സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയുടെ ഫലം പ്രഖ്യാച്ചു. പാലക്കാട് കൊപ്പം ലയണ്‍സ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഭാവന എന്‍ ശിവദാസ് 500-ല്‍ 499 മാര്‍ക്ക് നേടി തിരുവനന്തപുരം സോണില്‍ ഒന്നാം സ്ഥാനത്ത് എത്തി. നല്ല മാര്‍ക്ക് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇങ്ങനെ ഒരു വിജയം അപ്രതീക്ഷിതമായിരുന്നു എന്ന് ഭാവന പറയുന്നു.

‘ഒരുപാട് സന്തോഷമുണ്ട്. ഇത്ര വലിയൊരു വിജയം പ്രതീക്ഷിച്ചിരുന്നില്ല. എന്റെ കുടുംബത്തിനും അധ്യാപകര്‍ക്കും സുഹൃത്തുക്കള്‍ക്കും പിന്തുണ നല്‍കിയ എല്ലാവര്‍ക്കും ആദ്യം തന്നെ നന്ദി പറയുന്നു. ഗണിതശാസ്ത്രം, സംസ്‌കൃതം എന്നീ വിഷയങ്ങളില്‍ ഞാന്‍ ട്യൂഷന് പോയിരുന്നു. മറ്റെല്ലാ വിഷയങ്ങളും തനിച്ച് തന്നെയാണ് പഠിച്ചത്. സാധാരണ എല്ലാവരും പഠിക്കുന്നത് പോലെയായിരുന്നു ഞാനും പഠിച്ചിട്ടുള്ളത്. ഇതിനൊപ്പം എന്റെ മറ്റ് താത്പര്യങ്ങളും ഞാന്‍ കൂടെ കൊണ്ടു പോയിരുന്നു. പാട്ട് ഇഷ്ടമാണ്. സിനിമയും വായനയും എല്ലാം താത്പര്യമുള്ള കാര്യങ്ങളാണ്. ഇതൊന്നും ഞാന്‍ മാറ്റിവച്ചിട്ടില്ല,’ ഭാവന പറയുന്നു.

Read More: CBSE Class 10th Result 2019 Live Updates: സിബിഎസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; തിരുവനന്തപുരം മുന്നിൽ

അച്ഛ ഡോക്ടറാണെങ്കിലും, എഞ്ചിനീയറാകണം എന്നാണ് ഭാവനയുടെ ആഗ്രഹം.
‘ഇനി കമ്പ്യൂട്ടര്‍ സയന്‍സ് എടുത്ത് പഠിക്കണം. എഞ്ചിനിയറിങ് മേഖലയാണ് എനിക്ക് താത്പര്യം. ഫിസിക്‌സ്, കെമിസ്ട്രി, കണക്ക്, കമ്പ്യൂട്ടര്‍ എന്നീ വിഷയങ്ങളാണ് പഠിക്കേണ്ടത്,’

പീഡിയാട്രീഷ്യനായ ഡോക്ടര്‍ നവീന്‍ ശിവദാസിന്റേയും വീട്ടമ്മയായ ദീപ്തിയുടേയും ഏക മകളാണ് ഭാവന. ഭാവനയടക്കം ആകെ 13 വിദ്യാര്‍ത്ഥികളാണ് രാജ്യത്താകെ ഉയര്‍ന്ന മാര്‍ക്ക് നേടിയത്. ഇവരില്‍ ഏഴ് പേരും ഡെറാഡൂണ്‍ സോണില്‍ നിന്നുള്ളവരാണ്.

പതിനെട്ട് ലക്ഷം വിദ്യാർത്ഥികളാണ് സിബിഎസ്ഇ 10ാം ക്ലാസ് പരീക്ഷ എഴുതിയത്. കഴിഞ്ഞ തവണ ഇത് 16 ലക്ഷമായിരുന്നു. സിബിഎസ്ഇയുടെ പത്താം ക്ലാസ് പരീക്ഷകൾ ഇത്തവണ മാർച്ച് 29നാണ് അവസാനിച്ചത്.

പരീക്ഷ എഴുതിയ വിദ്യാർത്ഥികളിൽ 91.1 ശതമാനം പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യരായി. 99.85 വിജയശതമാനത്തോടെ തിരുവനന്തപുരം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. 90.14 ശതമാനം ആൺകുട്ടികളും 92.45 ശതമാനം പെൺകുട്ടികളും 94.74 ശതമാനം പെൺകുട്ടികളും പരീക്ഷയിൽ വിജയിച്ചു

കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ലാതെയാണ് ഇത്തവണത്തെ സിബിഎസ്ഇ പരീക്ഷകൾ അവസാനിപ്പിച്ചത്. ചോദ്യപേപ്പർ ചോർച്ചകളും വിവാദങ്ങളും ഒഴിഞ്ഞുനിന്നു. കഴിഞ്ഞ വർഷം പത്താം ക്ലാസ് കണക്ക് ചോദ്യപേപ്പറും പ്ലസ് ടൂവിലെ ഇക്കണോമിക്സ് ചോദ്യപേപ്പറും ചോർന്നിരുന്നു. പിന്നീട് വീണ്ടും പരീക്ഷ നടത്തിയാണ് ബോർഡ് വിവാദങ്ങൾ അവസാനിപ്പിച്ചത്.

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലം നേരത്തെ പ്രഖ്യാപിച്ചിരുന്നു. മേയ് രണ്ടിനായിരുന്നു പ്ലസ് ടു ഫലം പ്രഖ്യാപിച്ചത്. പരീക്ഷയെഴുതിയവരിൽ 83.4 ശതമാനം വിദ്യാർഥികൾ വിജയിച്ചു. പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം തിരുവനന്തപുരം സോണില്‍. 98.2 ആണ് തിരുവന്തപുരത്തിന്റെ വിജയ ശതമാനം. ഡല്‍ഹി സോണില്‍ 91.87 ശതമാനം വിദ്യാർഥികള്‍ വിജയം നേടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook