scorecardresearch
Latest News

ഒരു ഒമ്പതാം ക്ലാസുകാരന്റെ വായനാനുഭവങ്ങൾ

പുസ്തകങ്ങളെ സ്നേഹിക്കുന്ന ഒരു സമൂഹമാണ് ഇവിടെ ഉണ്ടാവേണ്ടത്. അതിനുള്ള ശ്രമങ്ങൾ ആരംഭിക്കേണ്ടത് നമ്മൾ കുട്ടികൾക്കിടയിൽ നിന്നാണ്

ഒരു ഒമ്പതാം ക്ലാസുകാരന്റെ വായനാനുഭവങ്ങൾ

ജൂൺ 19. വായനാ ദിനം. കേരളത്തിലുടനീളം ഗ്രന്ഥശാലകൾ നിർമ്മിക്കുവാൻ മുൻകൈ എടുത്ത് മലയാളികളുടെ വായനയെ പരിപോഷിപ്പിച്ച “പി.എൻ.പണിക്കരുടെ ചരമദിനമാണ് ജൂൺ 19.

ധാരാളം പുസ്തകങ്ങൾ ഞാൻ വായിച്ചിട്ടുണ്ടെങ്കിലും, ചുരുക്കം ചില പുസ്തകങ്ങളാണ് എപ്പോഴും മനസ്സിൽ തട്ടി നിൽക്കുന്നത്.ടോട്ടോച്ചാനും, മാലി സർക്കസ്സും, ടോം സോയറും, ഹക്കിൾ ബെറിഫിന്നുമൊക്കെ എന്റെ പ്രിയപ്പെട്ട പുസ്തകങ്ങളാണ്.

ആദ്യമൊക്കെ അമ്മയായിരുന്നു വായിച്ചുതന്നിരുന്നത്. പിന്നീട് സ്വയം വായിച്ചു തുടങ്ങിയപ്പോൾ കൂടുതൽ രസകരമായി മാറി വായന. അക്കാലത്ത് ടോട്ടോച്ചാനായിരുന്നു എന്റെ പ്രിയപ്പെട്ട പുസ്തകം. ട്ടോട്ടോച്ചാനും, കൊബയാഷി മാസ്റ്ററും, ട്ടോമോ സ്കൂളും മനസ്സിൽ നിന്നും ഒരിക്കലും മായില്ല. കുറുമ്പിയായ ടോട്ടോച്ചാൻ ടോമോ സ്കൂളിലെത്തുമ്പോൾ ഉണ്ടാകുന്ന രസകരമായ അനുഭവങ്ങളും, തീവണ്ടി സ്കൂളും കൊബയാഷി മാഷിന്റെ ക്ലാസ്സുകളുമെല്ലാം ലോകത്തെ എല്ലാ കുട്ടികളുടെയും സ്വപ്നം കൂടിയായിരിക്കും.

വായിച്ചിട്ടുള്ള പുസ്തകങ്ങളിൽ ഏറ്റവും പ്രചോദിപ്പിച്ചിട്ടുള്ള പുസ്തകം “ആൽക്കെമിസ്റ്റ്” ആണ്. ബ്രസീലിയൻ എഴുത്തുകാരൻ പൗലോ കൊയ്‌ലോയുടെ ലോക പ്രശസ്ത നോവലാണ് ആൽക്കെമിസ്റ്റ്. ഒരു ഇടയ ബാലന്റെ സ്വപ്‌നം സാക്ഷാത്കരിക്കാൻ ലോകം മുഴുവൻ അവന്റെ കൂടെ നിൽക്കുന്നു. അത് അവനുള്ളിൽ ഒരു പോസിറ്റീവ് വൈബ് ഉണ്ടാക്കിയെടുക്കുന്നു.

ഇത്തരം അനുഭവങ്ങൾ എനിക്കുമുണ്ടായിട്ടുണ്ട്. Life is a game, എന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ടല്ലോ? അതുപോലെ പലതരം കളികൾ നിറഞ്ഞതാണ് ജീവിതം. ചിലപ്പോൾ രസകരവും മറ്റു ചിലപ്പോൾ ഭയാനകവുമായ കളികൾ. പ്രതിസന്ധികളെയും, പ്രതികൂലാവസ്ഥകളെയും പരമമായ ലക്ഷ്യം നേടിയെടുക്കാൻ വേണ്ടി മറികടക്കുമ്പോൾ പൗലോ കൊയ്ലോ പറഞ്ഞ വാക്കുകൾ ഓർമ്മ വരും: ”When you want something, all the universe conspires in helping you to achieve it.” 1988 ൽ പുറത്തിറങ്ങിയ പുസ്തകം മുപ്പത്തിയൊന്ന്  വര്ഷ‍ങ്ങൾ കൊണ്ട് ലോകമാകെ പത്ത് കോടി കോപ്പികളാണ് വിറ്റ് പോയിട്ടുള്ളത്. ഇന്നും വായിക്കുമ്പോൾ ഓരോരുത്തരെയും ഈ പുസ്തകം പ്രചോദിപ്പിക്കുന്നു.swarandeep,reading day,memories,iemalayalam

അടുത്ത കാലത്തു വായിച്ചതിൽ പ്രശസ്ത തമിഴ് – മലയാളി എഴുത്തുകാരൻ ”ജയമോഹൻ” എഴുതിയ “മിണ്ടാച്ചെന്നായ്‌” എന്ന നോവൽ എനിക്കേറെ ശ്രദ്ധേയമായി തോന്നി. വളരെ കാലങ്ങൾക്ക് മുൻപ് ഉണ്ടായിരുന്ന ബ്രിട്ടീഷ് ആധിപത്യവും, അവർക്കു മുൻപിൽ കീഴടങ്ങേണ്ടി വന്ന മനുഷ്യരുടെയും, മൃഗങ്ങളുടെയുംചുട്ടുപൊള്ളുന്ന ജീവിതവുമാണ് ഈ നോവലിന്റെ പ്രതിപാദ്യം.”വിൽസൺ” എന്ന ഇംഗ്ലീഷുകാരൻ സായിപ്പിന്റെ സഹായിയും, സന്തതസഹചാരിയുമാണ് കഥാനായകൻ. സായിപ്പ് പറയുന്നത് എന്തും അക്ഷരംപ്രതി അനുസരിക്കാനും, നെഞ്ച്കുത്തി പിളർക്കുന്ന തെറി വിളികളും അസഭ്യങ്ങളും ഏറ്റുവാങ്ങാനും വിധിക്കപ്പെട്ട ഒരു അടിമ.

ഇംഗ്ലീഷ് ആധിപത്യത്തിനു മുൻപിൽ വിധേയരാകേണ്ടി വന്ന എത്രയോ മനുഷ്യരുടെ ഒരു പ്രതിനിധി മാത്രമാണ് കഥ നായകൻ. അവൻ കഴിക്കുന്നത് സായിപ്പിന്റെ എച്ചിലാണ്. അവൻ സംസാരിക്കുന്നത് വളരെ വിരളമാണ്, അതിനാൽ അവൻ ”മിണ്ടാച്ചെന്നായ” എന്നറിയപ്പെടുന്നു. “അവന്റെ അച്ഛനും സായിപ്പാണ്. ആ അവിഹിത സന്തതിക്ക് പൂച്ചക്കണ്ണുകളാണ്. മിണ്ടാച്ചെന്നായ എന്ന വിളിക്ക് ഒരു കാരണം അതുകൂടിയാണ്. വിൽസൺ സായിപ്പിന്റെ സകല ക്രൂരതകളും ഏറ്റുവാങ്ങേണ്ടി വരുമ്പോഴും കഥാനായകൻ സായിപ്പിനെ ശപിക്കുക പോലും ചെയ്യുന്നില്ല. കാരണം അവൻ നിരന്തരം വേട്ടയാടപ്പെടുന്ന മിണ്ടാച്ചെന്നായ മാത്രമാണ്.

നോവലിന്റെ അവസാനമാണ് ഏറെ ശ്രദ്ധേയം. കൊക്കയിൽ വീഴാൻ തുടങ്ങുന്ന നായകനെ പിടിച്ച് രക്ഷിക്കാൻ സഹായിക്കുകയാണ് വിൽസൺ എന്ന സായിപ്പ്. അയാളുടെ ആ മാനസാന്തരത്തിനു കാരണമുണ്ട്. പാമ്പുകടിച്ച് മരണമുഖത്തെത്തിയ സായിപ്പിനെ പച്ചമരുന്നുകളിലൂടെ നാട്ടു ചികിത്സയിലൂടെ രക്ഷിച്ചത് അവനാണ്. എത്രയോ ചവിട്ടിത്തേച്ചിട്ടും അവൻ തന്റെ യജമാനനെ മരണത്തിനു വിട്ടുകൊടുത്തില്ല.

ഇപ്പോൾ അയാളുടെ കരങ്ങൾ പിടിച്ച് ജീവിതത്തിലേക്കുയരാൻ കഥാനായകൻ ആഗ്രഹിക്കുന്നില്ല. വിൽസണിന്റെ കരങ്ങൾ അവനെ തിരികെ ജീവിത്തിലേക്കല്ല ഉയർത്തുന്നത്, മറിച്ച് അടിമത്തത്തിന്റെ, വിധേയത്വത്തിന്റെ പഴയ ലോകത്തേക്കാണ്. അവനതാഗ്രഹിക്കുന്നില്ല. അതു രക്ഷയല്ല. മരണത്തെക്കാൾ മോശമായ അവസ്ഥയാണത്. അവൻ അവസാനം സായിപ്പിനെ ധിക്കരിച്ച് സ്വയമൊരു തെരഞ്ഞെടുപ്പു നടത്തുന്നു. സ്വന്തം മരണം .

മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാർ വിശപ്പിനെക്കുറിച്ച് എഴുതിയിട്ടുള്ള, അവിസ്‌മരണീയമായ ഒരു പിടി കഥകളുടെ സമാഹാരമാണ് ഞാൻ അവസാനം വായിച്ചത്. മനസ്സിനെ പിടിച്ചുലക്കുന്ന, ചിന്തിപ്പിക്കുന്ന ഇതിലെ ഓരോ കഥകളും തീരാത്ത വിശപ്പു പോലത്തെ പുകച്ചിലാണ് മനസ്സിന് സമ്മാനിക്കുന്നത്.swarandeep,reading day,memories,iemalayalam

‘നന്തനാർ’ എഴുതിയ ‘വിലക്കപ്പെട്ട കഞ്ഞി’ എന്ന കഥക്ക് വായനക്കാരന്റെ മനസ്സിന്റെ അകത്തളങ്ങളിൽ ചൂഴ്ന്നിറങ്ങാനുള്ള ശേഷിയുണ്ട്.

‘വേണു’ എന്നൊരു പാവം മനുഷ്യനാണ് കഥാനായകൻ. ജോലി ചെയ്‌ത്‌ അവന് പണം സമ്പാദിക്കണം, വീട്ടിലെ ദാരിദ്യത്തിന് തെല്ലൊരാശ്വാസം കണ്ടെത്തണം. അതിനായ് അവൻ മധുരയിലെ ‘കാപ്പി ക്ലബിൽ’ ജോലിക്കായി, അവിടെ ക്ലബ് നടത്തുന്ന അയൽക്കാരൻ അയ്യരോട് യാചിക്കുന്നു. ഒരു പന്ത്രണ്ടു വയസ്സുകാരന്റെ നിസ്സഹായാവസ്ഥയെ, അവന്റെ വീട്ടിലെ ദാരിദ്ര്യത്തെ, ദുഃഖം എന്ന ഒരൊറ്റ വർണ്ണം കൊണ്ട് വരച്ച ഒരു ചിത്രമാണ് ‘വിലക്കപ്പെട്ട കഞ്ഞി’. ഒടുവിൽ വിശപ്പ് സഹിക്ക വയ്യാതെ അരണ ചത്തുവീണ, താഴ്ന്ന ജാതിക്കാരുണ്ടാക്കിയ കഞ്ഞി കുടിക്കേണ്ടി വരുന്ന വേണു എന്ന പന്ത്രണ്ടു വയസ്സുകാരന്റെ ആ അവസ്ഥ ലോകത്ത് വിശപ്പാണ് ഏറ്റവും വലുത് എന്ന് കാട്ടിത്തരുകയും, ജാതിയും മതവും, അതിന്റെ ഉച്ചനീചത്വങ്ങളും വിശപ്പിനു മുന്നിൽ ഒന്നുമല്ലെന്നു പറയുകയും ചെയ്യുന്നു.

‘ഒരു പിറന്നാളിന്റെ ഓർമ്മ’ എന്ന പേരിൽ ‘എം.ടി. വാസുദേവൻ നായർ’ എഴുതിയ അനുഭവകഥ തിക്‌തമായ ഒരു പിറന്നാളോർമ്മയെക്കുറിച്ചാണ് പറയുന്നത്.
‘എം.പി. നാരായണപിള്ള’ എഴുതിയ ”കള്ളൻ’ എന്ന കഥയിൽ ഒരു നേരത്തെ വിശപ്പ് ശമിപ്പിക്കുവാൻ, ഓടിളക്കി മാറ്റി വീട്ടിനുള്ളിൽ കയറി കുറച്ച് ചോറ് മോഷ്‌ടിച്ച് തിന്നുകയാണ് കഥാനായകൻ. ഭക്ഷണം മോഷ്‌ടിച്ച് കഴിക്കേണ്ടി വരുന്ന കഥാനായകന്റെ അവസ്ഥ അയാൾ അനുഭവിക്കുന്ന കൊടും ദാരിദ്ര്യത്തിലേക്ക് വിരൽ ചൂണ്ടുകയാണ്. ഇതു വായിച്ചപ്പോൾ കഴിഞ്ഞ വർഷം നടന്ന ഒരു സംഭവമാണ് എന്റെ  മനസ്സിലേക്കോടിയെത്തിയത്.  ‘മധു’ എന്ന പാവപ്പെട്ട ആദിവാസി യുവാവ്, വിശപ്പ് സഹിക്കവയ്യാതെ, ഒരു റേഷൻ കടയിൽ നിന്നും ഭക്ഷ്യ സാധനങ്ങൾ മോഷ്ടിച്ചുവെന്ന് ആരോപിച്ച്, നാട്ടുകാർ കെട്ടിയിട്ട് ആൾക്കൂട്ട വിചാരണ നടത്തി.  അവർ തന്നെ ശിക്ഷ വിധിച്ച്, ആ പാവം യുവാവിനെ തല്ലിക്കൊന്നു. മധു അപഹരിച്ചുവെന്നു പറയുന്നത് പണമോ, സ്വർണ്ണമോ അല്ല, കുറച്ച് ഭക്ഷണം മാത്രം. വിശപ്പടക്കാനുള്ള വക മാത്രം.

വെയിലത്തും മഴയത്തും എല്ലുമുറിയെ പണിത് ഉണ്ടാക്കി കൊയ്‌തെടുത്ത വിളവ്, ഒരൽപ്പം പാവം കർഷകൻ ഒരു നേരത്തെ അത്താഴ പട്ടിണി മാറ്റാൻ എടുക്കുമ്പോൾ ജന്മിക്ക് അത് മോഷണമാണ്; ‘കാരൂർ നീലകണ്ഠപ്പിള്ള’, ‘അന്നത്തെകൂലി’ എന്ന കഥയിൽ പറയുന്നു.

‘റ’ എന്ന കോവിലന്റെ കഥയിൽ ‘ബാജി’ എന്ന കുട്ടിയാണ് കഥാനായകൻ. അദ്ധ്യാപിക ഹാജർ വിളിക്കുമ്പോൾ, എഴുന്നേറ്റ് നിന്ന് ഉറക്കെ ഒന്ന് മിണ്ടാൻ പോലുമാകുന്നില്ല അവന്. കാരണം ബാജിയെ വിശപ്പ് തളർത്തുന്നു.’റ’ എന്ന അക്ഷരം പോലെ അവന്റെ ജീവിതവും, അസഹ്യമായ വിശപ്പിനാൽ ഒരു പാതി വൃത്തത്തിനുള്ളിൽ പൂർണതയില്ലാതെ ഒതുങ്ങുന്നു.

കഥകളെല്ലാം വായിച്ചു തീർന്നപ്പോൾ വിശപ്പിനെക്കുറിച്ചാണ് ഞാനാലോചിച്ചത്. ഒരൽപ്പനേരം ഭക്ഷണം വൈകിയാൽ പോലും സഹിക്കാനാവാത്തവരാണ് നമ്മൾ. അപ്പോൾ ദിവസങ്ങളോളം ഭക്ഷണം കിട്ടാത്തവരുടെ അവസ്ഥയോ? വിശക്കുന്നവരുടെ വയറു നിറയ്ക്കാനുള്ള ഏതു ശ്രമവും പുണ്യമാണെന്ന് ഇത്തരം കഥകൾ നമ്മളെ ഓർമ്മപ്പെടുത്താതിരിക്കില്ല.

വായനയ്ക്ക് മനുഷ്യനെ നല്ലവനാക്കാനും സംസ്കൃതചിത്തനാക്കാനും കഴിയും. പക്ഷേ പുതിയ തലമുറ വായനയോടു പൊതുവേ താല്പര്യമില്ലാത്തവരാണ്. ഗ്രന്ഥശാലകൾ ധാരാളമുണ്ടെങ്കിലും നല്ല വായനക്കാർ കുറഞ്ഞു പോകുന്നു. വായനയോട് ഇഷ്ടമുള്ള, പുസ്തകങ്ങളെ സ്നേഹിക്കുന്ന ഒരു സമൂഹമാണ് ഇവിടെ ഉണ്ടാവേണ്ടത്. അതിനുള്ള ശ്രമങ്ങൾ ആരംഭിക്കേണ്ടത് നമ്മൾ കുട്ടികൾക്കിടയിൽ നിന്നാണ്.

തലശ്ശേരി ഗവ.ബ്രണ്ണൻ സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർഥിയാണ് സ്വരൺദീപ്

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Vayana dinam books and reading