scorecardresearch
Latest News

ഒരു മുയൽക്കുട്ടിക്കുള്ള കത്തുകൾ

അവൾ മുയലിന് കത്തെഴുതി “പ്രിയപ്പെട്ട മുയലേ… ഈ ബുക്ക് ബാക്കി വായിക്കാതെ ഞാനൊരു കഥ പറയാൻ പോകുന്നേ നാളെ…” വീണ എഴുതിയ കുട്ടികളുടെ കഥ

ഒരു മുയൽക്കുട്ടിക്കുള്ള കത്തുകൾ

അമേയക്ക് അന്ന് ഉച്ചക്ക് ആണ് ആ പുസ്തകം കിട്ടിയത്. സ്കൂളിലെ ലൈബ്രറിയിൽ നിന്നും വെള്ളിയാഴ്ച ദിവസം ആ പുസ്തകം അവൾക്ക് കിട്ടി. ശനിയും ഞായറും പുസ്തകം വായിച്ച് തിങ്കളാഴ്ച അത് ക്ലാസ്സിന് മുന്നിൽ അവതരിപ്പിക്കണം. അവൾ അതും പിടിച്ച് വീട്ടിലെത്തി. വീട്ടിൽ കുറച്ച് അതിഥികളുണ്ട്. അവരെ നോക്കി ഒരു ചിരി പാസ്സാക്കി അവൾ മുറ്റത്തേക്ക് ഓടി. അവിടെ ഒരു ചാമ്പ മരമുണ്ട്. അതിന്റെ മൂട്ടിലിരുന്ന് വായിച്ചപ്പോൾ അവൾക്ക് ആ വായന ഇഷ്ടമായി. മരം കയറിയും മരക്കൊമ്പിലിരുന്നും വായിക്കാൻ അവൾക്ക് കൊതിയായി.

മരത്തിൽ ഊഞ്ഞാലാടിയിരുന്ന് വായിച്ചപ്പോൾ അവൾ ഉറങ്ങിപ്പോയി. ഉറക്കത്തിൽ അവൾ വായിച്ചു നിർത്തിയ പേജിൽ നിന്നുമൊരു മുയൽക്കുട്ടി പുറത്തിറങ്ങി വന്നു. ” അമേയാ… അമേയാ… ” അത് ഉറക്കെ വിളിച്ചു. സംസാരിക്കുന്ന മുയലോ? അവൾ സ്വപ്നത്തിലും അതിശയിച്ചു. യഥാർത്ഥ ജീവിതത്തിൽ നടക്കാത്തത് സ്വപ്നങ്ങളിലും കഥകളിലും നടക്കും. മുയൽക്കുട്ടി ഒരു നഗരത്തിലെ രാജാവാണ്. അവളും മുയൽക്കുട്ടിയും അവിടെ നടക്കാനിറങ്ങി. അവിടെ കണ്ട ഒരു കഫേയിൽ കോഫി കുടിക്കാൻ പോയി. ” എനിക്ക് ഒരു മെക്സിക്കൻ ഡിലൈറ്റ് ” അമേയ കാപ്പി കുടിച്ചപ്പോൾ അവൾക്ക് ഒരു പൂച്ചമീശ പൊടിച്ചു. മുയൽക്കുട്ടി അത് നോക്കി ചിരിച്ചു.

“ഈ മരത്തിന്റെ മൂട്ടിൽ കിടന്ന് ചിരിച്ച് ഉറക്കമായോ ” വീട്ടിൽ വന്ന അതിഥികൾ അവളെ തട്ടി ഉണർത്തി. അവളുടെ കവിളുകളിൽ പിടിച്ചു. അവളുടെ പോണിടൈയിലിനെ ആട്ടി. അവൾ കഥാ പുസ്തകം അടച്ച് വച്ച് വീടിനുള്ളിലേക്ക് പോയി. അകത്തിരുന്ന് വായന തുടങ്ങി. അത് കൊള്ളാം, അകത്ത് ഒരിടത്തിരുന്നാലും പലയിടത്ത് പോകാം. പല രാജ്യങ്ങൾ കറങ്ങി വരാം. കഥ നടക്കുന്ന നാട്ടിലേക്ക് അവൾ പോകാനൊരുങ്ങി. ഒരു കൂട ആപ്പിളുകൾ അവൾ പൊതിഞ്ഞെടുത്തു. തിന്ന് കൊണ്ട് വായിക്കാൻ നല്ല രസമാണ്. അപ്പോൾ ഈ ബുക്കിനും വിശക്കില്ലേ… അവൾ അടുക്കളയിൽ നിന്നുമെടുത്ത മിക്സ്ച്ചർ പൊടിച്ച് ബുക്കിന് തീറ്റയിട്ടു കൊടുത്തു.

ഇപ്പോൾ അവൾ മതിലിൽ കിടന്ന് വായിക്കുകയാണ്. നീയിപ്പൊ മറിഞ്ഞു വീഴും അമേയാ… ആരോ വിളിച്ചു പറഞ്ഞു. അല്ലെങ്കിലും ഒരു കൊക്കയിൽ തള്ളിയിടാൻ ശത്രുക്കൾക്കും കഥകൾക്കുമല്ലേ പറ്റു. അമേയ എന്നുമൊരു കുസൃതിക്കാരിയായിരുന്നു. അവൾക്ക് അങ്ങനെ ഇരിക്കാനായിരുന്നു ഇഷ്ടം. അവൾ കഥയിൽ വായിക്കുന്നവ വീട്ടിൽ പരീക്ഷിച്ച് അമ്മയുടെ തല്ല് വാങ്ങി കൂട്ടുമായിയിരുന്നു. മഷിക്കുപ്പി തുറന്ന് അവൾ ഒരു നീലക്കടൽ ഉണ്ടാക്കാൻ നോക്കി. പച്ചത്തുള്ളൻമാരെ കൂട്ടി ഒരു സൂ തുടങ്ങാൻ നോക്കി. പെയിന്റ് പാട്ടയിൽ ഒരു ഗപ്പിക്കുളം തീർക്കാൻ നോക്കി. വീട്ടുകാരും കൂട്ടുകാരും അവളെ വിശ്വസിച്ചില്ല.

veena, story, iemalayalam

വൈകുന്നേരം അവൾ ഉറക്കെയുറക്കെ വായിക്കാൻ തുടങ്ങി. ” ചെവി തുരന്ന് പോകുമല്ലോ ” തയ്യൽ മേശയിൽ നിന്നും എഴുന്നേറ്റ് വന്ന അവളുടെ അമ്മ അവളുടെ തലയിൽ ഒരു കൊട്ട് കൊടുത്തു. അവൾ പതുക്കെ വായിക്കാൻ തുടങ്ങി. അപ്പോൾ അവൾക്ക് അവളുടെ ഹൃദയം കാണാൻ പറ്റി. അവൾ അങ്ങോട്ട് തുഴഞ്ഞു പോയി. വയറിനുള്ളിൽ അവൾക്ക് ശ്വാസം മുട്ടി. അവൾക്ക്‌ വീഴുങ്ങാനും തുപ്പാനും വയ്യ. വായിച്ചു പകുതിയായ കഥ അവളുടെ മനസ്സിൽ കിടന്ന് തബല കൊട്ടി. ബാക്കി കഥ വായിക്കണോ.

അമേയാ… അമേയാ… ആരൊക്കെയോ അവളെ കളിക്കാൻ വിളിച്ചു. ഫുട്ബോൾ കാണാനായി അവളും കൂട്ടുകാരും കുറേ തയാറെടുപ്പുകൾ ഒക്കെ നടത്തിയിരുന്നു. ചാർട്ട് പേപ്പറിൽ അവർ ഒരു കാൽപ്പന്ത് വരച്ച് അവരുടെ കോളനിക്ക് മുൻപിൽ തൂക്കിയിട്ടിരുന്നു. ഈ വർഷം അവൾ മെസ്സിക്ക് കത്തെഴുതിയിരുന്നു. പ്രിയപ്പെട്ട മെസ്സീ…ഈ വർഷം കളി നിർത്തരുതേ… അമേയ. ‘ഈ ഭാഷ മെസ്സി വായിക്കുമോ? ‘നോയൽ അവളെ കളിയാക്കി. ‘കഥകളിൽ അങ്ങനെയാണ്. ആർക്കും കത്തെഴുതാം. ദൈവത്തിന്, മരങ്ങൾക്ക്, പുഴയ്ക്ക്… ‘

‘ഹി ഹി ഹി… വട്ട് പെണ്ണേ ‘ നോയലും കൂട്ടുകാരും അവളെ കളിയാക്കി ചിരിച്ചു. അവൾ അപ്പോൾ മെസ്സിയായി അവനെ കുറ്റിചെടികൾക്കിടയിലേക്ക് പറത്തി. അന്ന് അവൾ കിടന്നും ഇരുന്നും ഉറങ്ങിയും നടന്നും ആ പുസ്തകം വായിച്ചു. കഥ തീരാത്തത്തിൽ അവൾക്ക്‌ സന്തോഷം തോന്നി. പാതി തിന്ന് വച്ച മുട്ടായി പോലെ അത് അവളെ കൊതിപ്പിച്ചു. അവൾ വീട്ട് മുറ്റത്ത് ഇരുന്ന് ബാക്കി കഥ മെനയാൻ തുടങ്ങി. അവളുടെ അമ്മ പുറകിൽ വന്ന് അവൾക്ക് മുടി പിന്നി കൊടുത്തു. “എനിക്ക് ഒരു മുയൽക്കുട്ടിയെ വേണം” അവൾ അമ്മയോട് കൊഞ്ചി.

“എന്തിന്?” അമ്മ ചോദിച്ചത് അവൾക്ക് ഇഷ്ടമായില്ല.

“പൊരിച്ചു തിന്നാൻ” അവൾ അമ്മയെ തട്ടി മാറ്റി ഓടി. ഇനി നാളെ ഞായറാഴ്ച കൂടെയേ ബാക്കിയുള്ളു. കഥ വായിച്ച് ക്ലാസ്സിൽ അവതരിപ്പിക്കണം. ഇല്ലെങ്കിൽ ടീച്ചർ ചെവിക്ക് പിടിക്കും. പുസ്തകം തുറന്നപ്പോൾ അവൾ കൂർക്കം വലിച്ച് ഉറങ്ങിപ്പോയി. അപ്പോൾ അവളുടെ അനിയൻ ഒരു പണി ഒപ്പിച്ചു. അവൾക്ക്‌ ഒരു കട്ടി മീശ വരച്ച് കൊടുത്തു. അവളുടെ നെറ്റിയിൽ ഒരു മുയലിന്റെ പടം വരച്ചിട്ടു. ഉണർന്നപ്പോൾ എല്ലാരും അവളെ നോക്കി ചിരിച്ചു. “അമേയ എന്ന മുയൽക്കുട്ടി ” അവളെ നോക്കി കണ്ണാടി അരുമയോടെ വിളിച്ചു. അവൾ അത് മാച്ച് കളഞ്ഞില്ല. ഞായർ മുഴുവനും കുളിക്കാതെ അത് മുഖത്ത്‌ കൊണ്ട് നടന്നു. അവൾ മുയലിന് കത്തെഴുതി “പ്രിയപ്പെട്ട മുയലേ… ഈ ബുക്ക് ബാക്കി വായിക്കാതെ ഞാനൊരു കഥ പറയാൻ പോകുന്നേ നാളെ…”

veena, story, iemalayalam

“പൊളിക്കും ” മുയൽ ആ രാത്രി തന്നെ അവൾക്ക് മറുപടി കൊടുത്തു. മുയലിന് അങ്ങനെ ഒരുപാട് നേരം അവളോട് മിണ്ടി നിൽക്കാൻ സമയമില്ല. അമ്പിളി മാമനിൽ വരെ എത്തേണ്ടത്തുണ്ട്. അഞ്ചാറ് ക്യാരറ്റ് തിന്ന് തീർക്കേണ്ടതായുണ്ട്. ഒരു ആമയുമായി ഓട്ടപ്പന്തയത്തിന് പോകേണ്ടതായുണ്ട്.

പിറ്റേന്ന് സ്കൂളിൽ അമേയ കഥ പറഞ്ഞു തുടങ്ങി. കൂട്ടുകാർ അങ്ങനെ കേട്ടിരിക്കുകയാണ്. അയ്യോ… പറഞ്ഞ് പോകുന്നത് വേറെ കഥയാണല്ലോ. കൂട്ടുകാർ രസം പിടിച്ച് കേട്ടും ചിരിച്ചും കൈ തട്ടിയും “വൗ വൗ ” തരുന്നുണ്ട്. കഥ അതാ എങ്ങോട്ടാ ഒഴുകി പോകുന്നു. ടീച്ചർ അവളെ നോക്കി ഇരിപ്പുണ്ട്. ടീച്ചർ ഇന്ന് വീട്ടിൽ വിളിക്കും.

ധിക്കാരി. അവളിന്ന് ക്ലാസ്സിൽ കഥ മാറ്റി പറഞ്ഞു. അമ്മ അവൾക്ക് മുടി കെട്ടി കൊടുക്കാൻ വരുമ്പോൾ തലയിൽ കൊട്ട് കൊടുക്കും. ദേഷ്യം പിടിച്ച് അവൾ ഒരു ചില്ല് ഗ്ലാസ്‌ എറിഞ്ഞുടയ്ക്കും. പത്രം വായിക്കുന്ന അച്ഛൻ ഉണർന്ന് വരും. ആദ്യം കയ്യിൽ കിട്ടുന്നത് അനിയനെ ആയിരിക്കും. അവൻ അടി കൊണ്ട് ഓടും. ” നീ ആണ് എല്ലാത്തിനും കാരണം. നീയാണ് മുയലിന്റെ പടം അവളുടെ മുഖത്ത് വരച്ചത്. അങ്ങനെ ആണ് അവൾ ബുക്ക് വായിക്കാത്തത്. അതാണ്‌ അവൾ കഥ മാറ്റി പറഞ്ഞത്. ” അത് കൊണ്ടാണ് ടീച്ചർ ദേഷ്യം പിടിച്ച് വീട്ടിലോട്ട് വിളിച്ചത്. ‘ ഇനി ഈ കഥ എഴുത്തുകാരൻ അറിഞ്ഞാലോ. നീ അയാളുടെ കഥ മാറ്റി പറഞ്ഞെന്ന്. അയാൾ ഇവിടെ വന്ന് നിന്നെ ശരിയാക്കില്ലേ…’ അമേയക്ക് തല ചുറ്റി. കഥ പറഞ്ഞു കഴിഞ്ഞ അവൾ ബെഞ്ചിൽ പോയിരുന്നു. കുട്ടികൾ അവളെ എടുത്ത് പൊക്കി.”സൂപ്പർ കഥ ” എല്ലാരും ഉറക്കെ പാട്ട് പോലെ പറഞ്ഞു. ടീച്ചർ ചിരിച്ചു. അവൾ വീട്ടിലേക്ക് സൈക്കിൾ ചവിട്ടി പോയി.

അമ്മ മുടി കെട്ടാൻ വന്നു. ഇന്ന് വീട്ട് മുറ്റത്ത് പൂത്ത ഒരു ചേഞ്ചിങ് റോസ്സ അവളുടെ മുടിയിൽ തിരുകി.

” അമ്മേ, ഞാനിന്നലെ ലൈബ്രറിയിൽ നിന്നും കൊണ്ട് വന്ന ബുക്കില്ലേ, എനിക്കത് ആമസോണിൽ നിന്നും വാങ്ങണം. പിന്നെ എനിക്കൊരു പെറ്റ് വേണം. ഒരു മുയൽക്കുട്ടി” അമ്മയും അമേയയും അനിയനും അച്ഛനും ചിരിച്ചു. അനിയന്റെ മുയൽചെവിയും മുയൽപല്ലും കണ്ട് അവർ വീണ്ടും വീണ്ടും ചിരിച്ചു. അമേയ വളർന്ന് വല്യ കുട്ടിയായി കഴിഞ്ഞും മുയൽക്കുട്ടിക്കുള്ള കത്തുകളുമായി പോസ്റ്റ്‌ ഓഫീസിൽ പോകുമായിരുന്നു. അമേയ വളർന്ന് ആരായി തീർന്നെന്ന് അറിയണ്ടേ? ഒരു എഴുത്തുകാരി. അമേയയുടെ പുതിയ പുസ്തകത്തിന്റെ പേരറിയണ്ടേ? ഒരു മുയൽക്കുട്ടിക്കുള്ള കത്തുകൾ…

  • കുട്ടിക്കഥക്കൂട്ടിൽ നാളെ ദാമോദർ രാധാകൃഷ്ണൻ എഴുതിയ കഥ വായിക്കാം
Children, Stories, Malayalam Writer

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Veena story for children oru muyalkkuttykulla kathukal

Best of Express