/indian-express-malayalam/media/media_files/uploads/2022/10/uma-5-2.jpg)
ഫിന്നും ഹൈഡിയും അവരുടെ മകനായ എസ്പെനും നോർവേയിലെ ഓസ്‌ലോ എന്ന ഏറ്റവും തിരക്കേറിയ നഗരത്തിലായിരുന്നു താമസിച്ചിരുന്നത്. എല്ലാ വീട്ടിലേയും എന്നപോലെ അവരുടെ വീട്ടിലും രാവിലെ തൊട്ടു രാത്രി വരെ ഓട്ടമായിരുന്നു.
അതിരാവിലെ ഫിന്നും ഹൈഡിയും ഓഫീസിലേക്ക് പോകും, മകൻ സ്കൂളിലേക്കും. വൈകുന്നേരം എല്ലാവരും വീട്ടിൽ എത്തിയാൽ പിന്നെയും ഓട്ടം. ഭക്ഷണം, കുളി, ജോലി, പഠിത്തം, ഉറക്കം. അതിന്റെ ഒക്കെ ഇടയിൽ കിട്ടുന്ന കുറച്ച്സമയം അവർ സംസാരിച്ചിരുന്നുവോ? എവിടെ? എസ്പെൻ ഇത്തിരി സമയം കിട്ടിയാൽ ടീവിയോ ലാപ്ടോപ്പോ മൊബൈലോ തുറക്കും. പിന്നവൻ അമ്മ വന്നു ചീത്ത പറയുന്നത് വരെ, അതിന്റെ ലോകത്തിലങ്ങനെ ഇരിപ്പാകും.
അങ്ങനെ ഇരിക്കെ ആണ് ഹ്യോസ്ത് ഫെറി അഥവാ ശരത്ക്കാലത്തിലെ അവധി ദിവസങ്ങൾ വന്നെത്തിയത് - ഒരാഴ്ച എല്ലാവരും എങ്ങോട്ടെങ്കിലും യാത്ര ഒക്കെ പോകുന്ന ദിവസങ്ങൾ.
കൊറോണക്കാലമായതു കൊണ്ട് എല്ലാ തവണത്തേയും പോലെ അവർക്കു ദേശം വിട്ടു പറക്കാൻ പറ്റുമായിരുന്നില്ല. കാറിന്റെ കാര്യമെടുത്താൽ മിക്കപ്പോഴും അവർ അതിൽ തന്നെയായിരുന്നു യാത്ര.
ഫിൻ അത്തവണ എന്താണ് പദ്ധതിയിട്ടത്? ഒരു ട്രെയിൻ യാത്ര! എങ്ങോട്ടെന്നോ? നോർവെയിലെ ഏറ്റവും പുരാതനമായ സ്ഥലങ്ങളിലൊന്നായ റോറോസിലേക്ക്. ഖനനത്തിന്റെയും ഖനികളുടെയും ചരിത്രം നിറഞ്ഞ, റോറോസ് എന്ന് പേരുള്ള, മലകൾ നിറഞ്ഞ സ്ഥലത്തേക്ക്.
ഒക്ടോബറിലെ മഴ നനഞ്ഞ ഒരു ദിവസം അവർ അങ്ങിനെ റോറോസിലേക്കുള്ള ട്രെയിൻ കയറി. കയ്യിൽ ഒരു ഐപാഡും കട്ടികണ്ണടയും വെച്ചിരുന്ന എസ്പെൻ ട്രെയിനിന്റെ ജനവാതിലിനടുത്തായിരുന്നെങ്കിലും ഒരിക്കൽ പോലും പുറത്തേക്കു നോക്കിയിരുന്നില്ല. ടാബിലെ ഗെയിം കളിക്കുന്ന തിരക്കിലായിരുന്നു അവൻ.
ട്രെയിൻ പട്ടണം വിട്ടു മലയോര പ്രദേശങ്ങളിലൂടെ അതിവേഗതയിൽ കുതിച്ചു പാഞ്ഞു. വഴി നിറയെ മനോഹരമായ ഗ്രാമ പ്രദേശങ്ങളും, ഓട്സ് പാടങ്ങളും അവിടെ മേയുന്ന പശുക്കളും, ആടുകളും ഒക്കെ ആയിരുന്നു. പിന്നെ ഇടക്കിടക്ക് പടുകൂറ്റൻ മരങ്ങളും പൊന്ത കാടുകളും. അവിടവിടെയായി കുഞ്ഞു കുഞ്ഞു വീടുകൾ! ദൂരെ വലിയ മല നിരകൾ!
ഇതൊക്കെ കണ്ട് ഉന്മേഷം കൊണ്ട ഫിൻ ഉറക്കെ, ഉറക്കെ പറയാൻ തുടങ്ങി "ഹോ! എന്തൊരു ഭംഗി! ഇതൊക്കെ കണ്ടിട്ട് തന്നെ എത്ര കാലമായി! ഒന്നിനും സമയം കിട്ടാറില്ല. ഇങ്ങനത്തെ സ്ഥലങ്ങളിലാണ് നമ്മൾ താമസിക്കേണ്ടത് അല്ലെ ഹെയ്ഡി?"
എസ്പെന്റെ അമ്മ ഹെയ്ഡി ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു. ഫിൻ മെല്ലെ എസ്പെനോട് പറഞ്ഞു "എസ്പെൻ, നീ ആ ടാബ് അവിടെ വെക്ക്. പുറത്തേക്ക് നോക്ക്. എന്ത് ഭംഗിയാണ് ! പപ്പയൊക്കെ ചെറുതായിരുന്നപ്പോൾ വിൻഡോ സീറ്റിൽ ഇരുന്നാൽ പിന്നെ പുറത്തേക്കു തന്നെ നോക്കി ഇരിക്കുമായിരുന്നു. നീ ഇപ്പോൾ ടാബില്‍ നോക്കി ഇരിക്കുന്ന പോലെ. എന്തൊക്കെ തരം കാഴ്ചകളാണെന്ന് നോക്ക്! ഇതൊക്കെ നമ്മുടെ ഓസ്‌ലോയിൽ കാണാൻ കിട്ടുമോ?"
/indian-express-malayalam/media/media_files/uploads/2022/10/uma-6-1.jpg)
"പപ്പാ, ഞാനിതൊക്കെ ടിവിയിൽ എത്ര കണ്ടിരിക്കുന്നു. എന്റെ ശ്രദ്ധ തിരിക്കല്ലേ! ഗെയിമിൽ വലിയൊരു മത്സരത്തിലാണ് ഞാൻ. ഞാൻ തോറ്റു പോകും. പപ്പ അതൊക്കെ നോക്കി ഇരിക്ക്. എന്നെ വിളിക്കാതിരിക്കു." എസ്പെൻ പറഞ്ഞു.
“ഇവനെ എങ്ങനെ ഒന്ന് നന്നാക്കി എടുക്കും?" ഫിൻ ആലോചിച്ചു.
രാവിലെ പുറപ്പെട്ട അവർ വൈകുന്നേരമായപ്പോൾ റോറോസിൽ എത്തി. അപ്പോഴേക്കും ഇരുട്ട് വീണു തുടങ്ങിയിരുന്നു.
റോറോസിൽ തങ്ങുന്നത് ഒരു ഹോട്ടലിൽ ആയിരിക്കുമെന്ന് എസ്പെൻ കരുതി. പക്ഷെ ടാക്സി പിടിച്ച് പോയ അവർ എത്തിയത് എവിടെയാണെന്നറിയാമോ? ഒരു പഴയ ‘ഹിത്ത’യിൽ. ‘ഹിത്ത’ എന്ന് വെച്ചാൽ അവധി ദിവസങ്ങളിൽ പോയി താമസിക്കുവാനുള്ള വീട്.
സ്വന്തം വീട്ടിൽ എന്ന പോലെ ഭക്ഷണമൊക്കെ ഉണ്ടാക്കി, തീ കാഞ്ഞ്, പുസ്തകം വായിച്ചു സ്വസ്ഥമായി ഇരിക്കാനുള്ള സ്ഥലം. നോർവേയിൽ മിക്കവർക്കും സ്വന്തമായി ഹിത്ത ഉണ്ടാകും. അഥവാ അങ്ങനെ ഇല്ലെങ്കിൽ എവിടേക്ക് യാത്ര പോയാലും ഏതെങ്കിലും ഒരു ഹിത്ത വാടകക്കെടുക്കാം.
ആ അവധിക്ക് ഫിൻ എടുത്ത ഹിത്ത അയാൾ കുട്ടിയായിരുന്നപ്പോൾ പോയി താമസിച്ച ഒരു ഹിത്ത ആയിരുന്നു. ആ സ്വകാര്യം ആരോടും ഫിൻ പറഞ്ഞില്ല.
ഹിത്തയുടെ പേര് ‘ഹ്യോണേസ്റ്റുവ’ - ഒരു മൂലയ്ക്കുള്ള വീട്. അപ്പുറത്തും ഇപ്പുറത്തും വേറെയും ഹിത്തകൾ ഉണ്ടായിരുന്നു.
ഹിത്ത തുറന്നു കയറിയപ്പോഴോ, ഉള്ളിലൊക്കെ ഇരുട്ട്! പേരിനു രണ്ടു ലൈറ്റുകളും ബാക്കി മെഴുകുതിരി കത്തിച്ച് വെക്കാനുള്ള മെഴുകുതിരി സ്റ്റാൻഡുകളും.
"അയ്യോ! എന്തോരു പഴഞ്ചൻ വീടാ ഇത്! പപ്പക്ക് ഈ വീട് മാത്രേ കിട്ടിയുള്ളൂ?" തലയിൽ കൈ വെച്ച് എസ്പെൻ പറഞ്ഞു.
"വൗ! എന്തോരു നല്ല വീട്! പഴമ തുളുമ്പുന്ന വീട്! എസ്പെൻ, പപ്പ ഇങ്ങനെ ഒക്കെ ഉള്ള വീട്ടിലാണ് വളർന്നത്." ഫിൻ പറഞ്ഞു.
"ഹോ! രക്ഷപെട്ടു! വീട് പഴയതാണെങ്കിലും അടുക്കള പുത്തനാക്കിയിട്ടുണ്ട്." ഹെയ്‌ഡി പറഞ്ഞു.
അന്നവർ എല്ലാവരും യാത്രാക്ഷീണം കാരണം പെട്ടെന്ന് തന്നെ കിടന്നുറങ്ങി.
പിറ്റേ ദിവസം രാവിലെ ഹെയ്‌ഡി എല്ലാവർക്കും ഫ്രഞ്ച് ടോസ്റ്റ് ഉണ്ടാക്കി. ബ്രേക്ക്ഫാസ്റ്റ് കഴിച്ച ഉടനെ എസ്പെൻ ടിവി കാണാൻ മുകളിലേക്ക് ഓടി.
പുറത്ത് ലേശം മഞ്ഞ് വീണു തുടങ്ങിയിരുന്നു. റോറോസിൽ ശിശിരകാലത്തിലെ മഞ്ഞ് തുടങ്ങും.
/indian-express-malayalam/media/media_files/uploads/2022/10/uma-7-1.jpg)
കുളിച്ചു ഉഷാറായ ഫിൻ ഇരിപ്പു മുറിയിലെ മേശക്കടിയിൽ വായിക്കുവാനായി ഏതെങ്കിലും പുസ്തകമുണ്ടോ എന്ന് പരിശോധിച്ചു. അതിനിടയിൽ ഒരു പഴയ പുസ്തകം താഴേക്ക് വീണു. ഫിൻ മെല്ലെ അതെടുത്ത് നോക്കി.
ഒരു 'ഹിത്ത ബുക്ക്' ആയിരുന്നു അത്. ആ ഹിത്തയിൽ വന്നു പോയവരൊക്കെ അതിലെഴുതിയാണ് പോവുക. ആദ്യത്തെ കുറിപ്പ് എപ്പോഴത്തെയായിരുന്നു എന്നറിയാമോ? അറുപതു കൊല്ലം മുൻപത്തെ! അപ്പോൾ തൊട്ടു ഒരുപാട് പേർ വന്നു താമസിച്ചു പോയി കൂടെ കൊണ്ടുപോയ കുറെ ഓർമ്മകൾ !
പെട്ടെന്നാണ് ഫിന്നിനു ചിലതൊക്കെ ഓർമ്മ വന്നത്. വേഗം താളുകൾ മറിച്ച് നോക്കിയപ്പോഴതാ ഫിന്നിന്റെ പഴയ വരകൾ. 17 കൊല്ലം മുൻപത്തെ! അതിലൂടെ വിരലോടിച്ചു കൊണ്ട് ഫിൻ പണ്ട് അമ്മയുടെയും അച്ഛന്റെയും കൂടെ അവിടെ വന്ന ഓർമ്മകൾ മനസ്സിൽ താലോലിച്ചു.
അപ്പോഴാണ് പെട്ടെന്ന് എസ്പെൻ താഴേക്ക് ഓടി ഇറങ്ങിയത്.
"പപ്പാ, ഇവിടത്തെ ടി വിയും ഇന്റർനെറ്റും ഒന്നും വർക്ക് ചെയ്യുന്നില്ലല്ലോ. ഇതെന്തൊരു സ്ഥലമാണ് പപ്പാ." മുറുമുറുത്തു കൊണ്ട് എസ്പെൻ തലയും താഴ്ത്തി സോഫയിൽ വന്നിരിപ്പായി.
അപ്പോഴേക്കും പുറത്ത് കുറേശ്ശേ മഞ്ഞു കൂടിക്കൂടി വരുന്നുണ്ടായിരുന്നു.
"എസ്പെൻ, വാ നമുക്ക് നടക്കാൻ പോകാം. ഇവിടത്തെ സ്ഥലങ്ങൾ ഒക്കെ കാണേണ്ടേ? നീയും പോരുന്നോ ഹെയ്ഡി?" ഫിൻ ചോദിച്ചു.
"ഞാനില്ല, ഇപ്പോൾ നിങ്ങൾ രണ്ടാളും പൊയ്ക്കോ.നമുക്ക് വൈകീട്ട് വീണ്ടുമിറങ്ങാം."ഹെയ്ഡി പറഞ്ഞു.
"ഞാനൊന്നുമില്ല പപ്പാ... ഈ തണുപ്പത്ത്!" എസ്പെനും പിന്മാറി.
"നിനക്ക് ഞാൻ ചില സ്ഥലങ്ങൾ കാണിച്ചു തരാം. കണ്ടാൽ നീ അന്തം വിടും!"
"ഈ ഉറക്കംതൂങ്ങി ഗ്രാമത്തിൽ എന്ത് കാണാനാണ്. ബൻജീ ജംപിങ് ഉണ്ടോ? ഗ്ലൈഡിങ് ഉണ്ടോ? റൈഡ്സ് ഉണ്ടോ?" എസ്പെൻ ചെറുതായി ഫിന്നിനെ കളിയാക്കികൊണ്ടു പറഞ്ഞു.
"നീ വാ, വന്നാലല്ലേ കാണാൻ പറ്റു."
"പപ്പാ"
"വാ എസ്പെൻ"
അങ്ങനെ എസ്പെൻ മനസ്സില്ലാമനസ്സോടെ പപ്പയുമൊത്ത് കറങ്ങാനിറങ്ങി.
/indian-express-malayalam/media/media_files/uploads/2022/10/uma-6-2.jpg)
അവർ മെല്ലെ മഞ്ഞ് മൂടിയ വഴികളിലൂടെ നടക്കാൻ തുടങ്ങി. ഒരു ശബ്ദവും എങ്ങുമില്ല. പഴയ വീടുകൾ. അവിടെയൊക്കെ ആൾക്കാർ ഇപ്പോഴും താമസിക്കുന്നുണ്ടെന്ന് തോന്നുകയേ ഇല്ല.
ഫിൻ മെല്ലെ എസ്പെന്റെ തോളിൽ കൈ വെച്ചൊരു കഥ പറഞ്ഞു.
"എസ്പെനറിയുമോ, പപ്പ നിന്റെ പ്രായത്തിൽ ഇവിടെ വന്നിട്ടുണ്ട്. അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കൂടെ. ഇതേ ഹിത്തയിൽ ആണ് അന്നും താമസിച്ചത്."
"ശരിക്കും?" എസ്പെൻ ആശ്ചര്യപ്പെട്ട് ചോദിച്ചു.
"അതെ. അന്ന് എത്തിയ ദിവസവും ഇത് പോലെ മഞ്ഞ് പെയ്തിരുന്നു. ആരും പുറത്തു കൊണ്ട് പോകാഞ്ഞത് കൊണ്ട് പപ്പ പുറത്ത് മഞ്ഞത്ത് കളിക്കാൻ ഇറങ്ങി. അധികം ദൂരമൊന്നും പോകരുതെന്ന് അമ്മൂമ്മയും പറഞ്ഞിരുന്നു. അങ്ങനെ മഞ്ഞത്ത് കളിക്കുമ്പോഴാണ് പപ്പയെ കാണാൻ ഒരാൾ വന്നത്."
"ആര്?" എസ്പെൻ ചോദിച്ചു.
അവർ നടന്നു നടന്നു ഒരു തെരുവിലെത്തി. തെരുവിന്റെ അപ്പുറത്തും ഇപ്പുറത്തും ആയി കുറെ കടകൾ. ഓരോന്നും പല തരത്തിലുള്ളവ. ചിലതിൽ വരച്ച ചിത്രങ്ങൾ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നു. ചിലതിലോ, നിറം പൂശിയ കളിമൺ പാത്രങ്ങളും ഗ്ലാസ് പാത്രങ്ങളും.
" ഒരു പശുക്കുട്ടി! എന്ത് വെള്ള നിറമായിരുന്നു അവൾക്കെന്നോ. ഒരു കണ്ണിന്റെ വശം മാത്രം തവിടു നിറത്തിലും. കഴുത്തിലൊരു കുട്ടി മണി! അവൾ മെല്ലെ എന്റെ അടുത്ത് വന്നിട്ടു പേര് പറഞ്ഞു തന്നു. എന്താണെന്നോ? അലീഷ !” ഫിൻ തുടർന്നു
-തുടരും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us