CBSE Board Class 10, Class 12 Exam Date Sheet 2021 Updates: സിബിഎസ്ഇ 10, 12 ക്ലാസ്സ് പരീക്ഷകളുടെ തീയതി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക് പ്രഖ്യാപിച്ചു. സിബിഎസ്ഇ പരീക്ഷ മെയ് 4 മുതൽ ജൂൺ 10 വരെ നടക്കും. എന്നാൽ പരീക്ഷയുടെ വിശദമായ ടൈംടേബിൾ ഇന്ന് പുറത്തിറങ്ങിയിട്ടില്ല.
“2021ലെ സിബിഎസ്ഇ ബോർഡ് പരീക്ഷകൾ ആരംഭിക്കുന്ന തീയതി ഡിസംബർ 31 ന് ഞാൻ പ്രഖ്യാപിക്കും,” എന്ന് കഴിഞ്ഞയാഴ്ച മന്ത്രി ട്വീറ്റ് ചെയ്തിരുന്നു. ബോർഡ് പരീക്ഷ ഫെബ്രുവരിക്ക് ശേഷം നടക്കുമെന്ന് പോഖ്രിയാൽ നേരത്തെ അറിയിച്ചിരുന്നു.
പരീക്ഷയിൽ 33 ശതമാനം ഇന്റേണൽ ചോയിസും 30 ശതമാനം സിലബസും കുറച്ചിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ പ്രായോഗിക പരീക്ഷകൾക്ക് ബദൽ മാർഗം കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു. പരീക്ഷ പതിവുപോലെ ഓഫ്‌ലൈൻ രീതിയിൽ നടക്കും. പരീക്ഷാ ഫലം ജൂലൈ 15 നകം പ്രഖ്യാപിക്കും.
“പ്രവചനാതീതമായ സാഹചര്യം കാരണം ഫെബ്രുവരി വരെ പരീക്ഷകൾ ഉണ്ടാകില്ലെന്ന് ഞാൻ നേരത്തെ അറിയിച്ചിരുന്നു… നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് നടത്തിയ ചർച്ചകൾക്ക് ശേഷം, 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ മെയ് 4 മുതൽ ജൂൺ 10 വരെ നടത്താമെന്ന തീരുമാനത്തിലെത്തി, ”പോഖ്രിയാൽ തന്റെ ട്വിറ്റർ അക്കൗണ്ടിലെ ഒരു തത്സമയ വീഡിയോയിലൂടെ അറിയിച്ചു.
“ഉത്തരക്കടലാസുകൾ കൃത്യസമയത്ത് വിലയിരുത്താനും ഫലങ്ങൾ കൃത്യസമയത്ത് പ്രഖ്യാപിക്കാനും കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ജൂലൈ 15 നകം ഫലം പ്രഖ്യാപിക്കണം. മാർച്ച് 1 മുതൽ പ്രാക്ടിക്കൽ പരീക്ഷ ആരംഭിക്കും, ”അദ്ദേഹം പറഞ്ഞു. ജനുവരി-ഫെബ്രുവരി മാസങ്ങളിൽ പരീക്ഷ നടക്കില്ലെന്ന് അധ്യാപകരുമായി നേരത്തെ നടത്തിയ സംഭാഷണത്തിൽ പോഖ്രിയാൽ പറഞ്ഞിരുന്നു. ഡിജിറ്റൽ വിഭജനം ചൂണ്ടിക്കാട്ടി പരീക്ഷ ഓൺലൈനിൽ നടത്താനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞിരുന്നു.
സിബിഎസ്ഇ പരീക്ഷ സംബന്ധിച്ച വിജ്ഞാപനം വ്യാഴാഴ്ച പുറത്തുവന്നു. “10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷ 2021 മെയ് 4 മുതൽ (ചൊവ്വാഴ്ച) ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്,” എന്ന് പരീക്ഷാ കൺട്രോളർ സന്യാം ഭരദ്വാജ് ഒപ്പിട്ട വിജ്ഞാപനത്തിൽ പറയുന്നു.
“2021 മാർച്ച് 1 മുതൽ തിയറി പരീക്ഷയുടെ അവസാന തീയതി വരെ 12-ാം ക്ലാസ് പ്രാക്ടിക്കൽ / പ്രോജക്റ്റ് / ഇന്റേണൽ അസസ്മെന്റ് നടത്താൻ സ്കൂളുകളെ അനുവദിക്കും, പത്താം ക്ലാസ് പ്രായോഗിക പരീക്ഷകൾക്കും ഇത് ബാധകമാണ്,” എന്നും വിജ്ഞാപനത്തിൽ പറയുന്നു.