/indian-express-malayalam/media/media_files/uploads/2021/05/cbse-exam.jpg)
ന്യൂഡൽഹി: സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ഹർജിയിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി വീണ്ടും നീട്ടി. ജൂൺ മൂന്നിലേക്ക് നീട്ടിയത്. കോവിഡ് സാഹചര്യത്തിൽ സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ നടത്തണോ വേണ്ടയോ എന്ന കാര്യത്തിൽ അടുത്ത രണ്ടു ദിവസത്തിനുളളിൽ കേന്ദ്ര സർക്കാർ തീരുമാനമെടുക്കുമെന്ന് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ കോടതിയെ അറിയിച്ചു.
രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ബോർഡ് പരീക്ഷകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഡ്വക്കേറ്റ് മമത ശർമ്മയാണ് ഹർജി സമർപ്പിച്ചത്. ജസ്റ്റിസുമാരായ എ.എം.ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
''ഒരു പ്രശ്നവുമില്ല. നിങ്ങൾ തീരുമാനമെടുക്കുക. നിങ്ങൾക്ക് അതിന് അർഹതയുണ്ട്. നിങ്ങൾ കഴിഞ്ഞ വർഷത്തെ പോളിസിയിൽ നിന്ന് പുറത്തുകടക്കുകയാണെങ്കിൽ, അതിന് വ്യക്തമായ കാരണങ്ങൾ നൽകണം,'' ബെഞ്ച് വേണുഗോപാലിനോട് പറഞ്ഞു.
രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്കിടെ, ഏപ്രിൽ 14 നാണ് വിദ്യാഭ്യാസ മന്ത്രാലയം സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ മാറ്റിവയ്ക്കുകയും പത്താം ക്ലാസ് പരീക്ഷ റദ്ദാക്കുകയും ചെയ്തത്. 12-ാം ക്ലാസ് പരീക്ഷകളുടെ കാര്യത്തിൽ തീരുമാനം പിന്നീട് അറിയിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
പത്താം ക്ലാസ്സിനായി, അവസാന പരീക്ഷകൾ ഒഴിവാക്കി കൊണ്ട് വിദ്യാർഥികൾക്കായി സിബിഎസ്ഇ ഒരു ബദൽ തന്ത്രം സ്വീകരിച്ചു. ഇതനുസരിച്ച്, ഓരോ വിഷയത്തിനും 20 മാർക്ക് ഇന്റേണൽ അസസ്മെന്റും, 80 മാർക്ക് വിവിധ ടെസ്റ്റുകളിലോ പരീക്ഷകളിലോ വിദ്യാർത്ഥികളുടെ പ്രകടനത്തെ അടിസ്ഥാനമാക്കി കണക്കാക്കും. പീരിയോഡിക് ടെസ്റ്റുകൾ അല്ലെങ്കിൽ യൂണിറ്റ് ടെസ്റ്റുകൾക്ക് 10 മാർക്കും, അർധവാർഷിക പരീക്ഷയ്ക്ക് 30 മാർക്കും, പ്രീ ബോർഡ് പരീക്ഷകൾക്ക് 40 മാർക്കും, അങ്ങനെ മൊത്തം 80 മാർക്ക്.
Read More: സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷ പ്രധാന വിഷയങ്ങൾക്ക് മാത്രമായി ചുരുക്കിയേക്കും
വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ മേയ് 23 ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുമായും സെക്രട്ടറിമാരുമായും ഉന്നതതല യോഗം ചേർന്നു. സംസ്ഥാനങ്ങളിലെ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകളും പ്രവേശന പരീക്ഷകളും ചർച്ച ചെയ്യുക എന്നതായിരുന്നു യോഗത്തിന്റെ അജണ്ട.
മേയ് 25 നകം തങ്ങളുടെ നിർദേശങ്ങൾ രേഖാമൂലം മന്ത്രാലയത്തിന് സമർപ്പിക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു. ഇതിനിടയിൽ, ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ ബോർഡ് പരീക്ഷകൾ നടത്താൻ രണ്ട് ഓപ്ഷനുകൾ നിർദേശിച്ചു.
പ്രധാന വിഷയങ്ങൾക്കുള്ള പരീക്ഷകൾ “നിലവിലുള്ള ഫോർമാറ്റിലും” നിയുക്ത പരീക്ഷാകേന്ദ്രങ്ങളിലും നടത്തണമെന്നായിരുന്നു ദേശീയ ബോർഡ് നിർദേശിച്ച ആദ്യ ഓപ്ഷൻ. പ്രധാന വിഷയങ്ങളിലെ പ്രകടനത്തെ അടിസ്ഥാനമാക്കി ചെറിയ വിഷയങ്ങൾക്കുള്ള മാർക്ക് കണക്കാക്കാം. രണ്ടാമത്തെ ഓപ്ഷനായി നിയുക്ത കേന്ദ്രങ്ങൾക്ക് പകരം പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് സ്വന്തം സ്കൂളുകളിൽ പ്രധാന വിഷയ പരീക്ഷകൾ എഴുതുന്നതിനുളള സൗകര്യമൊരുക്കയെന്ന് സിബിഎസ്ഇ നിർദേശിച്ചു.
12-ാം ക്ലാസ് ബോർഡ് പരീക്ഷയുമായി ബന്ധപ്പെട്ടുളള സിബിഎസ്ഇയുടെ നിർദേശത്തെ 32 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പിന്തുണച്ചു. എന്നാൽ ഡൽഹി, മഹാരാഷ്ട്ര, ഗോവ, ആൻഡമാൻ നിക്കോബാർ എഴുത്തു പരീക്ഷകളെ എതിർത്തു.
പരീക്ഷകൾ നടത്താമെന്ന് പറഞ്ഞ 32 ൽ 29 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും സിബിഎസ്‌ഇയുടെ ഓപ്ഷൻ ബിയെ പിന്തുണച്ചു. ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ തീരുമാനത്തെ പിന്തുണയ്ക്കാമെന്ന് സമ്മതിച്ചു. രാജസ്ഥാൻ, ത്രിപുര, തെലങ്കാന എന്നിവ മാത്രം ഓപ്ഷൻ എ, അല്ലെങ്കിൽ നിലവിലുള്ള ഫോർമാറ്റിന് മുൻഗണന നൽകി.
സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷകൾ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട ഹർജി മേയ് 28 ന് സുപ്രീം കോടതി പരിഗണിച്ചിരുന്നു. പിന്നീട് മേയ് 31 ലേക്ക് വാദം കേൾക്കുന്നത് നീട്ടി. 12-ാം ക്ലാസ് പരീക്ഷകൾ റദ്ദാക്കുക എന്നതായിരുന്നു ഹർജിയിലെ ആവശ്യം.
കോവിഡ് സാഹചര്യത്തിൽ 12-ാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മേയ് 28 ന് നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻഎസ്‌യുഐ) വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. ആദ്യം സുരക്ഷ, പിന്നെ പരീക്ഷ എന്ന മുദ്രാവാക്യം ഉയർത്തിയ പ്രതിഷേധക്കാർ പിപിഇ കിറ്റുകൾ ധരിക്കുകയും കോവിഡ് പ്രോട്ടോക്കോളുകൾ പിന്തുടരുകയും ചെയ്തതായി കോൺഗ്രസ് പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗം പ്രസ്താവനയിൽ പറഞ്ഞു.
രാജ്യത്തെ സ്ഥിതിഗതികൾ അവലോകനം ചെയ്യുകയും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സമർപ്പിച്ച എല്ലാ നിർദേശങ്ങളും വിലയിരുത്തിയ ശേഷം ജൂൺ ഒന്നിന് 12-ാം ക്ലാസ് ബോർഡ് പരീക്ഷ സംബന്ധിച്ച അന്തിമ തീരുമാനം വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.