മെഡിക്കൽ പിജി പ്രവേശനത്തിന് പ്രവേശന പരീക്ഷാ കമ്മീഷണർ അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലെ സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലേക്കും സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മൈനോറിറ്റി, എന്‍ആര്‍ഐ ക്വാട്ട ഉള്‍പ്പെടെ ലഭ്യമായ എല്ലാ സീറ്റുകളിലേക്കുളള പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. http://www.cee.kerala.gov.in വെബ്സൈറ്റ് വഴി മാർച്ച് 20 ന് വൈകീട്ട് 5 മണി വരെ അപേക്ഷിക്കാം.
യോഗ്യത
മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച എംബിബിഎസ് ബിരുദമുളളവരോ, മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയിലോ, സംസ്ഥാന മെഡിക്കൽ കൗൺസിലിലോ രജിസ്റ്റർ ചെയ്യപ്പെട്ട എംസിഐ അംഗീകൃത എംബിബിഎസ് ബിരുദമുളളവരായിരിക്കണം. കൂടാതെ, അപേക്ഷകർ 2020 മാർച്ച് 31 നോ, അതിനു മുൻപോ ഒരു വർഷത്തെ ഇന്റേൺഷിപ്പ് പൂർത്തിയായിരിക്കണം.
നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന് നടത്തിയ നീറ്റ് (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) പിജി അഭിമുഖീകരിച്ച് കുറഞ്ഞ യോഗ്യതയായി 50 പെർസന്റയിൽ നേടിയിരിക്കണം. എസ്സി, എസ്ടി, എസ്ഇബിസി വിഭാഗക്കാരും എസ്സി-പിഡബ്ല്യുഡി, എസ്ടി-പിഡബ്ല്യുഡി, എസ്ഇബിസി-പിഡബ്ല്യുഡി വിഭാഗക്കാരും കുറഞ്ഞത് 40 പെർസന്റയിൽ നേടിയിരിക്കണം. ജനറൽ പിഡബ്ല്യുഡി വിഭാഗക്കാർ കുറഞ്ഞത് 45 പെർസന്റയിൽ നേടിയിരിക്കണം.
Read Also: എൽഎൽബി കോഴ്സ്: പ്രവേശന പരീക്ഷയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു
പ്രവേശന രീതി
നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന് നടത്തിയ നീറ്റ് (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) പിജി അഭിമുഖീകരിച്ച് നിശ്ചിത യോഗ്യത നേടി കേരള സംസ്ഥാനത്തിനുവേണ്ടി തയ്യാറക്കപ്പെടുന്ന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളളതും, പ്രോസ്പെക്ടസ് ക്ലോസ് പ്രകാരം നിശ്ചിത യോഗ്യതകളുളളതുമായ അപേക്ഷകരെ മാത്രമേ പിജി പ്രവേശനത്തിന് പരിഗണിക്കൂ. അപേക്ഷകരുടെ യോഗ്യതയ്ക്കനുസരിച്ചുളള പ്രവേശന പരീക്ഷാ കമ്മീഷണർ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റിന്റെയും വിവിധ സംവരണ വിഭാഗങ്ങൾക്കുളള കാറ്റഗറി ലിസ്റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.
അപേക്ഷാ ഫീസ്
ജനറൽ/എസ്ഇബിസി വിഭാഗക്കാർക്ക് 1000 രൂപയാണ്. പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്കും മറ്റു പിന്നാക്ക സമുദായങ്ങൾക്കും 500 രൂപയാണ് ഫീസ്.
കൂടുതൽ വിവരങ്ങൾക്ക് http://www.cee.kerala.gov.in വെബ്സൈറ്റ് കാണുക. ഹെൽപ്ലൈൻ നമ്പർ- 0471-2525300