Latest News

തത്തമ്മക്കാട്ടിലെ ഉണ്ണിപ്പൂച്ച

“സൂര്യനെ കാണാനില്ല. കറുത്ത മലപോലെ ഒരു കരിമേഘം വന്ന് സൂര്യനെ മറച്ചു. തത്തമ്മക്കാട് തണുത്തു വിറച്ചു.” ഉണ്ണി അമ്മയമ്പലം എഴുതിയ കഥ

unni ammayambalam, story, iemalayalam

നല്ല താഴ്‌വരയിലെ തത്തമ്മക്കാട്ടില്‍ മൃഗങ്ങളും പക്ഷികളും ഒത്തുകൂടി.

ദാ കുന്നിന്‍ മോളില്‍ പാറപ്പുറത്തൊരു ജീവി. മുഖം കണ്ടാല്‍ മനുഷ്യനാണെന്ന് തോന്നും. പക്ഷേ പൂച്ചയുടെ ശരീരമാണ്.

അവന് വിശക്കുന്നുവെന്ന് പറഞ്ഞ് കരച്ചിലോടു കരച്ചില്‍.

എന്തോ ചെയ്യണം. തീരുമാനമെടുക്കണം. ഭക്ഷണം കൊടുക്കണോ വേണ്ടയോ എന്ന്.

”ആര് വിശന്നാലും ആഹാരം നല്‍കും
തത്തമ്മക്കാടൊരു നല്ല നാട്…”

” ആഹാരം നല്‍കാം വിശപ്പുമാറുമ്പോള്‍ ഈ നല്ല താഴ്‌വര വിട്ടുപോണം,” അതായിരുന്നു ഒട്ടുമിക്ക മൃഗങ്ങളുടെയും പക്ഷികളുടെയും ആവശ്യം.

” ഭക്ഷണം കഴിച്ചു വിശപ്പുമാറുമ്പോള്‍ ഈ കുന്നിന്‍ മുകളില്‍നിന്ന് അപ്പുറത്തെ കാട്ടിലേക്ക് പോകണം. ഈ നല്ല താഴ്‌വരയില്‍ ആ ജീവി വേണ്ട.”

പക്ഷേ ചെങ്കീരിയണ്ണന്‍ സമ്മതിച്ചില്ല. ”അതൊരു ജീവിയല്ലേ. അതിവിടെ താമസിച്ചോട്ടെ. പാവമാണ്. വെള്ളപ്പൊക്കത്തീന്ന് രക്ഷപ്പെട്ട് വഴിയറിയാതെ കാടു കയറി വന്നതാ.”

”മനുഷ്യന്റെ മുഖമുള്ള ജീവിയാണത്. ഇതുവരെ നമ്മളാരും ഇതുപോലൊരു ജീവിയെ കണ്ടിട്ടുണ്ടോ? ഇല്ല. ഇവന്‍ വല്ല ദുഷ്ടജന്തുവുമാണെങ്കില്‍ ഈ താഴ്‌വര മുടിയില്ലേ?” കുക്കുടു കോഴി ചോദിച്ചു.

ജീവികളെല്ലാം തലകുലുക്കി കുക്കുടു കോഴിപറഞ്ഞത് ശരിയാണെന്ന് സമ്മതിച്ചു.

ചെങ്കീരിയണ്ണന്‍ ഉണ്ണിപ്പൂച്ചയ്ക്ക് ഭക്ഷണം നല്‍കി. പാവം ഉണ്ണിപ്പൂച്ച ആര്‍ത്തിയോടെ വളരെ പെട്ടെന്നു തന്നെ ആ ഭക്ഷണം മുഴുവന്‍ കഴിച്ചുതീര്‍ത്തു.

unni ammayambalam, story, iemalayalam

”ഞാനിവിടെ നിന്നോട്ടെ, ഈ താഴ്‌വരയില്‍,” വളരെ വേദനയോടെ ഉണ്ണിപ്പൂച്ച ചോദിച്ചു.

ചെങ്കീരിയണ്ണന് അലിവ് തോന്നി. ”ഞാനൊന്നു കൂടി അനുവാദം ചോദിക്കട്ടെ. എന്നിട്ട് പറയാം.”

ചെങ്കീരിയണ്ണന്‍ കുന്നിറങ്ങി മൃഗങ്ങളുടെയും പക്ഷികളുടെയും അടുത്തെത്തി. അവരോട് ചെങ്കീരിയണ്ണന്‍ പറഞ്ഞു.

“പണ്ട് പണ്ട് നമ്മുടെ നാട്
തത്തമ്മ രാജന്‍ ഭരിച്ച കാലം
പക്ഷിമൃഗാദികളൊരു പോലെ
വൃക്ഷലതാദികളൊരു പോലെ…”

” അത് നിങ്ങള്‍ മറക്കരുത്. തത്തമ്മരാജന്‍ ഭരിച്ചിരുന്ന ഈ നാട്ടില്‍ എല്ലാരും ഒന്നായി കഴിഞ്ഞിരുന്നു. പലനിറത്തിലുള്ള കിളികള്‍. പലതരത്തിലുള്ള മൃഗങ്ങള്‍. പല വലുപ്പത്തിലും ഉയരത്തിലുമുള്ള പലപല മരങ്ങള്‍. പക്ഷേ ഇവരെല്ലാം ഈ തത്തമ്മക്കാട്ടില്‍ ഒന്നിച്ചു കഴിഞ്ഞു. ഈ താഴ്‌വര സ്വര്‍ഗമായിരുന്നു. ഇങ്ങോട്ടു വന്നവരെയൊന്നും നമ്മൾ ആട്ടിപ്പായിച്ചിട്ടില്ല. കള്ളവും ചതിയും ഒന്നുമില്ലാതിരുന്ന നാട്. ഇന്നും അങ്ങനെ തന്നെ തത്തമ്മക്കാട്ടിലേക്ക് ഒരു അതിഥി വരുമ്പോള്‍ അവനെ പുറത്താക്കരുത്,” ചെങ്കീരിയണ്ണന്‍ ഇത്രയും പറഞ്ഞ് ഓരോ ജീവികളേയും നോക്കി.

ആരും സമ്മതിക്കുന്ന മട്ടില്ല.

”ഈ തത്തമ്മക്കാട്ടില്‍, അന്യനാട്ടില്‍ നിന്നും ആരും വേണ്ട,” നീലക്കുറുക്കന്‍ പറഞ്ഞു.

”അങ്ങനെ പറയരുത്. മറ്റു നാടുകളില്‍ നിന്നും പലതും നമ്മള്‍ സ്വീകരിച്ചിട്ടുണ്ട്. നമ്മള്‍ സംസാരിക്കുന്ന ഭാഷയിലെ പല പദങ്ങളും മറ്റു നാടുകളില്‍ നിന്നുവന്നതാണ്. നമ്മുടെ കൃഷി മറ്റുനാട്ടില്‍നിന്നു വന്നതാണ്. എല്ലാവരേയും ചേര്‍ത്തുനിര്‍ത്തി സ്‌നേഹിക്കുന്ന സ്വഭാവമാണ് തത്തമ്മ നാടിന്റേത്…” ചെങ്കീരിയണ്ണന് ഉണ്ണിപ്പൂച്ചയെ അവിടെ നിര്‍ത്തണം. അതിനുവേണ്ടി വാതോരാതെ സംസാരിച്ചു. പക്ഷേ ജീവികള്‍ ഒന്നടങ്കം എതിര്‍ത്തു.

“പറ്റില്ല പറ്റില്ല പറ്റില്ല
ചുറ്റിനും നല്ലോണം നോക്കൂ നോക്കൂ
ഇത്തരത്തില്‍ ഒരു ജീവിയില്ല
ഇത്തരം ജീവി നമുക്കു വേണ്ട!”

”മനുഷ്യനും മൃഗവുമല്ലാത്ത ഇവനെ നമുക്കു വേണ്ട. വിശപ്പടങ്ങിയെങ്കില്‍ അവന്‍ പോകട്ടെ ഇവിടന്ന്. അല്ലെങ്കില്‍ കല്ലെറിഞ്ഞ് ഓടിക്കണം,” ബബീഷ് കുരങ്ങന്‍ ദേഷ്യപ്പെട്ടു.

unni ammayambalam, story, iemalayalam

ചെങ്കീരിയണ്ണന് കുരങ്ങന്റെ വാക്കുകള്‍ ഒട്ടും ഇഷ്ടമായില്ല. അണ്ണന്‍ തുറന്നടിച്ചു പറഞ്ഞു. ”എങ്കില്‍ ഈ പൂച്ചയെ മാത്രം ഓടിച്ചാല്‍ പോര. നമ്മള്‍ ഉപയോഗിക്കുന്ന പല വാക്കുകളും ഉപേക്ഷിക്കണം. പല വാക്കുകളെയും നമ്മുടെ മനസ്സില്‍നിന്ന് ഓടിക്കേണ്ടി വരും. കാരണം അതൊന്നും നമ്മുടേതല്ല. മറ്റു നാട്ടില്‍നിന്നു നമ്മുടെ ഭാഷയില്‍ കടന്നുവന്നവയാണ്. അതൊക്കെ ഉപേക്ഷിക്കാന്‍ തയ്യാറാണോ? കപ്പ നമ്മുടേതല്ല. കശുവണ്ടി നമ്മുടേതല്ല. പപ്പായ നമ്മുടേതല്ല. അതൊക്കെ ഉപേക്ഷിക്കുമോ നമ്മള്‍?”

മൃഗങ്ങള്‍ പരസ്പരം നോക്കി. അവരാരും മറുപടി പറഞ്ഞില്ല.

”ഏതായാലും മരംകൊത്തിയാശാന്‍ നാളെയെത്തും. ബാക്കി കാര്യങ്ങള്‍ നാളെ തീരുമാനിക്കാം.”

കുഞ്ഞു മൈനയുടെ ഈ അഭിപ്രായം മാനിച്ച് എല്ലാ ജീവികളും അന്ന് പിരിഞ്ഞുപോയി.

പിറ്റേന്ന് ജീവികളെല്ലാം പേടിച്ചുപോയി.

സൂര്യനെ കാണാനില്ല. കറുത്ത മലപോലെ ഒരു കരിമേഘം വന്ന് സൂര്യനെ മറച്ചു. തത്തമ്മക്കാട് തണുത്തു വിറച്ചു.

ആ കുന്നിനു താഴെയുള്ള മരങ്ങളും ചെടികളും മൃഗങ്ങളും വിഷമിച്ചു.

ഇനി എന്തു ചെയ്യും? താഴ്‌വരയില്‍ കുറ്റാക്കുറ്റിരുട്ട്. മിന്നാമിനുങ്ങുകള്‍ കത്തിച്ചുപിടിച്ച മാലപോലെയുള്ള ചെറിയ പ്രകാശം മാത്രമേയുള്ളൂ.

സൂര്യപ്രകാരം ഇല്ലാതെ എങ്ങനെ മരങ്ങള്‍ വളരും?

സൂര്യപ്രകാശം കൊണ്ട് ഭക്ഷണമുണ്ടാക്കുന്ന മരങ്ങള്‍ക്ക് സങ്കടം വന്നു.
ചെറിയ ചെടികളുടെ ഇലകള്‍ കടിച്ചുതിന്ന് വിശപ്പടക്കുന്ന ജീവികള്‍ക്കും സങ്കടം വന്നു.

സൂര്യപ്രകാശമില്ലെങ്കില്‍ ചെടിയില്ല. ഇലയില്ല, കായില്ല, പൂവില്ല, ഒന്നുമില്ല. തണുത്തു തണുത്തു വിറച്ച് ജീവികളെല്ലാം നശിക്കും. മാത്രമല്ല ഈ കരിമേഘം അവിടെ ഇങ്ങനെ നിന്നാല്‍ അത് തണുക്കും. തണുത്താല്‍ വലിയ മഴ പെയ്യും. വലിയ മഴ പെയ്താല്‍ അതു താങ്ങാന്‍ ഈ താഴ്‌വാരത്തിനാകില്ല. താഴ്‌വാരം മുഴുവന്‍ വെള്ളത്തില്‍ മുങ്ങും മലയിടിഞ്ഞു വീഴും. എന്താണൊരു വഴി? ഇങ്ങനെ ഓരോ ജീവിയും ആലോചിച്ചു.

ആ മനുഷ്യപ്പൂച്ച വന്നശേഷമാണ് ഇവിടെ ഇരുട്ട് പരന്നത്. ഉണ്ണിപ്പൂച്ചയെ ആ കാട്ടിലെ ജന്തുക്കള്‍ കുറ്റപ്പെടുത്തി. അങ്ങനെ ജീവികള്‍ സങ്കടപ്പെട്ടിരിക്കുമ്പോഴാണ് കിഴക്കന്‍ മലകളില്‍ തത്തമ്മാമ്മയ്ക്ക് കൂടുപണിയാന്‍ പോയ മരംകൊത്തി ആശാന്‍ അങ്ങോട്ടെത്തിയത്. ജീവികള്‍ കാര്യങ്ങളെല്ലാം ആശാനോടു പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ രണ്ടു കാര്യങ്ങള്‍ ആശാന്‍ അവര്‍ക്കു മുന്നില്‍ വച്ചു.

“അക്കാണുന്ന വലിയ കുന്നിന്റെ അപ്പുറം സൂര്യപ്രകാശമുണ്ട്. ഒന്നുകില്‍ എല്ലാവരും അങ്ങോട്ടു പോവുക. അല്ലെങ്കില്‍ ഈ കറുത്തു കരിമലപോലെ നില്‍ക്കുന്ന കാര്‍മേഘത്തെ ഇവിടെനിന്ന് മാറ്റി ദൂരെ കടലിനുമുകളിലേക്കു പറത്തിവിടുക.”

unni ammayambalam, story, iemalayalam

”എങ്ങനെ… അതെങ്ങനെ സാധിക്കും?” ജീവികള്‍ ചോദിച്ചു.

ഈ താഴ്‌വര മനോഹരമാണ്. നല്ല വായു. നല്ല ജലം. നല്ല ജീവികള്‍. നല്ല ഭക്ഷണം. ജീവികളെല്ലാം നന്മമാത്രം ആഗ്രഹിക്കുന്നവര്‍.

“നന്മ നിറഞ്ഞൊരു താഴ്‌വാരം
ഒന്നായ് ജീവികളോമനകള്‍
നന്നായ് നല്ലതു കണ്ടും കേട്ടും
ജീവിക്കുന്നൊരു താഴ്‌വാരം”

”ഇവിടെ നിന്ന് മറ്റൊരു താഴ്‌വരയിലേക്ക് പോകാന്‍ ഞങ്ങള്‍ക്ക് ഇഷ്ടമില്ല,” ജീവികള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.

”നല്ല ഭൂമിയാണ് ഈ താഴ്‌വര. ഇവിടം വിട്ട് ആ കുന്നിനപ്പുറത്തേക്കു പോകാന്‍ ജീവികള്‍ക്കു കഴിയും. പക്ഷേ മരങ്ങള്‍ക്കും ചെടികള്‍ക്കും അങ്ങോട്ടുപോകാന്‍ കഴിയില്ലല്ലോ. മരങ്ങളും ചെടികളും കൂടെയില്ലാതെ ഞങ്ങളെങ്ങോട്ടും ഇല്ല!” മരങ്ങളോടും ചെടികളോടുമുള്ള സ്‌നേഹം ജീവികളുടെ വാക്കുകളിലുണ്ട്. ആ കാട്ടിലെ മരങ്ങളെ ജീവികള്‍ക്ക് വലിയ ഇഷ്ടമാണ്.

മരംകൊത്തി ആശാന്‍ ആലോചിച്ചു. എന്താണൊരു വഴി. കറുത്ത മേഘത്തെ മാറ്റിയേ പറ്റൂ. പെട്ടെന്ന് എല്ലാം കേട്ടിരുന്ന കുഞ്ഞുമൈന ഒരു ബുദ്ധി ഉപദേശിച്ചു.

”എല്ലാവരും ഇങ്ങനെ ദുഃഖിച്ചിരുന്നിട്ട് കാര്യമില്ല. എന്തെങ്കിലും ചെയ്യൂ. ആ കുന്നിനപ്പുറത്തുള്ള കാറ്റ് മാമന്‍ വിചാരിച്ചാല്‍ അതു നടക്കും.”

”എങ്ങനെ?” കാക്ക ചോദിച്ചു.

”നമുക്ക് കാറ്റു മാമനോട് കാര്യം പറയാം. കാറ്റുമാമനും കൂട്ടുകാരും ഒരുമിച്ച് വേഗത്തില്‍ വന്നാല്‍ കറുത്ത മേഘത്തെ തള്ളി മാറ്റി പടിഞ്ഞാറേ കടലിനു മീതെ പറത്തി വിടാന്‍ കഴിയില്ലേ,” കുഞ്ഞു മൈനയുടെ നിര്‍ദ്ദേശം കേട്ട് മൃഗങ്ങളും പക്ഷികളും തലകുലുക്കി.

മുയല്‍ പുന്നാരന്‍ ചാടിച്ചാടി കുഞ്ഞുമൈനയുടെ അടുത്തെത്തി. ഒരു പഞ്ഞിക്കെട്ട് ഉയർന്നു നില്‍ക്കുന്ന പോലെ രണ്ടുകാലില്‍ നിന്നു. എന്നിട്ട് പറഞ്ഞു ”എന്റെ കുഞ്ഞു മൈനേ, കാറ്റുമാമന്‍ രണ്ടു ദിവസമായി ഇങ്ങോട്ട് വന്നിട്ട്.”

unni ammayambalam, story, iemalayalam

”എന്താ കാര്യം,” മരം കൊത്തി തിരക്കി.

”ഒരാഴ്ചയായി നമ്മുടെ താഴ്‌വരയില്‍ വാസനപ്പൂക്കളും സുഗന്ധിപ്പൂക്കളും വിടരുന്നില്ല. വാസനപ്പൂക്കളും സുഗന്ധിപ്പൂക്കളും വിടരുന്നിടത്തേ കാറ്റുമാമന്‍ വരൂ,” മുയല്‍ കാറ്റുവരാത്തതിന്റെ കാരണം കൂട്ടുകാരെ അറിയിച്ചു.

”അതെന്താ അങ്ങനെ?”

ജീവികള്‍ ചോദിച്ചു.

”പൂക്കളെന്താ വിടരാത്തേ?” മഞ്ഞക്കിളിപ്പെണ്ണു ചോദിച്ചു. ജീവികള്‍ ഒന്നും മനസ്സിലാകാതെ പരസ്പരം നോക്കി.

കുന്തം പോലെയുള്ള തന്റെ കൂര്‍ത്ത മുഖമുയര്‍ത്തി ചെങ്കീരിയണ്ണന്‍ എഴുന്നേറ്റു.

താഴ്‌വരയിലെ ചെടികള്‍ക്കു മീതെ ഒരു മുള്ളന്‍മരം ഒടിഞ്ഞുവീണു. വിടരാന്‍ കാത്തുനിന്ന പൂമൊട്ടുകളുടെ തൊണ്ടയിലെല്ലാം മുള്ളന്‍ മരത്തിന്റെ മുള്ളു പൊത്തുകയറി. ആ മുള്ളെടുത്തു മാറ്റാതെ ചെടികള്‍ക്ക് പൂക്കാനാവില്ല. ചെടികള്‍ പൂത്താലേ കാറ്റു വരൂ.

”അതെങ്ങനെ എടുത്തു മാറ്റും. ഒന്നും രണ്ടും മൂന്നുമല്ല മുള്ളുകള്‍. ആ പ്രദേശം നിറയെ മുള്ളുകളാണ്. അതു മാറ്റുന്ന കാര്യം പ്രയാസമാണ്,” കറമ്പിക്കാക്ക പറഞ്ഞു.

”അതെയതെ, അതെല്ലാം എടുത്തു മാറ്റുക പ്രയാസം തന്നെ,” അലസന്‍ നായ പറഞ്ഞു.

അലസന്റെ സംസാരം കേട്ട് ചെങ്കീരിയണ്ണനു ദേഷ്യം വന്നു.

”ഒന്നും നടക്കില്ല. എല്ലാം പ്രയാസമാണെന്ന് വിചാരിച്ച് കുത്തിയിരുന്ന് കരഞ്ഞാല്‍ പ്രശ്‌നം തീരോ? ഈ പകല്‍ സമയത്തും ഈ താഴ്‌വരയില്‍ ഇരുട്ട് വന്ന് മൂടിയിരിക്കുന്നു. പെട്ടെന്ന് എന്തെങ്കിലും ചെയ്തില്ലെങ്കില്‍ കരിമേഘം മഴയാകും.”

”അതേയതെ കരിമേഘം മഴയായാല്‍, താഴ്‌വര വെള്ളത്തില്‍ മുങ്ങും,” മുയല്‍ പുന്നാരന്‍ സങ്കടപ്പെട്ടു.

”ഞാന്‍ വഴി പറഞ്ഞുതരാം. ഞാനങ്ങോട്ട് വന്നോട്ടെ,” മ്യാവൂ, മ്യാവൂ എന്ന് നീട്ടി കരഞ്ഞിട്ട് ഉണ്ണിപ്പൂച്ച ചോദിച്ചു.

”കരിമേഘത്തെ മാറ്റാനുള്ള വഴി എനിക്കറിയാം. ഞാനങ്ങോട്ടു വന്നോട്ടെ,” ഉണ്ണിപ്പൂച്ച അവരുടെ മറുപടിക്കായി കാതോര്‍ത്തു.

മരംകൊത്തി ചുണ്ട് ഉയര്‍ത്തി എല്ലാവരേയും നോക്കി. എന്താണ് താഴ്‌വരയെ രക്ഷിക്കാന്‍ പൂച്ച കണ്ടുപിടിച്ച വഴി. ജീവികള്‍ പരസ്പരം നോക്കി.

“കരിമേഘം മഴയായി പെയ്തിറങ്ങും
മഴവെള്ളം മെല്ലെ ഉയര്‍ന്നു പൊങ്ങും
ജീവികളെല്ലാരും മുങ്ങിപ്പോകും
പാടില്ല പാടില്ല പാടില്ല…”

പൂച്ച പറഞ്ഞു ”ഈ താഴ്‌വര വെള്ളത്തില്‍ മുങ്ങാന്‍ പാടില്ല. ഞാനൊരു വഴി പറയട്ടേ?”

മരംകൊത്തി കാക്കയോടും കുഞ്ഞുമൈനയോടും മറ്റു പക്ഷികളോടുമെല്ലാം ചോദിച്ചു. അവരെല്ലാം സമ്മതിച്ചു. അങ്ങനെ ഉണ്ണിപ്പൂച്ച തത്തമ്മക്കാട്ടിലെ ജീവികളുടെ നടുവില്‍ നിവര്‍ന്നുനിന്നു. അവന്‍ വാല്‍ ഉയര്‍ത്തി. ആകാശത്തേക്കു കുതിച്ചുപായാന്‍ കാത്തുനില്‍ക്കുന്ന കുന്തമുനപോലെ വാല്‍ ഉയര്‍ന്നു നിന്നു. കുഞ്ഞു മിന്നാമിനുങ്ങുകള്‍ ഉണ്ണിപ്പൂച്ചയുടെ വാലിന്‍ തുമ്പില്‍ വന്നിരുന്നു മിന്നിച്ചു കളിച്ചു. മഞ്ഞവിളക്കു കത്തുന്ന പൂച്ചവാല്‍. അണ്ണാന്‍ കുഞ്ഞുങ്ങള്‍ പൂച്ചവാല്‍ നോക്കി രസിക്കവേ ഉണ്ണിപ്പൂച്ച പറഞ്ഞു

“കൂകി വിളിക്കുവിന്‍ നിങ്ങള്‍ നിങ്ങടെ
കൂട്ടുകാരെല്ലാരും വന്നാട്ടേ
എല്ലാരുമെല്ലാരുമൊന്നു ചേര്‍ന്നു
മുള്ളന്‍ ചെടിയെ കൊത്തിമാറ്റാം…”

കാക്കയോടും കുഞ്ഞുമൈനയോടും മറ്റു കിളികളോടുമെല്ലാം ഉണ്ണിപ്പൂച്ച തന്റെ ആശയം പങ്കുവച്ചു.

unni ammayambalam, story, iemalayalam

”ശരിയാ ശരിയാ… ഈ ആശയം കൊള്ളാം. പക്ഷികളെല്ലാം ഇങ്ങോട്ടു പോരട്ടേ. എല്ലാ പക്ഷികളും ഒത്തൊരുമിച്ച് ഓരോന്നായി മുള്ളുകള്‍ കടിച്ച് മുറിച്ച് കടിച്ച് മുറിച്ച് ദൂരെ കൊണ്ടുപോയി കളയണം,” മുയല്‍ പുന്നാരന്‍ പറഞ്ഞു.

”നമ്മള്‍ ഒത്തു ശ്രമിച്ചാല്‍ ഒക്കാത്ത കാര്യങ്ങളൊന്നുമില്ല. കിളികളേ നിങ്ങളെല്ലാവരും എല്ലായിടത്തേക്കും പറന്നു പോവുക. ദൂരെയുള്ള കൂട്ടുകാരെയെല്ലാം വിളിച്ചു കൊണ്ടു വരിക.”

“പട പട പട ചിറകടിച്ചു
കിളികളുയർന്നു
കറുത്തിരുണ്ട ആകാശത്തില്‍
കിളികളുയർന്നു
നാലു ദിക്കിലേക്കും
കിളികള്‍ പറന്നു
ആയിരങ്ങളെ കൂട്ടി
തിരികെ വന്നവര്‍”

ആയിരക്കണക്കിനു കിളികള്‍ പലയിടത്തു നിന്നും അയല്‍ക്കാടുകളില്‍നിന്നു പറന്നു പറന്നു വന്നു. ഉണ്ണിപ്പൂച്ച പറഞ്ഞതനുസരിച്ച് അവര്‍ ഓരോരുത്തരും ഒന്നു ചേര്‍ന്ന് മുള്ളു കൊത്തി മുറിച്ചു. ഓരോ മുള്ളുകമ്പുകളും കൊത്തി മാറ്റി ദൂരെയെറിഞ്ഞു. മുള്ളുകമ്പുകള്‍ മുഴുവന്‍ മാറ്റിയപ്പോള്‍ സുഗന്ധിപ്പൂമൊട്ടുകള്‍ നിറഞ്ഞ ചെടികള്‍ തല ഉയര്‍ത്തി. വാസനപ്പൂമൊട്ടുകള്‍ നിറഞ്ഞ ചെടികള്‍ തല ഉയര്‍ത്തി.

”ഹാ! എന്തൊരാശ്വാസം!”

സുഗന്ധിപ്പൂക്കള്‍ ചിരിച്ചു. വാസനപ്പൂക്കള്‍ ചിരിച്ചു. പൂക്കളുടെ മണം അവിടമാകെപ്പരന്നു. കാറ്റുമാമനും കൂട്ടുകാരും പൂക്കളുടെ മണം പിടിച്ച് അങ്ങേക്കുന്നിന്‍ ചരിവില്‍നിന്നു ഓടിച്ചാടി നല്ല താഴ്‌വരയിലെ തത്തമ്മക്കാട്ടിലേക്കു കുതിച്ചു.

കാറ്റ് കറുത്ത മേഘത്തെ തള്ളിനീക്കി നല്ല താഴ്‌വരയിലേക്ക് ഒരു വഴിയുണ്ടാക്കി. കാറ്റ് മാമന്റെ പിന്നാലെ ചുണക്കുട്ടികളായ കാറ്റിന്റെ മക്കളും കൂട്ടുകാരും എല്ലാവരുമെത്തി. ഒരു പടക്കുതിരയെപ്പോലെ കുതിച്ചു കുതിച്ചെത്തിയ കാറ്റിന്റെ ശക്തിക്കു മുന്നില്‍ പിടിച്ചു നില്‍ക്കാനാകാത്ത മേഘം പറപറന്നു.

നല്ല താഴ്‌വരയില്‍ സൂര്യനുദിച്ചു. എല്ലാ ജീവികളുടെയും കണ്ണു തെളിഞ്ഞു. മനസ് തെളിഞ്ഞു.
അവര്‍ ആടിപ്പാടി നൃത്തം ചെയ്തു.

“തലയ്ക്ക് കൈയും കൊടുത്തിരുന്നാല്‍
കാര്യം നടക്കുമോ?
ഒത്തൊരുമിച്ചാല്‍ ഒന്നിച്ചു ചേർന്നാല്‍
കാര്യം നടക്കുമേ
ഒത്തൊരുമിച്ചാല്‍ ഒന്നിച്ചു ചേർന്നാല്‍
എല്ലാം നടക്കുമേ.
ഒത്തൊരുമിക്കാം ഒന്നിച്ചു ചേരാം
എല്ലാം നടത്തിടാം…”

സൂര്യപ്രകാശത്തില്‍ ഉണ്ണിപ്പൂച്ചയെ കൺകുളിര്‍ക്കെ കണ്ട തത്തമ്മക്കാട്ടിലെ ജീവികള്‍ അന്നുതന്നെ തീരുമാനമെടുത്തു. നമ്മുടെ നാടിനെ അപകടങ്ങളില്‍നിന്നു രക്ഷിച്ചതിന് നേതൃത്വം നൽകിയ ബുദ്ധിമാനായ ഉണ്ണിപ്പൂച്ചയാണ് ഇനി നമ്മുടെ നേതാവും തത്തമ്മ നാടിന്റെ രാജാവും.

മൃഗങ്ങളെല്ലാം കയ്യടിച്ചു. ഉണ്ണിപ്പൂച്ചയ്ക്കു നാണം വന്നു. “എല്ലാരും ഉപേക്ഷിച്ച ഞാനോ രാജാവ്. സ്വന്തം അമ്മ പോലും തള്ളിപ്പറഞ്ഞ ഞാനോ രാജാവ്?”

”നമ്മുടെ രാജാവ് നീണാള്‍ വാഴട്ടെ.”

തത്തമ്മക്കാട്ടിലെ ജീവികള്‍ ഉണ്ണിപ്പൂച്ചയെ എടുത്തുയര്‍ത്തി. സിംഹാസനപ്പാറമേല്‍ ഇരുത്തി. ഉണ്ണിപ്പൂച്ച ചിന്തിച്ചു, ”ഇതാണു ജീവിതം. തോറ്റാലും ആരെല്ലാം കുറ്റം പറഞ്ഞാലും തോറ്റു കൊടുക്കരുത്.”

ജീവികള്‍ ആര്‍പ്പുവിളിച്ചു.

”ഉണ്ണിപ്പൂച്ച അടിപൊളി.”

Read More: ഒരു കഥ കൂടി വായിക്കാന്‍ തോന്നുന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Unni ammayambalam story for children thathammakattile unnipoocha

The moderation of comments is automated and not cleared manually by malayalam.indianexpress.com