സൂര്യനും ചന്ദ്രനും ആകാശത്തെത്തിയതെങ്ങനെ?
പണ്ട് പണ്ട്, വളരേ പണ്ട്, സൂര്യനും വെള്ളവും ഉറ്റ ചങ്ങാതിമാരായിരുന്നു. സൂര്യൻ വെള്ളത്തെക്കാണാൻ എന്നും വരുമായിരുന്നുവെങ്കിലും വെള്ളം സൂര്യനെക്കാണാൻ തീരെ പോയിരുന്നില്ല.
അങ്ങനെ അവസാനമെന്തായി? സൂര്യൻ പിണങ്ങി വെള്ളത്തിനോട് ചോദിച്ചു: “എന്താ ചങ്ങാതി നീ എന്നെ ഒരിക്കൽ പോലും കാണാൻ വരാത്തെ?” . വെള്ളം പറഞ്ഞു: “ഞാൻ നിന്നെ കാണാൻ വരണമെങ്കിൽ നിനക്ക് വലിയൊരു മാളിക പണിയേണ്ടി വരും. എന്റെ ആൾക്കാർ ഒരു പാടുണ്ട്. കുറെ മുറികൾ വേണ്ടി വരും.”
സൂര്യൻ ഈക്കാര്യം ഏറ്റു . ഈ വിവരം ചന്ദ്രച്ചാരോട് പറയുകയും ചെയ്തു. പിറ്റേ ദിവസം തൊട്ട് അവർ വലിയ മണിമാളിക പണിയാൻ തുടങ്ങി. പണി തീർന്നപ്പോഴോ? സൂര്യൻ വീണ്ടും വെള്ളത്തിനെ ക്ഷണിച്ചു.
അങ്ങനെ ഒരു ദിവസം വെള്ളം സൂര്യന്റെ മാളികയിലേക്ക് എത്തി ചേർന്നു. ആരോ ചോദിച്ചു, “ഇവരെ വീട്ടിലേയ്ക്ക് കയറ്റി വിട്ടാൽ സംഗതി കുളമാകുമോ?” സൂര്യൻ തെല്ല് സംശയമില്ലാതെ പറഞ്ഞു: “ഒരു കുഴപ്പവുമില്ല. എന്റെ ചങ്ങാതിയോട് വരാൻ പറയൂ.”
വെള്ളം വീട്ടിനുള്ളിലേക്ക് ഒഴുകി. കൂടെയോ, ഒരു പാട് മത്സ്യങ്ങളും ജീവികളും നീന്തി വന്നു. മുട്ടോളമായപ്പോൾ വെള്ളം പിന്നെയും സൂര്യനോട് ചോദിച്ചു:”കുഴപ്പമില്ലല്ലോ?”. സൂര്യൻ : “ഹേയ് !”.
ഒരാൾ പൊക്കമായപ്പോൾ വെള്ളം വീണ്ടും ചോദിച്ചു,”കൂടുതൽ ആൾക്കാർ വന്നോട്ടെ? വലിയ മീനുകൾ, സ്രാവുകൾ, ഡോൾഫിനുകൾ എല്ലാവരും വരാനുണ്ട്. ” സൂര്യനും ചന്ദ്രനും ഒരുമിച്ച് പറഞ്ഞു: “വന്നോട്ടേന്നെ “
അങ്ങനെ കൂടുതൽ ആൾക്കാർ വരുന്തോറും, സൂര്യനും ചന്ദ്രനും മാളികപ്പുറത്ത് കയറി ഇരിക്കേണ്ടി വന്നു. വെള്ളം പിന്നെയും പറഞ്ഞു: “കുഴപ്പമുണ്ടെങ്കിൽ പറേണേ” .
നിറഞ്ഞ് നിറഞ്ഞ് വെള്ളം മേൽക്കൂരയും കവിഞ്ഞൊഴുകി. അങ്ങിനെ ആണ് സൂര്യനും ചന്ദ്രച്ചാരും ആകാശത്തെത്തിയതത്രെ! അവർ പിന്നെ അവിടെ തന്നെ കൂടി!
(ആഫ്രിക്കൻ നാടോടി കഥ)
മോമോതാരോ
മോമോതാരോ ഒരു വലിയ പീച്ച് പഴത്തിൽ ഒരു നദിയിലൂടെ ഒഴുകി ഒഴുകി, തുണി അലക്കിയിരുന്ന ഒരു പാവം വയസ്സി അലക്കുകാരിയുടെ അടുക്കലേയ്ക്ക് എത്തി. അവർക്ക് കുട്ടികളില്ലായിരുന്നു. വലിയ പീച്ച് ഫലം കണ്ട അവർ അത് ഭർത്താവിന്റെ കൂടെ കഴിക്കാൻ വീട്ടിലേക്ക് കൊണ്ട് പോയി. പീച്ച് തുറന്നപ്പോഴാകട്ടെ, അതിലൊരു മിന്നിത്തിളങ്ങുന്ന പൊന്നോമന കുഞ്ഞ്!
കുഞ്ഞ് അവരോട് പറഞ്ഞു: “എന്നെ നിങ്ങളുടെ മകനായി വളരാൻ സ്വർഗ്ഗത്തിൽ നിന്നയച്ചതാണ്.” അങ്ങനെ അവർ അവനു ‘മോമോതാരോ’ എന്ന് പേരിട്ടു- പീച്ച് എന്നർത്ഥമുള്ള ‘മോമോ’ യും മൂത്ത മകൻ എന്നർത്ഥ മുള്ള ‘താരോ’ യും കൂട്ടിച്ചേർത്തിട്ട്.
വർഷങ്ങൾക്ക് ശേഷം മോമോതാരോ അച്ഛനെയും അമ്മയേയും വിട്ട് ദൂരെ ഉള്ള ഒരു ദ്വീപിലെ രാക്ഷസന്മാരോട് യുദ്ധം ചെയ്യാൻ പുറപ്പെട്ടു പോയി. വഴിയിൽ അവൻ ഒരു സംസാരിക്കുന്ന നായ്ക്കുട്ടിയെയും കുരങ്ങച്ചാരെയും ഒരു ചകോരത്തിനേയും കൂട്ടുപിടിച്ചു. അവർ അവനെ സഹായിക്കാമെന്ന് ഏറ്റു.
ദ്വീപിലെത്തിയ ചങ്ങാതിമാർ, രാക്ഷസന്മാരുടെ കോട്ട തകർത്തു. അവരെ തോൽപ്പിച്ച് മുട്ടുകുത്തിപ്പിച്ചു. രാക്ഷസന്മാർ മോഷ്ടിച്ചുണ്ടാക്കിയ അമൂല്യ നിധികളുമായി മോമോതാരോയും കൂട്ടരും തിരിച്ചെത്തി. അവർ രാക്ഷസന്മാരുടെ നേതാവിനെ തടവിലാക്കി കൊണ്ട് വരികയും ചെയ്തു. അന്ന് തൊട്ട് , രാക്ഷസന്മാരുടെ ദ്രോഹം തീർന്നതിനാൽ മോമോതാരോയും കുടുംബവും നാട്ടുകാരും സുഖമായി ജീവിച്ചു .
(ജാപ്പനീസ് നാടോടിക്കഥ)
തീയുടെ ദേവത
പെലെ എന്ന തീയുടെ ദേവത ഒരിക്കൽ ഒരു വയസ്സി ആയി വേഷം കെട്ടി ഒരു പണക്കാരന്റെ വീട്ടിൽ എത്തി ഭക്ഷണത്തിനായി യാചിച്ചു. അവരെ ആ പണക്കാരൻ ആട്ടിയോടിച്ചു. അപ്പോൾ അവർ തൊട്ട് അപ്പുറത്തെ വീട്ടിൽ പോയി വീണ്ടും ഭക്ഷണം യാചിച്ചു. അവിടെയാകട്ടെ, അവർ ഇഷ്ടം പോലെ ഭക്ഷണം കൊടുത്ത് ദേവതയെ സൽക്കരിച്ചു വിട്ടു. തീയുടെ ദേവത വളരെ ഏറെ സന്തോഷിക്കുകയും ഭക്ഷണം തരാത്ത പണക്കാ രനെ ശപിക്കുകയും ചെയ്തു.അയാളുടെ കൃഷിയൊക്കെ തീ കത്തി നശിച്ചു. അതേ സമയം അയാളുടെ അയൽവാസിയുടെ കൃഷിയെ ദേവത അനുഗ്രഹിക്കുകയും ചെയ്തു.
(ഹവായിയൻ നാടോടി കഥ)
Read More: കുഞ്ഞു കുഞ്ഞു കഥകൾ- ഉമ പ്രസീദ മൊഴിമാറ്റം നടത്തിയ നാടോടിക്കഥകൾ ഇവിടെ വായിക്കാം