ബോർഡ് പരീക്ഷകൾ തുടങ്ങുന്നതിനു മുൻപായി വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും മുന്നറിയിപ്പുമായി സിബിഎസ്ഇ. വ്യാജവാർത്തകൾ വിശ്വസിക്കരുതെന്ന് ബോർഡ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. യുട്യൂബ്, ഫെയ്സ്ബുക്ക്, ട്വിറ്റർ അടക്കമുളള സോഷ്യൽ മീഡിയകളിലൂടെയും വാർത്താ പ്ലാറ്റ്ഫോമുകളിലൂടെയും ചിലർ വീഡിയോകളും സന്ദേശങ്ങളുമായി വിദ്യാർഥികളെയും മാതാപിതാക്കളെയും പൊതുജനങ്ങളെയും പരിഭ്രാന്തരാക്കാൻ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായി വാർത്താക്കുറിപ്പിൽ പറയുന്നു.
കഴിഞ്ഞ വർഷം സിബിഎസ്ഇ 10-ാം ക്ലാസ് മാത്തമാറ്റിക്സ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായും സംഭവത്തിൽ ബോർഡ് എഫ്ഐആർ രജിസ്റ്റർ ചെയ്തതായും ഒരു യുട്യൂബ് ചാനൽ അവകാശപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് പരീക്ഷകൾ തുടങ്ങുന്നതിനു മുൻപു തന്നെ ബോർഡ് ഇത്തരമൊരു മുന്നറിയിപ്പ് നൽകിയത്. തെറ്റായ വാർത്തകൾ വിദ്യാർഥികൾ വിശ്വസിക്കരുതെന്നു മുന്നറിയിപ്പ് നൽകിയതൊപ്പം ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കണമെന്നും ബോർഡ് വ്യക്തമാക്കി.
പരീക്ഷകളുടെ സുഗമമായ നടത്തിപ്പിന് പൊതുജനങ്ങളുടെ പിന്തുണയും ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. കിംവദന്തികൾ പരത്തരുതെന്നും അടിസ്ഥാനരഹിതമായ വാർത്തകൾ വിശ്വസിക്കരുതെന്നും ബോർഡ് ആവശ്യപ്പെട്ടു.
ഈ വർഷത്തെ ബോർഡ് തിയറി പരീക്ഷകൾ ഫെബ്രുവരി 15 ന് തുടങ്ങും. പ്രാക്ടിക്കൽ പരീക്ഷകൾ ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. ബോർഡ് പരീക്ഷയിൽ വിജയിക്കാൻ പ്രാക്ടിക്കലിനും തിയറിക്കുമായി വിദ്യാർഥികൾക്ക് 33 ശതമാനം മാർക്ക് വേണം.