CBSE 10, 12 Exams Sample OMR sheet-സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ-CBSE) 10, 12 ക്ലാസുകളിലെ ഒന്നാം ടേം ബോർഡ് പരീക്ഷകളുടെ അഡ്മിറ്റ് കാർഡ് നവംബർ ഒമ്പതിന് പുറത്തിറക്കും. പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ നവംബർ 30 ന് ആരംഭിക്കും. പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ ഡിസംബർ ഒന്നിനും ആരംഭിക്കും. പരീക്ഷാർത്ഥികൾക്ക് അവരുടെ അഡ്മിറ്റ് കാർഡുകൾ സിബിഎസ്ഇ ഔദ്യോഗിക വെബ്സൈറ്റിൽ (cbse.gov.in) നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ബോർഡ് പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച് സുപ്രധാന മാർഗനിർദേശങ്ങളും ബോർഡ് പുറത്തിറക്കിയിട്ടുണ്ട്. അറിയിപ്പ് പ്രകാരം, പ്രാക്ടിക്കൽസ്, ഇന്റേണൽ അസസ്മെന്റ്, പ്രോജക്ട് വർക്ക് എന്നിവയുടെ മാർക്കുകൾ ഡിസംബർ 23-നകം സിബിഎസ്ഇ ലിങ്കിൽ സമർപ്പിക്കണം. നിശ്ചിത തീയതിക്കകം മാർക്ക് അപ്ലോഡ് ചെയ്തില്ലെങ്കിൽ, ബോർഡ് വിദ്യാർത്ഥികളുടെ ഫലം ഇന്റേണൽ മാർക്ക് പരിഗണിക്കാതെ പ്രഖ്യാപിക്കും.
സിബിഎസ്ഇ ആദ്യമായി ഒഎംആർ ഷീറ്റുകളിൽ ബോർഡ് പരീക്ഷകൾ നടത്തുന്നതിനാൽ, പരീക്ഷകരെയും വിദ്യാർത്ഥികളെയും സഹായിക്കുന്നതിനായി സിബിഎസ്ഇ മാർഗനിർദ്ദേശങ്ങളോടുകൂടിയ ഒരു സാമ്പിൾ ഒഎംആർ ഷീറ്റ് പുറത്തിറക്കിയിട്ടുണ്ട്. ബോർഡ് പരീക്ഷകൾക്കായി ഓരോ വിദ്യാർത്ഥികൾക്കും വേണ്ടി പ്രത്യേകമായി തയ്യാറാക്കിയ ഒഎംആർ ഷീറ്റുകൾ ഓരോ സിബിഎസ്ഇ പരീക്ഷാ കേന്ദ്രങ്ങളിലും നൽകും.

ഒഎംആർ ഷീറ്റ് പൂരിപ്പിക്കാൻ നീലയും കറുപ്പും ബോൾ പോയിന്റ് പേന മാത്രമേ അനുവദിക്കൂ. ഒഎംഎആർ ഷീറ്റ് പൂരിപ്പിക്കുന്നതിന് പെൻസിൽ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. വിദ്യാർത്ഥികൾ എല്ലാ ഉത്തരങ്ങളും ചോദ്യത്തിന്റെ സീരിയൽ നമ്പർ അനുസരിച്ച് അടയാളപ്പെടുത്തണം. സർക്കിളിൽ ഉത്തരം അടയാളപ്പെടുത്തിയ ശേഷം, വിദ്യാർത്ഥികൾ നൽകിയിരിക്കുന്ന ബോക്സിൽ തിരഞ്ഞെടുത്ത ഓപ്ഷൻ എഴുതണം. ബോക്സിൽ എഴുതിയ മറുപടി ബോർഡ് അന്തിമമായി കണക്കാക്കും.
റഫ് വർക്കുകൾക്കായി വിദ്യാർത്ഥികൾക്ക് പ്രത്യേക ഷീറ്റുകൾ നൽകും. അനുവദനീയമായ വസ്തുക്കളുടെ ലിസ്റ്റിൽ പറഞ്ഞ വസ്തുക്കൾ മാത്രമേ വിദ്യാർത്ഥികൾക്ക് പരീക്ഷാ ഹാളിലേക്ക് കൊണ്ടുപോകാൻ അനുവദിക്കൂ. ഇത് സംബന്ധിച്ച വിശദമായ മാർഗ്ഗനിർദ്ദേശവും പരീക്ഷയുമായി ബന്ധപ്പെട്ട മറ്റ് ചോദ്യങ്ങളും ബോർഡ് നവംബർ ഒമ്പതിന് പുറപ്പെടുവിക്കും.