scorecardresearch
Latest News

സെലീനയും യൂളെ നിസ്സേയും

ക്രിസ്മസ് ദിനത്തിൽ സ്നേഹം തന്നെ സ്നേഹത്തിൽ പൊതിഞ്ഞു സ്നേഹം പകർന്നു കൊടുക്കാനുള്ള സന്ദേശങ്ങൾ കൊണ്ട് വരിഞ്ഞു മുറുക്കി കെട്ടിയ സമ്മാനങ്ങൾ കൊടുക്കുന്ന യൂളെ നിസ്സേയെ ഉറക്കമൊഴിഞ്ഞ കാത്തിരുന്ന സെലീനയുടെ കഥ. കുട്ടികൾക്കായി ഉമ പ്രസീദ എഴുതിയ സ്കാൻഡിനേവിയൻ കഥ

സെലീനയും യൂളെ നിസ്സേയും

സെലീന എന്ന് പേരുള്ള ഒരു സുന്ദരിക്കുട്ടി നോർവെയിലെ ഗൈരാംഗർ എന്ന സ്ഥലത്താണ് താമസിച്ചിരുന്നത്. ഭംഗി തുളുമ്പുന്ന ആ പ്രദേശത്തെ മലഞ്ചെരിവിൽ, ഫിയോർഡിനരികിൽ ഭംഗിയുള്ള ഇളംനീല ചായം പൂശിയ വീട്ടിലാണ് അമ്മയുടെയും അച്ഛന്റെയും ഒപ്പം സെലീന താമസിച്ചിരുന്നത്.

സെലീനയുടെ മുറിയിലെ ജനവാതിൽ തുറന്നാൽ ഫിയോർഡ് കടൽ കാണാമായിരുന്നു; തൊട്ട് അകലെ ഉള്ള കുഞ്ഞു കാടുകളും. എന്ത് രസമായിരുന്നു എന്നറിയാമോ ആ കാഴ്ച! കളിക്കുന്നതിനിടയിൽ സെലീന ഇടയ്ക്കിടക്ക് ജനലിൽ കൂടി പുറത്തേക്ക് നോക്കി നിൽക്കുമായിരുന്നു.

അങ്ങനെ ഇരിക്കെ ആണ് ക്രിസ്മസ് വന്നത്. സെലീനയുടെ അമ്മൂമ്മ പറഞ്ഞിരുന്നു, ക്രിസ്മമസിന് യൂളെ നിസ്സേ (സാന്താ ക്ലോസ്) വരുമെന്നും നമ്മൾ ഒരു ലിസ്റ്റുണ്ടാക്കി വെച്ചാൽ അതൊക്കെ കൊണ്ട് തരുമെന്നും.

അത് കാരണം അത്തവണ സെലീന ക്രിസ്മസ് മരത്തിൽ ഒരു കുഞ്ഞു ലിസ്റ്റ് ഒട്ടിച്ചു. അതിലെഴുതിയതെന്തായിരുന്നു? ഒരുപാട് ഒന്നുമില്ലായിരുന്നു. രണ്ടു ദിവസം മുൻപേ ഒരു കൂമനെ സെലീനയുടെ അമ്മ കാണിച്ചു തന്നിരുന്നു – ഒരു വെള്ള കൂമനെ! അപ്പോൾ സെലീനക്കും അത് പോലൊരു പാവക്കുട്ടി വേണമെന്ന് തോന്നി. ലിസ്റ്റിൽ അവളുടെ ഭാഷയിൽ അവൾ അതെഴുതിയും വെച്ചു.

അങ്ങനെ പോയി പോയി ക്രിസ്മസ് ദിനം വന്നെത്തി. ക്രിസ്മസ് ആഘോഷിക്കാനായി സെലീനയുടെ അമ്മൂമ്മയും അമ്മായിമാരും അമ്മാവൻമാരും അവരുടെ കുട്ടികളും എല്ലാവരും വീട്ടിൽ വന്നു. സെലീന അന്ന് അവളുടെ കസിൻസിന്റെ കൂടെ ഒരു പാടു ഓടിക്കളിച്ചു.

uma praseeda, childrens stories

പക്ഷേ, അവൾ ഇടക്കിടക്ക് ക്രിസ്മസ് ട്രീയിലേക്ക് എത്തി നോക്കുന്നുണ്ടായിരുന്നു. ഇത് അമ്മൂമ്മ കാണുന്നുമുണ്ടായിരുന്നു. എന്നിട്ടോ, അമ്മൂമ്മ അവൾ കാണാതെ കള്ളച്ചിരി ചിരിച്ചിരുന്നു.

അന്ന് രാത്രി ഉറങ്ങാൻ നേരം ‘അമ്മ ഉമ്മ വച്ച് പോയ ശേഷം സെലീന കണ്ണും തുറന്നു വാതിലും തുറന്നു ക്രിസ്മസ് ട്രീയെ നോക്കിയിരുന്നു. അവൾ ഉറങ്ങി പോയാൽ യൂളെ നിസ്സേ വന്നു പോയാലോ. അത് കൊണ്ട് അവൾ കണ്ണും മിഴിച്ച് ഇടക്ക് കോട്ടുവായ വരുമ്പോൾ വാ പൊത്തി ക്ഷമയോടെ നോക്കിയിരുന്നു.

അപ്പോഴതാ പെട്ടെന്നൊരു ശബ്ദം! ആരോ കോണിപ്പടി ചവിട്ടി ഇറങ്ങി വരുന്നു. മരത്തിൽ നടക്കുമ്പോഴുണ്ടാകുന്ന ‘ക്രീം ക്രീം’ ശബ്ദം കേട്ട് അവൾ തെല്ലൊന്നമ്പരന്നു. ഇനി ഇപ്പോൾ യൂളെ നിസ്സേ മച്ച് പൊളിച്ച് കോണിപ്പടി ഇറങ്ങി ആണോ വരുക! അവൾ ആലോചിച്ചു.

പെട്ടെന്നതാ ഒരു വെള്ള തല വാതിൽക്കൽ എത്തി നോക്കുന്നു! അമ്മൂമ്മയുടെ വെള്ളി മുടി അല്ലെ അതെന്ന് അവൾ കണ്ണ് തിരുമ്മി നോക്കി. അതെ, അമ്മൂമ്മ തന്നെയായിരുന്നു അത്.

“സെലീന കുഞ്ഞേ, നീ എന്താ ഉറങ്ങാത്തത്. അമ്മൂമ്മ അറിഞ്ഞു നീ ഉറങ്ങിയിട്ടില്ലെന്ന് . നിന്നെ ഉറക്കി തരട്ടെ?” അമ്മൂമ്മ ചോദിച്ചു.

“വേണ്ട, വേണ്ട! സെലീനക്ക് യൂളെ നിസ്സേനെ കാണണം. കുറച്ച കാര്യങ്ങൾ സംസാരിക്കാനുണ്ട്. അമ്മൂമ്മക്ക്‌ അതൊന്നുമറിയില്ല. അമ്മൂമ്മ പൊയ്ക്കോ. സെലീന പിന്നെ ഉറങ്ങുന്നുള്ളു.” സെലീന പറഞ്ഞു.

“ആണോ? അത് ശരി. എന്നാൽ ഉറങ്ങേണ്ട. നിന്റെ കൂടെ ഞാനും യൂളെ നിസ്സേനെ കാണാൻ ഇരുന്നോട്ടെ? എനിക്കും ചില കാര്യങ്ങൾ പറയാനുണ്ട്. എനിക്കും നിന്റെ കട്ടിലിൽ ഇത്തിരി സ്ഥലം തായോ. കുറച്ച് പുതപ്പും.“ അമ്മൂമ്മ വീണ്ടും ഓട്ട പല്ലു കാണിച്ചു കള്ളചിരി ചിരിച്ചു.

സെലീനക്ക് തോന്നി അമ്മൂമ്മയുടെ മുടിയും പല്ലിനെ പോലെ ചിരിക്കുകയാണെന്ന്. വെള്ള നിറത്തിൽ!

“അമ്മൂമ്മ ബാ. ഇവിടെ ഇരുന്നോ.” അവൾ വേഗം കട്ടിലിൽ കുറച്ച് സ്ഥലമുണ്ടാക്കി.

അമ്മൂമ്മ മെല്ലെ അവളുടെ നെറ്റിയിൽ ഇടതു വശത്തു തലോടാൻ തുടങ്ങി.

“നിനക്കറിയുമോ നിന്റെ പ്രായത്തിൽ അമ്മൂമ്മ ക്രിസ്തുമസിന് എന്താ ചെയ്തിരുന്നതെന്ന്?”

മെല്ലെ സെലീന അമ്മൂമ്മ പറയുന്നത് ശ്രദ്ധിക്കാൻ തുടങ്ങി. അമ്മൂമ്മ തലോടുന്തോറും അവൾ കോട്ടുവായ ഇടാൻ തുടങ്ങി.

“ഹി ഹി. ഇവൾക്കറിയില്ലല്ലോ ഞാൻ ഇങ്ങനെ ആണ് ഇവളുടെ അമ്മയെ ഉറക്കിയിരുന്നതെന്ന്!” ഇങ്ങനെ ഓർത്ത് അമ്മൂമ്മയുടെ കണ്ണുകൾ ഒരു ചെറു കുസൃതിയിൽ മുങ്ങി തിളങ്ങി.

അഞ്ചു മിനിറ്റിൽ അമ്മൂമ്മയുടെ ഒരു കൈ വെള്ളയിൽ മുഖം വെച്ച് സെലീന ഉറങ്ങിപ്പോയി.

അമ്മൂമ്മ അവളെ പുതപ്പിച്ച് നെറ്റിയിൽ പതിയെ ഒരു ഉമ്മ കൊടുത്ത് മെല്ലെ ഇറങ്ങി പോയി ക്രിസ്മസ് ട്രീയിൽ തിളക്കമുള്ള ഒരു പൊതി കൊണ്ട് വെച്ചു. എന്നിട്ടോ? മെല്ലെ കോണിപ്പടി കയറി മുകളിലേക്ക് പോയി.

uma praseeda, childrens stories

പിറ്റേ ദിവസം സെലീന എഴുന്നേറ്റപ്പോൾ രാവിലെ പത്ത് മണി! സെലീന കണ്ണ് തിരുമ്മി ഓടി പോയി ക്രിസ്മസ് ട്രീ നോക്കിയപ്പോഴോ? അതിൽ അതാ ഒരു തിളങ്ങുന്ന പൊതി! പൊതി തുറന്നപ്പോഴുണ്ട് അതിൽഒരു വെള്ള കൂമൻ പാവയും, ഭംഗിയുള്ള കൈയക്ഷരത്തിൽ ഒരു കത്തും!

“കുഞ്ഞു മോളെ സെലീന, നീ എഴുതി വെച്ച കത്ത് ഞാൻ കണ്ടു.നിനക്കുള്ള സമ്മാനം ഞാൻ ഈ കത്തിനൊപ്പം സൂക്ഷിച്ചു വെച്ചിട്ടുണ്ട്. പെട്ടെന്ന് തുറന്നു നോക്ക്. പകരം നീ എനിക്കൊരു കാര്യം ചെയ്യണം.നിന്റെ അമ്മയുടെ കയ്യിൽ ആരുമില്ലാത്തൊരു പട്ടികുഞ്ഞിനെ ഏൽപ്പിച്ചിട്ടുണ്ട്. അതിനെ നീ സ്നേഹിക്കണം. നീ ആണ് അതിന്റെ യൂളെ നിസ്സേ!

ഒരു പാട് സ്നേഹത്തോടെ,
നിന്റെ യൂളെ നിസ്സേ”

അവൾ ഉടനെ തന്നെ അമ്മയുടെ അടുത്തേക്ക് ഓടി. അപ്പോഴതാ അമ്മയുടെ കയ്യിൽ ഒരു കുഞ്ഞു പപ്പി! അവൾ അതിനെ കോരി എടുത്ത് ഒരു ഉമ്മ കൊടുത്തു. അതിനെ അവൾ ഒലീന എന്ന് പേരിട്ടു!
അവൾ ഒലീനയെ താഴത്തു വെക്കാതെ കൊഞ്ചിച്ചു നടന്നു! ഒലീനയോ, സെലീന പോകുന്ന വഴിയൊക്കെ ‘ വൂഫ് വൂഫ്’ എന്ന് കുരച്ച് പിന്നാലെ ഓടിക്കൊണ്ടിരുന്നു.

എന്നാലും ആലോചിക്കുമായിരുന്നു ഉറക്കമിളച്ചു ഇരുന്നിട്ടും അവൾ അറിയാതെ എങ്ങനെ യൂളെ നിസ്സേ വന്നു! അമ്മൂമ്മയോട് ചോദിക്കാമെന്ന് വെച്ചാൽ അമ്മൂമ്മ മടങ്ങിപോവുകയും ചെയ്തു. അന്ന് വൈകുന്നേരം വിളിച്ച് ചോദിച്ചപ്പോൾ അമ്മൂമ്മക്കും അറിയില്ലത്രേ!

പിന്നീട് ഒരുപാട് വലുതായ ശേഷമാണു സെലീനക്ക് മനസ്സിലായത് അവളുടെ യൂളെ നിസ്സേ ആരായിരുന്നു എന്ന്! അവളിന്നു വേറൊരു കുഞ്ഞിന്റെ യൂളെ നിസ്സേ ആണ്.

സ്നേഹം തന്നെ സ്നേഹത്തിൽ പൊതിഞ്ഞു സ്നേഹം പകർന്നു കൊടുക്കാനുള്ള സന്ദേശങ്ങൾ കൊണ്ട് വരിഞ്ഞു മുറുക്കി കെട്ടിയ സമ്മാനങ്ങൾ കൊടുക്കുന്ന യൂളെ നിസ്സേ!

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Uma praseeda stories for children