ഡിജിറ്റൽ യൂണിവേഴ്സിറ്റി എന്നത് വെർച്യുൽ യൂണിവേഴ്സിറ്റിയായാണ് ബജറ്റിൽ വിഭാവനം ചെയ്തിരിക്കുന്നതെന്നാണ് പ്രാഥമികമായി മനസിലാകുന്നത്. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള കോഴ്സുകൾ വിദ്യാർഥികളിലേക്ക് എത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ പ്രാദേശിക ഭാഷകളിലും പല വിധ ഫോർമാറ്റുകളിലും ഇത് ലഭ്യമാകും. മാത്രമല്ല, ഹബ് ആൻഡ് സ്പോക് മോഡലിൽ, ഇന്ത്യയിലുള്ള പല വിദ്യാഭാസ സ്ഥാപനങ്ങളുടെ കോഴ്സുകൾ മറ്റ് വിദ്യാർഥികളിലേക്ക് എത്തിക്കാനും ഇതിലൂടെ സാധിക്കും.
എൻ പി ടെൽ (National Programme on Technology Enhanced Learning), മൂക് (Massive Open Online Courses) പോലെയുള്ള മുൻ മാതൃകകളിൽനിന്ന് ഇത് എങ്ങനെ വിഭിന്നമായിരിക്കുമെന്ന് ഇപ്പോൾ വ്യക്‌തമല്ല. യൂണിവേഴ്സിറ്റി നിലവിൽ വരുന്നതോടെ ഓൺലൈൻ വിദ്യാഭാസമേഖലയിൽ വരുന്ന മാറ്റങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇനിയുള്ള ദിവസങ്ങളിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു.
എന്നാൽ, ബജറ്റിൽ പറയുന്ന ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയും ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയും രണ്ട് വ്യത്യസ്ത ആശയങ്ങളാണ്. ഞങ്ങളുടേത് ഒരു വെർച്യുൽ യൂണിവേഴ്സിറ്റിയല്ല. നാലാം വ്യവസായ വിപ്ലവം സാങ്കേതിക വിദ്യാ മേഖലയിലുണ്ടാക്കുന്ന കുതിച്ചുചാട്ടത്തിന് ആവശ്യമായ നൈപുണ്യവികസനമാണ് ഡിജിറ്റൽ സർവകലാശാല ലക്‌ഷ്യം വയ്ക്കുന്നത്. നിർമിത ബുദ്ധി, ഐ ഒ ടി, സൈബർ സെക്യൂരിറ്റി പോലെയുള്ള നൂതന സാങ്കേതിക വിദ്യയിലുള്ള ഉന്നത വിദ്യാഭ്യാസമാണ് ഡിജിറ്റൽ സർവകലാശാല ഒരുക്കുന്നത്. ഈ മേഖലയെക്കുറിച്ചും ബജറ്റ് പ്രതിപാദിക്കുന്നുണ്ട്. നിർമിത ബുദ്ധി, ജിയോ സ്പെഷൽ സിസ്റ്റംസ്, സെമി കണ്ടക്ടർ, ഡ്രോൺസ് എന്നിവ ‘സൺറൈസ്’ അവസരങ്ങളാണെന്നും അവയിൽ ധാരാളം തൊഴിലവസരങ്ങൾ ഉയർന്നുവരുന്നുണ്ടെന്നും ബജറ്റ് പറയുന്നു. അത്തരം മേഖലകളിലേക്ക് കഴിവുള്ളവരെ സംഭാവന ചെയ്യുയെന്നതാണ് കേരള ഡിജിറ്റൽ സർവകലാശാലയുടെ ഉദ്ദേശം.
‘യൂണിവേഴ്സലൈസേഷൻ ഓഫ് എഡ്യൂക്കേഷൻ,’ എന്ന ആശയം മുൻ നിർത്തിയാണ് ‘വൺ ക്ലാസ് വൺ ടിവി ചാനൽ,’ വെർച്യുൽ ലാബ്, ഡിജിറ്റൽ യൂണിവേഴ്സിറ്റി എന്നീ പ്രൊജക്ടുകൾ കൊണ്ടുവന്നിരിക്കുന്നത്. വിദ്യാഭാസം എല്ലാവരിലേക്കും എത്തിക്കാനുള്ള നടപടികൾ, പ്രത്യേകിച്ചും കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന ഈ കാലത്ത്, സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. വിദ്യാർഥികൾക്ക് അവർക്ക് ഇഷ്ടമുള്ള, ഗുണമേന്മയുള്ള വിദ്യഭ്യാസം ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും നേടാൻ കഴിയുമെന്നത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. നിലവിലെ റെഗുലേറ്ററി സംവിധാനങ്ങൾ അത് അനുവദിക്കുന്നില്ല. വ്യക്തമായ ക്വാളിറ്റി കൺട്രോളോടു കൂടി അനുവദിച്ചാൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിൽ അതു വലിയ പങ്കുവഹിക്കും.
വിദ്യാഭ്യാസ നയങ്ങളിലും ഇതോടൊപ്പം മാറ്റങ്ങളുണ്ടാകേണ്ടതുണ്ട്. ഉദാഹരണത്തിന്, നിലവിൽ ഒരു വിദ്യാഭാസ സ്ഥാപനത്തിന് ഒരു കോഴ്സ് ഡിജിറ്റലായി ചെയ്യണമെങ്കിൽ അത് ഓഫ്‌ലൈനായി ആദ്യം നടത്തേണ്ടതുണ്ട്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദ്യാർഥികൾക്കു ഗുണമേന്മയുള്ള കോഴ്സുകൾ നല്കാൻ കഴിയുന്ന അനേകം ഡിജിറ്റൽ സർവകലാശാലകൾ ഉയർന്നു വരണം, അതിന് വിദ്യാഭ്യാസനയത്തിലും കാലോചിതമായ മാറ്റങ്ങൾ വരണം.
- ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയുടെ വൈസ് ചാന്‍സലറാണ് ഡോ. സജി ഗോപിനാഥ്