scorecardresearch
Latest News

കോടതിയും കേസും മാത്രമല്ല, നിയമബിരുദധാരികൾക്ക് വേറെയും തൊഴിലവസരങ്ങൾ

കോടതി മുറികൾ മാത്രമല്ല ഇന്ന് നിയമ ബിരുദധാരിയുടെ പ്രവർത്തന മണ്ഡലം. വക്കീലിന്റെ കുപ്പായമണിയാതെയും നിയമരംഗത്ത് പ്രവർത്തിക്കാൻ അവർക്ക് കഴിയും

കോടതിയും കേസും മാത്രമല്ല, നിയമബിരുദധാരികൾക്ക് വേറെയും തൊഴിലവസരങ്ങൾ

പ്ലസ് ടു പാസ്സായ ഒരു വിദ്യാർത്ഥി എന്തുകൊണ്ട് എൽഎൽബി തിരഞ്ഞെടുക്കുന്നു? ഉത്തരം പലതാകാം. സമൂഹത്തിൽ അഭിഭാഷകർക്ക് ലഭിക്കുന്ന അംഗീകാരം കാരണമാകാം കുറച്ചുപേരെങ്കിലും വക്കീലാകാൻ തീരുമാനിക്കുന്നത്. മറ്റുചിലരാകട്ടെ ഉയർന്ന വരുമാനം പ്രതീക്ഷിച്ചാകാം. പക്ഷേ, പലപ്പോഴും കോടതി വ്യവഹാരങ്ങളിൽ മാത്രം പ്രത്യക്ഷ നിലയിൽ ഇടപെടുന്ന അഭിഭാഷകരുടെ നിലവിലെ വരുമാനം എല്ലാവർക്കും ഒരുപോലെ ആയിരിക്കില്ല. കൂടുതൽ കേസുകളും വരുമാനവും ലഭിക്കുന്ന അഭിഭാഷകരുടെ എണ്ണം മൊത്തം അഭിഭാഷകരുടെ എണ്ണവുമായി താരത്യമം ചെയ്യുമ്പോൾ കുറവായിരിക്കും. ഏറെക്കാലം അഭിഭാഷക വൃത്തിയിൽ തുടർന്നാൽ മാത്രമേ, ആ മേഖലയിൽ പ്രൊഫഷണലായി പേരെടുക്കാനും മികച്ച വരുമാനം നേടാനും സാധിക്കുകയുള്ളൂ എന്നൊരു കാലമുണ്ടായിരുന്നു. എന്നാൽ, ആ കാലത്തെ കുറിച്ച് മറന്നേക്കൂ, ഈ കാലത്ത്, നിയമ ബിരുദധാരികളെ തേടി മികച്ച വരുമാനം ലഭിക്കുന്ന നിരവധി തൊഴിലവസരങ്ങൾ കാത്തിരിപ്പുണ്ട്.

ഇന്ന് കോടതി വ്യവഹാരം മാത്രമല്ല അഭിഭാഷകർക്ക് മുൻപിലുള്ള തൊഴിൽ അവസരം. പരിസ്ഥിതി സംരക്ഷണം മുതൽ ബാലാവകാശ സംരക്ഷണം വരെ, കോർപ്പറേറ്റ് നിയമോപദേശ സ്ഥാപനങ്ങൾ വരെ നിയമബിരുദധാരികൾക്ക് തിരഞ്ഞെടുക്കാനുള്ള തൊഴിൽ സാധ്യതകൾ ഇന്ന് അനവധിയാണ്.

മനുഷ്യാവകാശം

മനുഷ്യാവകാശം, സ്ത്രീകളുടെയൂം കുട്ടികളുടെയും അവകാശ സംരക്ഷണവും എന്നിവ ഇന്ന് ഏറെ വിലമതിക്കപ്പെടുന്ന ഒന്നാണ്. ഏതൊരു സമൂഹത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഭിഭാഷകരുടെ ആവശ്യം വളരെയേറെയാണ്.

ദേശീയ മനുഷ്യാവകാശ കമ്മീഷൻ, സംസ്ഥാനതല മനുഷ്യാവകാശ കമ്മീഷനുകൾ, കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുള്ള ദേശീയ-സംസ്ഥാനതല കമ്മീഷനുകൾ, ജില്ലാ തലത്തിലുള്ള ഇത്തരം കമ്മീഷനുകൾ എന്നിവയിലൊക്കെ മനുഷ്യാവകാശ രംഗത്തെ അഭിഭാഷകർക്ക് പ്രവർത്തിക്കാവുന്നതാണ്. കൂടാതെ, അന്താരാഷ്ട്ര, ഗവൺമെന്റേതര സംഘടനകളിലും ഈ മേഖലയിൽ താൽപ്പര്യമുള്ള അഭിഭാഷർക്ക് അനവധി അവസരങ്ങൾ ലഭ്യമാണ്. തുടക്കക്കാർക്ക് പ്രതിവർഷം മൂന്നു ലക്ഷം രൂപ മുതൽ ശമ്പളം ലഭിക്കും

പരിസ്ഥിതി സംരക്ഷണം

എഴുപതുകളിലെ സൈലന്റ് വാലി പ്രക്ഷോഭം മുതൽ ഇന്ന് നടക്കുന്ന കരുതൽ മേഖല പരാതികളിൽ വരെ ഇടപെടുന്നവരാണ് പരിസ്ഥിതി സംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്ന അഭിഭാഷകർ. പരിസ്ഥിതിലോല പ്രദേശങ്ങളിലും അല്ലാതെയും പരിസ്ഥിതി ആഘാത പ്രവർത്തനങ്ങൾ ഏറിവരുന്ന കാലത്ത് ഈ മേഖലയിൽ പ്രവർത്തിക്കുന്ന അഭിഭാഷകർക്ക് ഏറെ പ്രസക്തിയുണ്ട്.

ഒരു ആവാസവ്യവസ്ഥയെ ഹനിക്കുന്ന രീതിയിലുള്ള ഏതൊരു പ്രവർത്തനത്തിലും പരിസ്ഥിതി സംരക്ഷണ അഭിഭാഷകർക്ക് വ്യക്തമായ പങ്ക് വഹിക്കാനാകും. പരിസ്ഥിതി നാശത്തിന്റെ ഇരകൾക് നിയമോപദേശം നൽകുന്നതോടൊപ്പം ഇത്തരത്തിലുള്ള പ്രവർത്തനത്തിൽ ഏർപ്പെടുന്ന സർക്കാർ, സർക്കാരേതര സ്ഥാപനങ്ങൾക്കും പരിസ്ഥിതി സംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്ന സർക്കാരേതര സംഘടനകൾക്കും നിയമോപദേശം നൽകാൻ അഭിഭാഷകർ ആവശ്യമാണ്.

സർക്കാർ നയങ്ങൾ, പരിസ്ഥിതി സംരക്ഷണത്തിനാവശ്യമായ നിയമങ്ങൾ, അവ നടപ്പാക്കുമ്പോഴുണ്ടാകുന്ന സാമ്പത്തിക ബാധ്യതകൾ എന്നിവയിൽ പരിസ്ഥിതി സംരക്ഷണ അഭിഭാഷകർക്ക് ഏറെ അവഗാഹം ഉണ്ടാകേണ്ടതാണ്. രണ്ടു മുതൽ നാല് ലക്ഷം രൂപവരെയാണ് തുടക്കക്കാർക്ക് പ്രതിവർഷം ശമ്പളമായി ലഭിക്കുക.

കോർപ്പറേറ്റ് മേഖല

ഒരു കമ്പനിക്ക് അല്ലെങ്കിൽ ഒരു സ്ഥാപനത്തിന് നിയമോപദേശം നൽകുകയാണ് കോർപ്പറേറ്റ് ഉപദേഷ്ടാവ് അഥവാ കോർപ്പറേറ്റ് അഭിഭാഷകർ ചെയ്യുന്നത്. സ്ഥാപനം നടത്തുന്ന എല്ലാവിധ കാര്യങ്ങൾക്കും നിയമോപദേശം നൽകുകയാണ് പ്രധാനപ്പെട്ട ഉത്തരവാദിത്തം. കരാറുകളിൽ ഏർപ്പെടുമ്പോൾ കരാർ തയ്യാറാക്കുന്നത് മുതൽ അതിന്റെ അടിസ്ഥാന രേഖ പരിശോധിക്കുക, മാറ്റങ്ങൾ ആവശ്യമാണെങ്കിൽ അവ നിർദ്ദേശിക്കുക, അന്തിമരൂപം നൽകുക എന്നൊക്കെ കോർപ്പറേറ്റ് അഭിഭാഷകരുടെ ഉത്തരവാദിത്തമാണ്.

ഇതോടൊപ്പം കമ്പനിയുമായി ബന്ധപ്പെട്ട ഏതൊരു കോടതി വ്യവഹാരത്തിനും നിയമോപദേശം നൽകേണ്ടതാണ് കോർപ്പറേറ്റ് അഭിഭാഷകരാണ്. സ്വകര്യ സ്ഥാപനങ്ങളിൽ മാത്രമല്ല സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സംരംഭങ്ങൾ, പൊതു-സ്വകാര്യ ബാങ്കുകൾ, മൾട്ടി നാഷണൽ കമ്പനികൾ എന്നിവയിലും ഉയർന്ന ശമ്പളത്തിൽ അഭിഭാഷകരെ നിയമിക്കാറുണ്ട്. മികച്ച കോളജ് പഠനം, തൊഴിൽ പരിചയം എന്നിവയെ ആശ്രയിച്ചിരിക്കും ശമ്പളം. തുടക്കത്തിൽ പ്രതിവർഷം ആറു ലക്ഷം രൂപ മുതൽ ശമ്പളം പ്രതീക്ഷിക്കാം.

നിയമോപദേശ സ്ഥാപനങ്ങൾ

കോടതി-കോർപ്പറേറ്റ് വ്യവഹാരത്തിൽ ഏർപ്പെടുന്ന കക്ഷികൾക്ക് നിയമോപദേശം നൽകുന്നതാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രധാന വരുമാന സ്രോതസ്. ഇത്തരത്തിലുള്ള അനവധി സ്ഥാപനങ്ങൾ ഇന്ന് രാജ്യത്തെമ്പാടും പ്രവർത്തിക്കുന്നു. മിക്ക സ്ഥാപനങ്ങളിലും ഒന്നോ അതിൽ കൂടുതലോ നിയമ ബിരുദധാരികൾ പ്രവർത്തിക്കാറുണ്ട്. പലപ്പോഴും ഇവ ഒന്നോ അതിൽ കൂടുതലോ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവ ആയിരിക്കും. ഉദാഹരണത്തിന് സിവിൽ-ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്നവ, കോർപ്പറേറ്റ്, നികുതി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവ എന്നിങ്ങനെ. ഇവയെ സമീപിക്കുന്ന കക്ഷികൾക്ക് ആവശ്യമായ നിയമോപദേശം നൽകുന്നതിനായി ബന്ധപ്പെട്ട വിഷയത്തിൽ വൈദഗ്ധ്യം നേടിയവരെ ഉത്തരവാദപ്പെടുത്തുന്നു. വൻകിട സ്ഥാപനങ്ങളിൽ തുടക്കത്തിൽ തന്നെ 15 ലക്ഷം രൂപയിൽ കൂടുതലാണ് പ്രതിവർഷ ശമ്പളം.

സൈബർ നിയമം

ഇന്റർനെറ്റ് ഉപയോഗം വർധിച്ചതോടെ സൈബർ രംഗത്തെ കുറ്റകൃത്യങ്ങളും ആനുപാതികമായോ അതിലേറെയോ വർദ്ധിച്ചിരിക്കുകയാണ്. ക്രെഡിറ്റ്/ഡെബിറ്റ് കാർഡിന്റെ വർധിച്ച ഉപയോഗവും ഈ രംഗത്ത് വൻതോതിൽ കുറ്റകൃത്യങ്ങൾ വർധിപ്പിക്കാൻ കാരണമായിട്ടുണ്ട്. ആധുനിക കാലത്തേ പുതുസംരംഭങ്ങളിൽ ഏറെയും നിലനിൽക്കുന്നത് സൈബർ സ്പേസിലാണ്. അതിനാൽ ഈ രംഗത്ത് വൈദഗ്ധ്യം നേടിയവരുടെ ഡിമാൻഡ് വളരെയേറെ വർധിപ്പിച്ചിട്ടുണ്ട്. ജനങ്ങളുടെ സൈബർ അവകാശങ്ങൾ സംരക്ഷിക്കാനും സൈബർ ചതിയിൽ നിന്നും രക്ഷപ്പെടുത്താനും സൈബർ അഭിഭാഷകർ അത്യാവശ്യമാണ്. മികച്ച സ്ഥാപനങ്ങളിൽ ഏഴു ലക്ഷം രൂപ മുതലാണ് പ്രതിവർഷ ശമ്പളം.

വിദ്യാഭ്യാസ രംഗം

രാജ്യത്തെ വർധിച്ചുവരുന്ന ജനസംഖ്യ, ആനുപാതികമായി കുറ്റകൃത്യങ്ങളിലെ വർദ്ധനവ്, കേസുകളിൽ തീർപ്പുകൽപ്പിക്കാനുള്ള കാലതാമസം എന്നിവയെല്ലാം കൂടിച്ചേർന്ന് അഭിഭാഷകർക്കായുള്ള ഡിമാൻഡ് വളരെയേറെ വർധിപ്പിച്ചിരിക്കുകയാണ്. രാജ്യത്തൊട്ടാകെ അഞ്ചുകോടിയോളം കേസുകൾ നിലവിലുണ്ട്. അതിനാൽ ചുരുങ്ങിയത് 30 ലക്ഷം അഭിഭാഷകരുടെ ആവശ്യകത ഉണ്ടെന്നു കണക്കാക്കപ്പെടുന്നു. നിലവിലുള്ള 1721 ലോകോളേജുകൾ ഈയൊരു പ്രശ്നം പരിഹരിക്കാൻ തികച്ചും അപര്യാപ്തമാണ്. അതിനാൽ കൂടുതൽ ലോകോളേജുകൾ തുറക്കേണ്ടതായി വരും. അസംഖ്യം നിയമ അധ്യാപകരെയും ആവശ്യമായിവരും. നിയമ പഠനത്തിൽ പ്രത്യേക വൈദഗ്ധ്യങ്ങൾ വർധിച്ചു വരുന്നതും അദ്ധ്യാപകരുടെ ആവശ്യകത വർധിപ്പിക്കുന്നു. നിയമത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ചുരുങ്ങിയത് എട്ട് ലക്ഷം രൂപയാണ് പ്രതിവർഷ ശമ്പളം.

മാധ്യമ രംഗം

എല്ലാ മാധ്യമ സ്ഥാപനങ്ങളിലും ഇന്ന് നിയമ ബിരുദമുള്ള ജേണലിസ്റ്റുകൾക്ക് ജോലി സാധ്യതയുണ്ട്. കോടതി-കോർപ്പറേറ്റ് വ്യവഹാരങ്ങൾ നിത്യവർത്തയായതിനാലും ഉദ്വേഗജനകമായ വാർത്തകൾക്ക് ധാരാളം വായനക്കാർ/പ്രേക്ഷകർ ഉള്ളതിനാലും നിയമബിരുദമുള്ള മാധ്യമ പ്രവർത്തകർക്ക് ഇന്ന് ഏറെ സാധ്യതയുണ്ട്. കൂടാതെ വാർത്തകൾ കോടതി കയറാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കോടതിയുമായി ബന്ധപ്പെട്ട സങ്കീർണമായ വാർത്തകൾ എഴുതാനും അവതരിപ്പിക്കാനും നിയമ പരിജ്ഞാനമുള്ളവരെയാണ് സ്ഥാപനങ്ങൾ ആശ്രയിക്കുന്നത്. നിയമ ബിരുദധാരികൾക്ക് പ്രതിവർഷം അഞ്ച് ലക്ഷം രൂപ തുടക്കത്തിൽ ശമ്പളമായി പ്രതീക്ഷിക്കാം.

ലീഗൽ പ്രോസസ്സ് ഔട്ട്സോഴ്സിങ്

പൊതുവെ പറഞ്ഞാൽ ലീഗൽ പ്രോസസ്സ് ഔട്ട്സോഴ്സിങ് അഥവാ എൽപിഒ എന്നാൽ ഒരു രാജ്യത്തെ നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മറ്റൊരു രാജ്യത്തുനിന്നും കരാർ അടിസ്ഥാനത്തിൽ ചെയ്യുക എന്നാണ് ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന് അമേരിക്കയിലെ ഒരു കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആ രാജ്യത്തെ സമയത്തിന് അനുസൃതമായി ഇന്ത്യയിൽ നിന്നും ചെയ്യുക. കരാറുകൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുക, ഡാറ്റ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുക, പേറ്റന്റുകളും ട്രേഡ് മാർക്കുകളും അനധികൃതമായി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക മുതലായവ എൽപിഒയുടെ പരിധിയിൽ വരുന്നു. ചെയ്യുന്ന ജോലി, വൈദഗ്ധ്യം എന്നിവയെ അടിസ്ഥാനമാക്കിയാണ് ശമ്പളം നിശ്ചയിക്കുന്നത്.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Best career opportunities for law graduates