Latest News

കനകാദേവി

“അമ്മ പടിക്കൽ തന്നെ നിക്കുന്നുണ്ട്. അത് പതിവില്ല, അച്ഛനും മുത്തശ്ശിയും ഉണ്ട്. പാവം കുട്ടി നിന്നു മെഴുക് പോലെ ഉരുകി.” വി എം ഗിരിജ എഴുതിയ കഥ

കുട്ടി ഒരു പാവമായിരുന്നു. പാവമായത് കുട്ടിയുടെ അറിവോടും സമ്മതത്തോടും കൂടെയൊന്നും അല്ല. പാവം ആയിപ്പോയി എന്നേയുള്ളൂ. സത്യം പറഞ്ഞാൽ പാവത്തം അല്ലാ, വെറും പേടി മാത്രം, എന്നും തോന്നും.

വളരെ വളരെ മുമ്പാണ്, അന്ന് രണ്ടു പൈസയും ഒരു പൈസയും ഒക്കെ ഉണ്ടായിരുന്നു എന്നാണ് ഓർമ. അലുമിനിയത്തിന്റേയും ചെമ്പിന്റെയും നിറമുള്ള കുഞ്ഞി കുഞ്ഞി നാണയങ്ങൾ ഉണ്ടായിരുന്നു. ചെമ്പ് നിറമുള്ള ചളിയും മണ്ണും കൊണ്ടുള്ള ചെരിപ്പിട്ട കുഞ്ഞിക്കാലുകൾ ഉണ്ടായിരുന്നു.

ഈ കഥ ഇങ്ങനെ തുടങ്ങിയതിൽ വലിയൊരു രഹസ്യമുണ്ട്… രഹസ്യം എന്നു പറഞ്ഞാൽ തന്നെ കഥയുടെ അവസാനം മാത്രമേ തെളിയാൻ പാടുള്ളൂ. അതാണ് രഹസ്യത്തിന്റെ ഒരിത്, അല്ലേ.

ചെറിയ ഒരു പാടം കടന്നു വേണം കുട്ടിക്ക് സ്കൂളിൽ പോകാൻ. കുട്ടിയുടെ വീട് ഒരു കുളത്തിന്റെ കരയിലാണ്. കുളം എന്നു പറഞ്ഞാലോ? വലിയ ഒരു ചിറ തന്നെ. ഇക്കരെ നിന്നു നോക്കിയാൽ പെട്ടെന്ന് ഒരു കടൽ ആണെന്ന് തോന്നും. എൽ പി സ്കൂളുകാരെ കടൽ കാണിക്കാൻ കൊണ്ട് പോയപ്പോഴാണ് കുട്ടി ആദ്യമായി കടൽ കണ്ടത്. അത് വരെ കടൽ വലിയൊരു പുഴ ആയിരിക്കും, ഭയങ്കര വലിയ തോടായിരിക്കും എന്നൊക്കെ കുട്ടി വിചാരിച്ചു.

അതാണ് കൊഴപ്പം. പാവം മാത്രമല്ല ഭയങ്കര വിചാരക്കാരിയുമാണ് ഈ കുട്ടി. അയ്യോ, കുട്ടി ആണോ പെണ്ണോ എന്ന സസ്പെൻസ് അവസാനം വരെ കാത്തു സൂക്ഷിക്കണം എന്നു കരുതിയത് ദേ, പൊട്ടിപ്പോയി. അവസാനത്തെ വരി വായിക്കുമ്പോഴും കുട്ടി വള്ളി ട്രൗസർ ഇട്ടവനോ കീറപെറ്റിക്കോട്ട് ഇട്ടവളോ എന്നു പുറത്ത് വിടരുത്, വായനക്കാർ എഴുത്തുകാരിയെ, അതായത് എന്നെ, ഫോൺ വിളിച്ചു ചോദിക്കുമ്പോ തരം പോലെ “എന്താ പെണ്ണിനെ പിടിക്കില്ലേ?” “പയ്യനായാൽ തൃപ്തിയായോ?” എന്നൊക്കെ ചോദിക്കാൻ ആഗ്രഹിച്ചതാണ്. അതൊക്കെ പോയി. ആ, ഇനി പോയെങ്കിൽ പോട്ടെ, അല്ലേ.

നാലാം ക്ലാസിന്റെയും സ്കൂളിന്റെ വേലിയുടെയും ഇടയിൽ ഒരു ചെറിയ നീണ്ട ചതുരം ഉണ്ടായിരുന്നു. ഒരു ദീർഘ ചതുരം മണ്ണും പുല്ലും. അവിടെ ഒരു പെട്ടിയുടെ പിടി കിടന്നിരുന്നു. ഒരു അലുമിനിയപ്പെട്ടിയുടെ പിടി പോലെ എന്തൊ ഒന്ന്. ചെറിയ റോസ് നിറപ്പൂക്കൾ ഉള്ള കാട്ടുവള്ളി മണ്ണിലൂടെ ഇഴഞ്ഞു ഇഴഞ്ഞു പോകുന്നത് ആ പിടിയിലൂടെ വളഞ്ഞു ചുറ്റിക്കൊണ്ടാണ്.

vm girija, story, iemalayalam

ഒരു ദിവസം ഉച്ചയ്ക്ക്, പാവമായിട്ട് കൂടി കുട്ടി ജനാല ചാടി; വള്ളി തൊട്ട് നോക്കാനുള്ള ആഗ്രഹം അടക്കാൻ പറ്റിയില്ല. അങ്ങനെയാണ് ക്ലാസ് റൂമിന്റെ പിന്നിലെ മൺതറയിൽ പാമ്പു പോലെ പടർന്നിരിക്കുന്ന പൂവള്ളി തൊട്ട് നോക്കുന്നത്. ഓഹ്, എന്തൊരു വാസന പൂവിന്. വള്ളി തൊട്ടാ പട്ട് പോലെ. ആ വള്ളി മിറ്റത്ത്* നട്ടാ നല്ല ഭംഗി ആയിരിക്കും കുട്ടി സ്വയം പറഞ്ഞു. “അമ്പടി വള്ളീ, നീ ചുറ്റിയ പിടി ഒരു രഹസ്യ വാതിൽപ്പിടി തന്നെ.” പിടിയുടെ കീഴേക്ക് കൊറേ പടികളും, പടികൾ ഇറങ്ങി ചെന്നാൽ ഒരു വലിയ പൂന്തോട്ടവും ഉണ്ടെന്ന് കുട്ടിക്ക് ഒറപ്പായിരുന്നു.

പടി ഇറങ്ങി ചെന്നാലുള്ള പൂന്തോട്ടത്തിന് കമാന വാതിൽ ആണ്. പാഷൻ ഫ്രൂട്ട് വള്ളി അങ്ങനെ കേറ്റി പടർത്തിയിരിക്കയാണ്. അതിന്റെ കൂടെ നല്ല ചുവന്ന പൂക്കൾ ഉള്ള ഈശ്വരമുല്ല. ഒരു നല്ല മുല്ലവള്ളി പടർത്തിയ ഒരു ചെറിയ മാവുണ്ട്, കടന്നു ചെന്നാൽ ഉടനെ. മുല്ലപ്പൂ പറിക്കാൻ കുട്ടിക്ക് കൊതിയുണ്ട്. പക്ഷേ, ലക്ഷ്മിക്കുട്ടി ടീച്ചറും അമ്മയും ഇതെവിടന്നു കിട്ടി എന്നു ചോദിക്കുമല്ലോ. എന്തൊരു വാസനയാ. ഒളിച്ചു വെക്കാൻ ഒന്നും പറ്റില്ല. കുട്ടിയുടെ മുടിയാണെങ്കിൽ കാട് പോലെ വളർന്നു കിടക്കുന്നു. മുല്ലപ്പൂ ചൂടിയാൽ പേൻ വരുമത്രേ.”ഇരുട്ട് കാട്ടിൽ കുരുട്ട് പന്നി” ഇതാണ് പേനിനേ കുറിക്കുന്ന കടങ്കഥ. അതുപോലും പാവം കുട്ടിക്കറിയാം. പക്ഷേ മുല്ലപ്പൂമ്പൊടി പോലും അവിടെ ഉപേക്ഷിക്കുകയേ നിവൃത്തിയുള്ളൂ.

ഒരു മുല്ലക്കമ്പ് ഒടിച്ചാൽ വീട്ടിൽ നട്ട് വളർത്താമെന്ന് ആലോചിച്ച പ്പോൾ രണ്ട് പ്രശ്നം. കത്തി ഒന്നും ഇല്ലാതെ മുല്ല വള്ളിയുടെ ചില്ല വലിച്ചിട്ട് ഒടിച്ചു എടുത്താൽ അത് നട്ടാൽ പിടിക്കില്ല, അത് പിന്നെ എന്നെ കണ്ടാൽ നടുങ്ങി വിറയ്ക്കും. അതിനു വേദനിച്ച് പേടിച്ചു അസുഖം വരാനും മതി. വഴീക്കൂടേ ഓടുമ്പോൾ കണ്ട പൂവും കായയും ഇലയും പിച്ചിപ്പറിക്കുന്ന കുട്ടികളോട് ടീച്ചർ പറഞ്ഞതാണ് ചെടികൾക്കും മരങ്ങൾക്കും ജീവൻ ഉണ്ട്, വേദനിക്കും എന്ന്. കുട്ടി പാവം ആയ കാരണം പിന്നെ ചെടികളെ വേദനിപ്പിച്ചിട്ടേ ഇല്ല. ഇങ്ങനെ പൂവും മണത്ത് നിൽക്കുമ്പോ അതാ ബെല്ലടിക്കുന്നു. ഉച്ചയ്ക്കുള്ള ഒഴിവ് കഴിഞ്ഞൂ എന്നർഥം. പൂന്തോട്ടം മുഴുവൻ കണ്ടില്ലെങ്കിൽ പോട്ടെ,നാളെയും കാണാലോ . നല്ല കുട്ടികൾ ക്ലാസിൽ വൈകില്ലല്ലോ. കുട്ടി സ്റ്റെപ്പ് കേറി ഓടി വന്നു ജനാല വഴി ഒറ്റ ചാട്ടം.

vm girija, story, iemalayalam

അയ്യോ. കനകാദേവിടെ സ്ലേറ്റ് തവിട് പൊടി. അയ്യോ സ്ലേറ്റ് അല്ല,സ്ലേറ്റ് പെൻസിൽ. ജനാലയുടെ ചോട്ടിൽ ആരെങ്കിലും സ്ലേറ്റും പെൻസിലും വെയ്ക്കുമോ എന്നു കുട്ടി പാവം ആണെങ്കിലും വിചാരിച്ചു. കനകാ ദേവി സ്കൂളിന്റെ അടുത്ത വീട്ടിലെ കുട്ടിയാ. കുട്ടിയെ പോലെ പാടം കടന്നും കുന്നു ഇറങ്ങിയും ഒന്നും വരണ്ട. റെയിൽ പാതയുടെ ഒപ്പം ഒരു പത്തടി നടന്നാ മതി, വിളിച്ചാ കേക്കും. കനകാദേവി ദേഷ്യപ്പെട്ട് കലി തുള്ളി വന്നു, കരച്ചിലല്ല, കടുത്ത ദേഷ്യം, ഇപ്പോ മുടി പിടിച്ചു വലിക്കും. ലക്ഷ്മിക്കുട്ടി ടീച്ചർ ഒന്നു വന്നാ മതിയായിരുന്നു.

“അതേയ് എനിക്ക് പുതിയ സ്ലേറ്റ് പെൻസില് വേടിക്കാനുള്ള* പൈസ നാളെ കൊണ്ടരണം. ഇല്ലെങ്കില് അപ്പ കാണാം…” കനകാദേവി ചാടി കുതിച്ചു പോയി. ഒരു സ്ലേറ്റ് പെൻസിലിന് ഒരു പൈസ മതിയാവില്ലേ. കുട്ടി വിചാരിച്ചു, ‘പാവം’ ആയ കാരണം കുട്ടി ഇത് വരെ ഒരു പീടികേല് പോയിട്ടൂല്യ,ഒന്നും വാങ്ങീട്ടൂം ഇല്യ . അന്ന് പിന്നെ കുട്ടിക്ക് ആകെ ബേജാർ ആയിരുന്നു. വീട്ടിൽ ചെന്നപ്പോ കാപ്പിയും ഗോതമ്പ് ദോശയും ഒന്നും വേണ്ടാ എന്നായി.

“എന്താകുട്ടിക്ക് തലവേദന ഉണ്ടോ?” ആരോ ചോദിച്ചു. അമ്മ വന്നു പനിയുണ്ടോ എന്നു തൊട്ട് നോക്കിയിട്ട് “കയ്യും കാലും കഴുക്യാ മതീ ട്ടോ ***മേക്കഴുകണ്ട” എന്നു പറഞ്ഞു. “അമ്മേ ഞാനേ കനകാദേവിടെ സ്ലേറ്റ് പെൻസില് പൊട്ടിച്ചു,” എന്നു പറയാൻ വാക്കുകൾ വന്നു തിരക്കി. പക്ഷേ, കുട്ടി പാവം അല്ലേ, വികൃതി കാട്ടാൻ പാടുണ്ടോ എന്നും തോന്നി. അമ്മയെ ഇത്തിരി പേടിയും ഉണ്ട്. രാത്രി കുട്ടിക്ക് അമ്മ പൊടിയരിക്കഞ്ഞി കൊടുത്തു,ചുട്ട പപ്പടവും.

vm girija, story, iemalayalam

ഉറക്കത്തിൽ കുട്ടി കണ്ടു, കനകാദേവിയുടെ അമ്മ വഴിയിൽ തന്നെ പിടിച്ചു നിർത്തി പറയുന്നു; “പാവാണ് എന്നു പറഞ്ഞു നടന്നിട്ടോ, നോക്കാതെ പോയിട്ടോ കാര്യം ഒന്നൂല്യ. കുട്ടിടെ അമ്മേടടുത്ത് ഞാൻ വരുണ്ണ്ട്…“ കുട്ടിക്ക് തോന്നി അമ്മ പിന്നെ അടിക്കയല്ല ചെയ്യുക, കണ്ണു നെറഞ്ഞ ഒരു നോട്ടം നോക്കും. അത് ചെലപ്പഴേ ഉള്ളൂ. തീരേ പണം ഇല്ലാതാവുക, റേഷൻ വാങ്ങാൻ പോയി ഒഴിഞ്ഞ സഞ്ചിയുമായി അച്ഛൻ വരിക. വിരുന്നുകാര് വരുമ്പോ ചായപ്പൊടിയും പഞ്ചസാരയും ഇല്ലാതെ കുട്ടിയെ കല്യാണിയുടെ വീട്ടിലേക്ക് അയയ്ക്കുക. അങ്ങനെ ഒക്കെ വരുമ്പോൾ.

കുട്ടി ഒരു കാര്യം ഉറപ്പിച്ചു… പുതിയ പെൻസിലിനുള്ള പൈസ അമ്മേടെ വെള്ളിച്ചെല്ലത്തിന്നു എടുത്ത് കൊടുക്കണം. ഒന്നോ രണ്ടോ മൂന്നോ… അറിയില്ല, എല്ലാം എടുക്കാം.

അമ്മ പടിക്കൽ തന്നെ നിക്കുന്നുണ്ട്. അത് പതിവില്ല, അച്ഛനും മുത്തശ്ശിയും ഉണ്ട്. പാവം കുട്ടി നിന്നു മെഴുക് പോലെ ഉരുകി.

“അത് ശരി. ചെല്ലത്തുന്നു പൈസ ഇടുത്ത് ചായപ്പീടികെന്നു കണ്ടതൊക്കെ തിന്നിട്ടാ വിശപ്പില്ലാത്തേ അല്ലേ. സത്യം പറഞ്ഞോ. ആരാ കൂടെ വന്നത്? എവിടെ പോയി? രാമന്റെ പീടികെലോ പോക്കു മാപ്ലടേ പീടികെലോ?” അമ്മ തൊള്ളയിടുന്നു.

‘സാരല്യ കുട്ടി കാപ്പി കുടിക്കട്ടെ“ മുത്തശ്ശി.

“കുട്ടി പറയട്ടെ എന്നിട്ട് മതി തല്ലലും കൊല്ലലും”എന്നച്ഛൻ.

കുട്ടി കരഞ്ഞു കരഞ്ഞു പറഞ്ഞു കൊണ്ടേയിരുന്നു. “കനകാദേവിടെ പെൻസില് …”

“ഇതൊരു പാവം ഒന്നും അല്ല പൊട്ടിക്കാളി തന്നെ. ടീച്ചറോട് പറയല്ലേ ചെയ്യ? ഇനി എന്തുണ്ടായാലും ടീച്ചറോട് അപ്പ തന്നെ പറയണം ട്ടോ” എന്നു മുത്തശ്ശി ചിരിച്ചു. “ഒരു പൈസക്ക് എത്ര പെൻസില് കിട്ടും എന്നു അറിയോ പൊട്ടിക്കാളീ. ന്നിട്ട് ഒന്നും രണ്ടും മൂന്നും പൈസ എടുത്തു. ആറ് പൈസ” അച്ഛൻ മൂക്കത്ത് വിരല് വെച്ചു.

vm girija, story, iemalayalam

“കനകാദേവി എന്റെ ബോക്സ് തൊറന്നു ഒക്കെ തട്ടിപ്പറിച്ച് ഒരോട്ടം കൊടുത്തു അച്ഛാ”

“അപ്പോ ടീച്ചർ അവിടെ ഇല്ലേ. പറയണ്ടേ… ഇന്നലെ തന്നെ വീട്ടിൽ വന്നു നീ പറഞ്ഞിരുന്നെങ്കില് പുതിയ പെൻസില് വാങ്ങിച്ചു തരില്ലേ?”

അമ്മ ചെമ്പരത്തിക്കൊമ്പ് എടുത്തു അടുത്ത് വന്നു,കൈ രണ്ടും കൂട്ടിപ്പിടിച്ചു. “പെൻസില് പൊട്ടിക്യാ, അത് ഒളിച്ചു വെക്യാ, പിന്നെ പണം കട്ടെടുക്ക. ഇത്രേം കുരുട്ട് ബുദ്ധി ഒക്കെ എവിടെന്ന് കിട്ടീ നെനക്ക് ? ഒരു പാവം കുട്ടി എന്നു വിചാരിച്ച എന്നെ പറഞ്ഞാ മതി.”കണ്ണുനീര് ഒഴുകി ഒഴുകി ചുണ്ടിലൊക്കെ പുളി പടർന്നു.

അമ്മ പറഞ്ഞു “നെലോളിക്കണ്ട. ഇനി ഇങ്ങനെ ചെയ്യരുത്. സത്യം മാത്രേ പറയാവൂ.. പിന്നെ ഒന്നും പേടിക്കണ്ടി വരില്ലാ കേട്ടോ.”അമ്മയും കരഞ്ഞു കൊണ്ടിരുന്നു.

മുത്തശ്ശി കാപ്പി തരാൻ വലിച്ചു കൊണ്ട് പോകുമ്പോ കുട്ടി കേട്ടു..”പൈസ എടുത്തത് പോട്ടെ.. നാലാം ക്ലാസിന്റെ പിന്നില് പടി എറങ്ങി പോയി പൂന്തോട്ടത്തില് ചുറ്റി നടന്നത് പറഞ്ഞത് കേട്ടിട്ടാ എനിക്ക് പേടി. ഈ മനോരാജ്യക്കാരി ഇനി എന്താവും ഈശ്വരാ…”

“അമ്മു വെഷമിക്കണ്ട. കുട്ടി ഒരു എഴുത്തുകാരി ആയാ നല്ലതല്ലേ. കുട്ടീടെ അമ്മയും ഒട്ടും മോശം അല്ലാരുന്നൂലോ” എത്തി നോക്കിയപ്പോ അമ്മ കരയുകയല്ല,അച്ഛന്റെ കൈയും കൂടി തന്റെ കൈക്കലാക്കി കണ്ണുമടച്ച് പ്രാർത്ഥിക്കുകയാണ്.

Read More: വി എം ഗിരിജയുടെ മറ്റ് രചനകൾ ഇവിടെ വായിക്കാം

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Vm girija story for children kanakadevi

Next Story
വയലറ്റും ഗ്രീനും-കുട്ടികളുടെ നോവൽ രണ്ടാം ഭാഗംpriya as novel
The moderation of comments is automated and not cleared manually by malayalam.indianexpress.com