെടുകയും ചെയ്തു. പല കോളെജുകളുടേയും സമീപത്തെങ്ങും ആശുപത്രി സൗകര്യങ്ങള്‍ ഇല്ല.

പുതുക്കിയ പരീക്ഷ തിയതികള്‍ അറിയുന്നതിനായി കാത്തിരിക്കുന്നത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ഉത്തരഖണ്ഡിലെ ദിക്ഷാന്ത് ജോഷി പറയുന്നു. ബഹുരാഷ്ട്ര കമ്പനിയിലെ ജോലി രാജിവച്ച് സര്‍ക്കാര്‍ ജോലിക്കുവേണ്ടിയുള്ള പരീക്ഷകള്‍ എഴുതുന്നതിനുവേണ്ടി പഠിക്കുകയാണ് ജോഷി. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ (എസ് എസ് സി) പരീക്ഷയാണ് അടുത്ത് ജോഷി എഴുതാന്‍ തയ്യാറെടുത്തിരുന്നത്.

“എസ് എസ് സി പരീക്ഷ എഴുതുന്നതിന് ഞാന്‍ തയ്യാറായിരുന്നു. അപ്പോഴാണ് സര്‍ക്കാര്‍ പരീക്ഷ മാറ്റിയ വിവരം അറിയുന്നത്. മുംബൈയില്‍ സെയില്‍സ്, മാര്‍ക്കറ്റിങ് മാനേജരായി ജോലി ചെയ്യുകയായിരുന്നു ഞാന്‍. പരീക്ഷയ്ക്ക് പഠിക്കുന്നതിനായി ഞാന്‍ ജോലി രാജിവച്ചു. ഇപ്പോള്‍, ഞാന്‍ വീണ്ടും തയ്യാറെടുക്കാന്‍ ആരംഭിച്ചു. ദിവസവും ഒരു മോക്ക് ടെസ്റ്റ് എഴുതാനാണ് എന്റെ തീരുമാനം. അത് എല്ലാ വിഷയങ്ങളും ഓര്‍ത്തിരിക്കാന്‍ എന്നെ സഹായിക്കും,” ജോഷി പറയുന്നു.

എന്നാല്‍ പരീക്ഷ കൂടുതല്‍ പാടായിരിക്കുമെന്ന് ജോഷി പേടിക്കുന്നു. “പരീക്ഷ തിയതി എന്ന് പ്രഖ്യാപിക്കുമെന്ന് എനിക്കറിയില്ല. ഞാന്‍ അതിനുവേണ്ടി തയ്യാറെടുത്തിരിക്കണം. പരീക്ഷയ്ക്ക് കൂടുതല്‍ ദിവസങ്ങള്‍ ലഭിക്കുന്നത് മൂലം പരീക്ഷ കൂടുതല്‍ പാടാകും. ഇപ്പോള്‍ തന്നെ മത്സരം കടുത്തതാണ്. കാത്തിരിപ്പ് അധികം നീളില്ലെന്നാണ് എന്റെ പ്രതീക്ഷ. ഒരു വീട്ടില്‍ അടച്ചിരിക്കുന്നതും പുതുതായിയൊന്നും ചെയ്യാനില്ലാത്തതും ദീര്‍ഘ കാലത്തേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പാടാകും,” ജോഷി പറയുന്നു.

ധാരാളം വിദ്യാര്‍ത്ഥികള്‍ വേറെയും വെല്ലുവിളികള്‍ നേരിടുന്നുണ്ട്. കൊറോണവൈറസ് പകര്‍ച്ച വ്യാധിയെ തുടര്‍ന്ന് പൊതുഗതാഗത സംവിധാനങ്ങള്‍ റദ്ദാക്കിയത് മൂലം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ച് ഹോസ്റ്റലുകള്‍ ഒഴിയേണ്ടി വന്ന വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട്.

ജാമിയ മിലിയ ഇസ്ലാമിയയില്‍ മുറികള്‍ ഒഴിയാന്‍ ഏതാനും ദിവസം നല്‍കിയിട്ടുണ്ടെന്ന് ഫറീന്‍ അഫ്‌സ പറയുന്നു. അതേസമയം, വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റലില്‍ തുടരാം. “ഞങ്ങള്‍ 5-10 വരെ പെണ്‍കുട്ടികളുണ്ട്. ഞങ്ങള്‍ക്കുവേണ്ട ഭക്ഷണം ഞങ്ങള്‍ തയ്യാറാക്കാം. ഞങ്ങളുടെ മുറികളില്‍ കഴിയാന്‍ അനുവദിച്ചാല്‍ മാത്രം മതി,” അഫ്‌സ പറയുന്നു.

“ഈ പകര്‍ച്ചവ്യാധിക്കിടെ പൊതുഗതാഗത സൗകര്യത്തില്‍ യാത്ര ചെയ്യുന്നത് കൂടുതല്‍ ഭീതികരമാണ്. ബീഹാറില്‍ എന്റെ നാട്ടിലേക്കുള്ള ടിക്കറ്റുകള്‍ പെട്ടെന്ന് കിട്ടുകയെന്നത് ദുഷ്‌കരമാണ്. ട്രെയിനുകള്‍ റദ്ദാക്കുക കൂടി ചെയ്തിരിക്കുന്നു,” അവര്‍ പറഞ്ഞു. കേരളത്തില്‍ നിന്നും കശ്മീരില്‍ നിന്നുമുള്ള പെണ്‍കുട്ടികള്‍ക്കും വിമാനടിക്കറ്റുകള്‍ എടുക്കാന്‍ സാധിക്കുന്നില്ലെന്ന് അഫ്‌സ കൂട്ടിച്ചേര്‍ത്തു.

ഇന്നത്തെ ജനതാ കര്‍ഫ്യൂവിന് ഇടയില്‍ അഫ്‌സയ്ക്ക് ആഹാരവുമില്ല. താമസിക്കാനൊരിടവുമില്ല. നാട്ടിലേക്ക് ടിക്കറ്റ് എടുക്കാന്‍ സാധിക്കുന്നതുവരെ ഒരു സുഹൃത്തിന്റെ വീട്ടില്‍ കഴിയാനാണ് അഫ്‌സയുടെ പദ്ധതി.

ഹോസ്റ്റലുകള്‍ ഒഴിയുന്നത് എല്ലാവര്‍ക്കും ബുദ്ധിമുട്ടല്ല. ഐഐഐടി ഭോപാലിലെ മൂന്നാം വര്‍ഷ ബിടെക്ക് വിദ്യാര്‍ത്ഥിയായ ആനന്ദ് രാജ് സുഹൃത്തുക്കള്‍ക്കൊപ്പം കഴിയാനാണ് തീരുമാനിച്ചിരിക്കുന്നത്. കാരണം, ആനന്ദിന്റെ മാതാപിതാക്കള്‍ രണ്ടുപേരും ജോലി ചെയ്യുന്നവരാണ്. “കോളെജ് അധികൃതര്‍ പറയുന്നത് പോലെ അത്ര ഗൗരവകരമല്ല ഇതെന്ന് ഞാന്‍ കരുതുന്നു. യു പി എസ് സിക്കുവേണ്ടി പഠിക്കുന്നതിനായി കുറച്ച് സുഹൃത്തുക്കള്‍ ഹോസ്റ്റലില്‍ കഴിയാന്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, 220 ദിവസങ്ങള്‍ക്കുശേഷം എനിക്ക് പബ്ജി കളിക്കാന്‍ സമയം ലഭിച്ചു,” രാജ് പറയുന്നു. പബ്ജിയിലെ തിരികെ വീണ്ടും സ്വാഗതം എന്ന സന്ദേശങ്ങള്‍ തനിക്ക് ആനന്ദം പകരുന്നുവെന്ന് ആനന്ദ് കൂട്ടിച്ചേര്‍ത്തു.

“എങ്കിലും, ദിവസങ്ങള്‍ കടന്ന് പോയപ്പോള്‍, കടകളെല്ലാം അടച്ചു. ഞാന്‍ വീട്ടില്‍ പോകാന്‍ തീരുമാനിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഞാന്‍ കൊറോണവൈറസിനെ കുറിച്ച് ഓണ്‍ലൈന്‍ വഴി മനസ്സിലാക്കി കൊണ്ടിരിക്കുന്നു. ഇത് എനിക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്,’ അദ്ദേഹം പറഞ്ഞു.

“സമയം കഴിയുന്തോറും എന്റെ ബിരുദത്തെ കുറിച്ച് എനിക്ക് പേടിയുണ്ട്. മറ്റു ഐഐഐടികള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചുകഴിഞ്ഞു. എന്നാല്‍ ഞങ്ങളുടെ ക്യാമ്പസ് ഇനിയും അത് ആരംഭിച്ചിട്ടില്ല. അവസാനത്തെ സെമസ്റ്റര്‍ പ്രധാനപ്പെട്ടതാണ്. അത് അതിവേഗം തീര്‍ക്കില്ലെന്ന് കരുതുന്നു. കാരണം, അത് ഞങ്ങളുടെ പ്ലേസ്‌മെന്റിനെ ബാധിക്കും,” അദ്ദേഹം പറഞ്ഞു.

ബുലന്ദ്ഷഹറിലെ വിദ്യാഗ്യാന്‍ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മേഖാ ജി. യുപിയിലെ ജല്ലോണ്‍ ഗ്രാമവാസിയായ മേഖ ഹ്യുമാനിറ്റീസാണ് പഠിക്കുന്നത്. അവരുടെ ജിയോഗ്രഫി പരീക്ഷ മാറ്റിവച്ചു. വിദേശത്ത് പഠിക്കാന്‍ പോകുന്നതിന് അപേക്ഷിക്കാന്‍ ഇരിക്കുയായിരുന്നു മേഖ. എന്നാല്‍ ഇപ്പോഴത്തെ ആഗോള പ്രതിസന്ധി അതിനെ ബാധിക്കുമെന്ന് അവര്‍ കരുതുന്നു.

“ഞാനിപ്പോള്‍ ആശയക്കുഴപ്പത്തിലാണ്. അഡ്മിഷനുകള്‍ക്കുവേണ്ടി നിരവധി അഭിമുഖങ്ങള്‍ ഉണ്ടായിരുന്നു. അതെല്ലാം റദ്ദാക്കി. മാര്‍ച്ച് 31-നുശേഷമേ പുതിയ തിയതികള്‍ പ്രഖ്യാപിക്കുകയുള്ളൂ. എന്റെ കുടുംബത്തോടൊത്ത് സമയം ചെലവഴിക്കണോ പഠനം തുടരണോയെന്ന ആശയക്കുഴപ്പത്തിലാണ് ഞാന്‍,” അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ചെന്നൈ എസ് ആര്‍ എം സര്‍വകലാശാലയിലെ മന്‍സുര സെയ്ദിന് പറയാനുള്ളത് നമ്മളെല്ലാം ഒരുമിച്ച് നില്‍ക്കണമെന്നാണ്. “പഠനം പൂര്‍ത്തിയാക്കണമെന്നും ജോലി ചെയ്തു തുടങ്ങണമെന്നും എനിക്ക് വലിയ ആഗ്രഹമുണ്ട്. എന്നാല്‍ കുടുംബത്തോടൊപ്പം കഴിയാന്‍ സമയം കിട്ടിയതില്‍ എനിക്ക് സന്തോഷമുണ്ട്. ഇത് ഞങ്ങളുടെ പ്ലേസ്‌മെന്റിനെ ബാധിക്കും. അവസാന തിയതികള്‍ കുറച്ച് നീട്ടി വയ്ക്കും. എന്നാല്‍ നമുക്ക് മാത്രമല്ല, എല്ലാവര്‍ക്കും ഇത് സംഭവിക്കുന്നുണ്ട്. നെറ്റ്ഫ്‌ളിക്‌സ് കണ്ട് കൂളായി ഇരിക്കാനുള്ള എല്ലാവരുടേയും സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനുള്ള സമയമാണിത്. നമ്മള്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിന് അടിമപ്പെട്ടാല്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ വരും. ഇതൊരു ആഗോള പ്രശ്‌നമാണ്. എല്ലാവരും ഒരുമിച്ച് നിന്നാല്‍ ഈ കാലം കടന്നുപോകും,” സേലത്തുനിന്നുള്ള മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ സെയ്ദ് പറയുന്നു.

Read in English

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook