scorecardresearch
Latest News

കടൽകാക്കയും കടൽസിംഹങ്ങളും

ബെർഗൻ അക്വേറിയത്തിലെ ആകർഷകമായ ഇനമാണ് മാഗ്നസും ലാർസും എന്ന കടൽസിംഹങ്ങളുടെ പരിപാടി. പരസ്പരം പോരടിക്കുന്ന ഈ കടൽസിംഹങ്ങളുടെയും അതിൽ നിന്നും മുതലെടുക്കാൻ ശ്രമിക്കുന്ന കാമില്ല എന്ന കടൽ കാക്കയുടെയും തന്ത്രങ്ങൾ. കുട്ടികൾക്ക് വേണ്ടി ഉമ പ്രസീദയെഴുതിയ സ്കാൻഡിനേവിയൻ കഥ

കടൽകാക്കയും കടൽസിംഹങ്ങളും

നോർവേയിലെ ബെർഗനെ പറ്റി കേട്ടിട്ടുണ്ടോ? ഏഴു വലിയ മലകൾക്കിടയിൽ ഉള്ള ഒരു നഗരം! കുത്തനെ കയറ്റവും ഇറക്കവുമുള്ള റോഡുകൾ. ഓരോ വീടുകളും മലകളുടെ താഴ്വരങ്ങളിൽ പല ഉയരത്തിൽ ഉള്ള പോലെ. ചില വീടുകളോ, ചാഞ്ഞും ചരിഞ്ഞും നിൽക്കുന്ന പോലെ തോന്നും!

എന്നാൽ നമ്മുടെ കഥാപാത്രങ്ങൾ ഇവിടൊന്നുമല്ല താമസിച്ചിരുന്നത്. പിന്നെവിടെയായിരുന്നു? ബെർഗനിലെ പ്രശസ്തമായ അക്വേറിയത്തിൽ!

അവിടുത്തെ ഏറ്റവും വലിയ മിടുക്കന്മാർ ആരായിരുന്നെന്നോ? സൈമൺ എന്ന സാൽമൺ മൽസ്യമോ ജോണപ്പൂപ്പൻ ആമയോ മൈക്കൽ എന്ന മൂർഖൻ പാമ്പോ അല്ല. അക്വേറിയത്തിലെ ആൾക്കാർ കൊടുക്കുന്ന ഭക്ഷണവും അകത്താക്കി മയങ്ങികിടന്നിരുന്ന അവരെങ്ങനെ മിടുക്കന്മാരാകും!

ലാർസും മാഗ്നസും ആയിരുന്നു ആ മിടുക്കന്മാർ . ആരായിരുന്നു അവർ? അവിടുത്തെ കടൽ സിംഹങ്ങൾ. അവർക്ക് രണ്ടാൾക്കും ഓരോരോ ട്രെയിനർമാർ ഉണ്ടായിരുന്നു. അക്വേറിയത്തിലെ ഏറ്റവും പ്രധാന പരിപാടികളിൽ ഒന്നായിരുന്നു ട്രെയിനർമാരുടെ സഹായത്തോടെയുള്ള അവരുടെ അടവുകൾ. ലാർസിന് എല്ലാ തിങ്കളാഴ്ചയും ബുധനാഴ്ചയും, മാഗ്നസിനു എല്ലാ ചൊവ്വാഴ്ചയും വ്യാഴാഴ്ചയും ആയിരുന്നു പരിപാടികൾ. അവിടുത്തെ സൂപ്പർസ്റ്റാറുകൾ ആയിരുന്ന അവർക്കു അനോന്യം കണ്ണെടുത്താൽ കണ്ടുകൂടായിരുന്നു. ലാർസിന്റെ പരിപാടി കഴിഞ്ഞാൽ അതിനെ പറ്റി പൊക്കി പറഞ്ഞ് അയൽക്കാരായ മോർട്ടൻ ചീങ്കണ്ണിയും ടോമ്മി ആമ ചേട്ടനും മാഗ്നസിനെ അസ്വസ്ഥനാക്കും. മാഗ്നസ് അടുത്ത പരിപാടി കുറച്ചും കൂടി മികവോടെ ചെയ്യുകയും ചെയ്യും. അപ്പഴോ, അതിനെപ്പറ്റി ലാർസിന്റെ അയൽക്കാരായ തോമസ് മൂർഖനും പീറ്റർ കാട്ടുചിലന്തിയും പൊക്കി പറഞ്ഞ് ലാർസിനെ പിരികയറ്റും. അങ്ങനെ ഓരോ ദിവസം കഴിയുന്തോറും അവർ തമ്മിലുള്ള മത്സരം കൂടിക്കൊണ്ടേയിരുന്നു. പരിപാടി കാണാൻ വരുന്നവർക്കോ, എന്നും വിനോദവിരുന്നും.

അങ്ങനെ ഇരിക്കെ ആണ് അക്വേറിയത്തിലെ ആൾക്കാർ ഒരു വെള്ളിയാഴ്ച ലാർസിനെയും മാഗ്നസിനെയും ഒരുമിച്ച് ഇറക്കി ഒരു പരിപാടി നടത്താമെന്ന് തീരുമാനിച്ചത്. ഇതറിഞ്ഞതോടെ രണ്ടുപേർക്കും പിരിമുറുക്കങ്ങൾ തുടങ്ങി. ആ വ്യാഴാഴ്ചത്തെ പരിപാടി കഴിഞ്ഞപ്പോൾ മാഗ്നസ് എല്ലാവരോടും ചോദിച്ചു: “എങ്ങനെ ഉണ്ടായിരുന്നു എന്റെ അടവുകൾ? ലാർസിനെക്കാൾ മികച്ചതല്ലേ? “.

uma praseeda, story, iemalayalam

മോർട്ടൻ ചീങ്കണ്ണി പറഞ്ഞു: “ഓ! ലാർസിന്റെ ആ മലക്കം മറിച്ചിൽ! അത് കണ്മുന്നിൽ നിന്ന് പോകുന്നില്ല.”

ഇത് കേട്ടതോടെ മാഗ്നസിനു ദേഷ്യം വന്നു. അവൻ കൂടുതൽ അടവുകൾ പരിശീലിക്കാൻ തുടങ്ങി.

അതേസമയം ലാർസ് അവന്റെ അയൽപ്പക്കകാരോട് ചോദിച്ചു: ” ഞാൻ തന്നെ ആണ് മിടുക്കൻ അല്ലെ! എന്ത് തോന്നുന്നു എന്റെ അടവുകൾ കണ്ടിട്ട് ? “

തോമസ് മൂർഖൻ അപ്പോൾ ഇങ്ങനെ പറഞ്ഞു: “മാഗ്നസിനു നല്ല പോലെ പന്ത് ബാലൻസ് ചെയ്യാനറിയാം. അതിലവനെ തോൽപ്പിക്കാൻ ആർക്കും പറ്റില്ല! “

അപ്പോൾ ലാർസ് വേഗം പന്ത് വെച്ചുള്ള അടവുകളിൽ ശ്രദ്ധ ചെലുത്താൻ തുടങ്ങി. പറഞ്ഞു പറഞ്ഞ് ആ വെള്ളിയാഴ്ച പെട്ടെന്നെത്തി.

പരിപാടിക്ക് മുൻപേ അവരുടെ ട്രെയിനർമാർ ലാർസിനെയും മാഗ്നസിനെയും വെച്ച് ഒരു ചെറിയ പരിശീലനം നടത്തി. പരിശീലനത്തിന് അവർ രണ്ടാളും ഒറ്റക്ക് രഹസ്യമായി പരിശീലിച്ച പുത്തൻ അടവുകൾ ഒന്നും കാണിച്ചില്ല. സ്ഥിരം കാണിക്കുന്ന അടവുകൾ അച്ചടക്കത്തോടെ കാണിച്ചു. ട്രെയിനർമാർ സന്തോഷവാന്മാരുമായി. പ്രധാന പരിപാടിയിൽ പുതിയ അടവുകളെടുത്ത് എതിരാളിയെ തോൽപ്പിക്കാമെന്നായിരുന്നു രണ്ടിന്റെയും പദ്ധതി.

വെള്ളിയാഴ്ച സമയം പത്തു മണി ആയപ്പോഴേക്കും രണ്ടു കടൽസിംഹങ്ങളേയും ഒരുമിച്ചു ഇറക്കുന്ന പരിപാടിയെക്കുറിച്ച് കേട്ട് ജനം തടിച്ചു കൂടി. വൻ ജനക്കൂട്ടം കണ്ടു എന്താണ് സംഭവമെന്നറിയാൻ വേറൊരു കക്ഷിയും കൂടി അവിടെ വന്നെത്തി. ആരാണെന്നൂഹിക്കാമോ?

സാക്ഷാൽ കാമില്ല എന്ന കടൽകാക്ക. ലാർസിന്റെയോ മാഗ്നസിന്റെയോ പരിപാടികൾ നടക്കുമ്പോൾ, ഓരോരോ അടവുകൾ കൃത്യമായി ചെയ്താൽ അവർക്ക് സമ്മാനമായി ട്രെയിനർ മീനുകൾ എറിഞ്ഞു കൊടുക്കുമായിരുന്നു. അന്നേ തീയതി വരെ എത്ര ശ്രമിച്ചിട്ടും അതിലൊരു മീനിനെപ്പോലും പിടിക്കാൻ മൂപ്പത്തിയാർക്കു പറ്റിയിരുന്നില്ല. അത് കൊണ്ട് തന്നെ ആ പരിപാടികൾ കാമില്ല കണ്ട മട്ടു നടിച്ചിരുന്നില്ല. മീൻ കിട്ടിയില്ലെങ്കിൽ പിന്നെന്തു കാര്യം! അതിലും കഷ്ടമാണ് മീൻ കാണിച്ച് കൊതിപ്പിച്ച്, പറന്നെത്തുമ്പോഴേക്കും അത് അകത്താക്കി കാമില്ലയെ നോക്കി പരിഹസിക്കുന്ന ലാർസിന്റേയും മാഗ്നസിന്റേയും പുച്ഛം. അവരെക്കാൾ എത്രയോ ഭേദമാണ് പെൻഗ്വിൻ കൂട്ടമെന്നാണ് കാമില്ലക്കു തോന്നിയത് . അവർ ആടിയാടി മീൻ എടുക്കാൻ വരുമ്പോഴേക്കും പറന്നിറങ്ങി കൊത്തി റാഞ്ചിയെടുക്കാൻ എന്തെളുപ്പമാ യിരുന്നു!

അങ്ങനെ പരിപാടി തുടങ്ങി. ഇടത്തെ അറ്റത്തു നിന്നും ലാർസും, വലത്തേ അറ്റത്തു നിന്നും മാഗ്നസും ആദ്യം ആൾക്കാരെ നോക്കി ‘ഹായ്’ എന്ന് കൈ വീശി പറഞ്ഞു. പിന്നീട് രണ്ടു പേരും ട്രെയിനർമാർ പഠിപ്പിച്ച സാധാരണ അടവുകൾ ഒരേ പോലെ കാണിച്ചു കൊണ്ട് സ്റ്റേജിലേക്ക് കയറി. മുകളിലേക്ക് മൂന്ന് വട്ടം നിർത്താതെ മലക്കം മറിഞ്ഞും, പന്ത് മൂക്കിൽ വെച്ച് വീഴ്ത്താതെ നടന്നും, പന്ത് വെള്ളത്തിലേക്ക് തട്ടി തെറിപ്പിച്ചും വെള്ളത്തിൽ നിന്നും പൊന്തി തിരിച്ച് പന്ത് മൂക്കിൽ എടുത്തും, അങ്ങനെ ഉള്ള അവരുടെ കഴിവുകൾ കണ്ടു ആൾക്കാരൊക്കെ എഴുന്നേറ്റു നിന്ന് കൈയ്യടിക്കാൻ തുടങ്ങി. സാധാരണ ഉള്ള അടവുകൾ തീർന്നപ്പോൾ കാണികളോട് വിട പറയുവാനായി ട്രെയിനർമാർ കടൽ സിംഹങ്ങളോട് തങ്ങളുടെ കൂടെ വന്നു നിൽക്കാൻ ആംഗ്യം കാണിച്ചു.

പക്ഷെ അവരുണ്ടോ കേൾക്കുന്നു!
ലാർസ് ആലോചിച്ചു: ” മാഗ്നസിനെ ഒരു പാഠം പഠിപ്പിക്കാൻ ഇത് തന്നെ അവസരം.”

മാഗ്നസ് ഇങ്ങനെ കരുതി: “ഇന്ന് തന്നെ അവന്റെ എല്ലാ അഹങ്കാരവും തീർത്തു കൊടുക്കണം.”

ലാർസ് വേഗം വെള്ളത്തിലേക്കിറങ്ങി വെള്ളത്തിൽ നിന്ന് പൊന്തി ചാടി നൃത്ത ചുവടുകൾ വെച്ച് ഭംഗിയായി പുതിയ അടവുകൾ കാണിച്ചു. ആൾക്കാർ “അയ്യാ! എന്താ രസം!” എന്നുറക്കെ നിലവിളിക്കാൻ തുടങ്ങി.

അത് കണ്ട മാഗ്നസും വെള്ളത്തിലേക്ക് ചാടി രണ്ടു പന്തുകൾ ഒന്നിന് പുറകെ ഒന്നായി മൂക്കിൽ ബാലൻസ് ചെയ്ത് പുതിയ അടവുകൾ കാണിച്ചു.
ആൾക്കാർ സീറ്റുകളിൽ നിന്നിറങ്ങി ഓടി വേലിയുടെ അടുത്തേക്ക് വന്നു ഉറക്കെ കൈ കൊട്ടാൻ തുടങ്ങി. അവരറിഞ്ഞിരുന്നില്ലല്ലോ, അതൊരു മത്സരമായിരുന്നു എന്ന്.

കടൽ സിംഹങ്ങൾ തങ്ങൾ പഠിപ്പിക്കാത്ത അടവുകൾ കാണിക്കുന്നത് കണ്ടു ഞെട്ടിയ ട്രെയിനർമാർ വായും പൊളിച്ചു ഒന്നും മിണ്ടാൻ കഴിയാതെ നിൽപ്പായി.

uma praseeda, story, iemalayalam

അങ്ങനെ മത്സരം മൂത്ത് മൂത്ത് അവിടമാകെ ബഹളമായി. ഇതൊക്കെ കണ്ട കാമില്ല മൂക്കത്തു ചിറകും വെച്ച് നിൽപ്പായി. അടവുകൾക്കിടയിൽ ലാർസും മാഗ്നസും മുഖാമുഖം നെഞ്ച് വിരിച്ച് സ്റ്റേജിൽ കൂട്ടിമുട്ടി. ആൾക്കാർ കൈകൾ രണ്ടും ഉയർത്തി “ലാർസ് ലാർസ് മാഗ്നസ് മാഗ്നസ് ” എന്നുറക്കെ ആർത്തു വിളിക്കാൻ തുടങ്ങി. കടൽ സിംഹങ്ങൾ ദേഷ്യപ്പെട്ടിരിക്കുന്നതിനാൽ, അവരെ പിടിച്ചു മാറ്റുവാനായി ട്രൈനർമാർക്ക് അറിയിപ്പ് കിട്ടി. ആദ്യത്തെ പടിയായി അവർക്കു മീനുകൾ കുറെ എറിഞ്ഞു കൊടുക്കാൻ ട്രൈനർമാർ തീരുമാനിച്ചു. അതൊളിഞ്ഞു നിന്ന് കേട്ട കാമില്ല കടൽകാക്ക ഇങ്ങനെ ആലോചിച്ചു:
” ആ ആ ആ ! അപ്പൊ അതാണ് കാര്യം ! അവർ തമ്മിൽ തല്ലായി ! മീനുകൾ റാഞ്ചി കൊണ്ടുപോയി അകത്താക്കാൻ പറ്റിയ സമയം.”

ട്രെയിനർമാർ തുരുതുരാ മീനുകൾ കടൽസിംഹങ്ങൾക്കു എറിഞ്ഞു കൊടുക്കാൻ തുടങ്ങി. അവരുണ്ടോ അത് കാണുന്നു! രണ്ടു പേരും നെറ്റിയിൽ ഇടിച്ചു കൊണ്ട് നിന്ന് മുരണ്ടുകൊണ്ടേയിരുന്നു. കാമില്ല മെല്ലെ തക്കം പാർത്തു അവരുടെ അടുത്തേക്ക് നടന്നു നീങ്ങി. ഒരു പാട്ടൊക്കെ പാടി അവരുടെ ചുറ്റും കറങ്ങി നടന്നു. അവർ അനങ്ങിയതു പോലുമില്ല. അവരെ മെല്ലെ കൊക്ക് കൊണ്ടൊന്നു കുത്തി നോക്കി, ഒരു അനക്കവുമില്ലായിരുന്നു,

വാശിയിലും ദേഷ്യത്തിലും മുങ്ങി നിൽക്കുന്ന അവരൊന്നും കേൾക്കില്ല എന്ന് കരുതി കാമില്ല ഇങ്ങനെ ഉറക്കെ പറഞ്ഞു : “മണ്ടന്മാർ! അവർ എന്നെ കാണുന്നു പോലുമില്ല. ഹോ! ഇത് വരെ ഒരെണ്ണം പോലും തരാതെ മീനുകൾ മുഴുവനും അകത്താക്കിയിട്ടു കണ്ടില്ലേ അവന്മാരുടെ ഒക്കെ ഒരു തടി. വലിയ ആൾക്കാരാ എന്നാണ് ഇവരുടെ ഒക്കെ ഒരു വിചാരം. എന്തെങ്കിലും കോപ്രായം കാണിച്ചു തലകുത്തി നിന്നാൽ കൈകൊട്ടാൻ വേറെ കുറെ മണ്ടന്മാർ! അത് കണ്ടു അഹങ്കാരം കാണിക്കാൻ ഇവരും.എല്ലാ മീനും ഞാനിന്നു കുശാലായി അകത്താക്കും. എന്നോടാ കളി! “

ആദ്യത്തെ മീനിൽ കൊത്തി പറക്കുന്നതിനു പകരം കാമില്ല ആൾക്കാരുടെ മുൻപിൽ ഒന്ന് വിലസാമെന്നു കരുതി, മീൻ മുകളിലേക്കെറിഞ്ഞു ചാടിപിടിച്ചു മലക്കം മറിഞ്ഞു ഒരു കൂട്ടം അടവൊക്കെ കാണിക്കാൻ തുടങ്ങി. പെട്ടെന്ന് തന്നെ ആൾക്കാർ അത് കണ്ട് “കടൽകാക്ക കടൽകാക്ക” എന്നുറക്കെ ആർപ്പുവിളിക്കാൻ തുടങ്ങി.

uma praseeda, story, iemalayalam

അപ്പോഴാണ് ലാർസും മാഗ്നസും അത് ശ്രദ്ധിച്ചത്! അവർക്കപ്പോഴാണ് മനസ്സിലായത് വെറുതെ തല്ലു കൂടിയാൽ അവർക്ക് തന്നെയാണ് നഷ്ടം. മുതലാക്കാൻ കാമില്ലയെപ്പോലുള്ളവർ ഇറങ്ങുമല്ലോ.

“പ്ഠോ “

പെട്ടെന്നാണ് കാമില്ലക്കു ഇടതു നിന്നും വലതു നിന്നും ഒരുമിച്ച് രണ്ടടി കിട്ടിയത്. തിരിഞ്ഞു നോക്കിയപ്പോഴോ? അനോന്യം തോളിൽ കൈയ്യും വെച്ച് ലാർസും മാഗ്നസും!

പിന്നൊന്നും കാമില്ലക്കോർമയില്ല. ആടി ആടി കാൽ മുന്നോട്ടു വെച്ചതും വെള്ളത്തിലേക്കായിരുന്നു !

“ബ്ലും” – കാമില്ല മൂക്കും കുത്തി വെള്ളത്തിലേക്ക് വീണു. അതോടെ ആളുകൾ കൈകൊട്ടി ചിരിക്കാൻ തുടങ്ങി. ലാർസും മാഗ്നസും കൈകോർത്തു എല്ലാവരെയും വണങ്ങി.

ആൾക്കാർ പോയതിനു ശേഷം, കാമില്ല ചമ്മി ചമ്മി നനഞ്ഞു കുളിച്ച് കയറി പറന്നു പോയി. പിന്നെ കാമില്ലയെ ആരും ആ വഴിക്ക് കണ്ടിട്ടില്ല !

അന്ന് വരെയുള്ളതിൽ ഏറ്റവും വിജയകരമായ പരിപാടി ആയിരുന്നു അത്. അന്ന് മുതൽ എല്ലാ ദിവസവും ലാർസും മാഗ്നസും ഒരുമിച്ച് ഉള്ള പരിപാടികൾ നടത്തിയാൽ മതിയെന്ന് അക്വേറിയം നടത്തുന്നവർ തീരുമാനിച്ചു. മാത്രമല്ല അവരുടെ താമസവും അടുത്തടുത്താക്കി. അവർ പിന്നെ തല്ലു കൂടിയിട്ടേ ഇല്ല..

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Uma praseeda stories for children

Best of Express