/indian-express-malayalam/media/media_files/uploads/2022/10/uma-4-3.jpg)
"അലീഷ ഒരു കുട്ടികുറുമ്പിയായ പശുക്കുട്ടി ആയിരുന്നു. എന്ത് വട്ട കണ്ണുകളായിരുന്നു അവളുടേത്. തലയ്ക്കു മുകളിൽ രണ്ടു കുട്ടി മുടിയും, നീളൻ ചെവികളും. അവൾക്കു എപ്പോഴും ധൃതിയായിരുന്നു." ഫിൻ പറഞ്ഞു.
"എന്നിട്ട്?" എസ്പെൻ ചോദിച്ചു.
അവർ നടന്നു പോയ വഴികളിൽ എന്തൊക്കെ തരം കടകൾ ആയിരുന്നു! പല തരത്തിൽ നെയ്തു വെച്ചിരിക്കുന്ന കുപ്പായങ്ങൾ, മേശ വിരിപ്പുകൾ, അലങ്കാര വസ്തുക്കൾ. മഞ്ഞ് പുതഞ്ഞ വെള്ള വഴികൾക്ക് ഭംഗി കൂട്ടാനായി വെച്ച പോലെ!
അവർ നടന്നു നടന്നു ഒരു കോഫി ഷോപ്പിൽ എത്തി. ഫിൻ എസ്പെനു ഒരു കാപ്പി വാങ്ങി കൊടുത്തു. അവിടെ ഇരുന്നു കൊണ്ട് അവർ നിരത്തിലൂടെ നടന്നു പോകുന്ന ആൾക്കാരെ നോക്കി. കുറെ അമ്മൂമ്മമാർ, കുറെ അപ്പൂപ്പന്മാർ. അതിനിടയിൽ ഫിൻ കഥ തുടർന്നു.
"അലീഷ അടുത്തേക്ക് ഓടി വന്നപ്പോൾ പപ്പ ഒന്ന് ഞെട്ടി. അവൾ മെല്ലെ കാൽ കൊണ്ട് മഞ്ഞ് ഉരുട്ടി, ഉരുട്ടി ഒരു ഉണ്ടയുണ്ടാക്കി എന്റെ നേരെ ഒറ്റ ഏറ്! ഞാൻ വിട്ടു കൊടുക്കുമോ! ഞാൻ അവളുടെ മൂക്ക് നോക്കി വേറൊരു മഞ്ഞുണ്ട എറിഞ്ഞു. അങ്ങനെ ഞങ്ങൾ മഞ്ഞത്ത് കുറെ കളിച്ചു.
അവസാനം ഞങ്ങൾ നിർത്തിയതെപ്പോഴാണെന്നറിയാമോ? മഞ്ഞ് മൂക്കിൽ കയറി അവൾ തുമ്മാൻ തുടങ്ങിയപ്പോൾ. ഒരു പശുകുട്ടി തുമ്മുന്നത് ആദ്യമായി കണ്ട ഞാൻ അന്ന് മഞ്ഞത്ത് വീണു കിടന്നുരുണ്ടു ചിരിച്ചു. അലീഷ എന്നോട് പറഞ്ഞു ‘ ഫിൻ. നീ റോറോസ് കണ്ടിട്ടുണ്ടോ? വാ, ഞാൻ റോറോസ് മുഴുവൻ കാണിച്ചു തരാം. വരുന്നോ എന്റെ കൂടെ?”
"അന്ന് എസ്പെൻ, ഞാനും നിന്നെ പോലെ ചോദിച്ചു, 'ഇവിടെന്താ കാണാനുള്ളത് എന്ന്." ഫിൻ പറഞ്ഞു.
"അന്ന് അലീഷ എന്നെ ഇതേ വഴിയിലൂടെ നടത്തിക്കൊണ്ടു പോയി. ഇവിടെ ഉള്ള ഓരോ കടകളിലും ആരും കാണാതെ എന്നെ കയറ്റിയിറക്കി. അന്നൊന്നും ഇത്ര പോലും തിരക്കില്ല. ആ കുത്തനെയുള്ള റോഡിനു മുകളിൽ ഉള്ള പള്ളിയിലും ഞങ്ങൾ കയറി. അവിടെന്തോ ചടങ്ങു നടക്കുകയായിരുന്നു. പക്ഷെ ആരും ഞങ്ങൾ കയറുന്നതു കണ്ടില്ല. എന്ത് രസമാണ് ആ പള്ളിയുടെ ഉള്ളിലെന്നോ!" ഫിൻ തുടർന്നു.
/indian-express-malayalam/media/media_files/uploads/2022/10/uma-2-3.jpg)
"അത് പോലെ ഇന്നും കയറാൻ പറ്റുമോ പള്ളിയിൽ?" എസ്പെൻ ചോദിച്ചു.
"പറ്റുമെന്ന് തോന്നുന്നില്ല എസ്പെൻ. അവിടെ ഇന്നും എന്തോ ചടങ്ങുണ്ട്. ചടങ്ങിനുള്ളവർക്കു മാത്രമേ കയറാൻ അനുവാദമുള്ളൂ. ഞാനും നീയും കൂടി ആരും കാണാതെ കയറാൻ പറ്റുമെന്ന് തോന്നുന്നില്ല." ഫിൻ പറഞ്ഞു,
"ഒരു പശുക്കുട്ടി കടയിലും പള്ളിയിലും കയറുന്നതു ആരും കാണാതിരിക്കുമോ?" എസ്പെൻ സംശയിച്ചു.
"ഹ ഹ! നിനക്കറിയില്ല, അലീഷ എന്തൊരു മിടുക്കിയായിരുന്നെന്ന്! ആരും കാണാതെ പായാൻ അവൾക്കു പ്രത്യേക കഴിവായിരുന്നു." ഫിൻ പറഞ്ഞു.
“അങ്ങനെ പട്ടണമൊക്കെ കണ്ട ശേഷം അവൾ എന്നെ കൊണ്ടുപോയത് അവളുടെ യജമാനന്റെ കൃഷിസ്ഥലത്തേക്കായിരുന്നു. അവിടെ അവളുടെ അമ്മ, സഹോദരങ്ങൾ പിന്നെ കൂട്ടുകാരായ പിങ്കി പോണിയെയും മറിയ മുയലിനെയും പരിചയപ്പെടുത്തി. നീ പറഞ്ഞാൽ വിശ്വസിക്കില്ല എസ്പെൻ, അവരൊക്കെ നമ്മുടെ ഭാഷയിൽ തന്നെയാണ് എന്നോട് സംസാരിച്ചത്. നമ്മുടെ പോലെ പേരുകളും ഉണ്ട് അവർക്ക്." ഫിൻ തുടർന്നു.
ഫിൻ പറഞ്ഞ കാര്യങ്ങൾ ഒന്നും എസ്പെനു മുഴുവനും വിശ്വാസമായില്ല. തെളിവുകളില്ലാതെ ഒന്നും വിശ്വസിക്കാത്ത മനസ്സായിരുന്നു കംപ്യുട്ടർ യുഗത്തിലെ കുട്ടിയായ അവന്റേത്.
“അവസാനം അലീഷ എന്നെ കൊണ്ട് പോയത് എവിടെയാണെന്നറിയുമോ? ആർക്കും അറിയാത്ത ഒരു രഹസ്യ സ്ഥലത്ത്.“ ഫിൻ പറഞ്ഞു.
"അതെവിടെയാ?" എസ്പെൻ ആകാംക്ഷയോടെ ചോദിച്ചു.
"ആ കാണുന്ന കുഞ്ഞ് മല കയറിപ്പോകണം. നീ കയറുമോ?" ഫിൻ ചോദിച്ചു.
എസ്പെൻ തല പൊക്കി നോക്കിയപ്പോഴോ, ആ മലയുടെ അറ്റം കാണാൻ തന്നെ ഉണ്ടായിരുന്നില്ല. ഒന്ന് ആലോചിച്ച ശേഷം അവൻ തലയാട്ടി.
ഫിന്നിന്റെ കൈ പിടിച്ച് എസ്പെൻ മല കയറാൻ തുടങ്ങി. വലിയ വള്ളിപ്പടർപ്പുകൾ ഇടതൂർന്നു കിടക്കുന്ന വളഞ്ഞ വഴികളിലൂടെ അവർ കുറച്ച് ദൂരം കയറി. ഇടക്കിടക്ക് കുഞ്ഞു വെള്ളച്ചാട്ടങ്ങൾ കാണാമായിരുന്നു. തണുപ്പ് കാരണം അവയൊക്കെ ഒട്ടു മുക്കാലും ഐസ് പരുവത്തിലാക്കി കഴിഞ്ഞിരുന്നു.
കയറുന്തോറും മൂടൽ മഞ്ഞു കൂടിക്കൂടി വന്നു. ഒരു പ്രത്യേക സ്ഥലമെത്തിയപ്പോൾ ഫിൻ പറഞ്ഞു "നിൽക്ക് എസ്പെൻ. ആ കുഞ്ഞ് പാറക്കല്ല് കണ്ടോ?"
എസ്പെൻ നോക്കിയപ്പോൾ എന്താ കണ്ടത്? ഒരു കുഞ്ഞ് കുടിൽ. ആരും താമസിക്കാനിടയില്ലാത്ത ഒരു കുടിൽ. അതിനു മുന്നിലോ, ഒരു നീളൻ പാറക്കല്ല്.
"എന്റെ കൈ പിടിച്ചോ... നമുക്കാ പാറക്കല്ലിന്റെ അറ്റത്ത് പോകണം. നല്ല നീളമുള്ള കല്ലാണ് അത്." ഫിൻ പറഞ്ഞു.
"അയ്യോ അതെനിക്ക് പേടിയാണ്." പാറക്കല്ലിന്റെ അറ്റമൊന്നും എസ്പെനു കാണാൻ പോലുമുണ്ടായിരുന്നില്ല.
"പേടിക്കേണ്ട. ഞാനില്ലേ നിന്റെ കൂടെ! വാ" അലീഷ 15 കൊല്ലം മുൻപേ തന്നോട് പറഞ്ഞതോർത്തെടുത്ത് ഒരു ചെറു ചിരിയോടെ ഫിൻ, എസ്പെനോട് പറഞ്ഞു.
അവർ മെല്ലെ മെല്ലെ ആ പാറക്കല്ലിന്റെ അറ്റത്തെത്തി. അവിടമാകെ ചുറ്റിനും മേഘങ്ങൾ! എസ്പെൻ കൈ കൊണ്ട് അവ തട്ടി നീക്കാൻ നോക്കി. പെട്ടെന്ന് സൂര്യന്റെ ഒരു കിരണം മേഘങ്ങൾക്കിടയിലൂടെ എസ്പെന്റെ കണ്ണിലടിച്ചു.
പെട്ടെന്ന് അവരുടെ മുന്നിലെ മേഘങ്ങൾ താനേ വഴി മാറി. എസ്പെൻ കണ്ണ് തുറന്ന് നോക്കിയപ്പോഴോ. താഴെ മനോഹരമായ ഭൂമി. ആ കുഞ്ഞ് പട്ടണത്തിലെ മിക്ക വീടുകളും കുഞ്ഞ് കാടുകളും, പാറക്കല്ലുകളും മഞ്ഞ് മൂടിയ വഴികളും പള്ളിയും എല്ലാം ഒരു കുഞ്ഞ് ചിത്രം പോലെ എസ്പെനു മുന്നിൽ!
/indian-express-malayalam/media/media_files/uploads/2022/10/uma-3-3.jpg)
എസ്പെൻ താഴേക്ക് മെല്ലെ നോക്കിയപ്പോഴോ, നിൽക്കുന്ന പാറക്കല്ല് പറക്കുന്ന മേഘങ്ങൾ കൊണ്ട് മറഞ്ഞിരുന്നു. അവനൊരു നിമിഷം താൻ മേഘങ്ങളിൽ നിൽക്കുകയാണ് എന്ന് തോന്നി. അത് വരെ അങ്ങനൊരു തരത്തിൽ അവൻ ഒരു കാഴ്ചയും കണ്ടിരുന്നില്ല.
"പ പ പപ്പാ..." എസ്പെനു അധികം ഒന്നും മിണ്ടാൻ പറ്റിയില്ല.
ഫിൻ മെല്ലെ എസ്പെനെ ആ പാറക്കല്ലിൽ കൈ പിടിച്ചിരുത്തി. കുറെ നേരം അവർ ഒന്നും തന്നെ മിണ്ടിയില്ല. എസ്പെൻ ആദ്യമായി അത് വരെ കാണാത്തൊരു ലോകം കാണുകയായിരുന്നു.
എസ്പെനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ഫിന്നും ഇരുന്നു. പെട്ടെന്നാണ് ഒരു മണികിലുക്കം അവർ കേട്ടത്.
തിരിഞ്ഞു നോക്കിയപ്പോൾ കുടിലിനു പിൻവശത്തു അതാ ഒരു പശു. എസ്പെൻ ഒന്ന് പേടിച്ചു. അവൻ ഫിന്നിന്റെ കൈ മുറുകെപ്പിടിച്ചു. ഫിന്നും പകച്ചു പോയി. ആ പശു മെല്ലെ ഫിന്നിന്റെ അടുത്ത് വന്നു തലതാഴ്ത്തി നിൽപ്പായി. പെട്ടെന്ന് അലീഷയുടെ ഓർമ്മകളിൽ അറിയാതെ ഫിൻ മെല്ലെ ആ പശുവിന്റെ കഴുത്തിൽ തടവി കൊടുത്തു. എസ്പെൻ ഭയത്തോടെ "പപ്പാ നമുക്ക് പോകാം... പേടിയാകുന്നു." എന്ന് പതിയെ വിറച്ചു കൊണ്ട് പറയുവാൻ തുടങ്ങി.
കുറച്ച് നേരം ആ പശു അവിടെ തന്നെ അങ്ങനെ നിന്നു. പിന്നെ മണികുലുക്കി പിന്തിരിഞ്ഞു നടക്കാൻ തുടങ്ങി. അപ്പോഴാണ് അവിടം മുഴുവനും വീണ്ടും മേഘങ്ങൾ മറച്ചത്.
എസ്പെൻ അപ്പോഴേക്കും "പോകാം, പോകാം " എന്ന് അക്ഷമനായി പറഞ്ഞു കൊണ്ടേയിരുന്നു. അവർ മെല്ലെ അവിടെ നിന്ന് വന്ന വഴിയേ തിരിച്ചിറങ്ങി. പക്ഷെ അവിടെങ്ങും ഒരു പശുവിനെയും കാണാനുണ്ടായിരുന്നില്ല.
തിരിച്ചു വന്നപ്പോൾ എസ്പെൻ ചോദിച്ചു "പപ്പാ ആ പശു എവിടെ നിന്നാണ് വന്നത്. അതിനു പപ്പയെ എങ്ങനെ അറിയാം?"
ഫിൻ ഒന്നും മിണ്ടാതെ ഒരു ചെറുപുഞ്ചിരിയോടെ അവന്റെ തല തലോടി.
എസ്പെന്റെ മനസ്സിൽ ഒരായിരം ചിന്തകൾ ഉണ്ടായി. പപ്പയെ അവിടെ കൊണ്ട് പോയത് അലീഷാ എന്ന പശുകുട്ടിയാണെന്നു പപ്പ പറയുന്നു, അലീഷ തന്നെയാണോ ഇന്നും വന്നത്? പശുവിനും ഓർമ്മകൾ ഉണ്ടാകുമോ? അതെങ്ങനെ പപ്പയെ തിരിച്ചറിഞ്ഞു? പപ്പ എന്താണ് ചോദ്യങ്ങൾക്ക് ഉത്തരമൊന്നും തരാഞ്ഞത്?"
തിരിച്ച് ഹിത്തയിലെത്തിയ എസ്പെൻ അധികമാരോടും മിണ്ടാതെ മുറിയിൽ ചെന്നിരിപ്പായി.
"എന്താ അവനു പറ്റിയത്?" ഹൈയ്ഡി ഫിന്നിനോട് ചോദിച്ചു.
"ഒന്നുമില്ല. അവൻ ഇന്ന് വേറൊരു ലോകം കണ്ടു. അതിന്റെ ഞെട്ടലിലാണ്. ഇത്തിരി നേരം അവൻ ഒറ്റക്കിരുന്നോട്ടെ. ഞാൻ ഒന്ന് മയങ്ങിയിട്ടു വരാം" ഫിൻ കോട്ടുവായിട്ടു പറഞ്ഞു കൊണ്ട് ഉറങ്ങാൻ പോയി.
എസ്പെൻ കുറച്ച് നേരം കഴിഞ്ഞിറങ്ങി വന്നപ്പോൾ ഹെയ്ഡി അമ്മൂമ്മയോടു ഫോണിൽ സംസാരിക്കുകയായിരുന്നു. പപ്പയെ കാണാനുമില്ല. പപ്പ ഉറങ്ങാൻ പോയികാണുമെന്നവൻ വിചാരിച്ചു.
അപ്പോഴും അവന്റെ മനസ്സ് നിറയെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളായിരുന്നു.
/indian-express-malayalam/media/media_files/uploads/2022/10/uma-7-2.jpg)
അങ്ങനെ ഇരിക്കെ ആണ് അവന്റെ കണ്ണുകൾ മേശപ്പുറത്ത് കിടക്കുന്ന ഹിത്ത ബുക്കിൽ ഉടക്കിയത്. അവൻ അത് ഇരുന്നു മറിച്ച്നോക്കാൻ തുടങ്ങി..
പെട്ടെന്നാണ് പപ്പ പറഞ്ഞ ഒരു കാര്യം അവനു ഓർമ്മ വന്നത്. അവിടെ പണ്ട് വന്നു പോയിട്ടുണ്ട് പപ്പ. പപ്പ അതിൽ വല്ലതും എഴുതിയിട്ടുണ്ടെങ്കിലോ?
ഹിത്ത ബുക്ക് അവൻ അതിവേഗം മറിച്ച് നോക്കാൻ തുടങ്ങി.
അങ്ങനെ അവസാനം പതിനേഴുകൊല്ലം മുൻപത്തെ ഒരു കുറിപ്പിലെത്തി. പപ്പ കുഞ്ഞായിരുന്നപ്പോൾ എഴുതിയ കുറിപ്പ്!
കുറിപ്പിനെക്കാൾ മുഴുവനും വരകൾ! അലീഷ എന്ന പശുക്കുട്ടി കാണാൻ വന്നതും മഞ്ഞിൽ കളിച്ചതും, കടകളിൽ കയറി ഇറങ്ങിയതും, പള്ളിയിൽ പറ്റിച്ചു കയറിയതും, കൃഷിസ്ഥലത്തു പോയി അലീഷയുടെ കൂട്ടുകാരെ കണ്ടതും... അവസാനം മേഘങ്ങൾ തൊട്ടുരുമ്മുന്ന ആ മാന്ത്രിക കുടിലിലേക്ക് പപ്പയെ അലീഷ മല കയറ്റി കൊണ്ട് പോയതും!
ഇന്ന് പപ്പയും എസ്പെനും ഇരുന്ന അതേ പാറക്കല്ലിൽ അന്ന് അലീഷ പശുകുട്ടിയും കുഞ്ഞ് പപ്പയും ഇരുന്നിട്ടുള്ള പടം ആണ് പപ്പ അവസാനം വരച്ചിട്ടുള്ളത്!
എസ്പെൻ എത്ര നേരം ആ വരകൾ നോക്കി ഇരുന്നെന്ന് അവൻ തന്നെ അറിഞ്ഞില്ല. ഉറക്കം കഴിഞ്ഞ് വന്ന ഫിൻ കോണിപ്പടിയിൽ നിന്ന് ഈ കാഴ്ച കണ്ടു. ഫിൻ മെല്ലെ ഇറങ്ങി അവനരികിൽ ചെന്നിരുന്നു അവനെ ചേർത്തിരുത്തി.
"പപ്പാ... അലീഷാ?" എസ്പെൻ ചോദിച്ചു.
ഒരു ചെറു പുഞ്ചിരിയും നെറ്റിയിൽ സ്നേഹം നിറഞ്ഞൊരുമ്മയും മാത്രമായിരുന്നു ഫിന്നിന്റെ മറുപടി. പുറത്ത് മഞ്ഞ് മഴ വീണ്ടും ഒരു മാന്ത്രിക ലോകം മെനയുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us