CBSE Class 10th, 12th Results 2022: ഡിജി ലോക്കർ സംബന്ധിച്ച പുതിയ അറിയിപ്പ് സിബിഎസ്ഇ പുറത്തിറക്കി. സിബിഎസ്ഇയുടെ 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ മാർക്ക് ലിസ്റ്റുകൾ, സർട്ടിഫിക്കറ്റുകൾ, മൈഗ്രേഷൻ സർട്ടിഫിക്കറ്റുകൾ തുടങ്ങിയ ഡിജിറ്റൽ അക്കാദമിക് രേഖകൾ ആക്സസ് ചെയ്യുന്നതിനുള്ള ഡിജിലോക്കർ അക്കൗണ്ടുകൾക്ക് സുരക്ഷാ പിൻ ഏർപ്പെടുത്താൻ സിബിഎസ്ഇ തീരുമാനിച്ചു.
സിബിഎസ്ഇ ഫലങ്ങൾ പ്രഖ്യാപിച്ചതിന് ശേഷം ഡിജിലോക്കറിലൂടെ വിദ്യാർത്ഥികൾക്ക് മാർക്ക് ലിസ്റ്റുകൾ ഉൾപ്പടെയുള്ളവ എടുക്കാൻ സാധിക്കുന്നതാണ്.
വിദ്യാർത്ഥികളുടെ വിവരങ്ങളുടെ സുരക്ഷയും സ്വകാര്യതയും വർധിപ്പിക്കുന്നതിനായാണ് ആറ് അക്ക സുരക്ഷാ പിൻ അവതരിപ്പിച്ചതെന്ന് സിബിഎസ്ഇ സർക്കുലറിൽ വ്യക്തമാക്കി. ഡിജിലോക്കർ അക്കൗണ്ടുകൾ പ്രവർത്തനക്ഷമമായ ശേഷം, വിദ്യാർത്ഥികൾക്ക് അവരുടെ ഡിജിറ്റൽ അക്കാദമിക് രേഖകൾ ‘ഇഷ്യുഡ് ഡോക്യുമെന്റ്സ്’ (Issued Documents) വിഭാഗത്തിന് കീഴിൽ കാണാൻ കഴിയും.
ബോർഡ് ഓരോ വിദ്യാർത്ഥിയുടെയും സുരക്ഷാ പിൻ സ്കൂളിന് കൈമാറും. സ്കൂളുകളാണ് ഇത് വിദ്യാർത്ഥികൾക്ക് നൽകുക.
സ്കൂളുകൾ cbse.digitallocker.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ചു വേണം സുരക്ഷാ പിനുകൾ ഡൗൺലോഡ് ചെയ്യാൻ. സ്ക്രീനിന്റെ ഇടത് വശത്തുള്ള ‘ഡൗൺലോഡ് പിൻ ഫയൽ’ ഓപ്ഷൻ ക്ലിക്ക് ചെയ്ത് ഇത് ചെയ്യാം. അതേസമയം. ജൂലൈ അവസാനവാരത്തോടെ സിബിഎസ്ഇ ഫലങ്ങൾ പ്രഖ്യാപിക്കുമെന്നാണ് വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.