ന്യൂഡൽഹി: സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ ചോദ്യപേപ്പർ മാതൃകയിൽ വലിയ മാറ്റം വരുത്തുന്നു. ബോർഡ് ഇനി മുതൽ കുട്ടികളുടെ പാഠ്യേതര വിഷയങ്ങളിലെ പ്രകടനത്തിനാണ് മുൻതൂക്കം നൽകുകയെന്നാണ് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത്. ”മൊത്തം മാർക്കിന്റെ 20 ശതമാനം പാഠ്യേതര വിഷയങ്ങളിലെ പ്രകടനത്തിനായിരിക്കും നൽകുക. സയൻസ്, ആർട് വിഷയങ്ങൾക്കും ഇതേ മാർക്കായിരിക്കും,” ഉദ്യോഗസ്ഥൻ പറഞ്ഞു.
ചോദ്യ പേപ്പറിലും മാറ്റം വരുത്തും. ഒബ്ജക്ടീവ് മാതൃകയിലുളള ചോദ്യങ്ങളായിരിക്കും കൂടുതൽ ഉൾപ്പെടുത്തുക. വിദ്യാർഥികൾ മനഃപാഠം പഠിക്കുന്നത് ഒഴിവാക്കാനും അപഗ്രഥനപരമായ പഠനം വികസിപ്പിച്ചെടുക്കാനും അവരിലെ റീസണിങ് എബിലിറ്റി കൂട്ടാനുമാണ് സിബിഎസ്ഇ പുതിയ ദൗത്യവുമായി മുന്നോട്ടുവരുന്നത്. 10, 12 ക്ലാസുകളിലെ വിദ്യാർഥികളുടെ പ്രാക്ടിക്കൽ പരീക്ഷ അതത് സ്കൂളിലല്ലാതെ പുറത്തുളള കേന്ദ്രങ്ങളിൽവച്ചായിരിക്കും നടത്തുക.
ചോദ്യപേപ്പറുകളുടെ മൂല്യനിർണയത്തിലും മാറ്റങ്ങൾ വരുത്താൻ ബോർഡ് ആലോചിക്കുന്നുണ്ട്. മൂല്യനിർണയം നടത്തുന്നയാൾ 25 ഉത്തരക്കടലാസുകൾക്കുപകരം 20 എണ്ണം പരിശോധിക്കുന്ന വിധത്തിലാണ് മാറ്റം വരുത്തുകയെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
പരീക്ഷകൾക്കു മുൻപായി നടത്തുന്ന പതിവു അവലോകന പ്രക്രിയയുടെ ഭാഗമാണ് ഈ മാറ്റങ്ങൾ. ചോദ്യപേപ്പറിലെ മാറ്റങ്ങൾ പൂർത്തിയായി കഴിഞ്ഞാൽ വിദ്യാർഥികൾക്ക് ഐഡിയ കിട്ടാനും പരീക്ഷയ്ക്ക് പ്രാക്ടീസ് ചെയ്യാനും സാംപിൾ ചോദ്യപേപ്പറുകൾ നൽകുമെന്ന് മുതിർന്ന സിബിഎസ്ഇ ഉദ്യോഗസ്ഥൻ പറഞ്ഞു.
ചോദ്യങ്ങളുടെ എണ്ണം കുറച്ച് ഓരോ ചോദ്യത്തിനുളള മാർക്ക് കൂട്ടി വിശദമായ ഉത്തരം എഴുതാൻ വിദ്യാർഥികളെ പ്രോൽസാഹിപ്പിക്കുന്നതിനെക്കുറിച്ചും ബോർഡ് വിദഗ്ധർ ആലോചിക്കുന്നുണ്ട്. ”ചോദ്യപേപ്പർ മുഴുവനായും മാറ്റുന്നില്ല. ചെറിയ മാറ്റങ്ങളാണ് വരുത്തുന്നത്. അതിനാൽ വിദ്യാർഥികൾ അതിനെക്കുറിച്ച് ആലോചിച്ച് ആശങ്കപ്പെടേണ്ട,” ഉദ്യോഗസ്ഥൻ അറിയിച്ചു. നിലവിൽ ഒബ്ജക്ടീവ് ചോദ്യങ്ങൾക്ക് ഒരു മാർക്ക് നൽകുന്ന രീതിയിൽ മാറ്റം വരുത്താനാകുമോയെന്ന കാര്യവും ബോർഡ് പരിഗണിക്കുന്നുണ്ട്.