ഇനി ഞാൻ പറയാൻ പോകുന്നത് ആരുടെ കഥ ആണെന്ന് അറിയാമോ? അതിപ്പോൾ പറയുന്നില്ല. പണ്ട് പണ്ട്… ഇല്ല, അത്ര പണ്ടല്ല. കുറച്ചു പണ്ട്… നോർവേയിലെ ട്രോണ്ട്ഹെയിം (Trondheim) എന്ന നമ്മുടെ ഭംഗിയുള്ള പട്ടണത്തിൽ ഫിയോഡ് എന്ന കുഞ്ഞു കടലിൽ രണ്ട് കടൽത്തീരങ്ങൾ ഉണ്ടായിരുന്നു. അവയുടെ പേരോ? ദ്യൂപ്വികയും (Djupvika) കോഴ്സ്വികയും (Korsvika).
രണ്ടു കടൽക്കരകളും നോക്കിയാൽ ഏതിനാണ് ഏറ്റവും ഭംഗി എന്ന് പറയാൻ പ്രയാസമായിരുന്നു. എന്നാലും വേണമെങ്കിൽ കോഴ്സ്വികക്കാണ് കൂടുതൽ ഭംഗിയെന്ന് പറയാം. അതെന്തു കൊണ്ടാണ്? കോഴ്സ്വികയുടെ ഒരറ്റത്ത് ഒരു വലിയ മലഞ്ചെരിവ് ഉണ്ടായിരുന്നു. പത്തു ജിറാഫുകളെ ഒന്നിന് മീതെ ഒന്നായി വെച്ചാൽ അതിന്റെ പൊക്കമാകുമോ? അറിയില്ല കൂട്ടുകാരെ. എന്തായാലും നല്ല പൊക്കത്തിലായിരുന്നു ആ മലഞ്ചെരിവ്.
ദ്യുപ്വിക എന്ന കടൽത്തീരത്താണ് നമ്മുടെ ആമച്ചേട്ടൻ അലക്‌സാണ്ടർ നിൽസെൻ താമസിച്ചിരുന്നത്. അലക്സാണ്ടർ ചേട്ടൻ ദിവസം മുഴുവൻ ആ കടൽത്തീരത്ത് ഇരുന്ന് ഉറങ്ങും. ചിലപ്പോൾ കടൽത്തീരത്തു കളിക്കാൻ വരുന്ന കുഞ്ഞുങ്ങൾ ആമച്ചേട്ടന്റെ പുറംതോട് കണ്ടിട്ട് പാറപ്പുറമാണെന്ന് കരുതി കയറിയിരിക്കും. ഉറക്കമുണർന്ന ആമച്ചേട്ടൻ മെല്ലെ തലയും കൈയ്യും പുറത്തിട്ട് ഇഴയാൻ തുടങ്ങുമ്പോൾ “അയ്യോ !” എന്ന് നിലവിളിച്ച് അമളി പറ്റിയ കുഞ്ഞുങ്ങൾ ഓടും. അത് കണ്ടു അലക്‌സാണ്ടർ ആമ ചേട്ടൻ പതിഞ്ഞ ശബ്ദത്തിൽ “ഹ ഹ ഹ ” എന്ന് ചിരിക്കും. ആമച്ചേട്ടന്റെ വയസ്സ് എത്രയായിരുന്നു എന്നറിയാമോ? 50? 70? ഏയ് അല്ലല്ല 110 വയസ്സ്! അത് കൊണ്ട് തന്നെ കാഴ്ചയൊക്കെ മങ്ങി തുടങ്ങിയിരുന്നു ആമച്ചേട്ടന്.

കടൽത്തീരത്ത് വെയില് കായുന്ന മുത്തശ്ശിമാർ, മണ്ണിൽ കൊട്ടാരങ്ങൾ ഉണ്ടാക്കുന്ന കുഞ്ഞുങ്ങൾ, വോളിബോൾ കളിക്കുന്ന യുവാക്കൾ, കുശലം പറഞ്ഞ് കോഴി പൊരിക്കുന്ന സുന്ദരി അമ്മമാർ, അവർ പൊരിക്കുന്ന കോഴിക്കാലുകൾ കൊത്താൻ തക്കം പാർത്തു നിൽക്കുന്ന കടൽക്കാക്കകൾ. ഇവരൊക്കെയായിരുന്നു ആമ ചേട്ടന്റെ ജീവിതത്തിലെ ആകെയുള്ള സംഭവങ്ങൾ. ആരും പക്ഷേ, ആമച്ചേട്ടനെ കണ്ട ഭാവം നടിച്ചിരുന്നില്ല.
അങ്ങനെ ഇരിക്കുമ്പോഴാണ്, അടുത്തുള്ള കോഴ്സവിക കടൽക്കരയിൽ ഒരു പുതിയ കാപ്പിക്കട തുടങ്ങിയത്. കൂടെ ഒരു ചെറിയ ലഘു ഭക്ഷണ ശാലയും. അതോടെ ദ്യുപ്വികയിൽ വെയില് കായാൻ വന്നിരുന്നവരൊക്കെ കോഴ്സ്വികയിലേക്ക് പോകാൻ തുടങ്ങി. പോയി, പോയി ദ്യുപ്വിക കാലിയായി. ആരും ഇല്ലാത്ത കടൽത്തീരം! അവിടെ ആമച്ചേട്ടൻ മാത്രം എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ സങ്കടത്തോടെ ഇരുന്നു.
അങ്ങനെ ഇരിക്കുമ്പോഴാണ് നമ്മുടെ ഡോൾഫിൻ സുന്ദരി ജൂലി ഹാൻസെൻ കടലിൽ മുങ്ങാംകുളിയിട്ട് ചാടി ചാടി അവിടെ എത്തിയത്. തന്റെ അഭ്യാസങ്ങൾ കണ്ടിട്ട് ഒരുപാട് കുഞ്ഞുങ്ങൾ തന്നെ നോക്കി കൈ കൊട്ടി ചിരിക്കുന്നുണ്ടാകുമെന്ന് കരുതി പൊങ്ങി വന്ന ജൂലി കണ്ടത് കാലിയായ തീരമായിരുന്നു. ആകെ ഉണ്ടായിരുന്നതോ? പാതി ഉറക്കത്തിലായിരുന്ന അലക്സാണ്ടർ ആമച്ചേട്ടൻ മാത്രം.
ഒറ്റയ്ക്കിരിക്കുന്ന ആമച്ചേട്ടനെ കണ്ടപ്പോൾ ജൂലിക്ക് സങ്കടം തോന്നി. കടൽത്തീരത്ത് സാധാരണ വരുന്നവരൊക്കെ എവിടെ പോയി എന്നന്വേഷിക്കാൻ ജൂലി മുങ്ങാംകുഴിയിട്ട് അതിനടുത്തുള്ള വേറൊരു കടൽത്തീരമായ കോഴ്സ്വികയിലേക്ക് പോയി. അവിടെ നോക്കിയപ്പോഴോ, ആകെ തിരക്കും ബഹളവും.
പുതിയതായി തുടങ്ങിയ കാപ്പിക്കടയിൽ ആണെങ്കിൽ ആൾക്കാരുടെ നീളൻ ക്യൂ! തീരത്തുള്ള കുഞ്ഞുങ്ങളുടെ ചിരിയും കൈകൊട്ടലും കാണാൻ വേണ്ടി രണ്ടു മൂന്ന് അഭ്യാസം കാണിക്കാൻ നോക്കിയ ജൂലി വെള്ളത്തിന് മുകളിലേക്ക് ചാടി ഉദ്ദേശിച്ച രീതിയിൽ മറിയാൻ പറ്റാതെ അടിതെറ്റി വെള്ളത്തിൽ ‘ബ്ലും’ എന്ന് വീണു. എന്താ കാരണം? മനസ്സ് മുഴുവൻ ഒറ്റക്കിരിക്കുന്ന അലക്സാണ്ടർ ആമച്ചേട്ടന്റെ വിഷമം ആയിരുന്നു. ആമച്ചേട്ടൻ എങ്ങിനെയെങ്കിലും കോഴ്സ്വികയിലെത്തിയെങ്കിൽ എന്ന് ജൂലി ആശിച്ചു.

“എന്താണിപ്പോൾ ഒരു വഴി?” ജൂലി ഒരുപാട് ആലോചിച്ചു. ആമച്ചേട്ടൻ നടന്നു അങ്ങോട്ട് എത്തണമെങ്കിൽ കൊല്ലം ഒന്ന് ആകും !
ഒരു വഴിയേ ഉള്ളു! തന്റെ പുറകിൽ ഇരുത്തി വെള്ളത്തിന് മുകളിലൂടെ ദ്യുപ്വിക തീരത്തു നിന്ന് കോഴ്സ്വികയിലേക്ക് എത്തിക്കുക. അന്ന് വൈകുന്നേരം തന്നെ ജൂലി, ആമച്ചേട്ടനെ കാണാൻ പോയി.
“അലക്സ് ചേട്ടാ, എന്താ ഇവിടെ ഒറ്റക്കിരിക്കുന്നത്? ഇവിടെ ആരെയും കാണാനില്ലല്ലോ. ബോറടിക്കുന്നില്ലേ? ചേട്ടനെ, ഞാനാ അപ്പുറത്തെ കടൽത്തീരത്ത് കൊണ്ട് വിടട്ടെ?” ജൂലി ഡോൾഫിൻ ചോദിച്ചു.
“ഓ എന്തിനാ കുഞ്ഞേ, ഞാൻ ഇവിടെ എങ്ങാനും ഇരുന്നോളാം. അങ്ങോട്ടൊക്കെ നടന്നെത്താൻ എനിക്ക് കുറെ കാലം പിടിക്കും. പോരാത്തത്തിനു വയസ്സായില്ലേ കുഞ്ഞേ, പണ്ടത്തെ പോലെ സ്പീഡൊന്നും കിട്ടില്ല,” ആമച്ചേട്ടൻ ഇഴഞ്ഞ മട്ടിൽ പറഞ്ഞു.
“അതിനാണോ പ്രയാസം? ഞാൻ കൊണ്ടുവിടാമെന്നേ. എന്റെ പുറത്ത് ഒന്ന് കയറി ഇരുന്നാൽ മതി. തിരമാലകൾക്കിടയിലൂടെ ഞാൻ കൊണ്ടാക്കാം.” എല്ലാവരെയും സഹായിക്കാൻ ഇഷ്ടമുള്ള ജൂലി പറഞ്ഞു.
“ഓ, കുഞ്ഞിനതൊക്കെ പ്രയാസമാകും…” ആമച്ചേട്ടൻ ഒരു കോട്ടുവായിട്ടു കൊണ്ട് തുടർന്നു.
“ചേട്ടൻ പുറപ്പെടു പെട്ടെന്ന്. ഇപ്പോൾ തന്നെ പോകാം,” ജൂലി ആവേശത്തോടെ പറഞ്ഞു.
അങ്ങനെ അന്ന് തന്നെ ജൂലിയും ജൂലിയുടെ പുറത്ത് അലക്സാണ്ടർ ആമച്ചേട്ടനും കൂടി കടലിലൂടെ യാത്ര പുറപ്പെട്ടു. കാര്യം ഒരു പതിനഞ്ച് മിനിറ്റ് യാത്രയെ ഉള്ളു. പക്ഷെ അവർ ഒട്ടും ആലോചിക്കാത്ത ഒരു സംഭവം നടന്നു.
ഉച്ചമയക്കം കഴിഞ്ഞ് ഒന്ന് വലിഞ്ഞ ശേഷം ചായക്ക് മുറു മുറാ എന്ന് കഴിക്കാൻ ഒന്നുമില്ലല്ലോ എന്നാലോചിച്ചു സങ്കടപ്പെട്ട് ഒരാൾ വീടിനു പുറത്തെ ചാരുകസേരയിൽ വന്നിരിക്കുന്നുണ്ടായിരുന്നു . വീടാണെങ്കിലോ വെള്ളത്തിനടിയിൽ. ആരായിരുന്നു അത്? ആ സ്ഥലത്തെ പ്രധാന വില്ലൻ ആയിരുന്ന നമ്മുടെ റോജർ ഗുണ്ടേഴ്സൺ സ്രാവ്.
ആ ദിവസം റോജറമ്മാവന്റെ 90 ആം പിറന്നാൾ ആയിരുന്നു. സ്വയം ആ കടലിന്റെ രാജാവാണെന്ന് എല്ലാവരെയും ധരിപ്പിച്ചും പേടിപ്പിച്ചും വെച്ചിരുന്ന റോജറമ്മാവൻ പിറ്റേ ദിവസം വീട്ടിൽ വലിയൊരു പാർട്ടി വെച്ചിരുന്നു. വരാത്തവരെ വിഴുങ്ങിക്കളയും എന്ന് പ്രത്യേകം ക്ഷണക്കത്തിൽ വച്ചിരുന്നു, ചുവന്ന അക്ഷരത്തിൽ! അങ്ങനെ ഇരിക്കുമ്പോഴാണ് തലയുടെ മീതെ ജൂലി പോകുന്നത് കണ്ടത്. കണ്ണ് തിരുമ്മി ഒന്നും കൂടി നോക്കിയപ്പോഴോ, ജൂലിയുടെ പുറത്ത് വേറെന്തോ ഒരു സാധനം! അത് കണ്ടുപിടിച്ചിട്ട് തന്നെ കാര്യമെന്ന് കരുതി റോജർ ഗുണ്ടേഴ്സൺ മുകളിലേക്ക് കുതിച്ചു. എന്നിട്ടവരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു .
റോജർ അമ്മാവൻ പാർട്ടി ഒരുക്കുന്ന തിരക്കിലായിരിക്കുമെന്ന് കരുതിയാണ് ജൂലി റോജറിന്റെ വീടിനു മീതെ ഉള്ള എളുപ്പവഴി എടുത്തത്. പെട്ടെന്ന് മുൻപിൽ റോജർ അമ്മാവനെ കണ്ട ജൂലി ഒന്ന് ഞെട്ടി. പിന്നെ പതിഞ്ഞ ശബ്ദത്തിൽ ഇങ്ങനെ പറഞ്ഞു :
“ഗു… ഗു… ഗുഡ് ഈവനിങ് റോജർ അമ്മാവാ.”
“അമ്മാവനോ! എനിക്ക് അത്ര പ്രായമൊന്നും ആയില്ലല്ലോ ജൂലി കൊച്ചേ.” ഇതും പറഞ്ഞ് റോജർ ചേട്ടൻ 2500 പല്ലും ഉണക്കാനിട്ട പോലെ പുറത്തേക്ക് ഇട്ട് ഒരു ഭീകരൻ ചിരി ചിരിച്ചു.
“ആഹ് അത് പോട്ടെ! എന്താ ഈ വഴിക്ക്. ഇതാരപ്പ ഇത് വരെ കാണാത്ത ഒരാൾ?” ജൂലിയുടെ പുറത്തിരിക്കുന്ന ആമ ചേട്ടനെ നോക്കികൊണ്ട് റോജർ അമ്മാവൻ പറഞ്ഞു.
“അ… അ …ഇതോ? അ… അ… അലക്സാണ്ടർ ആമച്ചേട്ടൻ. വെറുതെ അലഞ്ഞു തിരിഞ്ഞു നടക്കുന്നത് കണ്ടപ്പോൾ കടല് കാണിക്കാമെന്ന് കരുതി കൊണ്ട് വന്നതാണ്. ഇ… ഇ… ഇപ്പോ തന്നെ തിരിച്ച് കൊണ്ടാക്കാം. പോ… പോ… പോട്ടെ, പി… പി… പിന്നെ കാണാം…” ജൂലി പേടി കൊണ്ട് വിറച്ചാണെങ്കിലും ഇത്രയും പറഞ്ഞൊപ്പിച്ചു.

“ആഹാ, എന്നാൽ ഒന്ന് പരിചയപ്പെട്ടു കളയാം.” ആമയെ ഒറ്റയടിക്ക് വായിലാക്കി വീട്ടിൽ കൊണ്ടുപോയി ചായക്കൊപ്പം കറുമുറാ ആമ റോസ്റ്റ് സ്വപ്നം കണ്ടുകൊണ്ട് റോജർ ഗുണ്ടേഴ്സൺ അലക്സാണ്ടർ ചേട്ടന്റെ അടുത്തേക്ക് ചെന്നു.
ജൂലി പേടിച്ച് കണ്ണടച്ചു.
“ഹോ ഹോ ഹോ!” ഇങ്ങനെ ആർത്തലച്ചു ചിരിച്ച റോജറിന്റെ ബഹളം കേട്ട് അവിടെ താമസിച്ചിരുന്ന സാൽമൺ മീനുകളും കടൽ പൂച്ചൂട്ടി മീനുകളും അയല മീനുകളും , നീരാളികളും, ഞണ്ടുകളുമൊക്കെ ചുറ്റിനും കൂട്ടം കൂടി!
ഒറ്റക്കടിക്ക് വേണ്ടി കണ്ണടച്ച് വായും പൊളിച്ച് ചെന്ന റോജറിനെ കണ്ട ആമ ചേട്ടൻ ഒറ്റയടിക്ക് തന്റെ തോടിനുള്ളിലേക്ക് വലിഞ്ഞു. റോജർ വായ പൂട്ടി ഒറ്റ കടി!
കട്ടിതോടിൽ തട്ടി റോജർ ഗുണ്ടേഴ്സന്റെ വായിലെ ആടി ആടി നിൽക്കുന്ന 2499 പല്ലുകളും കൊഴിഞ്ഞു പോയി! പല്ലു കൊഴിയുന്ന ശബ്ദം കേട്ട് അന്തം വിട്ട റോജർ ഗുണ്ടേഴ്സൺ ജാള്യതയോടെ മോണ കാട്ടി ഒന്നും കൂടി ചിരിച്ചു. അപ്പോഴോ? ബാക്കി ഉണ്ടായിരുന്ന ഒരു പല്ലും കൂടി കൊഴിഞ്ഞു പോയി!
ഇതൊക്കെ കണ്ട ജൂലിയുടെ അടിവയറ്റിൽ നിന്ന് ചിരി പൊട്ടി, ചിരി അടക്കാനാവാതെ ജൂലി വായ പൊത്തി ചിരിച്ചു!
പോരെ പൂരം! ഒരാൾ ചിരിച്ചാൽ ബാക്കി ഉള്ളവർക്ക് പിടിച്ചു നിൽക്കാൻ പറ്റുമോ! ചുറ്റിനും നിന്ന എല്ലാവരും റോജറിനെ നോക്കി പൊട്ടി പൊട്ടി ചിരിക്കാൻ തുടങ്ങി. ബഹളമെല്ലാം കേട്ട് “ഞാനൊന്നുമറിഞ്ഞില്ലേ” എന്ന മട്ടിൽ ആമച്ചേട്ടൻ മെല്ലെ തല തോടിനു വെളിയിലേക്ക് ഇട്ട് നോക്കി.

അപ്പോഴേക്കും നാണക്കേട് കാരണം റോജർ അമ്മാവൻ വീട്ടിനുള്ളിലേക്ക് കുതിച്ചു കയറി. വയസ്സാം കാലത്ത് അബദ്ധമൊക്കെ കാണിച്ച് പല്ലെല്ലാം കൊഴിച്ചു വന്നതിനു റോജർ അമ്മാവന്റെ ഭാര്യ ഡെയ്സി ഗുണ്ടേഴ്സൺ സ്രാവ് തവി കൊണ്ട് റോജറിന്റെ തലക്കിട്ടൊരെണ്ണം കൊടുത്തു. അത് വലിയൊരു മുഴയുമായി എന്നാണ് കേട്ടത്.
എന്തായാലും അന്ന് രാത്രി തന്നെ ഗുണ്ടേഴ്സൺ കുടുംബം സ്ഥലം വിട്ടു! പിറ്റേ ദിവസം പാർട്ടിക്ക് ഹാജരായ കുഞ്ഞു മീനുകളാണ് പൂട്ടിയിട്ട വീട് കണ്ടത്.
റോജർ അമ്മാവൻ ഓടിയ തക്കത്തിന് ജൂലി ഡോൾഫിൻ ആമച്ചേട്ടനെയും കൊണ്ട് കോഴ്സവിക കടൽത്തീരത്തിലേക്ക് കുതിച്ചു. കടൽത്തീരത്തെ ബഹളവും കുഞ്ഞുങ്ങളെയും മുത്തശ്ശിമാരെയും വോളി ബോൾ കളിക്കുന്ന പയ്യന്മാരെയും കണ്ട അലക്സാണ്ടർ ആമച്ചേട്ടന് സന്തോഷമായി.
ഒരു പാട് ഡാൻഡെലിയോൺ പൂക്കൾ ഉള്ള ഒരു സ്ഥലത്ത് പോയിരുന്നു അവയൊക്കെ തിന്നാൻ തുടങ്ങി. ജൂലിയോ? ആമച്ചേട്ടൻ, റോജർ സ്രാവിനെ കടല് കടത്തിയ കഥ കുറച്ചു എരിവും പുളിയും ഒക്കെ ചേർത്ത് വലിയൊരു സിനിമാക്കഥ പോലെ എല്ലായിടത്തും കൊണ്ടെത്തിച്ചു.
കടലിലെ എല്ലാവരും ആമച്ചേട്ടനെ സ്ഥലത്തെ സൂപ്പർസ്റ്റാറായി ആദരിച്ചു. എങ്ങിനെ എന്നറിയാമോ? കോഴ്സവികയുടെ തീരത്തിരുന്നു വെയില് കായാൻ ഒരു ചാര് കസേരയും, സ്റ്റൈൽ ആവാൻ ഒരു കൂളിങ് ഗ്ലാസും, മൊട്ട മണ്ട വെയില് കൊണ്ട് പൊള്ളാതിരിക്കാൻ ഒരു വലിയ തൊപ്പിയും കൊടുത്തിട്ട്!