/indian-express-malayalam/media/media_files/uploads/2022/11/uma-3.jpg)
പണ്ട് പണ്ട് നോർവേയിലെ പാസ്‌വിക് എന്ന ഒരു സ്ഥലത്ത് ഒരു കാടുണ്ടായിരുന്നു. അവിടെ ഒരു ഗുഹയിലാണ് കരടിയമ്മ ഹന്നയും യാൻ എന്ന കരടിക്കുട്ടനും താമസിച്ചിരുന്നത്.
യാനിന് എന്നും ഉറങ്ങുമ്പോൾ കഥ വേണം. കഥ കേട്ടില്ലെങ്കിൽ അവൻ ഉറങ്ങുമായിരുന്നില്ല. എന്നുമെന്നും പുതിയ പുതിയ കഥകൾ ഉണ്ടാക്കാൻ അമ്മ ഹന്ന നന്നേ പാടുപ്പെട്ടിരുന്നു.
അങ്ങനെ, ഒരു രാത്രി അവർ എന്നത്തേയും പോലെ ഗുഹയുടെ മുൻവശത്ത് ഉറങ്ങാൻ കിടന്നു. ഹന്ന കരടി പറഞ്ഞു - "യാൻ വേഗം ഉറങ്ങു കുട്ടാ. ഇന്നമ്മ ദിവസം മുഴുവൻ പണി എടുത്തു വയ്യാതെ ഇരിക്കുകയാണ്. "
"ആങ്ങ് …പറ്റില്ല … യാൻ കഥ കേൾക്കാതെ ഉറങ്ങില്ല അമ്മാ, കഥ പറഞ്ഞു താ…"
"വാശി പിടിക്കല്ലേ യാൻ " - ഹന്ന കോട്ടുവായയിട്ട് പറഞ്ഞു.
"പറ്റില്ല ..യാൻ ഉറങ്ങില്ല " - യാൻ തല വെട്ടിച്ച് പറഞ്ഞു.
ഹന്ന ഗതി കെട്ട് പറഞ്ഞു - "എന്നാൽ നീ വാ അമ്മയുടെ കൈയ്യിൽ കിടക്ക്. അമ്മ പറഞ്ഞു തരാം കഥ. കേട്ടിട്ട് പെട്ടെന്നുറങ്ങണേ."
"ഉം " - യാൻ ഒരു ചെറു ചിരിയോടെ പറഞ്ഞു. മെല്ലെ അമ്മയോട് ചേർന്ന് കിടന്നു. അമ്മയുടെ രോമക്കുപ്പായം എന്ത് ചൂടാ - അവൻ ആലോചിച്ചു.
അങ്ങനെ ഹന്ന മെല്ലെ കഥ പറഞ്ഞു തുടങ്ങി:
"നമ്മുടെ ഈ ഭൂമിയുടെ മേലെ ഒരു സ്വർഗ്ഗമുണ്ട് - മേഘങ്ങൾക്കും മേലെ. അവിടെ ആകെ എല്ലാം വെള്ള നിറമാണ്. വെള്ളയും വെള്ളിയും. മിന്നി തിളങ്ങുന്ന കണ്ണഞ്ചിപ്പിക്കുന്ന സ്ഥലം! ആരാണ് അവിടത്തെ രാജാവ് ? ദൈവം! "
"അമ്മാ ദൈവം എങ്ങനെ ഇരിക്കും കണ്ടാൽ ?" - യാൻ ചോദിച്ചു .
"ദൈവമോ? നല്ല നീളൻ വെള്ള താടിയും നീളൻ വെള്ള മുടിയും. പിന്നെ വലിയൊരു വെള്ള കുപ്പായവും! അദ്ദേഹത്തിന്റെ കണ്ണുകളോ? മുത്തുകൾ പോലെ തിളങ്ങും! അദ്ദേഹം ചിരിച്ചാലോ? വെള്ള രത്നങ്ങൾ പൊഴിഞ്ഞു പറക്കുന്ന പോലെ എങ്ങും പ്രകാശമാകും! "
/indian-express-malayalam/media/media_files/uploads/2022/11/uma-1.jpg)
"ഹായ് ! എനിക്കും കാണണം ദൈവത്തിനെ" - യാൻ പകുതി എഴുന്നേറ്റു.
"നീ കിടന്നു കഥ കേൾക്ക് കുഞ്ഞേ "- അമ്മ ഹന്ന ക്ഷമയോടെ അവന്റെ തല തലോടി കഥ തുടർന്നു.
“ദൈവത്തിന്റെ സ്വർഗ്ഗത്തിൽ രണ്ടു മാലാഖ കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു - എമ്മയും സോഫിയും. നല്ല വെള്ളി നിറത്തിൽ ഉള്ള കുട്ടിക്കുപ്പായങ്ങളിട്ട് കൈയ്യിൽ അറ്റത്ത് നക്ഷത്രമുള്ള മാന്ത്രിക വടിയും കൊണ്ടാണ് അവർ പാറി നടന്നിരുന്നത്. പറക്കാൻ രണ്ടു കുഞ്ഞ് ചിറകുകളുമുണ്ടായിരുന്നു ഓരോരുത്തർക്കും. ഒരു ദിവസം അവർ ദൈവത്തിനോട് പറഞ്ഞു : ഞങ്ങൾക്കീ വെള്ള നിറം കണ്ടു മടുത്തു. നിറങ്ങൾ വേണം . ഒരുപാടു നിറങ്ങൾ വേണം. "
ദൈവം അവരെ കൂട്ടി കൊണ്ട് പോയി, എന്നിട്ട്, രണ്ടു മേഘങ്ങൾ ഊതി അകറ്റി താഴേക്ക് നോക്കാൻ പറഞ്ഞു. നോക്കിയപ്പോഴതാ താഴെ നീല നിറത്തിൽ ഭൂമി!
"എന്റെ കുഞ്ഞു മാലാഖ കുഞ്ഞുങ്ങളെ നിങ്ങൾ ഭൂമിയിൽ ഒന്ന് പോയിട്ട് വാ. എത്ര നിറങ്ങളെ ഞാൻ അവിടെ ഉണ്ടാക്കിയിട്ടുണ്ടെന്ന് നോക്ക്. പോകുമ്പോൾ രാത്രി പോയാൽ മതി കേട്ടോ. ആരും നിങ്ങളെ കാണണ്ട "
അങ്ങനെ അന്ന് രാത്രി അവർ ഭൂമിയിലേക്ക് പറന്നു. പറന്നിറങ്ങിയതോ. അതാ ദൂരെ കാണുന്ന ആ മലയിൽ. - ഹന്ന പറഞ്ഞു.
"താഴെ എത്തിയപ്പോഴോ ആകെ ഇരുട്ട്. എന്നാലും നേരിയ നിലാവെളിച്ചമുണ്ടായിരുന്നു. അപ്പോൾ അതാ അവർ പല നിറങ്ങളും കണ്ടു. പച്ച, നീല, തവിട്ട് അങ്ങനെ എന്തെല്ലാം നിറങ്ങൾ. അവർ രാവിലെ ആകാൻ കാത്തിരുന്നു, ആരും കാണാതെ ഒരു ഇലചുവട്ടിൽ. രാവിലെ സൂര്യന്റെ വെളിച്ചം വന്നപ്പോഴോ, ചുറ്റിനും ആകെ നിറങ്ങൾ! പക്ഷെ ആരും കാണുന്നതിന് മുൻപേ അവർ തിരിച്ചു പറന്നു. അന്ന് മുതൽ എന്നും രാത്രി അവർ ഭൂമി കാണാൻ ഇറങ്ങി വരുമായിരുന്നു."
"എന്നിട്ട് ?" - യാൻ ചോദിച്ചു.
"എന്നിട്ടെന്താ അങ്ങനെ ഇരിക്കെ മഞ്ഞ് പെയ്തു. ആകെ എല്ലായിടത്തും വെള്ള നിറമായി. അന്ന് മാലാഖ കുഞ്ഞുങ്ങൾ സങ്കടപ്പെട്ടു. സ്വർഗ്ഗത്തിലെ വെള്ള നിറം കണ്ടു മടുത്ത് ഇവിടത്തെ നിറങ്ങൾ ഇഷ്ടപ്പെട്ടു വരുകയായിരുന്നു. അപ്പോഴാണ് മഞ്ഞിന് പെയ്യാൻ തോന്നിയത്!" മഞ്ഞ് പെയ്യുന്നതു കണ്ടിട്ട് സോഫി എമ്മയുടെ കാതിൽ ഒരു സ്വകാര്യം പറഞ്ഞു.
/indian-express-malayalam/media/media_files/uploads/2022/11/uma-2.jpg)
"എന്താ പറഞ്ഞത് ?" യാൻ ചോദിച്ചു.
ഹന്ന തുടർന്നു - "എന്താ പറഞ്ഞതെന്ന് അമ്മയ്ക്കും അറിയില്ല. എന്തായാലും അതിനടുത്ത കൊല്ലം മഞ്ഞ് വീഴുന്നതിനു മുൻപ് , അതായത് ഏതാണ്ട് ഈ സമയം ആയപ്പോഴേക്കും അവർ വീണ്ടും വന്നു. രണ്ട് ചിറകിന്റെയും അറ്റത്തും രണ്ട് ബക്കറ്റുകൾ തൂക്കിയിട്ട്. അതിലെന്തായിരുന്നു അറിയുമോ? നിറങ്ങൾ! അതും അവർക്ക് ഏറ്റവും ഇഷ്ടമുള്ള മഞ്ഞയും ചുവപ്പും തവിട്ടും ഓറഞ്ചും. എന്നിട്ടെന്താ? രാത്രി ആയാൽ അവർ വന്നു എല്ലാ മരങ്ങളിലെ ഇലകളിലും ഈ നിറങ്ങൾ പൂശും. രാവിലെ എല്ലാരും ഉണരുമ്പോൾ അതാ എല്ലാ മലകളും കാടുകളും ഒക്കെ ഈ നിറങ്ങളാൽ തിളങ്ങുന്നു! "
"ദൂരെ നോക്ക് ആ മലകളിൽ. നിനക്ക് കാണാനില്ലേ ഈ പറഞ്ഞ നിറങ്ങളൊക്കെ? "
"ആ ആ " - യാൻ പറഞ്ഞു.
"അങ്ങനെ ആണ് എല്ലാ കൊല്ലവും മഞ്ഞ് പെയ്യുന്നതിനു മുൻപേ ഇലകൾ ഇങ്ങനെ നിറം മാറുന്നത്. ഈ കാലത്തിന്റെ പേരെന്താ ? "
"എന്താ?" - യാൻ ചോദിച്ചു.
"ശരത്ക്കാലം. അങ്ങനെ നിറം പൂശി പൂശി ഒരു ദിവസം ആ ഇലകളൊക്കെ വീണു പോകും. അപ്പോഴാണ് മഞ്ഞ് പെയ്യുക. ഇനി മതി കഥ. നീ ഉറങ്ങ് " - ഹന്ന പറഞ്ഞു.
യാൻ ദൂരെ ഉള്ള മലകൾ നോക്കി നോക്കി എപ്പോഴോ ഉറങ്ങി പോയി.
മൂക്കിൽ ആരോ എന്തോ തൊട്ടു എന്ന് തോന്നിയപ്പോൾ അവൻ ചാടി എഴുന്നേറ്റു. നോക്കിയപ്പോഴോ? അതാ അമ്മ പറഞ്ഞ രണ്ടു മാലാഖ കുഞ്ഞുങ്ങൾ! അവർ കൈയ്യിലെ മാന്ത്രിക വടി കൊണ്ട് യാനിന്റെ മൂക്ക് തൊട്ടു. അപ്പോഴാണ് യാൻ ഉണർന്നത്.
"അ… അമ്മേ " - യാൻ മെല്ലെ അമ്മയെ വിളിച്ചു.
"ശ്ശ് ശ്ശ് " - മാലാഖ കുഞ്ഞുങ്ങൾ ഒരുമിച്ച് പറഞ്ഞു.
എന്നിട്ടോ അതിലൊരാൾ യാനിന്റെ കൈ പിടിച്ചു പൊക്കി. യാൻ മെല്ലെ ആകാശത്തേക്ക് പൊന്തി പോയി.. താഴേക്ക് നോക്കിയപ്പോഴാണ് അവനു മനസ്സിലായത് അവൻ പറക്കുകയാണെന്ന്! ഒന്ന് വീഴാൻ പോയ അവന്റെ മറ്റേ കൈ രണ്ടാമത്തെ മാലാഖക്കുഞ്ഞ് പിടിച്ചു. അങ്ങിനെ അവർ അവന്റെ വായിലും വച്ച് കൊടുത്തു ഒരു ബ്രഷ് ! അവരുടെ ചിറകിൽ തൂക്കിയിട്ട ബക്കറ്റുകളിൽ നിന്ന് അങ്ങനെ അവർ മൂവരും ഇലയ്ക്കും മരങ്ങൾക്കും നിറം പൂശി പറന്നു നടക്കാൻ തുടങ്ങി. എന്ത് രസമായിരുന്നു അത് !
ഏതോ മരത്തിൽ ഇരുന്ന് ഉറങ്ങിയ ഒരു കൂമൻ പെട്ടെന്നു ഇവരുടെ ചിരി കേട്ട് ഞെട്ടി ഉണർന്നു ഉണ്ട കണ്ണുകൾ വട്ടച്ച് നോക്കി .
പെട്ടെന്നാണ് ഒരു മാലാഖ കുഞ്ഞ് പറഞ്ഞത് - "അയ്യോ എമ്മ ബാ പോകാം ..രാവിലെ ആയി "
പറഞ്ഞതും അവർ യാനിന്റെ കൈവിട്ട് പറന്നകന്നതും ഒരുമിച്ചായിരുന്നു. യാനോ ? ഒരു തൂവൽ പോലെ തെന്നി തെന്നി തെന്നി അവസാനം ഉറങ്ങുകയായിരുന്ന അമ്മയുടെ കൈകളിലേക്ക് "ബ്‌ഡോ " എന്ന് വീണു.
അമ്മ ഞെട്ടി ഉണർന്നു നോക്കിയപ്പോൾ എന്താ കണ്ടത് എന്നറിയാമോ? യാൻ വീണ പോലെ ഉറക്കത്തിൽ ഞെട്ടുന്നു! വാത്സല്യത്തോടെ ഹന്ന അവന്റെ മുഖം നക്കി തോർത്തി.
അപ്പോഴാണ് യാൻ കണ്ണ് തുറന്നത്. അമ്മയുടെ ചുണ്ടത്തതാ വെള്ളി നിറം! മാലാഖ കുഞ്ഞുങ്ങൾ വടി കൊണ്ട് തൊട്ടു നോക്കിയപ്പോൾ അവന്റെ മൂക്കിൽ ആയതാകും ആ നിറം. അവൻ ചിരിച്ചു കൊണ്ട് ദൂരെയുള്ള മലകൾ നോക്കി കൈ കൊട്ടി .
ഹന്നയ്ക്ക് ഒന്നും മനസ്സിലായില്ല. അവൾ യാനിനെ കെട്ടിപിടിച്ച് ഒരു ഉമ്മ കൊടുത്തു.
- കുട്ടിക്കഥക്കൂട്ടിൽ നാളെ അരുണ നാരായണൻ എഴുതിയ കഥ വായിക്കാം
/indian-express-malayalam/media/media_files/uploads/2022/11/aruna-narayanan.jpg)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us