തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കാൻ സാധിക്കാത്തതിനാൽ സ്‌കൂൾ തല ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നത് സർക്കാർ പരിഗണിക്കുന്നു. ജൂൺ ഒന്നിന് വിക്ടേഴ്‌സ് ചാനൽ വഴി അധ്യയന വർഷം ആരംഭിക്കുന്നതിനോടൊപ്പം സ്കൂളുകളിൽ നിന്നും ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാനാണ് സർക്കാർ ആലോചന. കുട്ടികൾക്ക് അധ്യാപകരുമായി നേരിട്ട് സംസാരിക്കാനുള്ള സാധ്യത ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം. ഗൂഗിൾ മീറ്റ്, സൂം പോലുള്ള സംവിധാനങ്ങൾ ഇതിനായി ഉപയോഗിക്കുന്ന കാര്യവും സർക്കാർ പരിഗണനയിലുണ്ട്.
അതേസമയം, സംസ്ഥാനത്ത് സ്കൂള്‍, കോളെജുകളുടെ അധ്യയന വര്‍ഷം ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കാന്‍ തീരുമാനമായി. ജൂണ്‍ ഒന്നിന് തന്നെ ഓണ്‍ലൈന്‍ ക്ലാസുകളും തുടങ്ങാനാണ് നിര്‍ദേശം. പ്രവേശനോത്സവവും ഓണ്‍ലൈനായി തന്നെ സംഘടിപ്പിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകാര്‍ക്കാണ് ഓണ്‍ലൈനായി ക്ലാസുകള്‍ ആരംഭിക്കുക. മേയ് മാസം അവസാനത്തോടെ ക്ലാസുകള്‍ പൂര്‍ത്തിയാകുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ പരീക്ഷയുടെ കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. വിദ്യാര്‍ഥികളുടെ പ്ലസ് ടു ക്ലാസുകള്‍ എന്ന് തുടങ്ങണമെന്നും പിന്നീടായിരിക്കും തീരുമാനം.
Also Read: സിബിഎസ്ഇ പ്ലസ് ടു പരീക്ഷ; സംസ്ഥാനങ്ങൾ ചൊവ്വാഴ്ചയ്ക്കകം നിർദേശം സമർപ്പിക്കണം
കോളെജുകളിലും സര്‍വകലാശാലകളിലും സമാനമായി തന്നെ ക്ലാസുകള്‍ തുടങ്ങും. ഓണ്‍ലൈനായി തന്നെയാകും ഇത്തവണയും ക്ലാസുകള്‍. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു വൈസ് ചാന്‍സലര്‍മാരുമായി ചേര്‍ന്ന യോഗത്തിലാണ് ധാരണയായത്. വിദ്യാര്‍ഥികളുടെ പരീക്ഷയും, ഫലപ്രസിദ്ധീകരണവും സംബന്ധിച്ച് നിര്‍ദേശങ്ങളും മന്ത്രി നല്‍കി.