സാഷ കോഴിയും മിഖായേൽ കുറുക്കനും

ദൂരെ ഒരു മാർക്കറ്റ് ഉണ്ട്. അവിടെ കോഴികൾക്ക് തിങ്കളാഴ്ചകളിൽ സൗജന്യമായി പുഴു സദ്യ ആണ്… നാളെ വരുന്നോ എന്റെ കൂടെ?” -മിഖായേൽ കുറുക്കൻ തഞ്ചത്തിൽ സംസാരിച്ചു.

uma praseeda,childrens story, iemalayalam

പണ്ട് പണ്ട് നോർവെയുടെ അറ്റത്തുള്ള മലഞ്ചേരിവുകളിൽ ഒരെണ്ണത്തിന്റെ താഴ്വരയിൽ ജോനാതൻ എന്ന ഒരു കര്ഷകനുണ്ടായിരുന്നു. കര്‍ഷകനോ, സാഷ എന്നൊരു തടിച്ചി കോഴിയും ഉണ്ടായിരുന്നു . ജോനാതന് ഓട്സ് കൃഷി ആയിരുന്നു. എത്ര വലിയ കൃഷി ആയിരുന്നു എന്നോ? നടന്നാലും നടന്നാലും തീരില്ല – അത്ര വലിയ ഫാം.

ആ ഫാമിന്റെ അറ്റത്തു എന്തായിരുന്നു? മുഴുവൻ വൻ മരങ്ങളുള്ള ഒരു വലിയ കാട്. കാടിന്റെ ഉള്ളിൽ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന മിഖായേൽ എന്ന കുറുക്കൻ ഒരു ഞായറാഴ്ച കാടിന്റെ അറ്റത്തുള്ള ഓക്ക് മരത്തിലേ ദ്വാരത്തിലേക്ക് ഓടിക്കയറിയ മുയലിനെ പിടിക്കാനോടി കിതച്ച് അതിനെ കിട്ടാത്ത നിരാശ കൊണ്ട് തലയിൽ കൈ വെച്ച് ഒരു പാറയിൽ കയറി ഇരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു വലിയ പുഴുവിനെ കണ്ടു അതിനെ കൊത്തി തിന്നാനായി സാഷ കോഴി തത്തി തത്തി പാടത്തിന്റെ അതിർത്തിയിലേക്ക് വന്നത്. സാഷയെ കണ്ടപ്പോൾ തന്നെ മിഖായേലിനു ഓവനിൽ വെച്ച് പൊരിച്ചെടുത്ത കോഴിയുടെ മണമടിക്കുവാൻ തുടങ്ങി. ഗ്രിൽ ചെയ്തെടുക്കണോ അതോ കറി വച്ചെടുക്കണോ? മൊത്തത്തിൽ മിഖായേൽ കുറുക്കന് ആലോചിച്ചു ആലോചിച്ചു വട്ടായി.

പെട്ടെന്നാണ് ജൊനാതൻ്റെ വളർത്തു നായ ബ്രാണ്ടൻ കുരച്ച് കൊണ്ട് ഓടി വന്നത് . അവൻ സാഷയോട് എന്തൊക്കെയോ ഒച്ചയിട്ട് ഉപദേശിക്കുന്നത് കേട്ടു. കേട്ട പാതി കേൾക്കാത്ത പാതി സാഷ കോഴിക്കൂട്ടിലേക്ക് ഒറ്റ ഓട്ടം.

“ശോ! നശിപ്പിച്ചു! എന്തൊരു ഭ്രാന്തൻ ബ്രാണ്ടൻ!” – മരത്തിലേക്ക് ഓടിക്കയറിയ മിഖായേൽ അവനെ മനസ്സിൽ ശപിച്ചു.

പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റു മിഖായേൽ മാളത്തിന്റെ അടുത്തുള്ള ചളിക്കുണ്ടിലിറങ്ങി കുറെ പുഴുക്കളെ പിടിച്ച് കീശയിലാക്കി. എന്നിട്ടോ ? പാടത്തിന്റെ അറ്റത്തു പോയി നിൽപ്പായി, സാഷയെയും കാത്ത്. അന്ന് ജോനാതൻ ബ്രാൻഡണെ ഡോക്ടറെ കാണിക്കാൻ കൊണ്ടുപോകുന്ന ദിവസമായിരുന്നു. തന്റെ പഴയ ജീപ്പിൽ അയാൾ ബ്രാൻഡണെ കൊണ്ട് പോകുന്നത് കണ്ട മിഖായേൽ സന്തോഷം കൊണ്ട് ഓളിയിടാൻ തുടങ്ങി .

സാഷ പ്രാതലിനായി മെല്ലെ കോഴിക്കൂട്ടിൽ നിന്നിറങ്ങി. കൂട്ടിനു അന്ന ചേട്ടത്തിയുമുണ്ടായിരുന്നു – അവിടത്തെ ഏറ്റവും മുതിർന്ന പന്നി ആയിരുന്നു അവർ. വെയിലും ചളിയും കണ്ട അന്നമ്മ ചേട്ടത്തി വേഗം അതിലേക്കു ചാടി. സാഷ കേൾക്കാനായി മിഖായേൽ ഉറക്കെ ‘പുഴു വേണോ ? പുഴു പുഴു ..വെളുത്ത പുഴു, കറുത്ത പുഴു , നീളൻ പുഴു, പുള്ളിക്കുത്തുള്ള സുന്ദരി പുഴു..പുഴു വേണോ പുഴു,’  എന്നു ഈണത്തിൽ പാടുവാൻ തുടങ്ങി. സാഷ കേട്ട പാതി കേൾക്കാത്ത പാതി ശബ്ദം കേട്ട സ്ഥലത്തേക്ക് ഓടി.

uma praseeda,childrens story, iemalayalam

സാഷയെ അവിടെ വെച്ച് കഥ കഴിച്ചാൽ ശരിയാവുകയില്ല. ഏതു നിമിഷവും ബ്രാണ്ടൻ തിരിച്ചു വരാം. മെല്ലെ അതുമിതും പറഞ്ഞ് മാളത്തിലേക്ക് കൊണ്ട് പോയി അവിടെ വെച്ച് കഥ കഴിക്കണം -മിഖായേൽ കുറുക്കൻ ആലോചിച്ചു.

തന്റെ പദ്ധതിയെ കുറിച്ച് ചാൾസ് ചെന്നായയോടും കൂടി ഒന്ന് ചോദിക്കണം.

“എവിടെ പുഴു ?” എന്ന് ചോദിച്ചു കിതച്ചെത്തിയ സാഷയോട് മിഖായേൽ കുറുക്കൻ കൂട്ട് പിടിച്ചു .”ബ്രാണ്ടൻ ചേട്ടൻ ടൗണിൽ പോയല്ലേ ?” – ഒരു വിളിയോടെ മിഖായേൽ ചോദിച്ചു.

“ആ ഇപ്പോ വരും .. പുഴു എവിടെന്ന് ?” – സാഷക്ക് ക്ഷമ നശിച്ചു.
“അത് പിന്നെ പെട്ടെന്ന് ഓടി വരണ്ടേ? അതാ അലീന കുരുവി കൊത്തി കൊണ്ട് പോയ്. ഇത്ര ഇഷ്ടമാണെങ്കിൽ നാളെ ഞാൻ ഒരു സ്ഥലം വരെ കൊണ്ട് പോകാം . ദൂരെ ഒരു മാർക്കറ്റ് ഉണ്ട്. അവിടെ കോഴികൾക്ക് തിങ്കളാഴ്ചകളിൽ സൗജന്യമായി പുഴു സദ്യ ആണ്… നാളെ വരുന്നോ എന്റെ കൂടെ?” -മിഖായേൽ കുറുക്കൻ തഞ്ചത്തിൽ സംസാരിച്ചു.

“നോക്കട്ടെ ..”-സാഷ പറഞ്ഞു .

അപ്പോഴേക്കും ജോനാതന്റെ ജീപ്പിന്റെ ശബ്ദം കേട്ട മിഖായേൽ മെല്ലെ “നാളെ കാണാം ” എന്നും പറഞ്ഞ് സ്ഥലം വിട്ടു.

അന്ന് രാത്രി പുഴുവിനെ ആലോചിച്ച് വെകിളി പിടിച്ച സാഷ മറിയാമ്മ താറാവിനോട് പുഴു സദ്യയെ പറ്റി ചോദിച്ചു . മറിയാമ്മ താറാവ് പറഞ്ഞു
“മോളെ, ഞാൻ നമ്മുടെ ഡാനിയേൽ തവളയോട് ചോദിച്ചു നോക്കട്ടെ.”

അന്ന് തന്നെ മറിയാമ്മ അവിടുത്തെ കുളത്തിലെ ഡാനിയേൽ തവളയോട് മാർക്കറ്റിന്റെ കാര്യം അന്വേഷിച്ചു . കുളം അല്ലാതെ വേറൊന്നും കാണാത്ത ഡാനിയേലിനു പക്ഷെ കുളത്തിലെ ഒരുപാട് മീനുകളെ പരിചയം ഉണ്ടായിരുന്നു … അവൻ അവരോട് മെല്ലെ ഇതേ കാര്യം അന്വേഷിച്ചു. മീനുകളോ ? കുളക്കടവിൽ ഓക്ക് മരത്തിൽ രാത്രി ഗാനമേള നടത്തിയിരുന്ന നിക്കോൾ പെടക്കോക്സ്കി എന്ന കുയില് ചേട്ടത്തിയോട് ചോദിച്ചു. കുയിൽ ചേട്ടത്തി പകൽ റോന്തു ചുറ്റുന്നതിനിടക്ക് മിഖായേൽ കുറുക്കൻ പതിവില്ലാതെ ചാൾസ് ചെന്നായയുടെ ഗുഹയിലേക്ക് കയറി ചെല്ലുന്നതു കണ്ടു വാതിലിനിന്റെ അടുത്ത് ചെന്ന് ചെവിയോർത്തിരുന്നു. ഏതോ കോഴിയെ മാർക്കെറ്റിലേക്ക് കൊണ്ടുപോകുന്ന വഴി കൊന്നു രണ്ടായി മുറിച്ച ശേഷം കറി വയ്ക്കുന്ന കാര്യം!

uma praseeda,childrens story, iemalayalam

അത് വള്ളിപുള്ളി വിടാതെ നിക്കോൾ കുയിൽ ചേട്ടത്തി മീനുകൾക്ക് പാടി പറഞ്ഞു കൊടുത്തു. മീനുകൾ വേഗം ഓടി ഡാനിയേൽ തവളയോട് സ്വകാര്യമായി പറഞ്ഞു കൊടുത്തു. ഡാനിയേലോ? “ക്രോം ക്രോം” എന്ന് ബഹളം വച്ച്, ഉറങ്ങിയിരുന്ന മറിയാമ്മ താറാവ് ചേട്ടത്തിയെ വിളിച്ചുണർത്തി കാര്യം പറഞ്ഞു കൊടുത്തു. മറിയാമ്മ ഓടി വന്നു സാഷയോടും പറഞ്ഞു. സാഷക്ക് ദേഷ്യം വന്നിട്ട്  ചുമന്ന് ഒരു ചുവന്ന ബലൂണ് പോലെ ആയി. രാവിലെ തന്നെ ബ്രാണ്ടൻ ചേട്ടനോട് വിവരം പറഞ്ഞു കൊടുക്കുകയും ചെയ്തു.

അന്ന് വൈകുന്നേരം പാടം അവസാനിക്കുന്ന ഇടത്ത് കൂളിംഗ് ഗ്ലാസ് ഒക്കെ ഇട്ടു നിന്നിരുന്ന മിഖായേൽ കുറുക്കൻ സാഷ വരുന്നതും കാത്ത് കാത്ത് ഒന്ന് മയങ്ങി. ആരോ വാല് പിടിച്ചു വലിക്കുന്നത് അറിഞ്ഞ് മെല്ലെ “ആരെടാ അവിടെ ” എന്ന് ചോദിച്ച എഴുന്നേറ്റ മിഖായേൽ തന്റെ വാലിൽ ചവിട്ടി നിൽക്കുന്ന ബ്രാണ്ടനെ ആണ് കണ്ടത്.

“അയ്യോ …ദൈവമേ … ഭ്രാന്തൻ … അല്ല ബ്രാണ്ടൻ” … ഒറ്റ കടിക്കു മിഖായേലിന്റെ വാല് തുണ്ടം തുണ്ടമാക്കിയ ബ്രാണ്ടൻ മിഖായേലിന്റെ ചെവി കടിക്കാൻ ഒരുങ്ങിയപ്പോഴേക്കും കണ്ണിൽ മാന്തി മിഖായേൽ ജീവനും കൊണ്ടോടി. പിന്നെ ആ വഴിക്കവൻ വന്നിട്ടില്ല.

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Uma praseeda stories for kids sasha and mikhail

Next Story
പെരുമഴയത്തെ കുഞ്ഞിതളുകള്‍-കുട്ടികളുടെ നോവൽ ഒന്നാം ഭാഗംpriya a s, novel
The moderation of comments is automated and not cleared manually by malayalam.indianexpress.com