Central Board of Secondary Education, CBSE Date Sheet 2022 for Classes 10 and 12 Term 1: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 10, 12 ക്ലാസുകളിലെ ആദ്യ ടേം ബോർഡ് പരീക്ഷകളുടെ ഡേറ്റ് ഷീറ്റ് ഇന്ന് പ്രസിദ്ധീകരിച്ചു. ഡേറ്റ് ഷീറ്റ് പ്രകാരം, പത്താം ക്ലാസ് പരീക്ഷകൾ നവംബർ 30 മുതലും 12 -ാം ക്ലാസ് പരീക്ഷകൾ ഡിസംബർ ഒന്ന് മുതലുമാണ് ആരംഭിക്കുക. സിബിഎസ്ഇയുടെ cbse.nic.in, cbseacademic.nic.in എന്നീ ഔദ്യോഗിക വെബ്സൈറ്റുകളിൽ ഡേറ്റ് ഷീറ്റ് ലഭ്യമാണ്.
ഈ വർഷം മുതൽസിബിഎസ്ഇ ഒരു വാർഷിക പരീക്ഷക്ക് പകരം രണ്ട് ബോർഡ് പരീക്ഷകളാണ് നടത്തുക. സെക്കൻഡറി, സീനിയർ സെക്കൻഡറി വിദ്യാർത്ഥികൾക്കുള്ള രണ്ടാം ടേം പരീക്ഷകൾ 2022 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടത്തും.
മൈനർ വിഷയങ്ങളുടെ ഡേറ്റ് ഷീറ്റുകൾ സ്കൂളുകളിലേക്ക് അയക്കുമെന്ന് സിബിഎസ്ഇ പരീക്ഷാ കൺട്രോളർ സന്യം ഭരദ്വാജ് അറിയിച്ചു. സ്കൂളുകളാണ് പരീക്ഷ നടത്തുക. “മൈനർ വിഷയങ്ങളുടെ പരീക്ഷകൾ പന്ത്രണ്ടാം ക്ലാസിന് നവംബർ 17 മുതലും പത്താം ക്ലാസിന് നവംബർ 16 മുതലും നടത്തും,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു
സിലബസിന്റെ ആദ്യ പകുതി മാത്രം ഉൾക്കൊള്ളുന്ന മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ (എംസിക്യു) ആയിരിക്കും ആദ്യ ടേം മേജർ പരീക്ഷയിൽ ഉണ്ടായിരിക്കുക. ഒബ്ജക്ടീവ് ടൈപ്പ് ഫോർമാറ്റിൽ ആയിരിക്കും ആദ്യ ടേം പരീക്ഷ 90 മിനിറ്റായിരിക്കും സമയം. ശൈത്യകാലം കണക്കിലെടുത്ത് രാവിലെ 11.30 മുതലാണ് ഒന്നാം ടേം പരീക്ഷകൾ ആരംഭിക്കുക.
Also Read: ജെഇഇ അഡ്വാൻസ്ഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
ഒന്നാം ടേം പരീക്ഷകൾക്ക് ശേഷം, ഫലം മാർക്ക് ഷീറ്റായി പ്രഖ്യാപിക്കും. എന്നാൽ ആദ്യ ടേമിന് ശേഷം ഒരു വിദ്യാർത്ഥിയെയും പാസ്, കമ്പാർട്ട്മെന്റ്, എസെൻഷ്യൽ റിപ്പീറ്റ് എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുത്തുകയില്ല. ഒന്നാം ടേം, രണ്ടാം ടേം പരീക്ഷകൾക്ക് ശേഷമായിരിക്കും അന്തിമ ഫലം പ്രഖ്യാപിക്കുക.
അതേസമയം, 10, 12 ക്ലാസ്സ് പരീക്ഷയുടെ സാമ്പിൾ പേപ്പറുകളും ആദ്യ ടേം പരീക്ഷയുടെ മാർക്കിംഗ് സ്കീമും ബോർഡ് പുറത്തിറക്കിയിട്ടുണ്ട്. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbseacademic.nic.in ലൂടെ അവ ലഭിക്കും.