scorecardresearch
Latest News

പേര് വെട്ടൽ

“പേര് വെട്ടാൻ ആരെങ്കിലും വന്നാൽ അവരെയൊക്കെ പിടിച്ച് പൂട്ടിയിടും. ശിക്ഷ ഒന്നുമില്ല. അവരുടെ പേരുകൾ തോന്നിയ പോലെ ഞാനും വെട്ടും. അലിക്കുഞ്ഞിന്റെ അലിയും കുഞ്ഞും – ട്ടേ – ദേ രണ്ടാവുന്നു. രാജലക്ഷ്മിയുടെ രാജവും ലക്ഷ്മിയും വെട്ടി എറിയും…” വി എം ഗിരിജ എഴുതിയ കുട്ടികളുടെ കഥ

vm girija, story, iemalayalam

കുട്ടിയുടെ പേര് വെട്ടും – എന്ന് ആരോ പറഞ്ഞു, പേര് വെട്ടുകയോ? എന്താവും അത്? ട്രീസാ പുഷ്പം എന്ന പേര് കൂട്ടുകാരിയുടേതാണ്. അത് വെട്ടിയാൽ പ്രശ്നം ഒന്നുമില്ല. ട്രീസ, പുഷ്പം എന്ന രണ്ടു നല്ല പേരുകൾ കിട്ടും. ചെമ്പരത്തിയോ റോസയോ കൊമ്പു വെട്ടി നടും പോലെ ആ പേരുകളും മുളയ്ക്കും, പൂവിടും.

എന്റെ പേര് എങ്ങനെ വെട്ടാനാ? ജയന്തി എന്ന പേര് ജയ എന്നാക്കാം. പക്ഷേ ബാക്കി വന്ന ന്തി എന്തു ചെയ്യും? ഒരു വിരലോ ചെവിയോ വെട്ടി മുറിച്ച പോലെ ആ ” ന്തി” നിലത്ത് കിടന്ന് പിടയുന്നതോർത്ത് കുട്ടിക്കു കരച്ചിൽ വന്നു.

കുട്ടി പനി പിടിച്ചു കിടക്കുകയായിരുന്നു. അതു കൊണ്ട് ഒരാഴ്ചയായി സ്കൂളിൽ പോയിട്ട്. കുട്ടൻ വൈദ്യരുടെ കഷായവും ഗുളികയുമാണ് മരുന്ന്. എന്തൊരു ചവർപ്പാണെന്നോ. ഛർദ്ദിക്കാൻ വരും. പിന്നെ വായിക്കാനും പാടില്ല, കണ്ണിന് കേടാവുമത്രേ. കളിക്കാനും പാടില്ല. റേഡിയോ കേൾക്കാം എന്ന് വെച്ചാൽ കുട്ടിയുടെ വീട്ടിലല്ല, അയൽപക്കത്തൊന്നും ഇല്ല ആ കുന്ത്രാണ്ടം!

പിന്നെ സമയം പോണ്ടേ.

“അമ്മേ, ഒരിത്തിരി നേരം ഇവിടെ വന്നിരിക്കൂ, ഒരു പാട്ട് പാടിത്തരൂ” എന്ന് പറഞ്ഞാൽ അമ്മ പറയും.

“പണി ഒന്നും പോരാഞ്ഞിട്ട് കഷായോം വെക്കണം, എന്റെ ജയന്തീ, ഒരു കയ്യൊഴിവ് വേണ്ടേ” അത് സത്യമാണ്. പിന്നെ അച്ഛനാണെങ്കിൽ അതിരാവിലെ അഞ്ചു മണിക്ക് കമ്പനിപ്പണിക്കു പോവും. രാത്രി എട്ടു മണിക്കേ തിരിച്ചു വരു. അതിനിടക്കാണ് ഈ പേരു വെട്ടലിന്റെ കാര്യം അടുത്ത വീട്ടിലെ ചന്ദ്രിക വന്ന് പറയുന്നത്. ആ കുട്ടിയോട് വേറെ ഏതോ കുട്ടി പറഞ്ഞതാണ് എന്ന്!

അതെന്തെങ്കിലുമാവട്ടെ, പുതിയ പാഠം എടുത്തത് ഒന്ന് വായിച്ചു തരാമോ എന്നു ചോദിച്ചപ്പോൾ ചന്ദ്രികക്ക് ഒട്ടും സമയമില്ല. സ്കൂൾ വിട്ടു വന്നാൽ പശുവിന് വെള്ളം കൊടുക്കണം, പുല്ലരിയണം, ചില ദിവസം കായ്കറിക്ക് നനയ്ക്കാനും ഉണ്ടാവും. ഇതൊക്കെ കഴിഞ്ഞ് പുഴയിൽ പോയി കുളിച്ചു വരുമ്പോഴേക്കും വിളക്കുവെക്കാനുമാവും.

vm girija, story, iemalayalam

ജയന്തി എന്ന കുട്ടി ഭാവനയിൽ ജീവിക്കാൻ തുടങ്ങിയത് അങ്ങനെയാണ്. “ഫീസ് അടക്കണം ജയന്തീ, അവധി തീരാറായി” എന്ന് പത്മാവതി ടീച്ചർ പല കുറി പറഞ്ഞതാണെങ്കിലും ജയന്തി മൈൻഡ് ചെയ്തില്ല.

കാരണം അച്ഛന്റെ കീശ എന്നും കാലിയാണ് എന്നറിയാം. പിന്നെ ദേ പനി വന്നപ്പോൾ അതിന് ചെലവെന്താ! എൽ എസ് എസ്സും യു എസ് എസ്സും സ്കോളർഷിപ്പ് കിട്ടിയ മിടുക്കിക്കുട്ടിയാണ് താൻ. പോരാഞ്ഞിട്ട് ഇംഗ്ലീഷ്, മലയാളം പ്രസംഗത്തിലും ഉപന്യാസത്തിലും ഒന്നാമത്. കവിതാലാപനം ഇംഗ്ലീഷിലും മലയാളത്തിലും ടോപ്പ്.

“The boy stood on the burning deck” എന്ന് തുടങ്ങുന്ന കവിത സെലീന സിസ്റ്റർ പഠിപ്പിച്ചത് ചൊല്ലുന്ന കേട്ട എല്ലാവരും കരഞ്ഞു . “CaSabianca” എന്നായിരുന്നു ആ പോയത്തിന്റെ പേര്. പോയം എന്ന് പറയരുതെന്ന് സിസ്റ്ററ് പറഞ്ഞു. “പോം” എന്ന് വേണമത്രെ! എട്ടിലാണ്, ഇംഗ്ലീഷ് മീഡിയം അല്ല: അതാവും ഇതൊന്നും നേരത്തെ അറിയാതിരുന്നത്.

മലയാള കവിതയും ദുഃഖമയമായിരുന്നു. ഒരു കുട്ടിയുടെ അച്ഛൻ മരിച്ചു പോവുന്നത്. വയലാർ എന്ന കവി എഴുതിയതാണ്. ആലപ്പുഴ, ആറഞ്ച് എന്നീ വാക്കുകളാണ് അതിൽ കുട്ടിയെ കുഴക്കിയത്. ആലപ്പുഴയൊരു പുഴയാണോ എന്ന് അറിയില്ല എന്തായാലും സ്കൂളിന് പോയിന്റ്‌ വാരി വാരിക്കൂട്ടുന്ന കുട്ടിയെ സ്കൂളുകാർ ഒഴിവാക്കില്ല എന്നുറപ്പുണ്ട്. ഫീസ് പിന്നെ ആണേലും എടുക്കുമായിരിക്കും.

എന്നാലും ഒരു ശിക്ഷ വേണമല്ലോ. അതാവും ഈ പേരു വെട്ടൽ. സൂസിയുടേയും പേരു വെട്ടുമായിരിക്കും. സൂ എന്നും സി എന്നുമായി ആ കുട്ടിയുടെ പേര് ചിതറിപ്പോവുമല്ലോ ദൈവമേ. ഈ പേരുവെട്ടൽ – അതൊരു പണിഷ്മെന്റാവുമോ? എന്തായാലും പനിയും മാറി, ഒഴിവും കഴിഞ്ഞ് സ്കൂളിൽ പോയാൽ അറിയാം.

തൽക്കാലം ജയന്തി ഒരു രാജകുമാരിയാവും. രാവിലെ കണ്ണു തുറക്കുമ്പോൾ ഒരു ജോലിക്കാരി വന്നു പറയും: ” കുമാരീ. തൃക്കൺ പാർക്കൂ, ഇതാ മുഖം കഴുകാൻ ചന്ദന വെള്ളം, പല്ലുതേക്കാൻ ഉപ്പും കരമ്പൂവും പൊടിച്ച പൊടി.”

പല്ലു തേച്ചു കഴിഞ്ഞാൽ നല്ല പഞ്ചസാരയിട്ട് തിളപ്പിച്ച പാൽ ഒരു വലിയ കപ്പിൽ കൊണ്ടു തരും. അത് വെള്ളിക്കപ്പാക്കണോ? സ്വർണ്ണക്കപ്പാക്കണോ? എന്നിട്ട് മുടിയിൽ നല്ല മണമുള്ള മുല്ലപ്പൂവെണ്ണ തേപ്പിക്കും. മേലൊന്നും എണ്ണ വേണ്ട അയ്യ … എന്നെ അതിനൊന്നും കിട്ടൂലാ. കുളിച്ചു കഴിഞ്ഞാൽ സ്വർണ്ണക്കര യുള്ള പച്ചപ്പാവാടയും ബ്ലൗസും വേണം ഇടാൻ.

പച്ചക്കല്ല് വെച്ച നെക്ലേസും ഇടും. പൊട്ടുതൊടാൻ നല്ല കണ്ണാടി തന്നെ വേണം… മുടി ഉണങ്ങിയ ശേഷം മെടഞ്ഞു തരാൻ ജോലിക്കാരിയോട് കൽപ്പിക്കാം.

vm girija, story, iemalayalam

അവിടെ എത്തിയപ്പോഴേക്കുമാണ് ജയന്തി ഒരു കാഴ്ച കണ്ട് നടുങ്ങിയത്. വരുന്നത് അമ്മയാണ്, കയ്യിൽ കഷായക്കോപ്പയാണ്. കരഞ്ഞ് കരഞ്ഞ് അമ്മയുടെ കണ്ണും മൂക്കും ചുവന്നിട്ടുണ്ട്.

“പേരു വെട്ടാതിരുന്നാ മത്യായിരുന്നു” എന്നമ്മ പിറുപിറുത്തു. അമ്മയുടെ ഒരനിയത്തി മരിച്ചു പോയിട്ടുണ്ട്. അവരുടെ പേരാണ് തനിക്കിട്ടത്. അതായിരിക്കും അമ്മക്ക് പേരു വെട്ടുന്നതിൽ വിഷമം .
രാജകുമാരിയുടെ ബ്രേക്ക് ഫാസ്റ്റ് എന്തായിരിക്കും എന്നാലോചിക്കാൻ ഇടതരാത്ത അമ്മയോട് ദേഷ്യം ഒന്നും തോന്നിയില്ല.

പാവം അമ്മ. എത്ര പാടുപെടുന്നു. അമ്മയുടെ നക്ഷത്രക്കമ്മൽ കാണാനില്ല. അത് പോയിട്ടാവുമോ അമ്മ കരഞ്ഞത്? ഞാൻ വലുതായി ജോലി കിട്ടി വരട്ടേ, എത്ര ജോഡിക്കമ്മലുകൾ വേണമെങ്കിലും വാങ്ങിച്ചു കൊടുക്കാമല്ലോ.

രാജകുമാരിയായാലും മതി. ഒരു ജോഡി വൈരക്കമ്മൽ കൊണ്ടു വാ എന്നാജ്ഞാപിച്ചാൽ മതിയല്ലോ.

പേര് വെട്ടാൻ ആരെങ്കിലും വന്നാൽ അവരെയൊക്കെ പിടിച്ച് പൂട്ടിയിടും. ശിക്ഷ ഒന്നുമില്ല. അവരുടെ പേരുകൾ തോന്നിയ പോലെ ഞാനും വെട്ടും. അലിക്കുഞ്ഞിന്റെ അലിയും കുഞ്ഞും – ട്ടേ – ദേ രണ്ടാവുന്നു. രാജലക്ഷ്മിയുടെ രാജവും ലക്ഷ്മിയും വെട്ടി എറിയും. എന്റെ അമ്മ കരയാൻ പാടില്ല – അതാണ് എന്റെ ആജ്ഞ

രാജകുമാരിയാവുമ്പോൾ അത്രയുമൊക്കെ ചെയ്യണ്ടേ. കുട്ടി പരാതിയില്ലാതെ കഷായത്തിന് കൈ നീട്ടി.
എന്നിട്ടെന്താ? വൈകിട്ട് ചന്ദ്രിക ഓടിക്കിതച്ചു വന്നു പറഞ്ഞു.

“എടീ, നിന്റെ പേര് വെട്ടില്ലാന്ന് ടീച്ചറു പറഞ്ഞു. നിന്റമ്മ സ്വർണ്ണക്കമ്മലും കൊണ്ട് ടീച്ചറടെ വീട്ടിപ്പോയീത്രേ”

“കമ്മലും കൊണ്ടോ? അതെന്തിനാ “

“നീയൊരു പൊട്ടിയാണല്ലോ ജയന്തീ. ഫീസ് കൊടുക്കാൻ പണം വേണ്ടേ”

“അതിനെന്തിനാ കമ്മല്”

“പണയം വെച്ചോ വിറ്റോ ഫീസ് കൊടുത്തോളാൻ നിന്റമ്മ പറഞ്ഞു എന്ന് “

ഒഴിഞ്ഞ കാതിന്റെ രഹസ്യം കുട്ടിക്ക് പിടികിട്ടി.

” പേര് വെട്ടിയാലും കൊഴപ്പല്ലായിരുന്നു, കമ്മല് കളയണ്ടാരുന്നു “

“അപ്പോ നിനക്ക് പഠിക്കണ്ടേ ?”

” ഏത് പേരായാലെന്താ ! പഠിച്ചാപ്പോരേ “

“എന്ത്?”

“എടീ ചന്ദ്രികേ. പേര് വെട്ടിയാ കുഴപ്പം ഒന്നൂല്ലാ “

” ജയന്തീ പൊട്ടി. പേര് വെട്ടുക എന്ന് പറഞ്ഞാലേ സ്കൂളിന്ന് പറഞ്ഞയക്കുക എന്നാണർത്ഥം. ഹാജർബുക്കീന്ന് നിന്റെ പേര് വെട്ടിക്കളയും. “

“എന്റമ്മേ – .. അതാണോ പേര് വെട്ടല് “

” ആശുപത്രീന്ന് ചികിൽസ കഴിഞ്ഞ് എറങ്ങുമ്പോഴും പറയും “

“എന്റെ ചന്ദ്രികേ. ഞാനെന്തൊരു മണ്ടിയാ”

” കൂട്ടിക്ക് മാർക്ക് വാങ്ങാനുള്ള ബുദ്ധി മാത്രേ ഉള്ളൂ. മണങ്ങൂസ് “

കുട്ടി വിചാരിച്ചു : ഞാൻ രാജകുമാരിയാവുമ്പോ അമ്മക്കു നക്ഷത്രക്കമ്മലു മാത്രല്ല, കൊടുക്കടുക്കനും വാങ്ങും. പച്ചക്കല്ല് പതിച്ച മാലേം വാങ്ങും. പിന്നെ അമ്മക്ക് നിറയെ പശുക്കളേയും വാങ്ങും. നല്ല പാത്രങ്ങളും വാങ്ങും. എന്റെ രാജ്യത്തില് സ്കൂളിന്ന് ഒരു കുട്ടീടേം പേര് വെട്ടുകേം ഇല്ല. അല്ലാ പിന്നെ

  • കുട്ടിക്കഥക്കൂട്ടിൽ നാളെ കുന്നത്തൂർ രാധാകൃഷ്ണൻ എഴുതിയ കഥ വായിക്കാം
Stories, Malayalam writer, Children

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: V m girija story for children peru vettal