ന്യൂഡൽഹി: കഴിഞ്ഞ മൂന്നു വർഷത്തിനിടെ രാജ്യത്താകമാനമുളള 128 എൻജിനീയറിങ് കോളേജുകൾ ഓൾ ഇന്ത്യ കൗൺസിൽ ഓഫ് ടെക്നിക്കൽ എജ്യുക്കേഷൻ (AICTE) അടച്ചു പൂട്ടിയതായി കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി രമേശ് പൊക്രിയാൽ. ലോക്‌സഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2019-19 വർഷത്തിൽ 26 എൻജിനീയറിങ് കോളേജുകൾ അടച്ചുപൂട്ടിയതായി പൊക്രിയാൽ ലോക്‌സഭയിൽ ഉയർന്ന ചോദ്യത്തിനു മറുപടിയായി പറഞ്ഞു. 2016-17 വർഷത്തിൽ ഇത് 55 ആയിരുന്നുവെന്നും 2017-18 ൽ 47 ആയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വർഷം ഉത്തർപ്രദേശി (5) ലാണ് ഏറ്റവും കൂടുതൽ കോളേജുകൾ അടച്ചത്. രാജ്സ്ഥാൻ (4) ആണ് തൊട്ടുപിന്നിൽ. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ കോളേജുകൾ അടച്ചത് തെലങ്കാനയിലാണ്, 26. പട്ടികയിൽ കേരളം ഉൾപ്പെട്ടിട്ടില്ല.

engineering colleges

രാജ്യത്താകെ 10,361 വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 37 ലക്ഷത്തോളം എൻജിനീയറിങ് സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നതായി ദി ഇന്ത്യൻ എക്സ്‌പ്രസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ 10 ലക്ഷം സീറ്റുകളിൽ വിദ്യാർഥികൾക്ക് പ്രവേശനം നൽകിയിട്ടുണ്ട്. ബാക്കിയുളളവ ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ആകെ സീറ്റിന്റെ 30 ശതമാനത്തിലധികം സീറ്റുകളിൽ പ്രവേശനം പൂർത്തിയായില്ലെങ്കിൽ ആ കോളേജുകളെല്ലാം അടച്ചു പൂട്ടുമെന്ന് 2017 ൽ ഓൾ ഇന്ത്യ കൗൺസിൽ ഓഫ് ടെക്നിക്കൽ എജ്യുക്കേഷൻ അറിയിച്ചിരുന്നു.

മാത്രമല്ല, 2020 ൽ പുതിയ എൻജിനീയറിങ് കോളേജുകൾ തുടങ്ങുന്നത് നിർത്തണമെന്നും രണ്ടു വർഷം കൂടുമ്പോൾ ഇക്കാര്യത്തിൽ തീരുമാനം പുനഃപരിശോധിച്ചാൽ മതിയെന്നും വിദഗ്‌ധ സമിതി എഐസിടിഇയ്ക്ക് നിർദേശം നൽകിയിരുന്നു. ഇന്ത്യയിൽ പുതിയ എൻജിനീയറിങ് കോളജുകൾ ആരംഭിക്കാൻ നിർദേശമില്ലെന്നാണ് മന്ത്രി പൊക്രിയാൽ സഭയെ അറിയിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook