ബെംഗളുരു: കണ്‍സോര്‍ഷ്യം ഓഫ് നാഷണല്‍ ലോ യൂണിവേഴ്സിറ്റീസ് (സി എന്‍ എല്‍ യു) നടത്തിയ ദേശീയതല നിയമ പ്രവേശന പരീക്ഷയായ ക്ലാറ്റ് 2023 ഫലം പ്രഖ്യാപിച്ചു.
ഈ വര്‍ഷം പരീക്ഷയെഴുതിയവരുടെ എണ്ണം ‘റെക്കോര്‍ഡ്’ ആണെന്നാണു നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റി (എന്‍ എല്‍ എസ് ഐ യു) ബെംഗളൂരു വൈസ് ചാന്‍സലറും ക്ലാറ്റ് 2023 കണ്‍വീനറുമായ സുധീര്‍ കൃഷ്ണസ്വാമി പറയുന്നത്. മൊത്തം ഹാജര്‍ ശതമാനം ഏകദേശം 94.87 ആണ്.
എന്‍ എല്‍ എസ് ഐ യു ലഭ്യാക്കിയ ഫലമനുസരിച്ച് ഇത്തവണ രണ്ടുപേരാണു ബിരുദ പ്രവേശന പരീക്ഷയില്‍ 100 ശതമാനം സ്‌കോര്‍ നേടിയത്. ഒരാള്‍ മഹാരാഷ്ട്ര സ്വദേശിയും മറ്റേയാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയുമാണ്. കര്‍ണാടകയില്‍നിന്നുള്ള ഒരാള്‍ 99.97 ശതമാനം നേടി. കര്‍ണാടകയില്‍നിന്നുള്ള രണ്ടുപേര്‍ 99.96 ശതമാനവും ഒരോ ആള്‍ വീതം യഥാക്രമം 99.95, 99.94, 99.93, 99.92 എന്നിങ്ങനെയും സ്‌കോര്‍ ചെയ്തു.
ഫലം സി എന്‍ എല്‍ യുവിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ consortiumofnlus.ac.inല്‍ പരിശോധിക്കാം. 23 സംസ്ഥാനങ്ങളിലെയും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലെയും 127 കേന്ദ്രങ്ങളിലായാണ് പ്രവേശന പരീക്ഷ നടന്നത്. ഡിസംബര്‍ 18-നു നടന്ന പരീക്ഷയുടെ അന്തിമ ഉത്തരസൂചിക 22-നു പ്രഖ്യാപിച്ചിരുന്നു.
93.6 പേര്‍ ബിരുദ പ്രവേശന പരീക്ഷയ്ക്കും 91.7 ശതമാനം പേര്‍ ബിരുദാനന്തര ബിരുദത്തിനും രജിസ്റ്റര്‍ ചെയ്തു. പരീക്ഷയ്ക്കു ഹാജരായവരരില്‍ 56 ശതമാനം പേര്‍ സ്ത്രീകളും 44 ശതമാനം പുരുഷന്മാരുമാണു. രണ്ടു ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികളും പരീക്ഷയെഴുതി.
120 മിനുറ്റ് ദൈര്‍ഘ്യമുള്ളതായിരുന്നു ക്ലാറ്റ് 2023 ബിരുദ പരീക്ഷ. ആകെ 150 ചോദ്യങ്ങളുള്ള അഞ്ച് സെക്ഷനുകളാണു പരീക്ഷയിലുണ്ടായിരുന്നത്. അന്തിമ ഉത്തരസൂചികയില്‍നിന്ന് ഒരു ചോദ്യം പിന്‍വലിച്ചു. അതിനാല്‍, മൊത്തം ചോദ്യങ്ങളുടെ എണ്ണം 149 ആയിരുന്നു. നേടിയ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് 116.75 ആണ്.
ക്ലാറ്റ് 2023 ബിരുദാനന്തര പ്രവേശന പരീക്ഷയില്‍ ഒരു വിദ്യാര്‍ഥിയും 100 ശതമാനം സ്‌കോര്‍ നേടിയല്ല. 99.99 ശതമാനം നേടിയ ഛത്തീസ്ഗഡ് സ്വദേശിയാണു ടോപ്പര്‍. കര്‍ണാടക സ്വദേശി 99.91 ശതമാനം നേടി. 120 ചോദ്യങ്ങള്‍ അടങ്ങുന്ന വിഭാഗമാണു പരീക്ഷയ്ക്കുണ്ടായിരുന്നത്. 95.25 ആണു നേടിയ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക്.
2023-24 അധ്യയന വര്‍ഷത്തേക്കുള്ള ബിഎ എല്‍എല്‍ബി (ഓണേഴ്‌സ്) ബിരുദ പ്രോഗ്രാമിലേക്കുള്ള സീറ്റ് 180ല്‍ നിന്ന് 240 ആയി ഉയര്‍ത്തുമെന്ന് എന്‍ എല്‍ എസ് ഐയു ബെംഗളൂരു അടുത്തിടെ വ്യക്തമാക്കിയിരുന്നു. നേരത്തെ, 2020-21 അധ്യയന വര്‍ഷത്തില്‍ സീറ്റുകളുടെ എണ്ണം 80-ല്‍ നിന്ന് 120 ആയും 2022-23ല്‍ 120-ല്‍നിന്ന് 180 ആയും ഉയര്‍ത്തിയിരുന്നു.
എല്‍എല്‍എം ബിരുദാനന്തര പ്രോഗ്രാമില്‍ സീറ്റുകളുടെ എണ്ണം 2023-24 ല്‍ 75ല്‍നിന്ന് 100 ആയി വര്‍ധിപ്പിക്കും. കഴിഞ്ഞവര്‍ഷമാണു സീറ്റുകള്‍ 50ല്‍നിന്ന് 75 ആയി ഉയര്‍ത്തിയത്.