CBSE Class 10, 12 exams 2020: ന്യൂഡൽഹി: 10, 12 ക്ലാസുകളിലെ വിദ്യാർഥികൾ മാതൃക ചോദ്യപേപ്പറുകൾ കൃത്യമായി വായിച്ച് മനസിലാക്കാൻ സിബിഎസ്ഇ നിർദേശം. പാഠ്യപദ്ധതിയിലെ പേപ്പർ പാറ്റേൺ പിന്തുടരാതെ മാതൃക ചോദ്യപേപ്പറുകൾ നോക്കാനാണ് ബോർഡ് കുട്ടികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. 10, 12 ക്ലാസ് പരീക്ഷകളുടെ ചോദ്യപേപ്പർ മാതൃകയിൽ ബോർഡ് മാറ്റം വരുത്തിയ സാഹചര്യത്തിലാണ് ഈ നിർദേശം.

”മാതൃക ചോദ്യപേപ്പറുകളിൽ സിബിഎസ്ഇ വരുത്തിയ മാറ്റങ്ങളും ഉൾക്കൊളളിച്ചിട്ടുണ്ട്. 2020 പരീക്ഷകൾക്കായി പാഠ്യപദ്ധതിയിലെ ഡിസൈൻ അല്ലാതെ വിദ്യാർഥികൾ മാതൃക ചോദ്യപേപ്പറുകൾ കൃത്യമായി നോക്കുക” ബോർഡ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. പ്രീ ബോർഡ് പരീക്ഷകൾക്കായി മാതൃകാ ചോദ്യപേപ്പറുകൾ ഉപയോഗപ്പെടുത്താമെന്ന് അറിയിച്ചിട്ടുണ്ട്. മാറ്റങ്ങൾ ഉൾപ്പെടുത്തിയിട്ടുളള എല്ലാ വിഷയങ്ങളുടെയും ചോദ്യ പേപ്പർ കഴിഞ്ഞ സെപ്റ്റംബറിൽ ബോർഡ് പുറത്തിറക്കിയിട്ടുണ്ട്.

2020 പരീക്ഷകളുടെ ചോദ്യപേപ്പർ രീതി വിദ്യാർഥികൾക്ക് മനസിലാക്കാൻ പ്രീ ബോർഡ് പരീക്ഷയിൽ മാതൃക ചോദ്യപേപ്പറുകളുടെ ഡിസൈൻ ഉപയോഗിക്കാമെന്നും അതിലൂടെ ബോർഡ് പരീക്ഷ സമയത്ത് വിദ്യാർഥികൾക്ക് സമ്മർദമില്ലാതെ പരീക്ഷ എഴുതാൻ സാധിക്കുമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

Read More: സിബിഎസ്ഇ 10, 12 ക്ലാസ് പ്രാക്ടിക്കൽ പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

സിബിഎസ്ഇ ചോദ്യ പേപ്പറിൽ ബോർഡ് മാറ്റം വരുത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഒബ്ജക്ടീവ് മാതൃകയിലുളള ചോദ്യങ്ങളായിരിക്കും കൂടുതൽ ഉൾപ്പെടുത്തുക. വിദ്യാർഥികൾ മനഃപാഠം പഠിക്കുന്നത് ഒഴിവാക്കാനും അപഗ്രഥനപരമായ പഠനം വികസിപ്പിച്ചെടുക്കാനും അവരിലെ റീസണിങ് എബിലിറ്റി കൂട്ടാനുമാണ് സിബിഎസ്ഇ പുതിയ ദൗത്യവുമായി മുന്നോട്ടുവരുന്നത്.

ഡൽഹിയിലെ പ്രീ ബോർഡ് പരീക്ഷകൾ ഡിസംബർ 16 മുതൽ തുടങ്ങുമെന്ന് അറിയിച്ച് സിബിഎസ്ഇ വിജ്ഞാപനം പുറപ്പെടുവിച്ചതായി ചില റിപ്പോർട്ടുകൾ പറയുന്നു. പ്രാക്ടിക്കൽ പരീക്ഷകളുടെ ടൈംടേബിൾ നേരത്തെ തന്നെ പ്രസിദ്ധീകരിച്ചിരുന്നു. സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷ ടൈംടേബിൽ ബോർഡ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജനുവരി ഒന്നു മുതൽ ഫെബ്രുവരി എഴുവരെയാണ് പരീക്ഷ. പ്രാക്ടിക്കൽ പരീക്ഷകളും പ്രോജക്ട് അവലോകനവും അതത് സ്കൂളുകളിലായിരിക്കും നടക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook