Latest News

സ്നേഹത്തിന്റെ വിജയം

“തങ്ങളുടെ വിജയത്തെ മാത്രം ലക്ഷ്യം വെച്ച് ചുറ്റുമുള്ളവരെ പരിഗണിക്കാതെ ജീവിച്ചുകൊണ്ടേയിരിക്കുമ്പോൾ, അവരെയൊക്കെ തോൽപിക്കുന്ന തരം വിജയമാണ് പരസ്പര സ്നേഹം കൊണ്ട് ആ കുട്ടികൾ ആ വേദിയിൽ കൊളുത്തി വച്ചത്.” യുമ വാസുകി എഴുതിയ തമിഴ് കഥ. മുഹമ്മദ് ശുഹൈബിന്റെ മൊഴിമാറ്റം

yuma vasuki, story , iemalayalam

അമേരിക്കയിലെ സിയാറ്റിലിൽ സ്പെഷൽ ഒളിമ്പിക്സിന്റെ വേദിയാണ് രംഗം. ഭിന്നശേഷിക്കാർക്കുള്ള ലോക മത്സരവേദിയാണ് സ്പെഷൽ ഒളിമ്പിക്സ്.

ഓട്ട മത്സരം തുടങ്ങാനുള്ള സമയമാവുന്നു. മത്സരാർഥികളായ കുട്ടികൾ സ്റ്റാർട്ടിങ് പോയിൻറിൽ അണിനിരന്നു കഴിഞ്ഞു. വിവിധതരത്തിലുള്ള അംഗപരിമിതികൾ ഉള്ളവരാണ് ആ കുട്ടികളെല്ലാം എന്ന് ഒറ്റകാഴ്ചയിൽ തന്നെ മനസിലാകുമായിരുന്നു.

ചിലർക്ക് ശാരീരികമായ കുറവുകളെയാണ് മറികടക്കേണ്ടത് എങ്കിൽ മറ്റു ചിലർക്ക് ബുദ്ധിപരമായ വെല്ലുവിളികളെയാണ് അതിജീവിക്കേണ്ടത്. അവരുടെ മുഖഭാവം കൊണ്ടു തന്നെ അവർ നേരിടുന്ന പ്രശ്നങ്ങൾ ചുറ്റുപാടുള്ളവർക്ക് അനായാസം മനസിലാകുമായിരുന്നു.

പരസ്പരം ചിരിച്ചും കാണികളെ നോക്കി അഭിവാദ്യം ചെയ്തും അവർ മത്സരത്തിന് ഒരുങ്ങിക്കഴിഞ്ഞു. മത്സരം തുടങ്ങാനുള്ള സമയമെത്തിക്കഴിഞ്ഞു. മത്സരാരംഭത്തിനായുള്ള വെടി പൊട്ടി. ആ ശബ്ദം കേട്ടതോടെ വേദി സജീവമായി. കാണികൾ കുട്ടികളെ പ്രോത്സാഹിപ്പിക്കാനായി ആരവം മുഴക്കുകയും കൈയടിക്കുകയും ചെയ്തു.

കുട്ടികൾ ഓടാൻ തുടങ്ങി. ആരാണ് വിജയിക്കുകയെന്ന ആകാംക്ഷയോടെ കാണികൾ മത്സരത്തിലേക്ക് ഉറ്റുനോക്കി നിന്നു. പലരും കസേരയിൽ ഇരിപ്പുറക്കാതെ അത്യാവേശപൂർവ്വം എഴുന്നേറ്റ് നിന്നു ആർപ്പുവിളിച്ചു. ക്യാമറമന്മാരും ഫൊട്ടോഗ്രാഫർമാരും മത്സരത്തിലേക്ക് അത്യുത്സാഹത്തോടെ ക്യാമറ തിരിച്ചു വച്ചു.

yuma vasuki, story , iemalayalam

പെട്ടന്നാണ് അതുസംഭവിച്ചത്. അങ്ങനെ സംഭവിക്കുമെന്ന് ആരും ഒട്ടുമേ കരുതിയിരുന്നില്ല. ഓടിക്കൊണ്ടിരുന്നതിനിടെ, മത്സരാർത്ഥികളിലെ പ്രായം കുറഞ്ഞ ഒരു ബാലൻ നിലത്തുവീണു.

ഒരു കാലിന് സ്വാധീനക്കുറവുള്ള കുട്ടിയാണവൻ. എങ്കിലും അവൻ ഉരുണ്ടു പിരണ്ടെഴുന്നേറ്റ് അവനാലാവും പോലെ ഓടാൻശ്രമിച്ചു. പക്ഷേ, അവനതിന് കഴിയുന്നുണ്ടായിരുന്നില്ല. വീഴ്ച കാരണം അവന്റെ കൈകളിലും കാലിലും മുഖത്തുമൊക്കെ പരിക്കു പറ്റിയിരുന്നു.

ഓടുന്നതിനിടെ ഒരാൾ വീണാൽ മറ്റ് മത്സരാർഥികൾ ഒരു എതിരാളി കുറഞ്ഞല്ലോ എന്ന് സമാശ്വസിച്ച് ഓട്ടം തുടരും. അങ്ങനെയാണ് നോർമൽ അവസ്ഥകളിലുള്ളവർക്കായുള്ള സാധാരണ മത്സരങ്ങളിലെല്ലാം പതിവ്. കാണികളും അത്ര പ്രാധാന്യമേ മത്സരാർത്ഥികളുടെ വീഴ്ചയ്ക്ക് കൊടുക്കാ റുള്ളു.

പക്ഷേ, ഇവിടെ സംഭവിച്ചത് അസാധാരണമായ ഒരു കാര്യമാണ്.

തങ്ങളിൽ ഒരാൾ വീണുപോയി എന്ന് അറിഞ്ഞതും മറ്റു കുട്ടികൾ പൊടുന്നനെ അവരുടെ ഓട്ടം നിർത്തി. അവരെല്ലാവരും തന്നെ, വീണുകിടക്കുന്ന കുട്ടിയുടെ അടുത്തേക്ക് പാഞ്ഞെത്തി. അവനെ അവരെല്ലാം ചേർന്ന് വാരിയെടുത്തു. അവന്റെ കൈകാലുകളിലെ പൊടിയും രക്തവും അവർ കുനിഞ്ഞിരുന്ന് തൂത്തുകളഞ്ഞു. ഒരു കുട്ടി അവന്റെ നെറ്റിയിൽ ഉമ്മവച്ചവനെ ആശ്വസിപ്പിച്ചു. അങ്ങനെ അവർഎല്ലാവരും ചേർന്ന് അവനെ വീണ്ടും ഓടാൻ പാകത്തിലാക്കി. പിന്നീട് അവരെല്ലാം ഒന്നിച്ച് വീണ്ടും ഓട്ടമാരംഭിച്ചു.

ഈ അത്യപൂർവ്വ രംഗങ്ങളൊക്കെ കണ്ട് സ്തംഭിച്ചുനിൽക്കുകയായിരുന്നു കാണികൾ. അവർ പെട്ടെന്ന് പുതിയൊരുണർവ്വോടെ, പുതിയൊരുൾക്കാഴ്ച യോടെ കൈയടിക്കാൻ തുടങ്ങി. കുട്ടികളെ തങ്ങളാലാവും വിധം അവർ പ്രോത്സാഹിപ്പിച്ചു കൊണ്ടേയിരുന്നു.

yuma vasuki, story , iemalayalam

മത്സരം എന്ന മനോഭാവം വെടിഞ്ഞ് സ്നേഹത്തെ പുൽകിയ ആ കുട്ടികളെല്ലാം ഒന്നിച്ച് ഓടി ഏതാണ്ട് ഒരുമിച്ച് തന്നെ ഫിനിഷിങ് പോയിൻറിൽ എത്തി. അവസാനം എന്തുണ്ടായി എന്നറിയേണ്ടേ?

മത്സരത്തിൽ പെങ്കടുത്ത എല്ലാവരെയും മത്സര സംഘാടകർ വിജയികളായി പ്രഖ്യാപിച്ചു. മത്സര ബുദ്ധിക്ക് മേൽ സ്നേഹം കൈവരിച്ച വിജയത്തെ ക്യാമറയിൽ പകർത്താനാകാതെ ഫൊട്ടോഗ്രാഫർമാർ അമ്പരന്ന് നിന്നു. അവരുടെ കണ്ണുകൾ ഈറനായി. ലെൻസിലൂടെയുള്ള അവരുടെ കാഴ്ച ആ ഈറൻ പശ്ചാത്തലത്തിൽ ആകെ മങ്ങിപ്പോയിരുന്നു. എങ്കിലെന്ത് അവരുടെ ഉൾക്കാഴ്ചയിൽ വലിയൊരു തെളിവ് വന്നു ചേർന്നിരുന്നു.

കാണികൾ ഒന്നടങ്കം അവരുടെ സീറ്റുകളിൽ നിന്ന് എഴുന്നേറ്റു. സ്റ്റേഡിയം മുഴുവൻ കരഘോഷത്താൽ മുഖരിതമായി. അവിടെ സന്നിഹിതരായിരുന്നവരുടെ ഹൃദയങ്ങളിലൊന്നാകെ പുതുവെളിച്ചം വിതറി ഏറെ നേരം നീണ്ടുനിന്നു ആ കരഘോഷം.

എല്ലാവർക്കും വലിയൊരു പാഠമായിരുന്നു ആ ഭിന്നശേഷിക്കാരായ കുട്ടികളുടെ മത്സരവും അതിലെപ്രകടനവും. ശാരീരിക ശേഷിയും മറ്റു മികവുകളുമുള്ളവർ തങ്ങളുടെ വിജയത്തെ മാത്രം ലക്ഷ്യം വെച്ച് ചുറ്റുമുള്ളവരെ പരിഗണിക്കാതെ ജീവിച്ചുകൊണ്ടേയിരിക്കുമ്പോൾ, അവരെയൊക്കെ തോൽപിക്കുന്ന തരം വിജയമാണ് പരസ്പര സ്നേഹം കൊണ്ട് ആ കുട്ടികൾ ആ വേദിയിൽ കൊളുത്തി വച്ചത്.

സ്നേഹത്തോളം വലിയ മന്ത്രം കൈയിലുള്ളപ്പോൾ ആരാണ് ജയിക്കാതിരിക്കുക?

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Yuma vasuki story for children snehatinte vijayam

Next Story
മറിയം,പട്രീഷ്യ, അറുമുഖന്‍, ഉമ്മുഖൊല്‍സു,പങ്കി,ചിലങ്ക-കുട്ടികളുടെ നോവൽ നാലാംഭാഗംpriya a s, novel
The moderation of comments is automated and not cleared manually by malayalam.indianexpress.com