scorecardresearch
Latest News

മാന്ത്രിക കുതിരയും പട്ടിക്കുട്ടിയും

ഓഷ്യാനിയ എന്ന പെൺകുട്ടിയും മിറാൻഡ എന്ന അവളുടെ പട്ടിക്കുട്ടിയും ആൻഡ്രിയാസ് എന്ന യൂണികോണിനെ കണ്ടുമുട്ടിയപ്പോഴുള്ള സംഭവങ്ങളാണ് കുട്ടികൾക്ക് വേണ്ടി ഉമ പ്രസീദ് എഴുതിയ ഈ സ്കാൻഡിനേവിയൻ കഥ പറയുന്നത്.

മാന്ത്രിക കുതിരയും പട്ടിക്കുട്ടിയും

നോർവേയിലെ റോമ്‌സ്ദാൽ എന്ന സ്ഥലത്ത് ഒരു പെൺകുട്ടി താമസിച്ചിരുന്നു. അവളുടെ പേരായിരുന്നു ഓഷ്യാനിയ. അമ്മ മരിയയുടെയും പട്ടിക്കുട്ടി മിറാൻഡയുടെയും കൂടെ ആയിരുന്നു അവൾ താമസിച്ചിരുന്നത്.

ഓഷ്യാനിയയുടെ ഓരോ പിറന്നാളും അവളുടെ എല്ലാ കൂട്ടുകാരെയും വിളിച്ച് വലിയ കേക്ക് ഒക്കെയുണ്ടാക്കി നല്ല ആഘോഷമായി മരിയ കൊണ്ടാടിയിരുന്നു. നമ്മുടെ കഥ തുടങ്ങുന്നതും അങ്ങനെ ഒരു പിറന്നാളിനായിരുന്നു.

ഓഷ്യാനിയയുടെ കൂട്ടുകാർ ഉച്ചയോടെ അവളുടെ വീട്ടിലെത്തി. കേക്ക് വൈകുന്നേരം മുറിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. അതുകൊണ്ട് തന്നെ കുട്ടികൾ പുറത്ത് കളിക്കാനിറങ്ങി. എന്താണവർ കളിച്ചിരുന്നത്?

‘ഒളിച്ചേ, കണ്ടേ’ എന്ന കളി. എല്ലാവരും നല്ലവണ്ണം രസിച്ചു കളിച്ചു. ഇടക്കിടക്ക് മിറാൻഡ പട്ടിക്കുട്ടി ഒളിഞ്ഞിരിക്കുന്നവരുടെ അടുത്ത് പോയി കുരച്ച് അവരെ കണ്ടുപിടിക്കാൻ ഇറങ്ങിയിരുന്ന കുട്ടികൾക്ക് കാണിച്ച് കൊടുത്തിരുന്നു. സ്വൽപ്പം കുറുമ്പുള്ള പട്ടികുട്ടിയായിരുന്നു മിറാൻഡ .

അങ്ങനെ സമയം പോയത് അവർ അറിഞ്ഞതേ ഇല്ല. കുഞ്ഞുങ്ങൾ കളിച്ച് തിമിർത്തു. ഏറെ നേരം അവരുടെ കൂടെ കളിച്ച മിറാൻഡ കുറച്ച് കഴിഞ്ഞപ്പോൾ അകലെ ഉള്ള പൊന്തക്കാടുകൾക്കിടയിലേക്ക് ഓടിപ്പോയി. എന്തിനാണെന്നോ? മിറാൻഡക്ക് ബ്ലാക്ക് ബെറികൾ ഇഷ്ടമായിരുന്നു.

നല്ല പഴുത്ത ബ്ലാക്കബെറികൾ തേടിപ്പിടിച്ച് ലോലിപ്പോപ്പ് പോലെ നുണഞ്ഞു കഴിക്കാൻ മിറാൻഡ എല്ലാവരുടെയും കണ്ണ് വെട്ടിച്ച് ഇടക്കിടക്ക് പൊന്തക്കാടുകളിലേക്ക് പോകുമായിരുന്നു. അന്നും ഒരുപാട് ബ്ലാക്ക് ബെറികൾ പഴുത്തു നിൽപ്പുണ്ടായിരുന്നു അവിടെ. മിറാൻഡ കണ്ണുമടച്ച് അവ ആസ്വദിക്കുകയായിരുന്നു. പെട്ടെന്നു ആരോ തുമ്മി!

“ആ…ച്ചൂ!”

കണ്ണ് തുറന്ന് നോക്കിയ മിറാൻഡ ആരെയാണ് കണ്ടത്?

ഒരു യൂണികോൺ – അഥവാ, മാന്ത്രിക കുതിര! തലയിൽ കൊമ്പും , മഴവില്ലഴകുള്ള ചെവികളും, വെളുവെളുത്ത ദേഹവും പള പളാ മിന്നുന്ന വെള്ള കോട്ടും പളുങ്കുഗോട്ടി കണ്ണുകളും! എന്ത് ചേലായിരുന്നു ആ കുതിരയെ കാണാൻ!

uma praseeda, childrens stories, iemalayalam

ആശ്ചര്യപ്പെട്ട് വായ പൊളിച്ച മിറാൻഡയുടെ വായിൽ നിന്നും ഉള്ള ബ്ലാക്ക്‌ബെറികളൊക്കെ താഴേക്ക് വീണുരുണ്ടു പോയി!

യൂണികോൺ തല ചായ്ച്ചും ചെരിച്ചും മിറാൻഡയെ നോക്കുകയായിരുന്നു, ആശ്ചര്യത്തോടെ! അങ്ങനെ ഒരു പട്ടിക്കുട്ടിയെ മുൻപ് കാണാത്ത പോലെ!

യൂണികോൺ മെല്ലെ മിറാൻഡയുടെ അടുത്തേക്ക് വന്ന ശേഷം സംസാരിക്കുവാൻ തുടങ്ങി “ഏയ് പട്ടിക്കുട്ടി! എന്താ നിന്റെ പേര്? എന്റെ പേര് ആൻഡ്രിയാസ്! ഞാൻ യൂണികോൺ രാജകുമാരനാണ്. എന്റെ കൊട്ടാരം അങ്ങകലെ മുകളിൽ മേഘങ്ങളിൽ ആണ്. നിനക്ക് ചിറകുകൾ ഇല്ലല്ലോ! ചിറകുകൾ ഇല്ലാത്ത പട്ടിക്കുട്ടിയെ ഞാൻ ആദ്യമായി കാണുകയാണ്. നീ പോരുന്നോ എന്റെ കൂടെ? എന്റെ കൊട്ടാരം കാണിച്ചു തരാം.”

“അവിടെ കാണാൻ ഒരുപാടു കാഴ്ചകൾ ഉണ്ടോ? ഞാൻ എങ്ങനെ പറക്കും?” മിറാൻഡ ചോദിച്ചു.

“ഓ! അതിനെന്താ, എന്റെ കൊമ്പിൽ പിടിച്ച് ഇരുന്നാൽ മതി. എനിക്ക് പറക്കാല്ലോ.” ആൻഡ്രിയാസ് പറഞ്ഞു.

മിറാൻഡ ആൻഡ്രിയാസിന്റെ ചുമലിൽ ചാടി കയറിയിരുന്നു. പെട്ടെന്ന് രണ്ടു വലിയ ചിറകുകൾ ആൻഡ്രിയാസിന്റെ ഇരുവശത്തും നിന്നും പൊന്തി വന്നു! ചിറകുകൾ വീശുമ്പോൾ ഒപ്പം ചുറ്റിനും അന്തരീക്ഷത്തിൽ മിനുപ്പു തരികളും! എന്തോ മന്ത്രജാലം പോലെ!

പെട്ടെന്ന് തന്നെ അവർ പറന്നുയർന്നു. കാറ്റത്ത് മിറാൻഡയുടെ രണ്ടു ചെവികളും ഇരുവശത്തേക്കും ചീകി വെച്ച പോലെയായി. ചുണ്ടെല്ലാം പിളർന്നു പല്ലൊക്കെ വെളിയിലും! മിറാൻഡ കാറ്റു സഹിക്കാതെ കണ്ണടച്ചു. അവൾ ആൻഡ്രിയാസിന്റെ കൊമ്പിൽ മുറുക്കെ പിടിച്ചിരുന്നു.

കുറച്ച് കഴിഞ്ഞ് കവിളിൽ പഞ്ഞി തടയുന്ന പോലെ തോന്നിയപ്പോൾ അവൾ കണ്ണ് തുറന്നു നോക്കി. അത്ഭുതം! ചുറ്റിനും മേഘ പടലങ്ങൾ. പഞ്ഞിക്കെട്ട് പോലെ! ദൂരെയതാ വെള്ള നിറത്തിൽ വെണ്ണ കൊണ്ടുണ്ടാക്കിയ പോലെ ഒരു കൊട്ടാരവും!

പറന്നു പറന്നവർ കൊട്ടാരത്തിന്റെ വാതിൽക്കൽ എത്തി. ആൻഡ്രിയാസ് ഒന്നൂതിയപ്പോൾ വാതിൽ തുറന്നു. അവർ ഉള്ളിൽ കയറിയപ്പോൾ താനെ ആ വാതിൽ അടഞ്ഞു. വെറുതെ ഒരു രസത്തിനു മിറാൻഡയും വാതിലിന്റെ ദിശയിൽ ഒന്നൂതി നോക്കി. ഒന്നും നടന്നില്ല!

അപ്പോൾ ആൻഡ്രിയാസ് രാജകുമാരൻ ഊതിയാൽ മാത്രമേ വാതിൽ തുറക്കൂ! എന്തൊരു മറിമായം! – മിറാൻഡ ആലോചിച്ചു.മുൻപോട്ട് നോക്കിയപ്പോഴോ വലിയ രണ്ടു സിംഹാസനങ്ങളിൽ ഒരു യൂണികോൺ രാജാവും റാണിയും.

“ആരെയാ നീ കൊണ്ടുവന്നിരിക്കുന്നത് ആൻഡ്രിയാസ്? അറിയാത്ത ആരെയും ഇങ്ങോട്ട് കൊണ്ട് വരരുതെന്ന് ഞാൻ പറഞ്ഞിട്ടില്ലേ?” തെല്ലു ദേഷ്യത്തോടെ രാജാവ് വലിയ ശബ്ദത്തിൽ ചോദിച്ചു. രാജാവിന്റെ മുഴങ്ങുന്ന ശബ്ദം കേട്ടിട്ട് മിറാൻഡ ഒരു കൈകൊണ്ടു മുഖം പൊത്തി.

“അവൻ ഒരു കുട്ടിയല്ലേ? ക്ഷമിക്കൂ അവനോട്.” റാണി ആൻഡ്രിയാസ് രാജകുമാരനു വേണ്ടി പറഞ്ഞു.

“അച്ഛാ, ആദ്യമായിട്ടാണ് ചിറകില്ലാത്ത ഒരു പട്ടിക്കുട്ടിയെ ഞാൻ കണ്ടത്. മാത്രമല്ല അവൾ നമ്മുടെ രാജ്യമൊന്നും കണ്ടിട്ടില്ല. എന്തിനു പറയുന്നു. പറന്നിട്ടു പോലുമില്ല ഒരിക്കലും. അത് കൊണ്ടാണ് ഞാൻ അവളെ ഇങ്ങോട്ട് കൊണ്ട് വന്നത്.”

“ബൗ” മിറാൻഡ മൂളി .

“ഹും, എന്തായാലും കൊള്ളാം .. നീ വേഗം അതിനെ തിരിച്ചു കൊണ്ട് വിട്. പരിചയമില്ലാത്ത സ്ഥലങ്ങളിലൊന്നും അധികം കറങ്ങി നടക്കുകയൊന്നും വേണ്ട.” രാജാവ് പറഞ്ഞു.

uma praseeda, childrens stories, iemalayalam

അങ്ങനെ ആൻഡ്രിയാസ് അവിടെ മേഘങ്ങൾക്കിടയിലുള്ള തന്റെ സാമ്രാജ്യം മുഴുവൻ മിറാൻഡക്കു കാണിച്ചു കൊടുത്തു. അവിടെയും മരങ്ങൾ ഒക്കെ ഉണ്ടായിരുന്നു. പക്ഷേ, അവ മേഘങ്ങളിൽ നിന്ന് താഴേക്ക് തൂങ്ങി കിടക്കുകയായിരുന്നു. ഫലങ്ങളോ, നല്ല മഴവിൽ നിറങ്ങൾ കൊണ്ട് മിന്നിത്തിളങ്ങുന്നവ.

പഞ്ഞിക്കെട്ടു പോലത്തെ വീടുകൾ, സ്വർണ്ണ നൂലുകൾ കൊണ്ട് തുന്നി കെട്ടിയ പോലെ. മാത്രമല്ല, നോക്കി നിൽക്കേ അവ രൂപം മാറുകയും ചെയ്തിരുന്നു! അവിടത്തെ ആൾക്കാരോ? മാന്ത്രിക കുതിരകൾ ആയിരുന്നു – മനുഷ്യരുടെ അതേ കുപ്പായങ്ങൾ ധരിച്ച് നടക്കുന്നവർ.

അവിടത്തെ ജന്തുക്കൾക്കൊക്കെ വെള്ള ചിറകുകൾ ഉണ്ടായിരുന്നു . അവ നിവർത്തി വീശുമ്പോഴോ? സ്വർണ്ണ പൊടിപടലം എങ്ങും! നോക്കി നിൽക്കെ ജന്തുക്കൾ അപ്രത്യക്ഷമാകുന്നു! പിന്നെ വേറൊരിടത്ത് പ്രത്യക്ഷപ്പെടുന്നു! എന്ത് രസമായിരുന്നു, ആ മാന്ത്രിക ലോകത്തിനു! അപ്പോഴാണ് പെട്ടെന്ന് അവർ ഒരു നിലവിളി കേട്ടത്.

“മിറാൻഡാ, എവിടെ നീ, മിറാൻഡാ, മിറാൻഡാ ” അങ്ങകലെ താഴെ നിന്ന് ഓഷ്യാനിയയുടെ ശബ്ദം!

മിറാൻഡ യൂണികോണിനൊപ്പം പറന്നു പോയതിനു ശേഷം കുറച്ച് സമയത്തിനകം തന്നെ മരിയ കുഞ്ഞുങ്ങളെ ഒക്കെ വീട്ടിനകത്തേക്ക് കേക്ക് മുറിക്കുവാനായി വിളിച്ചിരുന്നു. കളിയുടെ ബഹളത്തിൽ ആരും മിറാൻഡയെ ഓർത്തുമില്ല.

പിന്നെയോ? കേക്ക് മുറിക്കലും പാട്ടുപാടലും ചോക്ലേറ്റ് മുഖത്ത് വാരിത്തേക്കലും അങ്ങനെ ആകെ ബഹളമയം! ഇതിനൊക്കെ ഇടയിൽ എപ്പോഴോ ആണ് ഓഷ്യാനിയക്ക് മിറാൻഡയെ ഓർമ്മ വന്നത്. അവൾക്ക് കേക്ക് മുറിച്ച് കൊടുക്കാൻ നോക്കിയപ്പോഴോ? ആളെ കാണാനില്ല. അവൾ മെല്ലെ പുറത്തേക്കിറങ്ങി “മിറാൻഡാ… മിറാൻഡാ…” എന്നുറക്കെ വിളിച്ച് വീടിനും ചുറ്റും മിറാൻഡയെ തേടി നടന്നു.

മിറാൻഡയെ എവിടെയും കാണാതെ വിഷമിച്ച് ഓഷ്യാനിയ മെല്ലെ പൊന്തക്കാട്ടിലേക്ക് നടക്കാൻ തുടങ്ങി. ബ്ലാക്ക് ബെറി കഴിക്കാൻ ഇടക്ക് മിറാൻഡ അങ്ങോട്ട് ചെല്ലാറുണ്ടായിരുന്നെന്നു അവൾക്ക് അറിയാമായിരുന്നു .

“മിറാൻഡാ, മിറാൻഡാ…” എന്ന ഉറക്കെയുള്ള ഓഷ്യാനിയയുടെ ആ വിളിയാണ് മിറാൻഡ മുകളിൽ മേഘങ്ങൾക്കിടയിൽ നിന്ന് കേട്ടത്.

ഓഷ്യാനിയയുടെ വിളി കേട്ട് തിരിച്ചു പോകാൻ ധൃതി കൂട്ടിയ മിറാൻഡക്കു ആൻഡ്രിയാസ് തന്റെ ചിറകുകൾ വിടർത്തി താഴെയുള്ള മേഘപടലങ്ങൾ നീക്കി ഭൂമി കാണിച്ചു കൊടുത്തു. അപ്പോൾ അതാ താഴെ അലഞ്ഞു തിരിയുന്ന ഓഷ്യാനിയ. മിറാൻഡ അക്ഷമയായി “ബൗ ബൗ” കുരക്കാൻ തുടങ്ങി.

താഴെ ഓഷ്യാനിയ പതുക്കെ വിങ്ങി കരയാൻ തുടങ്ങിയിരുന്നു. അവൾ കണ്ണ് തുടക്കുന്നത് കണ്ടപ്പോൾ ആൻഡ്രിയാസിന്റെ മനസ്സലിഞ്ഞു. ആൻഡ്രിയാസ് മിറാൻഡയോട് ഇങ്ങനെ പറഞ്ഞു: ” പട്ടിക്കുട്ടി, നിന്നെ ഞാൻ നിന്റെ കൂട്ടുകാരിയുടെ അടുത്ത് തിരിച്ചു കൊണ്ട് വിടാം. നീ ചാടികേറിയിരിക്കൂ.. നമുക്കിപ്പോൾ തന്നെ പോകാം.”

കേട്ട പാതി മിറാൻഡ പട്ടിക്കുട്ടി ആൻഡ്രിയാസ് രാജകുമാരന്റെ ചുമലിൽ ചാടി കയറിയിരുന്നു. ഉടനെ തന്നെ രാജകുമാരൻ ചിറകുകൾ വിരിക്കുകയും താഴേക്ക് പറക്കുകയും ചെയ്തു.

uma praseeda, childrens stories, iemalayalam

ഓഷ്യാനിയ പെട്ടെന്ന് ഒരു കൊടുങ്കാറ്റു വീശുന്ന ശബ്ദം കേട്ടു. എങ്ങും സ്വർണ്ണ നിറത്തിലുള്ള പൊടിപടലങ്ങൾ. അതൊക്കെ ഒന്നമങ്ങിയപ്പോൾ അതാ ഒരു യൂണികോൺ! അവളതു വരെ അമ്മ പറഞ്ഞു തരാറുള്ള കഥകളിൽ മാത്രമേ യൂണിക്കോണിനെ പറ്റി കേട്ടിരുന്നുള്ളു.

രണ്ടു കൈകൊണ്ടും അവൾ വായ പൊത്തി അന്തം വിട്ടു നിന്നു. അപ്പോഴതാ യൂണികോണിന്റെ മുകളിൽ നിന്നും ചാടി മിറാൻഡ തന്റെ അടുത്തേക്ക് ഓടി വരുന്നു! മിറാൻഡ വാലാട്ടി കൊണ്ട് ഓഷ്യാനിയയുടെ മുകളിലേക്ക് ചാടി അവളുടെ മുഖമൊക്കെ നക്കി തോർത്തി.

“ഓ മിറാൻഡ, നീ എവിടെ പോയി? ഞാൻ പേടിച്ചു പോയല്ലോ… ” മിറാൻഡയെ കെട്ടിപിടിച്ചു കൊണ്ട് ഓഷ്യാനിയ പറഞ്ഞു.

“ഹലോ ഓഷ്യാനിയ! ഞാൻ ആൻഡ്രിയാസ്. ആൻഡ്രിയാസ് രാജകുമാരൻ. യൂണികോണുകളുടെ നാട്ടിൽ നിന്നും വരുന്നു. മിറാൻഡയെ ഞങ്ങളുടെ ലോകം കാണിക്കാൻ ഞാനാണ് കൊണ്ടുപോയത്. അത് കുഞ്ഞിന് വിഷമമുണ്ടാക്കിയെങ്കിൽ ക്ഷമിക്കൂ. നിങ്ങളെ രണ്ടു പേരെയും ഞാൻ ഉടൻ തന്നെ വീട്ടിൽ കൊണ്ടാക്കി തരാം.”

അതേ സമയം ഓഷ്യാനിയയുടെ അമ്മ മരിയ ഓഷ്യാനിയയെ വീട്ടിൽ കാണാതെ പരിഭ്രമിച്ചു. പുറത്തു നോക്കിയപ്പോൾ അവിടെയും അവളെ കാണാനില്ല. കുട്ടികളാരും ഏറെ നേരമായിട്ട് അവളെ കണ്ടിരുന്നുമില്ല. പേടിച്ചരണ്ട മരിയ ചുറ്റുപാടുമുള്ളവരെ വിളിച്ചു. എല്ലാവരും ഓഷ്യാനിയയെ അന്വേഷിക്കാൻ തുടങ്ങി.

അതേ സമയം കാട്ടിലോ?

“അയ്യോ. സംസാരിക്കുന്ന യൂണികോൺ! വിശ്വസിക്കാൻ വയ്യ!” ഓഷ്യാനിയ പറഞ്ഞു.

“ബൗ ” ഒപ്പം മിറാൻഡയും മൂളി.

പെട്ടെന്നു തന്നെ ‘അറിയാത്തവരോട് മിണ്ടരുതെന്ന’ അമ്മയുടെ വാക്കുകൾ ഓർത്ത് ഓഷ്യാനിയ “വേണ്ട വേണ്ട” എന്നുറക്കെ പറഞ്ഞു കൊണ്ട് തിരിഞ്ഞു ഓടാൻ തുടങ്ങി. കുറച്ച് ദൂരം ഓടിയപ്പോഴാണ് ഓഷ്യാനിയക്ക് മനസ്സിലായത് കൂടെ മിറാൻഡ വന്നിട്ടില്ലെന്ന്. തിരിഞ്ഞു നോക്കിയപ്പോഴോ? മിറാൻഡയുണ്ട് യൂണികോണിന്റെ ചുമലിൽ കയറി ഇരിക്കുന്നു! യൂണികോൺ ഓഷ്യാനിയയെ നോക്കി ചെറുപുഞ്ചിരിയോടെ നിൽക്കുന്നു.

“ബൗ ബൗ” മിറാൻഡ ഓഷ്യാനിയയെ വിളിക്കുകയായിരുന്നു. അങ്ങനെ ഗതി കെട്ട് ഓഷ്യാനിയയും യൂണികോൺ രാജകുമാരന്റെ പുറത്തിരുന്നു.

ഞൊടിയിടയിൽ അവർ വീടിനടുത്തുള്ള വേലിക്കരുകിൽ എത്തി. പടിയിൽ ഇരുന്നു മരിയ കരയുകയായിരുന്നു. അമ്മയെ വിളിച്ച് യൂണികോണിനെ കാണിച്ചുകൊടുക്കാൻ മുന്നോട്ടാഞ്ഞ ഓഷ്യാനിയ പെട്ടെന്നാണ് അയൽപക്കകാരെ കണ്ടത്. മെല്ലെ എല്ലാവരും ഒന്ന് മാറാൻ കാത്ത അവൾ ഒത്ത് വന്നപ്പോൾ അമ്മയെ പതിയെ പൊന്തക്കാട്ടിനുള്ളിലേക്ക് വിളിച്ചു.

ഓഷ്യാനിയയുടെ മിന്നായം കണ്ട അമ്മ മരിയ ഓടി കാട്ടിനുള്ളിലെത്തി. അവിടെ നിൽക്കുന്ന ആൻഡ്രിയാസ് രാജകുമാരനേയും അവന്റെ പുറത്തു മിറാൻഡയെയും ഒഷ്യാനിയയേയും കണ്ടപ്പോൾ മരിയ ഞെട്ടിപ്പോയി. ഓഷ്യാനിയക്ക് പറഞ്ഞു കൊടുക്കാറുള്ള കഥകളിലെ യൂണികോൺ അതാ ജീവനോടെ മുൻപിൽ നിന്ന് ചിരിക്കുന്നു!

uma praseeda, childrens stories, iemalayalam

“‘അമ്മ പേടിക്കല്ലേ. ഇതാണ് ആൻഡ്രിയാസ് രാജകുമാരനെന്ന പാവം യൂണികോൺ. അമ്മ പറഞ്ഞു തരാറുള്ള കഥകളിലെ അതേ യൂണികോൺ! എന്ത് നല്ല രാജകുമാരനാണെന്നോ. ആൻഡ്രിയാസ് നമ്മുടെ മിറാൻഡക്കു മേഘങ്ങൾക്കിടയിലുള്ള അവന്റെ രാജ്യം കാണിച്ചു കൊടുത്തത്രെ!”

“ബൗ ” മിറാൻഡ മൂളി.

“അമ്മ പേടിക്കേണ്ട എന്ന് കരുതി ഈ രാജകുമാരനാണ് ഞങ്ങളെ പെട്ടെന്ന് ഇങ്ങോട്ട് കൊണ്ടാക്കിയത്. അതും പറന്നിട്ട്!”

മരിയ ഒന്നും പറയാനാവാതെ മിറാൻഡയെയും ഓഷ്യാനിയയെയും കെട്ടിപിടിച്ചു കരഞ്ഞു. അതൊക്കെ കണ്ട് ആൻഡ്രിയാസ് രാജകുമാരന്റെ കണ്ണുകളും നിറഞ്ഞു.

“നന്ദി രാജകുമാരാ, ഇനി ഞങ്ങൾ പോകട്ടെ” -മരിയ കണ്ണ് തുടച്ച് പറഞ്ഞു.

മിറാൻഡയും ഓഷ്യാനിയയും ഓടി പോയി രാജകുമാരനെ കെട്ടിപിടിച്ച് ഒരുമ്മ കൊടുത്തു.

“പോകുന്നതിനു മുൻപ് ഞാൻ ഒന്ന് പറഞ്ഞോട്ടെ?” – ആൻഡ്രിയാസ് ചോദിച്ചു .

“എന്നെ കണ്ട കാര്യം നിങ്ങൾ ആരോടും പറയല്ലേ. മാത്രമല്ല ഞാൻ ഇടക്ക് നിങ്ങളെ വന്നു കണ്ടോട്ടെ ആരും കാണാതെ?”

മിറാൻഡ ഓഷ്യാനിയയെ നോക്കി . ഓഷ്യാനിയ മരിയയെയും. മരിയ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..”അതിനെന്താ, എപ്പോൾ വേണമെങ്കിലും വന്നു കൊള്ളൂ “

അത് കേട്ട ഓഷ്യാനിയയും മിറാൻഡയും സന്തോഷം കൊണ്ട് നൃത്തം വെച്ചു. ആൻഡ്രിയാസോ, ചിറകുകൾ വിടർത്തി അവരെ കുറച്ചും കൂടി അവിടെ ഒക്കെ പറപ്പിച്ച് സന്തോഷിപ്പിച്ചു. പിന്നീട് മരിയയുടെ മുൻപിൽ അവരെ ഇറക്കി , മുൻകാലുകൾ മടക്കി മരിയയെ വണങ്ങി. കൊട്ടാരത്തിലേക്ക് തിരിച്ചു പറന്നു.

അതിനു ശേഷം ആൻഡ്രിയാസ് രാജകുമാരൻ ഇടക്കിടക്ക് അവരെ കാണാനും കളിക്കാനും വന്നിരുന്നു. അമ്മ മരിയക്കു വേണ്ടി രാജകുമാരൻ മഴവില്ലഴകുള്ള പഴങ്ങളും കൊണ്ട് വന്നിരുന്നു.

  • എന്നും കഥ ചോദിക്കുന്ന ചിന്മയി എന്ന കുഞ്ഞ്, ഒരു രാത്രി അമ്മക്ക് പറഞ്ഞു കൊടുത്ത്, അമ്മ എഴുതിയ കഥ

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Uma praseeda stories for children