നീലിമലയിലെ ഒരു കുഞ്ഞു വീട്ടിൽ കുട്ടിമാളു എന്നൊരു സുന്ദരിക്കുട്ടിയുണ്ടായിരുന്നു. അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കൂടെയായിരുന്നു അവളുടെ താമസം. എങ്കിലെന്താ അപ്പൂപ്പനും അമ്മൂമ്മയ്ക്കും കുട്ടിമാളുവിനെ വലിയ ഇഷ്ടമായിരുന്നു. ഒരു ദിവസം കുട്ടിമാളു കുഞ്ഞു വീടിന്റെ ഇറയത്തു നിൽക്കുകയായിരുന്നു. പെട്ടെന്ന് ഒരു പൂമ്പാറ്റ പറന്നു വന്ന് മുറ്റത്തെ മുല്ലയിലിരുന്നു. പട്ടു പോലത്തെ ചിറകുകളും മഴവില്ലിന്റെ നിറവുമുള്ള ഒരു സുന്ദരൻ പൂമ്പാറ്റ.
“ഹായ്! നല്ല ഭംഗിയുള്ള പൂമ്പാറ്റ!”
കുട്ടിമാളുവിന് പൂമ്പാറ്റയെ പിടിക്കണമെന്നു തോന്നി. കുഞ്ഞിക്കാലുകൾ പതുക്കെ വച്ച് കുഞ്ഞിക്കൈ നീട്ടി കുട്ടിമാളു മുല്ലച്ചെടിയുടെ അടുത്തു ചെന്നു. പെട്ടെന്നു കുട്ടിമാളുവിന്റെ കുഞ്ഞിക്കൈയിളകി. കുഞ്ഞിക്കൈയിലെ പൊന്നുവള കിലുകിലെ ചിരിച്ചു. പൊൻവളയുടെ ചിരി കേട്ടപ്പോൾ പൂമ്പാറ്റ വേഗം പറന്നു പോയി. എന്നിട്ടു മുറ്റത്തെ ചെങ്കണ്ണൻ ചെമ്പരത്തിയിലിരുന്നു.
കുഞ്ഞിക്കാലുകൾ പതുക്കെ വച്ച് കുഞ്ഞിക്കൈ നീട്ടി കുട്ടിമാളു ചെങ്കണ്ണൻ ചെമ്പരത്തിയുടെ അടുത്തു ചെന്നു. പെട്ടെന്നു കുട്ടിമാളുവിന്റെ കുഞ്ഞിക്കൈയിളകി. പൊന്നുവള കിലുകിലെ ചിരിച്ചു. പൊന്നുവളയുടെ ചിരികേട്ടപ്പോൾ പൂമ്പാറ്റ വേഗം പറന്നു പോയി മറ്റൊരു ചെടിയിലിരുന്നു.
“കഷ്ടമേ! കഷ്ടം! ഈ പൂമ്പാറ്റയെ പിടിക്കാൻ പറ്റുന്നില്ലല്ലോ. ” കുട്ടിമാളുവിന് സങ്കടം തോന്നി.
“ഹും! ഈ വളകളുടെ ചിരി കാരണമാണ് പൂമ്പാറ്റ പറന്നു പോകുന്നത്.”
അവൾ തന്റെ പുന്നാര വളകളെല്ലാമൂരി ഒരു മരച്ചുവട്ടിൽ വച്ചു.
“പാത്തു പതുങ്ങി പോകുമ്പോൾ കിലുകിലെ ചിരിക്കുന്നോ? മരച്ചുവട്ടിലിരുന്നോളൂ. കുത്തിയിരുന്നു ചിരിച്ചോളൂ.” അവൾ വളകളോടു ദേഷ്യപ്പെട്ടു.

എന്നിട്ടു കുട്ടിമാളു പിന്നെയും പൂമ്പാറ്റയെ പിടിക്കുവാൻ പോയി. കുഞ്ഞിക്കാലുകൾ പതുക്കെ വച്ച്, കുഞ്ഞിക്കൈകൾ നീട്ടി കുട്ടിമാളു പൂമ്പാറ്റയുടെ അടുത്തു ചെന്നു. പെട്ടെന്ന് കുഞ്ഞിക്കാലിലെ തളകൾ കിലുകിലെ ചിരിച്ചു. തളകളുടെ ചിരി കേട്ടപ്പോൾ പൂമ്പാറ്റ പറന്നു പോയി.
“കഷ്ടമേ! കഷ്ടം! ഈ പൂമ്പാറ്റയെ പിടിക്കാൻ പറ്റുന്നില്ലല്ലോ. ” കുട്ടിമാളുവിന് സങ്കടം തോന്നി.
“ഹും! ഈ തളകളുടെ ചിരി കാരണമാണ് പൂമ്പാറ്റ പറന്നു പോകുന്നത്.”
അവൾ തന്റെ പുന്നാര തളകളെല്ലാമൂരി ഒരു മരച്ചുവട്ടിൽ വച്ചു.
“പാത്തു പതുങ്ങി പോകുമ്പോൾ കിലുകിലെ ചിരിക്കുന്നോ? മരച്ചുവട്ടിലിരുന്നോളൂ. കുത്തിയിരുന്നു ചിരിച്ചോളൂ.” അവൾ തളകളോടു ദേഷ്യപ്പെട്ടു.
എന്നിട്ടു പിന്നെയും പൂമ്പാറ്റയെ പിടിക്കുവാൻ പോയി. അങ്ങനെ പൂമ്പാറ്റയെ പിടിച്ചു.
“ഹയ്യട! ഹായ്! കിട്ടിപ്പോയ്…” അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി. കുട്ടിമാളുവിന്റെ കുഞ്ഞു വിരലുകൾക്കിടയിൽ പൂമ്പാറ്റ പേടിച്ചിരുന്നു.
“ഹ..ഹ! ഇനി തളയും വളയും ചിരിച്ചോട്ടെ. പൂമ്പാറ്റയെ എന്റെ കൈയിൽ കിട്ടിയല്ലൊ. ” എന്നു പറഞ്ഞു കുട്ടിമാളു മരച്ചുവട്ടിലേയ്ക്ക് ഓടിപ്പോയി. എന്നാൽ മരച്ചുവട്ടിലെത്തിയ കുട്ടിമാളു ഞെട്ടിപ്പോയി. തളയും വളയും കാണുന്നില്ല.
“ഹയ്യയ്യോ! എന്റെ തളയും വളയും കള്ളൻ കൊണ്ടുപോയേ… ഞാനിനി എന്തു ചെയ്യും?” അവൾ കരയാൻ തുടങ്ങി.

കുട്ടിമാളുവിന്റെ കരച്ചിൽ കണ്ടപ്പോൾ അവളുടെ കൈയിലിരുന്ന പൂമ്പാറ്റയ്ക്കു സങ്കടം വന്നു. അവൻ പറഞ്ഞു: “കുട്ടിമാളൂ, കുട്ടിമാളൂ, നീയിങ്ങനെ കരയരുതേ. നിന്റെ തളയും വളയും കൊണ്ടുപോയത് ഒരു പെരുങ്കള്ളനാണ്. അവൻ ആ മരത്തിലിരിപ്പുണ്ട്.
ഞാൻ ശലഭ ലോകത്തെ രാജകുമാരനാണ്. നീ എന്റെ ചിറകിൽ നിന്നു വിടാമെങ്കിൽ എനിക്കു മനുഷ്യ രൂപം കൈവരിക്കാനുള്ള ശക്തി വീണ്ടുകിട്ടും. കള്ളന്റെ കൈയിൽ നിന്നു തളയും വളയും വാങ്ങി ഞാൻ നിനക്കു തരാം.”
കുട്ടിമാളു പൂമ്പാറ്റയെ വിട്ടു. ഉടൻ പൂമ്പാറ്റ ഒരു രാജകുമാരനായി മാറി. രാജകുമാരന്റെ കൈയിൽ അമ്പും വില്ലുമുണ്ടായിരുന്നു. മരത്തിലിരിക്കുന്ന കള്ളനു നേരെ രാജകുമാരൻ വില്ലു തൊടുത്തു. എന്നിട്ടു പറഞ്ഞു: “വേഗം കുട്ടിമാളുവിന്റെ തളയും വളയും കൊടുത്തോളൂ. അല്ലെങ്കിൽ ഞാൻ നിന്റെ കഥ കഴിക്കും.”
അതു കേട്ടു കള്ളൻ പേടിച്ചു. അവൻ പൊൻവളയും പൊൻതളയും താഴേക്കിട്ടു. കുട്ടിമാളു ഓടിച്ചെന്ന് തളയും വളയുമെടുത്തു. അവൾ രാജകുമാരനോടു നന്ദി പറഞ്ഞു.
രാജകുമാരൻ കുട്ടിമാളുവിനെയും അവളുടെ അപ്പൂപ്പനേയും അമ്മൂമ്മയേയും തന്റെ രാജ്യത്തേക്കു കൊണ്ടുപോയി. അവളുടെ തലയ്ക്കു മുകളിൽ പല പല വർണ്ണങ്ങളിലുള്ള ആയിരമായിരം ചിത്രശലഭങ്ങൾ പാറിപ്പറന്നു.
- കുട്ടിക്കഥക്കൂട്ടിൽ നാളെ തസ്മിൻ ഷിഹാബ് എഴുതിയ കഥ വായിക്കാം
