/indian-express-malayalam/media/media_files/uploads/2023/08/Student-Visa.jpg)
പ്രതീകാത്മക ചിത്രം
ന്യൂയോർക്ക്: ഇന്ത്യയിലെ യുഎസ് മിഷൻ ഈ വേനൽക്കാലത്ത് പാസാക്കിയത് 90,000 പഠന വിസകളെന്ന് റിപ്പോർട്ട്. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായാണ് ഇത്രയധികം പഠന വിസകൾ അനുവദിച്ചിട്ടുള്ളത്. ഇത് പുതിയ റെക്കോഡാണെന്നും അമേരിക്കൻ എംബസി ട്വീറ്റ് ചെയ്തു. ഈ വേനൽക്കാലത്ത് അമേരിക്ക അനുവദിച്ച പഠന വിസകളുടെ നാലിലൊന്നും ഇന്ത്യക്കാരാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
നിങ്ങളുടെ സ്വപ്നസാക്ഷാത്കാരത്തിനായി അമേരിക്കയിൽ ഉപരിപഠനം തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ആശംസകൾ നേരുന്നുവെന്നും അമേരിക്കൻ എംബസി അറിയിച്ചു. അപേക്ഷിച്ച അർഹരായ മുഴുവൻ വിദ്യാർത്ഥികൾക്കും നിശ്ചിത സമയത്തിനകം സീറ്റ് നൽകാനായിട്ടുണ്ട്. ഇത് കൂട്ടായ പ്രയത്നത്തിന്റെ ഫലമായാണെന്നും യുഎസ് എംബസി ട്വീറ്റിൽ കുറിച്ചു. കഴിഞ്ഞ കൊല്ലം അവസാനത്തോടെ ഭാരത സർക്കാർ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം, നിലവിൽ 4,65,791 ഇന്ത്യൻ വിദ്യാർത്ഥികളാണ് അമേരിക്കയിൽ സ്റ്റുഡന്റ് വിസയിൽ പഠിക്കുന്നത്.
2022ലെ ഓപ്പൺ ഡോർസ് റിപ്പോർട്ട് നൽകുന്ന ശുഭസൂചനകൾ
2022 നവംബർ 15ന് പുറത്തിറക്കിയ ഓപ്പൺ ഡോർസ് റിപ്പോർട്ട് പ്രകാരം വിദേശ രാജ്യങ്ങളിൽ സ്റ്റുഡന്റ് വിസയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം ഇരട്ടിയായി വർധിച്ചിട്ടുണ്ട്. നേരത്തെ യുഎസിലെ വിദേശ വിദ്യാർത്ഥികളുടെ ആകെ എണ്ണത്തിന്റെ 11.8 ശതമാനമായിരുന്നു ഇന്ത്യക്കാരുടെ എണ്ണമെങ്കിൽ പുതിയ റിപ്പോർട്ടിൽ ഇത് 21 ശതമായി കുതിച്ചുയർന്നിട്ടുണ്ട്. 2022ൽ അമേരിക്കയിൽ വിദേശ വിദ്യാഭ്യാസം നേടുന്ന വിദ്യാർത്ഥികളുടെ എണ്ണം (9.48 ലക്ഷം) തൊട്ടു മുമ്പത്തെ വർഷത്തേക്കാൾ കൂടിയിട്ടുണ്ട്. 2021ൽ ഇത് 9.14 ലക്ഷമായിരുന്നു.
The U.S. Mission in India is pleased to announce that we issued a record number – over 90,000 – of student visas this Summer/ in June, July, and August. This summer almost one in four student visas worldwide was issued right here in India! Congratulations and best wishes to all…
— U.S. Embassy India (@USAndIndia) September 25, 2023
ഇന്ത്യക്കാർക്ക് കൂടുതലും താൽപര്യം ഈ 6 അമേരിക്കൻ സ്റ്റേറ്റുകൾ
അമേരിക്കയിൽ ഉപരിപഠനം നടത്തുന്ന ഇന്ത്യക്കാരിൽ പാതിയും പ്രധാനമായും ആറ് അമേരിക്കൻ സ്റ്റേറ്റുകളെയാണ് തിരഞ്ഞെടുത്തത്. ന്യൂയോർക്ക്, കാലിഫോർണിയ, ടെക്സാസ്, ഇല്ലിനോയിസ്, മസാച്ച്യുസെറ്റ്സ്, അരിസോണ എന്നിവയാണ് ഇന്ത്യക്കാരിൽ പ്രിയമേറുന്നത്. ക്യുഎസ് റാങ്കിങ് പ്രകാരം ആദ്യ നൂറ് റാങ്കിലുള്ള പ്രധാനപ്പെട്ട 12 ഉന്നതപഠന കേന്ദ്രങ്ങൾ ഈ പ്രദേശങ്ങളിലാണുള്ളത്.
ആവശ്യക്കാരേറെയുള്ളത് ഈ കോഴ്സുകളിൽ
കഴിഞ്ഞ ഒരു ദശകത്തിനിടയിൽ എൻജിനീയറിങിന് പുറമെ മാത്തമാറ്റിക്സ് പ്രോഗ്രാമുകളിലും കമ്പ്യൂട്ടർ സയൻസിലുമാണ് ആവശ്യക്കാരേറെയുള്ളത്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ എഡ്യുക്കേഷനും (ഐഇഇ) പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഇന്ത്യൻ വിദ്യാർത്ഥികൾ ബിരുദ പഠനത്തിന് ശേഷം അമേരിക്കയിൽ തന്നെ മൂന്ന് വർഷം വരെയുള്ള ട്രെയിനിങ് അല്ലെങ്കിൽ ജോലി ഓഫറുകൾ സ്വീകരിക്കുന്ന പ്രവണത വർധിച്ചുവരുന്നതായും ചൂണ്ടിക്കാട്ടുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.