scorecardresearch

അപ്പുറം

“കള്ളം പറയാനും ഒളിച്ചിരിക്കാനുമുള്ള പൊന്തക്കാടാണ് കഥകളെന്ന് പറയാൻ പാടില്ലേ. ഒരിടത്തൊരിടത്ത് എന്നൊരു വള്ളി കിട്ടിയാൽ അതിൽ തൂങ്ങി കാട് മുഴുവനും കറങ്ങാമെന്ന് പറഞ്ഞില്ലേ. തഒരാൾ പറയുന്ന കഥ പലര് കേൾക്കുമ്പോൾ പലതായി മാറുമെന്നും പറഞ്ഞ് കൊടുക്കണേ” വീണ എഴുതിയ കഥ

അപ്പുറം

ഒരു കൂട്ടം കുട്ടികൾ തോട് മുറിച്ചു കടക്കുകയായിരുന്നു. തോട്ടിൽ നിന്നുമൊരു വെള്ളത്തിലാശാൻ അവരെ എത്തി നോക്കി. അവരുടെ കയ്യിൽ കളിത്തോക്കുകളുണ്ടായിരുന്നു. അവർ പ്ലാവില കൊണ്ടുള്ള തൊപ്പികൾ വച്ചിട്ടുണ്ടായിരുന്നു. അപ്പോൾ എതിരെ വേറൊരു കൂട്ടം കുട്ടികൾ നടന്നു വരികയായിരുന്നു. ഇപ്പോൾ പച്ച പാടത്ത്കൂടെ അതിലെയും ഇതിലെയും നടന്ന് വരുന്നത് കയ്യിൽ തോക്കുള്ളവരും തോക്കില്ലാത്തവരുമായ കുട്ടികളാണ്.

കളിത്തോക്കുകൾ കയ്യിലില്ലാത്ത കുട്ടികൾ അത് കൈയ്യിൽ വച്ച കുട്ടികളെ അസൂയയോടെ നോക്കി. “തുപ്പാക്കി, തീ തുപ്പിത്തോക്ക്, വെള്ളംതുപ്പിത്തോക്ക്” അവർ വിളിച്ച് പറഞ്ഞു. തോക്കുള്ള കുട്ടികൾ മറ്റവരെ നോക്കി. തോക്കെടുത്ത് കാഞ്ചി വലിച്ചു. തോക്കില്ലാത്തവർ വെടിയേറ്റ് വീഴുന്നത് പോലെ അഭിനയിച്ചു. വീണയുടനെ അവർ ഉറങ്ങാൻ തുടങ്ങി. ഉറക്കത്തിൽ അവരൊരു പാലം കയറി അപ്പുറത്തേക്ക് പോയി. ഒരു പടിക്കെട്ട് കേറി ആകാശത്തേക്ക് പോയി. അവിടം വേറെ തന്നെ ഒരു ലോകമായിരുന്നു.

“എങ്ങനെയുള്ള സ്ഥലമാണവിടം?” കളിത്തോക്കുകൾ പിടിച്ച് നിൽക്കുന്നവർ വിളിച്ച് ചോദിച്ചു.

” ഇവിടം വേറെ ഒരു ലോകമാണ്.”

“അവിടെ ചിരിക്കുന്ന പൂപാത്രത്തിന്റെയും പൊട്ടിക്കരയുന്ന ചെരുപ്പിന്റെയും കഥകൾ ഇല്ലേ?”

“ഇല്ല, ഇല്ല. ഇവിടെ ഉറങ്ങുന്ന രാജകുമാരിയുടെയും കാറ്റ് പോലെ പോകുന്ന കുതിരയുടെയും കഥകൾ ഇല്ല,” അവർ അവിടെ നിന്നും വിളിച്ചു പറഞ്ഞു.

ആ കളി തോക്കുള്ള കുട്ടികൾക്കും തോക്കില്ലാത്ത കുട്ടികൾക്കും ഒരുപോലെ ഇഷ്ടമായി. അവർ കൂവുന്നത് പോലെ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. കൂവുന്നത് പോലെ ഉത്തരങ്ങൾ പെയ്യാനും തുടങ്ങി.

veena, story , iemalayalam

“അവിടെ സംസാരിക്കുന്ന മൃഗങ്ങളും പാട്ട് പാടുന്ന കിളികളും ചിറക് മുളച്ച് വരുന്ന മീനുകളുമില്ലേ?”

“ഇല്ലേയില്ല. ഇവിടെ രാജ്യം വിട്ടു പോകുന്ന രാജകുമാരന്മാരും സ്വർണ്ണ ചെരുപ്പിട്ട രാജകുമാരിമാരും വേഷം മാറി നടക്കുന്ന ജാലവിദ്യക്കാരുമില്ല!”

“അവിടെയപ്പോൾ കഥ പറഞ്ഞാൽ ഉറങ്ങി പോകുന്ന കുട്ടികളില്ലേ?”

“ഇല്ല. ഇവിടെ കുട്ടികൾ കൂടുതൽ ചോറുണ്ണാൻ വേണ്ടി കഥകൾ പറഞ്ഞ് കൊടുക്കുന്ന അമ്മമാരുമില്ല.”

“അപ്പോൾ അവിടെ ജീവൻ നീട്ടി കിട്ടാനും രാത്രി ഉറങ്ങാതിരിക്കാനും സ്നേഹം പിടിച്ച് പറിക്കാനും കരയാതിരിക്കാനും ആരും കഥകൾ പറയാറില്ലേ.”

“ഇല്ല ഇവിടെ ആകാശത്തെ തൊടാമെന്നും നക്ഷത്രങ്ങളെ പറിച്ചെടുക്കാമെന്നും കടലിനടിയിൽ വേറൊരു ലോകമുണ്ടെന്നും ആർക്കുമറിയില്ല.”

“അപ്പോൾ അവിടെ യക്ഷികളുടെയും കള്ളന്മാരുടെയും കഥകൾ ഇല്ലേ,” കളിത്തോക്ക് പിടിച്ച കുട്ടികൾ പാടത്ത് കുത്തിയിരുന്നു.

veena, story , iemalayalam

ഒരു കുട്ടി അവിടെ കണ്ട ഒരു തുമ്പിയെ വാലിൽ പിടിച്ചെടുത്ത് ഒരു കുഞ്ഞ് കല്ല് അതിനെടുക്കാനായി ഇട്ടു കൊടുത്തു.

അപ്പോൾ അപ്പുറത്തു നിന്നും കുട്ടികൾ ഉറക്കെ വിളിച്ചു പറഞ്ഞു.

“കഥകളോ? അത് എന്താണ് എന്ന് ഇവിടെയുള്ളവർ ചോദിക്കുന്നു. ഇവിടെ കഥകളേയില്ല. സൂത്രവാചകം ചൊല്ലുമ്പോൾ തുറന്ന് വരുന്ന ഗുഹകളെ കുറിച്ച് ഇവർ കേട്ടിട്ടേയില്ല. കുപ്പിയിൽ നിന്നും പുറത്ത് വരുന്ന ഭൂതം വരം കൊടുക്കുമെന്ന് ഇവർക്കറിയില്ല. രാജകുമാരിയുടെ സ്വർണ്ണമാലയുമായി പറന്ന് പോയ കാക്കയെ കുറിച്ച് ഇവർ കേട്ടിട്ടേയില്ല….”

“കള്ളം പറയാനും ഒളിച്ചിരിക്കാനുമുള്ള പൊന്തക്കാടാണ് കഥകളെന്ന് പറയാൻ പാടില്ലേ. നിർത്ത്, നിർത്ത് എന്നാരെങ്കിലും പറഞ്ഞാൽ ദേഷ്യം തോന്നുമെന്ന് പറഞ്ഞൂടായിരുന്നോ. ഒരിടത്തൊരിടത്ത് എന്നൊരു വള്ളി കിട്ടിയാൽ അതിൽ തൂങ്ങി കാട് മുഴുവനും കറങ്ങാമെന്ന് പറഞ്ഞില്ലേ. തീർന്ന് പോകാതെ ഒരു മുട്ടായി പോലെ പൊതിഞ്ഞു സൂക്ഷിച്ചാലും അങ്ങനെ അവർ സന്തോഷത്തോടെ ജീവിച്ചു എന്ന് ഒടുക്കം അലിഞ്ഞു പോകുമെന്ന് ഇനി അവർക്ക് പറഞ്ഞ് കൊടുക്കണോ. ഒരാൾ പറയുന്ന കഥ പലര് കേൾക്കുമ്പോൾ പലതായി മാറുമെന്നും പറഞ്ഞ് കൊടുക്കണേ.”

അങ്ങനെ കഥ പറയാൻ തുടങ്ങി ഞങ്ങൾ. നമ്മുടെ സ്വപ്നങ്ങളെ പറ്റി തന്നെ. ആരാണാദ്യം കഥകൾ പറഞ്ഞ് തുടങ്ങിയത്? സ്വപ്‌നങ്ങൾ കാണുമ്പോൾ നമ്മൾ ഉറങ്ങുകയല്ലല്ലോ. നമ്മളെങ്ങനെ ഉണർന്നിരിക്കുകയല്ലേ. ഉണർന്നിരി ക്കുമ്പോൾ കേൾക്കുന്ന കഥകൾ തന്നെയല്ലേ നമ്മുടെ സ്വപ്നങ്ങൾ?

“ങേ,” കളിത്തോക്ക് പിടിച്ചവർ വീണ്ടുമൊരു വെടി പൊട്ടിച്ചു. പൊട്ടാസ്സ് പൊട്ടുന്ന പോലെ ഒച്ച കേട്ടു. പച്ചതുള്ളന്മാർ ചിതറി പോയി. ആഴമുള്ള കിണറ്റിൽ നിന്നും ചുവന്ന മുടിയുള്ള ഒരു പെണ്ണ് കയറി വന്നു.

” വാ വാ കഥകൾ പറഞ്ഞ് തരാം. മരത്തിൽ തൂങ്ങി കിടക്കുന്ന വവ്വാലുകളെ പറ്റി ഒരു കഥ പറഞ്ഞു തരാം.”

രാത്രിയിൽ വെളുത്ത പൂക്കൾ മാത്രം പൂക്കുന്ന മരം പറഞ്ഞു “മരം കേറി വാ. സ്വർണ്ണത്തലമുടിയുള്ള പെൺകുട്ടിയുടെയും അവളുടെ അരുമയായ പൂച്ചക്കുട്ടിയുടെയും കഥ പറഞ്ഞ് തരാം.”

നടന്നു പോയ വഴിപോക്കർ വിളിച്ച് പറഞ്ഞു “ഞങ്ങൾ പല നാടുകളിൽ പോയപ്പോൾ കേട്ട കഥകൾ പറഞ്ഞു തരാം. ഈ ലോകമുണ്ടായതിനെ പറ്റി പറയാം.”

veena, story , iemalayalam

കുഞ്ഞുങ്ങളെ ഒക്കത്ത് പിടിച്ച സ്ത്രീകൾ പറഞ്ഞു “കിണറ്റിലെത്തി നോക്കിയാൽ ഉള്ളിലേക്ക് വലിച്ചു കൊണ്ട് പോകുന്ന പണ്ടാരത്തിന്റെ കഥ പറയാം.”

നക്ഷത്രങ്ങളെ കുറിച്ച്, രാജാക്കന്മാരെ കുറിച്ച്, കടലിനെ പറ്റി, കാട്ടുപ്പൂക്കളെ പറ്റി. പറഞ്ഞു പറഞ്ഞു പറഞ്ഞു കഥകളങ്ങനെ പെറ്റ് പെരുകി. കഥ പറഞ്ഞ കുട്ടികളും കഥ കേട്ട കുട്ടികളും പടികളിറങ്ങി തിരിച്ചു വന്നു. കര, കുളം, കടൽ. എവിടെ ആദ്യം കാല് കുത്തും?

തോക്കേന്തിയ കുട്ടികൾ തോക്ക് പിടിക്കാത്ത കുട്ടികളോട് കണ്ണ് തുറന്നു പിടിക്കാൻ പറഞ്ഞു. അവർ പാട്ട് പാടാൻ തുടങ്ങി. കാട്ടിൽ പോണോ? വീട്ടിൽ പോണോ? കാട്ടിൽ പോയാൽ കടുവയെ കണ്ടാൽ പേടിക്കുമോ? അവർ ഇല്ലാന്ന് തലയാട്ടി. കണ്ണുകൾ തുറന്ന് പിടിച്ചു. കൂട്ടുകാർ കണ്ണുകളിലേക്ക് കാറ്റൂതി. കണ്ണുകൾ തൊട്ടാവാടി പോലെ അടഞ്ഞു. “പേടിച്ചേ” പിന്നെയവർ ഒരു കുട്ടിയുടെ കണ്ണ് പൊത്തി കളിച്ചു. കണ്ണടച്ച് വട്ടം ചുറ്റി അവനെ കൂട്ടുകാർ മൈതാനത്തിൽ കൊണ്ട് വിട്ടു. അവൻ നടക്കാൻ തുടങ്ങി. നാട്ടിടവഴികളിലൂടെ, വീട്ടുമുറ്റങ്ങളിലൂടെ, കിണറ്റു വക്കിലൂടെ അവൻ നടന്ന് നടന്ന് പോയി. കൂട്ടുകാരെ കളഞ്ഞു പോയി.

“കഥ കേട്ട് പേടിച്ചോ,” അവൻ ചോദിച്ചു.

“പേടിച്ചു മുള്ളി,” ഒരുത്തൻ പറഞ്ഞു.

കളിത്തോക്ക് പിടിച്ചവർ അത് വലിച്ചെറി ഞ്ഞു ഓടാൻ തുടങ്ങി. മറ്റ് കുട്ടികൾ അവരുടെ പിറകേ ഓടി. ഓടുന്ന കുട്ടികൾ പോയി തൊട്ടതെല്ലാം കഥകളായി മാറി. നാട്ടുമരങ്ങൾ, വീട്ടുമുറ്റങ്ങൾ, അവിടെ അയയിൽ ഉണക്കാനിട്ട തുണികൾ, ചെടിച്ചട്ടിയിലെ ഓടിച്ചു കുത്തി പൂക്കൾ…

ഓടുന്ന കുട്ടികൾ തീവണ്ടി പോലെ കൂകി പാഞ്ഞു പോയി. പിന്നെയവർ തുമ്പികളെ പോലെ പറക്കാനും തുടങ്ങി. മഴ ആർത്തു പെയ്തു.

Read More: വീണയുടെ മറ്റ് രചനകള്‍ ഇവിടെ വായിക്കാം

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Veena story for children appuram