CBSE Board Class 10th, 12th Result 2021 Date: സിബിഎസ്ഇ 12-ാം ക്ലാസ് ഫലങ്ങളിൽ അന്തിമ തീരുമാനം സ്വീകരിക്കുന്നതിനുള്ള തീയതി നീട്ടിയതായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (സിബിഎസ്ഇ). ജൂലൈ 22 മുതൽ ജൂലൈ 25 വൈകുന്നേരം 5 മണി വരെ സ്കൂളുകൾക്ക് ഈ വിവരങ്ങൾ സമർപ്പിക്കാം.
പത്താം ക്ലാസ്, 12 ക്ലാസ് വിഭാഗങ്ങളിലെ പ്രൈവറ്റ് വിദ്യാർത്ഥികളെ സംബന്ധിച്ച തീരുമാനവും ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. വിവരങ്ങളും റെക്കോഡുകളും ലഭ്യമല്ലാതിരുന്നതിനാൽ പ്രൈവറ്റ് വിദ്യാർത്ഥികളുടെ ബദൽ മൂല്യനിർണയം നടത്താൻ തളിഞ്ഞിരുന്നില്ല.
അതിനാൽ, എല്ലാ സിബിഎസ്ഇ പ്രൈവറ്റ് വിദ്യാർത്ഥികലുടെയും പരീക്ഷ നടത്താൻ ബോർഡ് തീരുമാനിച്ചിരുന്നു. ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 15 വരെ പരീക്ഷകൾ നടത്തുകയും ഫലം ഉടൻ തന്നെ പ്രഖ്യാപിക്കുകയും ചെയ്യും. പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വ്യക്തമാക്കി ബോർഡ് ഉടൻ നോട്ടീസ് നൽകും.
വിവിധ സ്കൂളുകളിൽ നിന്ന് ലഭിക്കുന്ന ചോദ്യങ്ങളുമായി ബന്ധപ്പെട്ട പതിവുചോദ്യങ്ങളുടെ ഒരു ലിസ്റ്റ് ഇമെയിൽ, വാട്ട്സ്ആപ്പ് തുടങ്ങിയവയിലൂടെ അറിയിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചിരുന്നു. പതിവ് ചോദ്യങ്ങളുടെ പട്ടിക ജൂലൈ 21നകം സ്കൂളുകൾക്ക് നൽകും. അതിനാൽ സ്കൂളുകൾക്ക് ഉചിതമായ നടപടി സ്വീകരിക്കാമെന്നും സിബിഎസ്ഇ വ്യക്തമാക്കി.
പത്താം ക്ലാസ് വിദ്യാർത്ഥികളുടെ ഫലം ജൂലൈ 15 നകം പുറത്തിറക്കുമെന്ന് ബോർഡ് മുൻ അറിയിപ്പുകളിൽ വ്യക്തമാക്കിയിരുന്നു. കോവിഡ് സാഹചര്യം കാരണം ഫലം വൈകുകയാണെന്ന് ബോർഡ് അധികൃതർ ചൂണ്ടിക്കാട്ടി.
2020 ൽ, പത്താം ക്ലാസ് ഫലം ജൂലൈ 15 ന് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം, കൊറോണ വൈറസ് വ്യാപനത്തിന്റെ പാരമ്യത്തിലെത്തിയപ്പോളായിരുന്നു ഫലപ്രഖ്യാപനം. രോഗവ്യാപനത്തിന് മുമ്പ് തന്നെ കഴിഞ്ഞ വർഷം ബോർഡ് പത്താം ക്ലാസിലേക്കുള്ള മിക്ക പരീക്ഷകളും നടത്തിയിരുന്നു, വടക്കുകിഴക്കൻ ഡൽഹി മേഖലയിലെ അക്രമങ്ങൾ കാരണം ഡൽഹി നഗരത്തിലെ ചില പരീക്ഷകൾ മാത്രമായിരുന്നു നടത്താൻ കഴിയാതിരുന്നത്. എന്നാൽ പന്ത്രണ്ടാം ക്ലാസിനുള്ള നിരവധി പരീക്ഷകൾ നടന്നിരുന്നില്ല. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നത് കണക്കിലെടുത്ത് സിബിഎസ്ഇ ഒരു ബദൽ മാർക്കിങ് സമ്പ്രദായം അന്ന് ആവിഷ്കരിച്ചിരുന്നു.