കോട്ടയം: കോവിഡ്-19 വ്യാപനത്തിന്റെ സാഹചര്യം കണക്കിലെടുത്ത് മഹാത്മ ഗാന്ധി സർവകലാശാല വിജ്ഞാപനം ചെയ്ത പരീക്ഷകളുടെ അപേക്ഷകൾ സ്വീകരിക്കുന്ന തീയതി നീട്ടി നൽകുമെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു. ഓൺലൈൻ മുഖേനയല്ലാത്ത പുനർമൂല്യനിർണയത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതിയും കോളേജുകളിൽ നിന്ന് ഇന്റേണൽ മാർക്ക് അപ്‌ലോഡ് ചെയ്യാനുള്ള തീയതിയും ദീർഘിപ്പിച്ചു നൽകും. മാർച്ച് 31നകം ഗവേഷണ പ്രബന്ധങ്ങൾ സമർപ്പിക്കേണ്ടവർക്ക് ഏപ്രിൽ 15 വരെ സമർപ്പിക്കാം.

സർവകലാശാല ജീവനക്കാരുടെ ജോലിക്കും ക്രമീകരണം ഏർപ്പെടുത്തി. 50 ശതമാനം ജീവനക്കാർ ഒന്നിടവിട്ട ദിവസങ്ങളിൽ ജോലിക്ക് ഹാജരാകുന്നതിന് ക്രമീകരണങ്ങളായി. സർവകലാശാലയിലെ ഗ്രൂപ്പ് ബി, സി, ഡി വിഭാഗം ജീവനക്കാരെ ഓഫീസ് ജോലികൾക്ക് തടസം വരാത്ത രീതിയിൽ നിയോഗിക്കുന്നതിന് ഡെപ്യൂട്ടി രജിസ്ട്രാർമാർക്കും വിവിധ വകുപ്പുകളുടെ മേധാവികൾക്കും ചുമതല നൽകി.

Read Also: നീറ്റ് പരീക്ഷ മാറ്റുന്നതിനെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ല: കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം

ഓരോ ദിവസവും വരേണ്ട ജീവനക്കാരുടെ പട്ടിക തയാറാക്കുന്ന ചുമതലയും ഇവർക്കാണ്. ഓഫീസിൽ ജോലിക്ക് ഹാജരാകാത്ത ജീവനക്കാർ ടെലിഫോൺ വഴിയോ മറ്റ് ഇലക്‌ട്രോണിക് മാധ്യമങ്ങൾ വഴിയോ ഓഫീസ് മേധാവിയുമായി ബന്ധപ്പെടാൻ കഴിയുന്നുവെന്ന് ഉറപ്പുവരുത്തണം. അത്യാവശ്യ ഘട്ടങ്ങളിൽ മേലധികാരി ആവശ്യപ്പെട്ടാൽ ഓഫീസിൽ ഹാജരാകണം. ഓൺലൈൻ ഫയൽ സംവിധാനമായ ഡിഡിഎഫ്എസ് ഉപയോഗിച്ച് ജോലികൾ സമയബന്ധിതമായി പൂർത്തീകരിക്കണം. സർവകലാശാല ലൈബ്രറിയുടെ പ്രവർത്തനം രാവിലെ 10.15 മുതൽ വൈകീട്ട് 4.45 വരെയായി പുനഃക്രമീകരിച്ചു. സർവകലാശാല ലൈബ്രറിയിൽ കാമ്പസിന് പുറത്തുനിന്നുള്ള കോളേജുകളിലെ വിദ്യാർഥികൾക്ക് മാർച്ച് 31 വരെ ലൈബ്രറി സൗകര്യങ്ങൾ അനുവദിക്കില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook