CBSE releases rationalised term-wise syllabus for Class 9-12: സിബിഎസ്ഇയുടെ ഒമ്പത് മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ ടേം അടിസ്ഥാനത്തിലുള്ള പുതുക്കിയ പാഠ്യപദ്ധതി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പുറത്തിറക്കി. ഈ അധ്യയന വർഷം മുതൽ ടേം തിരിച്ചുള്ള സിലബസ് ബാധകമാണ്. എല്ലാ വിഷയങ്ങളുടെയും വിശദമായ പാഠ്യപദ്ധതിസിബിഎസ്ഇയുടെ ദ്യോഗിക വെബ്സൈറ്റിൽ (cbseacademic.nic.in) ലഭ്യമാണ്.
2021-2022 അധ്യയന വർഷത്തേക്കുള്ള പത്താം ക്ലാസ്, 12ാം ക്ലാസ് ബോർഡ് പരീക്ഷകൾക്കായി സിബിഎസ്ഇ നേരത്തെ പുതിയ പദ്ധതി പ്രഖ്യാപിച്ചിരുന്നു. വർഷാവസാനം ഒരു ബോർഡ് പരീക്ഷയ്ക്ക് പകരം, അധ്യയന വർഷത്തെ രണ്ട് ഭാഗമായി വിഭജിച്ച് ഓരോന്നിന്റെയും അവസാനം ബോർഡ് പരീക്ഷ നടത്തുന്ന തരത്തിലായിരുന്നു ഇത്.
പഠന ഉള്ളടക്കത്തിന് പുറമെ, രണ്ട് ബോർഡ് പരീക്ഷാ നയത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ വിലയിരുത്തുന്നതിനുള്ള മാനദണ്ഡങ്ങളും പുതിയ പാഠ്യപദ്ധതിയിൽ പരാമർശിക്കുന്നു.
ഒന്നാം ടേമിലെ പരീക്ഷ 2021 നവംബർ-ഡിസംബർ മാസങ്ങളിൽ നടക്കും. സിലബസിന്റെ ആദ്യ പകുതി മാത്രം ഉൾക്കൊള്ളുന്ന മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ (എംസിക്യു) ഈ പരീക്ഷകളിൽ ഉണ്ടായിരിക്കും. 90 മിനിറ്റ് ദൈർഘ്യമുള്ളതായിരിക്കും ഈ പരീക്ഷകൾ.
സിബിഎസ്ഇ ചോദ്യപേപ്പറുകളും മാർക്ക് നൽകുന്നത് സംബന്ധിച്ച നിർദേശങ്ങളും സ്കൂളുകളിലേക്ക് അയയ്ക്കും. പുറത്ത് നിന്നുള്ള എക്സാമിനേറ്റർമാരുടെയും ഇൻവിജിലേറ്റർമാരുടെയും മേൽനോട്ടത്തിൽ പരീക്ഷകൾ നടത്തുകയും ഫലങ്ങൾ ബോർഡിലേക്ക് അയയ്ക്കുകയും ചെയ്യും.
രണ്ടാം ടേം പരീക്ഷകൾ 2022 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ബോർഡ് നിശ്ചയിച്ച പരീക്ഷാകേന്ദ്രങ്ങളിൽ നടക്കും. ഈ പരീക്ഷകൾ വിവിധ ഫോർമാറ്റുകളിൽ ചോദ്യങ്ങളുള്ള രണ്ട് മണിക്കൂർ ദൈർഘ്യമുള്ള പേപ്പറുകളായിരിക്കും. എന്നാൽ സാഹചര്യങ്ങൾ അനുകൂലമല്ലെങ്കിൽ രണ്ടാം ടേമിലും ആദ്യ ടേമിലേതിന് സമാനമായി 90 മിനിറ്റുള്ള പരീക്ഷ നടത്തും.