scorecardresearch

പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ്: മാറ്റങ്ങൾ എന്തൊക്കെ?

ദേശീയ സ്‌കോളർഷിപ്പ് പോർട്ടലിന്റെ വെബ്സെറ്റിലാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇത് സംബന്ധിച്ച അറിയിപ്പ് വന്നത്

പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ്: മാറ്റങ്ങൾ എന്തൊക്കെ?

പിന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സഹായകരമായിരുന്ന പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് ന്യൂനപക്ഷ സ്‌കോളർഷിപ്പുകൾ ഒഴിവാക്കിയും വെട്ടിച്ചുരുക്കിയും കേന്ദ്രസർക്കാർ.

പിന്നാക്കവിഭാഗങ്ങളിലെ ഒന്നു മുതൽ പത്തു വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിൽ നിന്നു ഒന്നു മുതൽ എട്ടുവരെയുള്ള ക്ലാസുകളെ ഒഴിവാക്കിയും പോസ്റ്റ് മെട്രിക് വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് തുക ഗണ്യമായ തോതിൽ വെട്ടിക്കുറച്ചും സാമൂഹികനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ നടപടി.

ഈ നടപടി വിദ്യാർഥികൾക്കും രക്ഷാകർത്താക്കൾക്കും ആശങ്ക പടർത്തിയിരിക്കുകയാണ്. ദേശീയ സ്‌കോളർഷിപ്പ് പോർട്ടലിന്റെ വെബ്സെറ്റിലാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇത് സംബന്ധിച്ച അറിയിപ്പ് വന്നത്.

സാമൂഹികനീതി, ശാക്തീകരണ മന്ത്രാലയത്തിന്റെയും ട്രൈബൽ അഫയേഴ്‌സ് മന്ത്രാലയത്തിന്റെയും പ്രീ-മെട്രിക് സ്‌കോളർഷിപ്പ് പദ്ധതിക്ക് അനുസൃതമായാണ് നടപടിയെന്ന് ദേശീയ സ്‌കോളർഷിപ്പ് പോർട്ടലിലെ അറിയിപ്പിൽ പറയുന്നു.

എന്താണ് പ്രീ മെട്രിക് സ്‌കോളർഷിപ്പ്

ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ്സു വരെയുള്ള ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കാണ് പ്രീ മെട്രിക് സ്‌കോളർഷിപ്പ്. മുസ്‌ലിം, ക്രിസ്ത്യന്‍, ജൈനര്‍, ബുദ്ധര്‍, സിഖ്, പാഴ്‌സി എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെട്ട ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലെ രണ്ടരലക്ഷത്തില്‍ത്താഴെ വരുമാനപരിധിയുള്ള വിദ്യാര്‍ഥികളെയാണ് പരിഗണിച്ചിരുന്നത്. പ്രതിവര്‍ഷം 1500 രൂപയായിരുന്നു സ്‌കോളര്‍ഷിപ്പ് തുക. 50 ശതമാനം തുക കേന്ദ്രവും 50 ശതമാനം തുക സംസ്ഥാനങ്ങളുമാണ് നല്‍കിയിരുന്നത്.

കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനം എന്താണ്?

പുതിയ അറിയിപ്പ് പ്രകാരം ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ഈ സ്‌കോളർഷിപ്പ് ലഭിക്കില്ല. ഒൻപത്, 10 ക്ലാസുകളിലെ കുട്ടികൾക്ക് മാത്രമായി സ്‌കോളർഷിപ്പ് വെട്ടിച്ചുരുക്കി. ഈ ക്ലാസുകളിലെ സ്‌കോളര്‍ഷിപ്പ് തുക 4000 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിനുള്ള 40 ശതമാനം തുക സംസ്ഥാനങ്ങള്‍ വഹിക്കണമെന്നും പുതുക്കിയ വിജ്ഞാപനത്തിലുണ്ട്. കഴിഞ്ഞ മാസം 30 ആയിരുന്നു അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാനതീയതി.

അറിയിപ്പിൽ പറയുന്നത്

‘2009-ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം (ആർടിഇ) സർക്കാർ ഓരോ കുട്ടിക്കും സൗജന്യവും നിർബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം (ഒന്ന് മുതൽ എട്ടാം ക്ലാസ് വരെ) നൽകുന്നതിന് ബാധ്യസ്ഥരാണ്. അതനുസരിച്ച്, സാമൂഹികനീതി & ശാക്തീകരണ മന്ത്രാലയത്തിന്റെയും ട്രൈബൽ അഫയേഴ്‌സ് മന്ത്രാലയത്തിന്റെയും പ്രീ-മെട്രിക് സ്‌കോളർഷിപ്പ് സ്‌കീമിന് കീഴിൽ ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമേ പരിരക്ഷ ലഭിക്കൂ.

2022-23 മുതൽ, ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിന്റെ പ്രീ മെട്രിക് സ്കോളർഷിപ്പ് സ്കീമിന് കീഴിലുള്ള കവറേജും ഒമ്പത്, പത്ത് ക്ലാസുകൾക്ക് മാത്രമായിരിക്കും. ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ പ്രീ മെട്രിക് സ്‌കോളർഷിപ്പ് സ്കീമിന് കീഴിൽ ഇൻസ്റ്റിറ്റ്യൂട്ട് നോഡൽ ഓഫീസർ (ഐഎൻഒ)/ജില്ലാ നോഡൽ ഓഫീസർ (ഡിഎൻഒ)/സംസ്ഥാന നോഡൽ ഓഫീസർ (എസ്‌എൻ‌ഒ) എന്നിവർക്ക് ഒമ്പത്, പത്ത് ക്ലാസുകളിലെ അപേക്ഷകൾ മാത്രമേ പരിശോധിക്കാൻ കഴിയൂ’ എന്നാണ് ദേശീയ സ്‌കോളർഷിപ്പ് പോർട്ടലിലെ അറിയിപ്പിൽ പറയുന്നത്.

കേന്ദ്രസർക്കാർ പിന്മാറുന്നതിന് പറയുന്ന കാരണമെന്ത്?

നിർബന്ധിത വിദ്യാഭ്യാസത്തിന്റെ പേരിൽ വിദ്യാർഥികൾക്ക് ലഭിക്കുന്ന മറ്റൊരു അവകാശമാണ് കേന്ദ്ര സർക്കാർ റദ്ദാക്കുന്നത്. ഒന്നു മുതൽ എട്ട് വരെ വിദ്യാഭ്യാസം ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ചുമതലയാണ്. അത് പറഞ്ഞാണ് കേന്ദ്ര സർക്കാർ ഒന്നു മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ സ്‌കോളർഷിപ്പിൽനിന്നു പിന്മാറിയത്.

പ്രീ മെട്രിക് സ്‌കോളർഷിപ്പ് പിൻവലിക്കുമ്പോൾ ഉയരുന്ന ആശങ്കകൾ

അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് മൂലം ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് സ്കൂൾ വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നു. കോവിഡിനുശേഷം വിദ്യാർഥികളുടെ എണ്ണത്തിൽ കുറവ് നേരിടുന്നുണ്ട്. വളരെ ചെറിയ തുകയാണ് സ്‌കോളർഷിപ്പായി കുട്ടികൾക്ക് ലഭിക്കുന്നത്. അത് ഇല്ലാതാക്കുന്നതോടെ സ്കൂളുകളിൽ നിന്നും കൊഴിഞ്ഞുപോക്കിലേക്കും എൻറോൾമെന്റ് കുറവിലേക്കും നയിക്കുമെന്നതാണ് പ്രധാനപ്പെട്ട ആശങ്കകളിലൊന്ന്.

ന്യൂനപക്ഷവിഭാഗത്തിനുള്ള സ്‌കോളർഷിപ്പ് എന്നതിനെക്കാൾ സാമ്പത്തിക പരാധീനതയുള്ള കുട്ടികൾ സ്കൂളിൽ വരുന്നത് ഉറപ്പാക്കുകയാണ് ഇത്തരം സ്കോളർഷിപ്പ് പദ്ധതികളുടെ ലക്ഷ്യം. പരോക്ഷമായി, ഒരുപരിധി വരെ പലയിടങ്ങളിലും ബാലവേല തടയുക എന്ന ലക്ഷ്യം കൂടി ഈ സ്കോളർഷിപ്പ് നിർവഹിക്കാറുണ്ടെന്ന് വിദ്യാഭ്യാസ,സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. സ്കൂളിലെ ഉച്ചകഞ്ഞി പദ്ധതിയുടെ ലക്ഷ്യവും ഒരു നേരം ഭക്ഷണം നൽകുക എന്നതിനൊപ്പം വിദ്യാർഥികൾ സ്കൂളിൽ എത്തുന്നത് ഉറപ്പാക്കുക എന്നതാണ്.

പോസ്റ്റ്‌ മെട്രിക്സ്‌ സ്‌കോളർഷിപ്പ്

ന്യൂനപക്ഷവിഭാഗങ്ങളിലെ ബിരുദ-ബിരുദാനന്തര കോഴ്സുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നതാണ് പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ്. പ്ലസ് വൺ, പ്ലസ്ടു, ബിരുദം, ബിരുദാനന്തരബിരുദം, പിഎച്ച്ഡി കോഴ്സുകൾ പഠിക്കുന്ന മുസ്‌ലിം, ക്രിസ്ത്യൻ, ബുദ്ധിസ്റ്റ്, സിക്ക്, പാഴ്സി വിദ്യാർത്ഥികൾക്കായി കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് ഏർപ്പെടുത്തിയ സ്കോളർഷിപ്പ് സംസ്ഥാന കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖാന്തിരമാണ് നടപ്പാക്കുന്നത്. ടെക്നിക്കൽ, വൊക്കേഷണൽ, ഐടിഐ, ഐടിസി അഫിലിയേറ്റഡ് കോഴ്സുകൾ എടുത്തവർക്കും സ്കോളർഷിപ്പിന് യോഗ്യതയുണ്ട്.

സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള മറ്റ് മാനദണ്ഡങ്ങൾ

മുൻവർഷത്തെ പരീക്ഷയിൽ അമ്പത് ശതമാനത്തിൽ കുറയാത്ത മാർക്കുള്ള, വാർഷിക കുടുംബവരുമാനം രണ്ട് ലക്ഷം രൂപയിൽ കവിയാത്തവർക്കാണ് സ്‌കോളർഷിപ്പിനായി അപേക്ഷിക്കാൻ കഴിയുന്നത്. ഒരു കുടുംബത്തിൽ രണ്ടിൽ കൂടുതൽ ആളുകൾക്ക് ഈ സ്‌കോളർഷിപ്പ്‌ ലഭിക്കുകയില്ല. മറ്റ് സ്‌കോളർഷിപ്പോ സ്റ്റൈപ്പന്റോ വാങ്ങുന്നവരാകരുത്. സ്‌കോളർഷിപ്പ് വർഷാവർഷം പുതുക്കണം.

പുതിയ തീരുമാനം പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനെ എങ്ങനെ ബാധിക്കും?

പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് തുക 80 ശതമാനം വെട്ടിക്കുറച്ചാണ് കേന്ദ്രസർക്കാർ തീരുമാനം. പ്രതിവര്‍ഷം ഒരു ലക്ഷംരൂപ വരെ ലഭിച്ചിരുന്ന സ്കോളർഷിപ്പ് ഒറ്റയടിക്ക് 20,000 രൂപയാക്കി. പരമാവധി ലഭിക്കാവുന്ന തുകയാണിത്.

ബിരുദം, പിജി, പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് 20,000 രൂപ, ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് 13,000 രൂപ, ഇതിൽ രണ്ടിലും ഉൾപ്പെടാത്ത ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്ക് 8000 രൂപ, നോണ്‍ ഡിഗ്രി കോഴ്‌സുകള്‍ക്ക് 5000 രൂപ എന്നിങ്ങനെയാണ് ഇനി സ്‌കോളര്‍ഷിപ്പ് തുക. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റല്‍ സൗകര്യങ്ങളില്‍നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍വാങ്ങി.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Changes in pre matric scholarship after central govt reduced it