scorecardresearch
Latest News

പ്ലസ് വൺ അലോട്ട്മെന്റ് രീതി മാറ്റി സർക്കാർ, സംസ്ഥാന സിലബസിൽ പഠിച്ചവർ പുറന്തള്ളപ്പെടുമോ?

ഇപ്പോൾ മെറിറ്റിന് പ്രാധാന്യം നൽകണമെന്നാണ് ആലോചിക്കുന്നത്. അതായത് ബോണസ് പോയിന്റ് മെറിറ്റിനെ മറികടക്കുന്നത് ശരിയല്ല. അതിനാൽ ഈ വർഷം വ്യത്യാസം വരുമെന്ന് മന്ത്രി നിയമസഭയിൽ അറിയിച്ചു.

Plus One, Plus One admission

കേരള സർക്കാർ സിലബിസിൽ പ്ലസ് വൺ പ്രവേശനത്തിന് ഏകജാലക സംവിധാനം തന്നെ നിലവിൽ തുടരുമെങ്കിലും അലോട്ട്മെന്റ് രീതിയിൽ മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചു. നിലവിൽ മെറിറ്റിന് ഉൾപ്പടെ സംസ്ഥാന സിലബസിൽ പഠിച്ച കുട്ടിക്ക് ചില കാര്യങ്ങളെ അടിസ്ഥാനത്തപ്പെടുത്തി ബോണസ് പോയിന്റ് നൽകുന്നുണ്ട്. മറ്റ് സിലബസിൽ പഠിച്ച കുട്ടികൾക്കും ബോണസ് പോയിന്റിൽ ചിലതിന് അർഹത ലഭിക്കും. സംസ്ഥാന സിലബസിൽ പഠിച്ചതിനും പഠിച്ച സ്കൂളിലെ അപേക്ഷയ്ക്കും കിട്ടുന്ന ബോണസ് പോയിന്റ്  മാത്രമാണ് മറ്റ് കുട്ടികൾക്ക് ലഭിക്കുന്നതിനേക്കാൾ അധികം ലഭിക്കുക. സ്വന്തം പ്രദേശത്തെ സ്കൂളിൽ അപേക്ഷിക്കുന്ന കുട്ടികൾക്ക് അവിടെ പ്രവേശനം ലഭിക്കാൻ തക്കവണ്ണം എല്ലാ കുട്ടികുൾക്കും ബോണസ് പോയിന്റ് നൽകുന്ന രീതി നിലവിലുണ്ട്.

മെറിറ്റിന് ഊന്നൽ നൽകിയായിരിക്കും പ്രവേശനം എന്ന് സർക്കാർ നിലപാട് വ്യക്തമാക്കിയെങ്കിലും ബോണസ് പോയിന്റ് നൽകുന്ന രീതിക്ക് മാറ്റം വരുത്താനുള്ള സർക്കാർ നീക്കം എന്താണ് എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാൽ അലോട്ട്‌മെന്റ് ലിസ്റ്റ് തയ്യാറാക്കുന്നതിന് മെറിറ്റ് മാർക്കിന് ഉപരി ബോണസ് പോയിന്റും  നൽകുന്നുണ്ട്.  അതുകൊണ്ടുതന്നെ എല്ലാപേർക്കും ആഗ്രഹിക്കുന്ന വീട്ടിനടുത്തുള്ള സ്‌കൂൾ  ലഭിക്കണമെന്നില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. കെ.എം.സച്ചിൻദേവിന്റെ ശ്രദ്ധ ക്ഷണിക്കലിന് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.  

ഒരു വിദ്യാർത്ഥിക്ക് എത്ര സ്‌കൂളുകളിലേക്ക്   വേണമെങ്കിലും ഒന്നാം വർഷ ഹയർ സെക്കന്ററി പ്രവേശനത്തിന് ഏകജാലകത്തിലൂടെ  അപേക്ഷിക്കാം. ഏകജാലക സംവിധാനത്തിലൂടെ തന്നെയാണ് കുട്ടികളുടെ സ്‌കൂൾ അലോട്ട്‌മെന്റും നടത്തുന്നത്. നിലവിൽ  വൊക്കേഷണൽ ഹയർസെക്കണ്ടറിയിൽ 33,000 സീറ്റിലേക്കും ഹയർസെക്കണ്ടറിയിലെ 1,83,085 ഗവൺമെന്റ് സീറ്റിലേക്കും 1,92,630 എയ്ഡഡ് സീറ്റിലേക്കും, 56,366  സീറ്റിലേക്കും 61,429  ഐ.ടി.ഐ. സീറ്റിലേക്കും 9,990  പോളിടെക്‌നിക്  സീറ്റിലേക്കുമാണ് സാധാരണ ഉപരിപഠന അപേക്ഷ സമർപ്പിക്കുന്നത്.

ഈ വർഷം 99.26 ശതമാനം വിജയമാണ്  ഉണ്ടായിട്ടുള്ളത്.  ഈ വർഷം ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ വിദ്യാർത്ഥികളുടെ എണ്ണം 4,23,303 ആണ്. ഈ വർഷം 44,364 കുട്ടികൾക്കാണ്  ഫുൾ എ പ്ലസ് ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം നിലവിലുള്ള സീറ്റിന്റെ അടിസ്ഥാനത്തിൽ അഡ്മിഷൻ നടന്നു. കൂടാതെ ആകെ വർദ്ധനവ് നടത്തിയതിന്റെ  അടിസ്ഥാനത്തിൽ 71,489 സീറ്റ് വർദ്ധിച്ചു. അങ്ങനെ ആകെ അഡ്മിഷൻ നടത്തിയത് 4,32,081 സീറ്റുകളിലാണ്. ഈ വക കാര്യങ്ങൾ പരിഗണിച്ചുകൊണ്ടുള്ള  പ്രവേശന നടപടികളാണ് ഈ വർഷം  നടത്തുക. ഇതിൽ സി ബി എസ് ഇ , ഐ സി എസ് ഇ  തുടങ്ങിയ പരീക്ഷ എഴുതിയ വിദ്യാർത്ഥികളേയും കണക്കിലെടുക്കണമെന്നും അദ്ദഹം പറഞ്ഞു.

ഇപ്പോൾ മെറിറ്റിന് പ്രാധാന്യം നൽകണമെന്നാണ് ആലോചിക്കുന്നത്. അതായത് ബോണസ് പോയിന്റ് മെറിറ്റിനെ മറികടക്കുന്നത് ശരിയല്ല. അതിനാൽ ഈ വർഷം വ്യത്യാസം വരുമെന്ന് മന്ത്രി നിയമസഭയിൽ അറിയിച്ചു. സംസ്ഥാന സിലബസിൽ പ്ലസ് വൺ പ്രവേശനത്തിന് മറ്റ് സിലബസ് പഠിക്കുന്ന കുട്ടികൾ വളരയെധികം വരാറുണ്ട്. ഇവരുടെ പരീക്ഷാ നടത്തിപ്പും ഗ്രേഡ് നൽകലും സംസ്ഥാന സിലബസിനെക്കാൾ വ്യത്യസ്തമായതിനാൽ അവർക്ക് മെറിറ്റ് മാത്രം പരിഗണിച്ചാൽ അവർക്ക് കൂടുതൽ ആനുകൂല്യം ലഭിക്കും.

ഇത്തവണത്തെ കേരളാ സിലബസിലെയും മറ്റ് സിലബസിലെയും പഠനവും പരീക്ഷയും മാത്രം നോക്കിയാൽ ഇത് മനസിലാകുമെന്ന് അധ്യാപകർ പറയുന്നു. കേരളാ സിലബസിൽ പഠിച്ച പലർക്കും പ്ലസ് വണ്ണിന് ഇഷ്ടവിഷയവും വീടനടത്തുള്ള സ്കൂളും സാധ്യമാക്കുന്നത് പലപ്പോഴും കേരള സിലബസിൽ പഠിച്ചതിനും പഠിച്ച സ്കൂളിലെ അപേക്ഷിക്കുന്നതിനും ലഭിക്കുന്ന ബോണസ് പോയിന്റാണ്. അതിനെ അട്ടിമറിക്കാനാണ് ബോണസ് പോയിന്റ് ഒഴിവാക്കാനുള്ള നീക്കം എന്ന സംശയമാണ് ഉയരുന്നത്.

കോവിഡിന് മുൻപ് നടന്ന പരീക്ഷാ കാലത്ത് കുട്ടികൾക്ക് ലഭിച്ച ഇളവ് പോലും ഇത്തവണ നൽകാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറായില്ല. കോവിഡ് മൂന്നാം തരംഗത്തിലാണ് പഠനവും പരീക്ഷയും നടന്നതെന്ന് വിശദീകരിച്ചിട്ടും പിടിവാശിയിൽ തന്നെ മന്ത്രിയും വകുപ്പും ഉറച്ചു നിന്നു. അതുകൊണ്ട് തന്നെ എ പ്ലസ് ശതമാനം കുത്തനെ കുറഞ്ഞത് പരീക്ഷാ ഫലത്തിൽ പ്രതിഫലിച്ചു. ഇനി മറ്റ് സിലബസിൽ പഠിച്ച കുട്ടികൾക്ക് ഫലം മോശമായൽ പോലും അവർക്ക് കേരളാ സിലബസിൽ പഠിച്ച കുട്ടികൾക്ക് മുകളിൽ സംസ്ഥാന സിലബസിൽ പ്ലസ് വൺ പ്രവേശനം ലഭിക്കാനുള്ള തന്ത്രമാണ് ഇപ്പോഴത്തെ നീക്കമെന്ന് വിമർശനം.

ചില അധ്യാപകർ സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. വിദ്യാർത്ഥികളെ ശത്രുക്കളായി കാണുകയും അവർക്കെതിരെ പരസ്യമായി  പ്രതികരിക്കുകയും ചെയ്യുന്നരീതിയും കണ്ടു വരുന്നുണ്ട്.  അവരെല്ലാം കേരളത്തിലുള്ളവരാണ്. അവരുടെയും ഉപരിപഠനാവസരം  സംരക്ഷിക്കേണ്ടതായുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത്തവണത്തെ പത്ത്, പ്ലസടു, പരീക്ഷ നടത്തിപ്പിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയ അധ്യാപകർക്കെതിരെ സർക്കാരും വിദ്യാഭ്യാസവകുപ്പും  അച്ചടക്കത്തിന്റെ വാൾ വീശുകയാണ് വകുപ്പും മന്ത്രിയും ചെയ്തത്. ആ സമീപനം തുടരാനാണ് സർക്കാർ തീരുമാനം എന്ന് ഉറപ്പിക്കുന്നതാണ്  സർക്കാർ നടപടിയെ വിർമശിച്ച അധ്യാപകർക്കെതിരായി മന്ത്രി  നടത്തിയ പരാമർശം.

 മന്ത്രിയുടെ നിയമസഭാ മറുപടി ഈ  ആശങ്കയെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണ്. മറ്റ് സിലബസിൽ പഠിച്ച കുട്ടികൾക്ക് കേരളാ സിലബസിലെ പ്ലസ് വണ്ണിലേക്ക് മാറാൻ സൗകര്യമാണെങ്കിലും തിരികെ അത്തരമുള്ള സൗകര്യം ലഭിക്കാറില്ലെന്ന കാര്യം മന്ത്രി മറക്കുന്നുവെന്നാണ് വിമർശകർ തിരിച്ചു പറയുന്നത്.

സംസ്ഥാന സർക്കാർ സിലബസിൽ പത്താം ക്ലാസ് വരെ പഠിച്ച വിദ്യാർത്ഥികളെ ഒഴിവാക്കി മറ്റ് സിലബസിൽ നിന്നും വരുന്നവർക്ക് മുൻഗണന നൽകുന്നതോടെ കേരള സർക്കാർ സിലബസിൽ പത്താം തരം വരെ പഠിക്കാൻ കുട്ടികളെ ചേർക്കാൻ രക്ഷിതാക്കൾക്ക് രണ്ട് തവണ ആലോചിക്കേണ്ട സ്ഥിതിയാണ് ഉണ്ടാവുക.  ഇത്തവണത്തെ പരീക്ഷയും പരീക്ഷാഫലവും ഉയർത്തിയ പ്രതിസന്ധിയുടെ തുടർച്ചയാണ് പ്ലസ് വൺ പ്രവേശനത്തിനും സർക്കാർ സൃഷ്ടിക്കുന്നത്. സംസ്ഥാന സിലബസിൽ വിദ്യാർത്ഥികൾ നേടിയ മുന്നേറ്റം മറ്റ് സിലബസിൽ പഠിക്കാൻ പോയിരുന്ന വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആകർഷിക്കുകയും അവർ സംസ്ഥാന സിലബസിൽ ചേരുകയും ചെയ്തതായി  മുൻ സർക്കാരിന്റെ കാലത്ത് കണക്കുകൾ നിരത്തി അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ, ഇപ്പോൾ അങ്ങനെ വന്ന വിദ്യാർത്ഥികളെ തള്ളിപ്പറയുന്ന സമീപനമാണ് വിദ്യാഭ്യാസ വകുപ്പും സർക്കാരും ചെയ്യുന്നത്.

Also Read: വിഎച്ച്എസ്ഇ സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂലൈ 25 മുതൽ; നാല് മുതൽ അപേക്ഷിക്കാം

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Change in kerala plus one allotment system